ADVERTISEMENT

അതിവിചിത്രവും അപകടകരവുമായ രോഗങ്ങളും പെരുമാറ്റ വൈകല്യങ്ങളുമുള്ള ഒരു കൂട്ടം രോഗികൾ. അവരെ, അവരുടെ പ്രശ്നങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഫിക്‌ഷനേക്കാൾ വിചിത്രമായ യാഥാർഥ്യങ്ങളെ വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചുകൊണ്ടാണ് നീത മനോജ് എന്ന കഥകളി ആർട്ടിസ്റ്റ് ഉള്ളം എന്ന സൈക്കളോജിക്കൽ ത്രില്ലർ വെബ്സീരിസിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ പരമ്പരയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ അവതരിപ്പിച്ച നീത അഭിനയ ജീവിതത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത വെബ്സീരിസിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.

നർത്തകിയാണ്, കഥകളി ആർട്ടിസ്റ്റും. എങ്ങനെയാണ് ഉള്ളം എന്ന സൈക്കളോജിക്കൽ ത്രില്ലറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടിയത്?

പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഉള്ളത്തിന്റെ തിരക്കഥാകൃത്തുമായ ഡോ. സൈലേഷ്യയെ പൊതു സുഹൃത്തുക്കൾ വഴി മുൻപുതന്നെ അറിയാമായിരുന്നെങ്കിലും അഞ്ചാറ് വർഷം മുൻപ് ഒരു ചടങ്ങിൽവച്ചാണ് നേരിട്ടു പരിചയപ്പെട്ടത്. പിന്നീട് ഒരവസരത്തിൽ കണ്ടപ്പോൾ ‘ഞാനെപ്പോഴെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ’ എന്നു സൈലേഷ്യ ചോദിച്ചിരുന്നു. അന്ന് മറുപടിയൊന്നും നൽകാതെ ആ കാര്യം ചിരിച്ചു വിടുകയാണുണ്ടായത്. പിന്നെയും ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞ് സൈലേഷ്യയുടെ ഒരു മെസേജ് വന്നു. ‘വിൽ യു ആക്ട്’ എന്നായിരുന്നു അത്. ‘ഐ ക്യാൻ ട്രൈ’ എന്നായിരുന്നു എന്റെ മറുപടി. അങ്ങനെയാണ് ഈ വെബ്സീരീസിലേക്കുള്ള വഴി തുറന്നത്.

 

അഭിനയരംഗത്തെ ആദ്യത്തെ ചുവടുവയ്പ്പായിരുന്നല്ലോ. പരിശീലന ക്ലാസുകളിലോ മറ്റോ പങ്കെടുത്തിരുന്നോ?

ഇല്ല. ഈ വെബ്സീരീസിന്റെ സംവിധായകൻ ആയില്യൻ കരുണാകരനും കഥയും തിരക്കഥയുമൊരുക്കിയ സൈലേഷ്യയും ചേർന്ന് എനിക്ക് ഇതിനെപ്പറ്റി കുറേ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ഇത്തരം മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്താനുള്ള ഏറ്റവും നല്ല മാർഗം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടിൽ നിന്നും കഥ പറയുന്നതാണ്. അങ്ങനെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ താരാ ജയറാം എന്ന കഥാപാത്രത്തെ സൃഷ്ടിക്കപ്പെട്ടതും  ചികിൽസ തേടി അവരുടെ പക്കലെത്തുന്ന രോഗികളുടെ പ്രശ്നങ്ങളെ അത്തരമൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചതും.

