ADVERTISEMENT

ഞായറാഴ്ച നടന്ന ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ നടന്ന വിവാഹാഭ്യർഥന വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യക്കാരനായ ദിപെൻ മാണ്ഡല്യയും ഓസ്ട്രേലിയൻ സ്വദേശിനി റോസ് വിംബുഷുമാണ് ഈ പ്രണയജോഡികൾ. പ്രണയത്തിലായി ഒന്നരവർഷം പിന്നിടുമ്പോഴായിരുന്നു ദിപെന്റെ വിവാഹാഭ്യര്‍ഥന. 

അപ്രതീക്ഷിതമായ ഈ വിവാഹാഭ്യർഥന ശരിക്കും ഞെട്ടിച്ചു കളഞ്ഞതായി ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോസ് വ്യക്തമാക്കി. ‘‘ആദ്യം ഞാൻ അമ്പരന്നു. ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഞാൻ വല്ലാതെ പരിഭ്രമിച്ചു’’– റോസ് പറഞ്ഞു. 

ഇത്തരത്തിൽ വിവാഹാഭ്യർഥന നടത്താനുള്ള തീരുമാനം കുറച്ചു നാളായി മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നീണ്ടു പോകുകയായിരുന്നുവെന്ന് ദിപെൻ വെളിപ്പെടുത്തി. ‘‘ശരിയായ സന്ദര്‍ഭത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. റോസ് ചെറുതായി ഒന്ന് പേടിച്ചു, പക്ഷേ, ഇതിലും മികച്ച സന്ദർഭം ഇനിയുണ്ടാകില്ലെന്ന് എനിക്കു തോന്നി’’ – ദിപെൻ പറഞ്ഞു. 

ജെറ്റ്സ്റ്റാർ ഓസ്ട്രേലിയ എന്ന സ്ഥാപനത്തിൽ പ്രൊജക് ആൻഡ് റിപ്പോർട്ട് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ദിപെൻ. ബെംഗളൂരുവിലെ സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്സിൽ നിന്നും മാനേജ്മെന്റ് ബിരുദം നേടിയ ദിപെൻ ഏവിയേഷൻ ആൻഡ് മാരിടൈം ട്രാൻസ്പോർട്ടേഷന്‍ മാനേജ്മെന്റ് കോഴ്സ് ചെയ്യാനാണ് ഓസ്ട്രേലിയയിൽ എത്തിയത്. സിഡ്നി യൂണിവേഴ്സിറ്റിയില്‍നിന്നും കോഴ്സ് പൂർത്തിയാക്കി. തുടർന്ന് ജെറ്റ്സ്റ്റാർ ഓസ്ട്രേലിയയില്‍ ജോലി നേടുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പാണ് റോസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും ഇപ്പോൾ മെൽബണിലാണ് താമസം.

ഇന്ത്യൻ ഇന്നിങ്സ് 20 ഓവർ പിന്നിട്ടപ്പോഴായിരുന്നു ദിപെന്റെ വിവാഹാഭ്യർഥന. റോസിന് നേരെ മോതിരം നീട്ടി മുട്ടുകുത്തി നിൽക്കുന്ന ദിപൻ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. ഇതോടെ കമന്റേറ്റർമാരും ആവേശത്തിലായി. റോസ് വിവാഹാഭ്യർഥന സ്വീകരിച്ചതോടെ കാണികളും ഓസീസ് താരം ഗ്ലെൻ മാക്സവെല്ലും കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയും ചെയ്തു.

English Summary : Bangalore native proposes to his Australian girl friend during India-Australia second ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com