സൂപ്പർതാര പുത്രന്‍, കരാട്ടെ കിഡിലൂടെ ലോകപ്രശസ്തി; എന്നിട്ടും ‘തലതെറിച്ചവനായി’ ; ജേഡൻ സ്മിത്തിന് സംഭവിച്ചത്

HIGHLIGHTS
  • ആഫ്റ്റർ എർത്തിന്റെ തോൽവി ജാഡനെ മാനസികമായി തകർത്തു
  • ജാഡൻ ഡ്രഗ്സിന് അടിമപ്പെട്ടതായി പ്രചാരണമുണ്ടായി
hollywood-actor-will-smith-s-son-jaden-s-life
SHARE

‘ജീവിതത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ ചിത്രം തീർച്ചയായും കാണുക. ഒരു പക്ഷേ, ഈ രണ്ടു മണിക്കൂർ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം’ – 2006ൽ പുറത്തിറങ്ങിയ പർസ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന സിനിമയെ ഒരു വിഖ്യാത മാഗസിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അമേരിക്കൻ‌ ബിസിനസ്മാനും മോട്ടിവേഷനൽ സ്പീക്കറുമായി ക്രിസ് ഗാർഡനറുടെ ജീവിതത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഗബ്രിയേൽ മുക്കീനോ എന്ന ഇറ്റാലിയൻ സംവിധായകൻ അണിയിച്ചൊരുക്കിയ ചിത്രത്തിൽ വിൽ സ്മിത്ത് ക്രിസ് ഗാർഡനറെ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനായ ക്രിസ്റ്റഫറുടെ വേഷത്തിലെത്തിയത് സ്മിത്തിന്റെ സ്വന്തം മകൻ ജേഡൻ സ്മിത്തായിരുന്നു. തന്റെ എട്ടാം വയസ്സിൽ ജേഡൻ നടത്തിയ അവിസ്മരണീയ പ്രകടനം സിനിമാപ്രേമികളെ അക്ഷരാ‍ർഥത്തിൽ അദ്ഭുതപ്പെടുത്തി. നാല് വർഷങ്ങൾക്കുശേഷം കരാത്തെ കിഡ് എന്ന ചിത്രത്തിൽ വീണ്ടുമൊരു ജേഡൻ മാജിക്കിന് ഹോളിവുഡ് സാക്ഷ്യം വഹിച്ചു. മലയാളത്തിലുൾപ്പെടെ മൊഴിമാറിയെത്തിയ എല്ലാ ഭാഷകളിലും കരാട്ടെ കിഡ് വൻ ജനപ്രീതി നേടി. എന്നാൽ പിന്നീട് ജേഡന്റെ പേര് ഹോളിവുഡിൽ അധികം ഉയർന്നുകേട്ടിട്ടില്ല. ജേഡൻ സ്മിത്തിന് എന്തു സംഭവിച്ചു? ജേഡന്റെ ജീവിതത്തിലൂടെ....

jaden-smith-2

അനിവാര്യമായ മാറ്റം

2013ൽ പുറത്തിറങ്ങിയ ആഫ്റ്റർ എർത്ത് എന്ന ചിത്രത്തിൽ അച്ഛൻ വിൽ സ്മിത്തിനൊപ്പം വീണ്ടുമൊന്നിച്ചപ്പോൾ ജേഡനും ആരാധകരും ഒരുപോലെ പ്രതീക്ഷിച്ചത് മറ്റൊരു ബ്ലോക്ബസ്റ്ററായിരുന്നു. എന്നാൽ ചിത്രം ബോക്സ്ഓഫിസിൽ അമ്പേ പരാജയപ്പെട്ടു. ആഫ്റ്റർ എർത്തിന്റെ തോൽവി ജേഡനെ മാനസികമായി തകർത്തു. സിനിമയിൽ നിന്ന് മാറ്റം അനിവാര്യമാണെന്നു തീരുമാനിക്കുന്നതിലേക്ക് ആ തോൽവി ജേഡനെ നയിച്ചു.