സാധാരണ ഡോക്ടറുടെ രീതിയും മാനറിസങ്ങളുമല്ലല്ലോ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റേത്. അതുകൊണ്ടു തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ മാനറിസങ്ങളും പേഷ്യന്റ്സിനോടുള്ള സമീപനവുമൊക്കെ അടുത്ത് മനസ്സിലാക്കാനായി സൈലേഷ്യയുടെ ക്ലിനിക്കിൽ പോയിരുന്നു. കഥാപാത്രത്തെ ഉൾക്കൊള്ളാൻ ആ ഒബ്സർവേഷൻസ് എന്നെ സഹായിച്ചിട്ടുണ്ട്. വെബ്സീരീസ് ഒരുക്കിയത് യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ അതിൽ അവതരിപ്പിച്ച ഓരോ രോഗത്തെക്കുറിച്ചും രോഗപശ്ചാത്തലത്തെക്കുറിച്ചും  രോഗികളുടെ മാനസികാവസ്ഥയെക്കുറിച്ചും സൈലേഷ്യ വിശദമായി പറഞ്ഞു തന്നിരുന്നു.

നർത്തകിയിൽനിന്ന് അഭിനേത്രിയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു?

ഒരു ബ്ലാങ്ക് സ്ലേറ്റ് പോലെയുള്ള മനസ്സോടെയായിരുന്നു ഈ വെബ്സീരീസിൽ ‍ഞാൻ അഭിനയിക്കാനെത്തിയത്. കാരണം ഇതിനു മുൻപ് അഭിനയമേഖലയിൽ എനിക്ക് യാതൊരു മുൻപരിചയവുമില്ലായിരുന്നു. വേദികളിൽ നൃത്തം ചെയ്യുന്നതും ക്യാമറയുടെ മുന്നിൽ അഭിനയിക്കുന്നതും തമ്മിൽ കുറേയധികം വ്യത്യാസങ്ങളുണ്ട്. തുടക്കത്തിൽ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും പതുക്കെ അതിനെ മറികടന്നു. നൃത്തം ചെയ്യുമ്പോഴുള്ള അത്രയും എക്സ്പ്രഷൻസ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വേണ്ടല്ലോ. ഓവർ എക്സ്പ്രഷൻസ് വരാതിരിക്കാൻ നന്നായി ശ്രദ്ധിച്ചിരുന്നു.

യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ വെബ്സീരീസിൽ, നേരിട്ടു പരിചയമുള്ള ഒരു വ്യക്തിയെ അഭിനയിച്ചു ഫലിപ്പിക്കാൻ എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയത്?

neetha-manoj-2

യഥാർഥ ജീവിതത്തിലെ സൈലേഷ്യ എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ വെബ്സീരീസിൽ അവതരിപ്പിച്ചപ്പോൾ ശരീരഭാഷയിലും സംസാരശൈലിയിലുമാണ് ഏറ്റവും കൂടുതൽ വ്യത്യാസമനുഭവപ്പെട്ടത്. എന്റെ നാട് പാലക്കാടാണ്. വള്ളുവനാടൻ ശൈലിയിലാണ് എന്റെ സംസാരം. തുടക്കത്തിൽ ഭാഷയിലെ ഈ പ്രശ്നം ബുദ്ധിമുട്ടായി തോന്നിയിരുന്നു. ഈ വെബ്സീരീസിലുള്ളത് ദൈർഘ്യമേറിയ സംഭാഷണങ്ങളുമായിരുന്നു. ഡോക്ടർമാരുടെ പ്രോട്ടോക്കോൾ പാലിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ വിട്ടുവീഴ്ച വരുത്താൻ സാധിക്കാതിരുന്നതിനാൽ ആ ഡയലോഗ്സ് ഒക്കെ അങ്ങനെ തന്നെ പറയേണ്ടി വന്നു. ആദ്യ എപ്പിസോഡിലൊക്കെ ഡബ്ബിങ്ങിലും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പിന്നെ അതുമായി പൊരുത്തപ്പെട്ടു. 

തികച്ചും വ്യത്യസ്തങ്ങളായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന അഞ്ച് എപ്പിസോഡുകൾ. അസുഖങ്ങളുടെ പേരുകൾ പലതും കടുകട്ടി. തികച്ചും വ്യത്യസ്തമായ ഒരു കരിയർ പശ്ചാത്തലത്തിൽനിന്നു വന്നപ്പോൾ മെഡിക്കൽ ടേംസ് വല്ലാതെ ബുദ്ധിമുട്ടിച്ചോ?

യഥാർഥ ഡോക്ടർമാരുടെ മുന്നിൽ കേസ് സ്റ്റഡി അവതരിപ്പിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ സമയം ഞാൻ വളരെ നെർവസ് ആയിരുന്നു. കുറച്ച് ടഫ് ആയിട്ടുള്ള മെഡിക്കൽ ടേംസ് ഒക്കെ പറയേണ്ടി വന്നിരുന്നു. അപ്പോൾ കുറച്ചു പ്രയാസം, ടെൻഷൻ ഒക്കെ തോന്നിയിരുന്നു. പക്ഷേ ടീം നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ഇടയ്ക്ക് കട്ട്ചെയ്ത് നമ്മളെ ഒക്കെ ആക്കിയാണ് ആ സീനുകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

മെഡിക്കൽ ഫീൽഡിൽ വർഷങ്ങളുടെ അനുഭവ പരിചയമുള്ള ഡോക്ടർമാർ മുതൽ അഭിനയ ലോകത്ത് പിച്ച വയ്ക്കുന്ന കൊച്ചുകുട്ടികൾ വരെ സഹഅഭിനേതാക്കളായിരുന്നു. അവരോടൊപ്പമുള്ള എക്സ്പീരിയൻസ്?

ആദ്യത്തെ എപ്പിസോഡിൽ എനിക്കൊപ്പം അഭിനയിച്ച, മിയ എന്ന കഥാപാത്രം  ചെയ്ത കുട്ടിയുടേത് വളരെ ബ്രില്യന്റ് പെർഫോമെൻസ് ആയിരുന്നു.ശരിക്കും പറഞ്ഞാൽ അവളിൽനിന്ന് കുറേ കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റി. കുട്ടികളെ സംബന്ധിച്ചിടത്തോളം സഭാകമ്പം അവർക്കൊട്ടുമില്ല. ആ കുട്ടിയും ആദ്യമായി അഭിനയിക്കുകയായിരുന്നു. എനിക്കും രണ്ട് കുട്ടികളുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുമായി ഇടപഴകി അഭിനയിക്കുമ്പോൾ ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല. ദിവ്യ എന്നു പേരുള്ള ഒരു സീനിയർ ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. അവരുടെയൊപ്പം അഭിനയിച്ചപ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ അവർ നന്നായി സപ്പോർട്ട് ചെയ്തു. പല പ്രായത്തിലുള്ള ആളുകളുടെ കൂടെ അഭിനയിച്ചത് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. അതിൽ അഭിനയിച്ച ഭൂരിപക്ഷം ആളുകളും പുതുമുഖങ്ങളായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും പരസ്പരം നന്നായി പിന്തുണച്ചു. അതായിരുന്നു ഏറ്റവും രസകരമായി തോന്നിയത്.

കുട്ടികൾക്കു നേരേയുള്ള ലൈംഗികപീഡനം, കൂട്ട ആത്മഹത്യ തുടങ്ങി സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചാണ് ഈ വെബ്സീരീസ് ചർച്ച ചെയ്യുന്നത്. അതിനെക്കുറിച്ച്?

ഈ വെബ്സീരീസിലെ ആദ്യത്തെ എപ്പിസോഡ് ചൈൽഡ് അബ്യൂസിനെക്കുറിച്ചുള്ളതാണ്. വളരെ വൈകാരികമായ രംഗങ്ങളുള്ള, മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണത്. സാമൂഹിക പ്രസക്തിയുള്ള പലതരം വിഷയങ്ങൾ കൈകാര്യം ചെയ്ത് അതിനെക്കുറിച്ചുള്ള സന്ദേശങ്ങൾ സമൂഹത്തിന് നൽകാൻ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന അസുഖമുള്ളയാളുകളെ നമ്മൾ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്. ചിലപ്പോൾ അതിന്റെ ചെറിയ ചില ലക്ഷണങ്ങൾ നമ്മളിൽത്തന്നെ പ്രകടമാകാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു തരത്തിലേക്ക് അത് പ്രകടിപ്പിക്കുന്നില്ലന്നേയുള്ളൂ. മറ്റുള്ളവർ ചെയ്യുമ്പോൾ നമുക്കു ചില കാര്യങ്ങൾ തെറ്റായി തോന്നും. പക്ഷേ ഇത്തരമവസ്ഥ ഒരിക്കലും അവരുടെ തെറ്റുകൊണ്ടു സംഭവിക്കുന്നതല്ല എന്നു മനസ്സിലാക്കി. കുറച്ചു കൂടി അനുകമ്പയോടെ മറ്റുള്ളവരോട് പെരുമാറാൻ ഇത്തരം അറിവുകൾ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെയുള്ള കാര്യങ്ങളും നമുക്കുചുറ്റും സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തരാൻ ഇത്തരം സംഭവങ്ങൾ തീർച്ചയായും സഹായിക്കുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

കൂട്ട ആത്മഹത്യയപ്പറ്റി പറഞ്ഞ എപ്പിസോഡിനെ ഐ ഓപ്പണർ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. അത്തരം വാർത്തകളെക്കുറിച്ച് കേൾക്കുമ്പോൾ, രണ്ടു മക്കളുടെ അമ്മ എന്ന നിലയിൽ കുട്ടികൾ ഇങ്ങനെയൊക്കെ ചിന്തിക്കില്ലേ എന്നൊക്കെ തോന്നാറുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അതിൽപ്പെട്ടവരെ കുറ്റം പറയാതെ അതിനെ ഒരു അസുഖമായി അംഗീകരിക്കാനും അതിന് ചികിൽസ ആവശ്യമാണെന്ന് മനസ്സിലാക്കാനും കഴിയണമെന്നാണ് എന്റെ അഭിപ്രായം.

ഷൂട്ടിങ്ങിനിടെയുണ്ടായ രസകരങ്ങളായ ഓർമകൾ?

എനിക്ക് ഷൂട്ടിങ് പുതിയൊരു അനുഭവമായിരുന്നു. ഓരോ എപ്പിസോഡിനും അഞ്ചു ദിവസത്തെ ഷെഡ്യൂളിനാണ് പോയിരുന്നത്. രാവിലെ അഞ്ചിനുണർന്നാൽ പിറ്റേന്ന് വെളുപ്പിനെ ഒന്നരയ്ക്കൊക്കെയാണ് പാക്കപ്പ് പറയുക. ശരിക്കും കുടുംബാംഗങ്ങളെപ്പോലെയായിരുന്നു എല്ലാവരും. ഒരു പുതുമുഖമെന്ന നിലയിൽ ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം തികച്ചും പുതുമയുള്ള ഒരു ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു.

വെബ്സീരീസിനെ ഏറെ ആകർഷകമാക്കിയ ഘടകങ്ങളിലൊന്നാണ് കോസ്റ്റ്യൂം. അതേക്കുറിച്ച്?

ഓൾ താങ്ക്സ് ടു സൈലേഷ്യ. സൈലേഷ്യയാണ് കോസ്റ്റ്യൂം ഹാൻഡിൽ ചെയ്തത്. ഞാനൊരു സാരി എന്തൂസിയാസ്റ്റ് ആണ്. ഞാൻ സാരി പ്രമോട്ട് ചെയ്യാറുണ്ട്. കർണാടകയിലൊക്കെ നെയ്ത്തുകാരുടെ ക്ലസ്റ്റേഴ്സുണ്ട്. കോവിഡ് പോലെ പ്രയാസമനുഭവിക്കുന്ന സമയങ്ങളിൽ നെയ്ത്തുകാരെ സഹായിക്കാനായി അവരിൽനിന്ന് സാരി വാങ്ങിക്കുക, സുഹൃത്തുക്കളെക്കൊണ്ട് സാരി വാങ്ങിപ്പിക്കുക ഒക്കെ ചെയ്യാറുണ്ട്. എനിക്ക് സാരി ഒരുപാടിഷ്ടമാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇതിൽ വർക്ക് ചെയ്യാൻ ഈസിയായിരുന്നു. ഞാൻ എന്റെ കലക്‌ഷൻ കൊണ്ടുപോകും, സൈലേഷ്യയുടെ പക്കലും ഒരുപാട് കലക്‌ഷൻസുണ്ടായിരുന്നു. ജ്വല്ലറിയൊക്കെ സൈലേഷ്യയായിരുന്നു സെലക്റ്റ് ചെയ്തത്. വെബ്സീരീസ് കണ്ട പലരും കോസ്റ്റ്യൂമിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.

നൃത്തം പാഷനായ നീതയുടെ മറ്റു ഹോബികൾ എന്തൊക്കെയാണ് ?

ചെറുതായി പാടും, കുക്ക് ചെയ്യും. യാത്ര ചെയ്യാനും ഏറെയിഷ്ടമാണ്. സാരി എന്തൂസിയാസ്റ്റാണ്. ഡാൻസ് ചെയ്യുന്നതിനൊപ്പം ബെംഗളൂരുവിൽ കുട്ടികൾക്കായി ഡാൻസ് ക്ലാസെടുക്കുന്നുണ്ട്. നാൽപതോളം വിദ്യാർഥികളുണ്ട്.

വെബ്സീരീസ് കണ്ട ആളുകളുടെ പ്രതികരണം? 

neetha-manoj-3

സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവും നെഗറ്റീവുമായ ഫീഡ്ബാക്ക് ലഭിച്ചിരുന്നു. കോവിഡ് സമയത്തായിരുന്നു റിലീസ് എന്നതുകൊണ്ട് കുറേ ആളുകൾക്കൊന്നും ഇത് കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വിചാരിച്ചയത്ര ആളുകളിലേക്ക് ഇതെത്തിയിട്ടില്ല.

കുടുംബത്തിന്റെ പിന്തുണ? 

നൃത്തം ചെയ്യാൻ ആരംഭിച്ചതു തന്നെ എന്റെ അമ്മ കാരണമാണ്. അമ്മയുടെ നിർബന്ധത്തിൽ നാലര വയസ്സിൽ ഡാൻസ് പഠിച്ചു തുടങ്ങി. പിന്നീട് ആറു കൊല്ലത്തോളം കഥകളി പഠിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം  പഠിച്ചു. സ്റ്റേജ് പെർഫോമൻസുകളും ചെയ്യാറുണ്ട്. ഭർത്താവും കുട്ടികളുമെല്ലാം നല്ല പിന്തുണ നൽകുന്നുണ്ട്. ഫിലിപ്സ് ലൈറ്റിങ്ങിൽ സിസ്റ്റം ആർക്കിടെക്ടാണ് ഭർത്താവ് മനോജ്. രണ്ടു കുട്ടികളാണ് ഞങ്ങൾക്ക്. മകൻ എൻജിനീയറിങ് ഫസ്റ്റ് ഇയറിന് പഠിക്കുന്നു. മകൾ 10–ാം ക്ലാസിൽ പഠിക്കുന്നു. ഞങ്ങളുടെ നാട് പാലക്കാടാണ്. ഞങ്ങൾ വർഷങ്ങളായി ബെംഗളൂരുവിലാണ് താമസിക്കുന്നത്. മലയാളത്തിലെ ഒരു  ചാനൽ നടത്തിയ റിയാലിറ്റി ഷോയിലൊക്കെ പങ്കെടുത്തിരുന്നു. രണ്ടു കുട്ടികളായിക്കഴിഞ്ഞായിരുന്നു ആ പ്രോഗ്രാമിൽ പങ്കെടുത്തത്. ക്വാർട്ടർ ഫൈനൽ വരെ എത്തുകയും ചെയ്തു. കുടുംബം നന്നായി പിന്തുണ നൽകുന്നുണ്ട്.

പുതിയ പ്രോജക്ടുകൾ? 

സിനിമ, പരസ്യ ചിത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും അഭിനയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com