jaden-smith-0

സംഗീതലോകത്തേക്ക്

സിനിമയിൽ നിന്നു ബ്രേക്കെടുത്ത ജേഡൻ നേരെ പോയത് പോപ് മ്യൂസിക്കിന്റെ ലോകത്തേക്കാണ്. എനിക്ക് ലോകം അറിയപ്പെടുന്ന ഒരു പോപ്സ്റ്റാർ ആകണം– ജേഡൻ ട്വിറ്ററിൽ കുറിച്ചു. ജേഡന്റെ ആഗ്രഹം ആരാധകരും ഏറ്റെടുത്തു. ചില മ്യൂസിക് ഷോകളും മറ്റും നടത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ ക്ലിക്കായില്ല. അതോടെ ജേഡൻ വീണ്ടും സെഡ്! പിന്നാലെ അടുത്ത ട്വീറ്റും– ഞാൻ ഒരു ബാൻഡ് ആരംഭിക്കാൻ പോകുന്നു. ഇത്തവണ അൽപം ശങ്കയോടുകൂടിയാണെങ്കിലും ആരാധകർ ജേഡന്റെ ബാൻഡിനുവേണ്ടി കാത്തിരുന്നു. പക്ഷേ, അതിലും ജേഡൻ ഉറച്ചുനിന്നില്ല. ബാൻഡ് ഐഡിയയും ഫ്ലോപ്.

jaden-smith-1

ആത്മീയതയുടെ വഴി

ഇടക്കാലത്ത് ജേഡൻ ആത്മീയതയുടെ മാർഗത്തിലേക്കു നീങ്ങിയതായി ഗോസിപ്പുകൾ ഉണ്ടായിരുന്നു. ജേഡന്റെ ട്വീറ്റുകളായിരുന്നു ഇതിനു പ്രധാനകാരണം. ട്വിറ്ററിൽ ജേഡൻ കുറിച്ച പല ‘തത്വങ്ങളും’ ആരാധകർക്കു മനസ്സിലായില്ല. ജേഡൻ അമിതമായി ഡ്രഗ്സ് ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ പരിണിതഫലമാണ് ഇതെന്നും ചിലർ പറഞ്ഞുപരത്തി. പക്ഷേ, ജേഡൻ ഒന്നിനോടും പ്രതികരിച്ചില്ല. വിശ്വവിഖ്യാതമായ ജേഡൻ ട്വീറ്റുകളിൽ ചിലത് ഇങ്ങനെയായിരുന്നു–

jaden-smith-4

‘സത്യങ്ങൾ സ്വരൂപിക്കപ്പെടുന്ന നിമിഷം അവ കള്ളമാകുന്നു’, ‘ കണ്ണാടിക്കു മുന്നിൽ നിന്നു കരയൂ, എല്ലാം ശരിയാകും’, ‘നവജാതശിശുക്കൾക്കു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഭാഗം അവരായേനെ’, ‘ നിങ്ങൾ എത്രസമയം ഉണർന്നിരിക്കുന്നോ അത്രയും സമയം നിങ്ങൾക്ക് ഉറങ്ങാൻ ആവശ്യമാണ്’, ‘വെളിച്ചതിന്റെ അർഥമെന്താണ്’– ജേഡൻ വചനങ്ങൾ ഇങ്ങനെ നീളുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ആരാധകർ.

വികൃതിക്കുട്ടി

അഭിനയത്തിലേക്കുള്ള ജേഡന്റെ തിരിച്ചുവരവായിരുന്നു 2017ൽ പുറത്തിറങ്ങിയ ‘ദ ഗെറ്റ് ഡൗൺ’ എന്ന നെറ്റ്ഫ്ലിക്സ് സീരീസ്. ശരാശരിയിൽ ഒതുങ്ങിയ സീരീസിൽ പക്ഷേ, ജേഡന്റെ അഭിനയം പ്രശംസകൾ വാരിക്കൂട്ടി. എന്നാൽ സീരീസ് നഷ്ടമാണെന്നു കാണിച്ച് നെറ്റ്ഫ്ലിക്സ് അതവസാനിപ്പിച്ചു. അതോടെ ജേഡൻ വീണ്ടും തകർന്നു. ഈ തകർച്ച ഹോളിവുഡുമായുള്ള അകൽച്ചയിലേക്കും വഴിവച്ചു. ഹോളിവുഡിൽ ജേഡന് അപ്രഖ്യാപിത വിലക്കുള്ളതായും പറയപ്പെടുന്നു.

jaden-smith-3

അച്ഛന്റെ തണലിൽ

ജേഡനെ വളർത്തിയതും തളർത്തിയതും അച്ഛൻ വിൽ‌ സ്മിത്താണെന്നു പറയുന്നതാവും ശരി. എത്ര മികച്ച പ്രകടനം കാഴ്ചവച്ചാലും അച്ഛനുമായി താരതമ്യപ്പെടുത്തുന്നത് ജേഡനെ അലട്ടിയിരുന്നു. വിൽ സ്മിത്തിന്റെ മകൻ എന്ന ചട്ടക്കൂടിൽ നിന്നു പുറത്തുചാടാൻ ജേഡൻ ആഗ്രഹിച്ചിരുന്നു. സഹോദരി വില്ലോ സ്മിത്തായിരുന്നു ആ കാര്യത്തിൽ ജേഡന്റെ മാതൃക. ‘നിങ്ങൾ വില്ലോയെ നോക്കൂ. അവൾ ലോകം അറിയപ്പെടുന്ന പാട്ടുകാരിയാണ്. പക്ഷേ അവൾ അറിയപ്പെടുന്നത് അവളുടെ പേരിലാണ്. സ്മിത്ത് എന്ന വാൽക്കഷ്ണമോ വിൽ സ്മിത്തിന്റെ മകൾ എന്ന ടാഗ് ലൈനോ അവൾക്കില്ല. അതാണ് ഞാനും ആഗ്രിഹിക്കുന്നത്’– ഒരു അഭിമുഖത്തിൽ ജേഡൻ പറഞ്ഞു. എന്നാൽ മക്കളെ എന്നും ചേർത്തുനിർത്താനും അവർക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാനുമാണ് വിൽ സ്മിത്ത് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് സ്മിത്തിന്റെ അടുപ്പക്കാർ പറയുന്നു.

jaden-smith-5

ജേഡന്റെ പരീക്ഷണങ്ങൾ

സിനിമയിൽ പല വേഷത്തിലും ഭാവത്തിലും ഏത്താറുണ്ടെങ്കിലും ജീവിതത്തിൽ തന്റേതായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നയാളാണ് വിൽ സ്മിത്ത്. അതിപ്പോൾ ഹെയർ സ്റ്റൈലിൽ ആയാലും വസ്ത്രധാരണത്തിലായും. എന്നാൽ ശരീരം ഒരു പരീക്ഷണ വസ്തുവായി കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നയാളാണ് ജേഡൻ. ശരീരത്തിൽ ചിത്രപ്പണികൾ നടത്തുന്നതിലും ഹെയർ കളർ മാസം തോറും മാറ്റുന്നതിലും പല്ലുകളെപ്പോലും അണിയിച്ചൊരുക്കുന്നതിലും ജേഡൻ ആനന്ദം കണ്ടെത്തി. അതെല്ലാം ജേഡനെ ‘തലതെറിച്ചവനായി’ ചിത്രീകരിക്കനുള്ള വിമർശകരുടെ ജോലി എളുപ്പമാക്കി.

ഇനിയെന്ത്

‘താന്തോന്നി’യാണെങ്കിലും നിലവിൽ 8 മില്യൻ യുഎസ് ഡോളറാണ് ജേഡന്റെ ആസ്തി. സിനിമകളിൽ ഇല്ലെങ്കിലും മോഡലിങ്ങും സംഗീതപരിപാടികളുമായി ജേഡൻ തന്റെ ‘ചെലവിനുള്ള കാശ്’ കണ്ടെത്തിക്കൊരിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് യുഎസിൽ പുറത്തിറങ്ങിയ ‘ലൈഫ് ഇൻ എ ഇയർ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജേഡൻ ചിത്രം. ചിത്രം ഇതിനോടകംതന്നെ പ്രേക്ഷകപ്രശംസ നേടിക്കഴിഞ്ഞു. അച്ഛൻ വിൽ സ്മിത്തിന്റെ രൂപസാദൃശ്യമുള്ള ഗെറ്റപ്പിലാണ് ചിത്രത്തിൽ ജേഡൻ പ്രത്യക്ഷപ്പെടുന്നതെന്നതും കൗതുകം. എട്ടാം വയസ്സിൽ ഹോളിവുഡിന്റെ അഭിനയിച്ചു ‍‍ഞെട്ടിച്ച ജേഡന്റെ അഭിനയലോകത്തേക്കുള്ള മടങ്ങിവരവായിരിക്കുന്നും ഈ ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

English Summary : Hollywood Actor Will Smith's son Jaden lifestyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA