ADVERTISEMENT

പങ്കാളികൾക്കിടയിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ വഴക്കിനു ശേഷം ആരാദ്യം മിണ്ടും, ആരാദ്യം ക്ഷമിക്കും എന്നൊരു ആശയക്കുഴപ്പം രണ്ടുപേർക്കും ഉണ്ടാകാറുണ്ട്. എന്നാൽ, മനസ്സ് തുറന്നൊന്നു സംസാരിക്കാൻ തയാറായാൽ പങ്കാളികൾക്കിടയിലുള്ള പിണക്കം മഞ്ഞുരുകും പോലെ അലിഞ്ഞു തുടങ്ങും. സത്യസന്ധത പുലർത്തുകയും സ്വന്തം ഭാഗത്തു നിന്നുള്ള തെറ്റ് അംഗീകരിക്കാനുള്ള മനസ്സു കാട്ടുകയും ചെയ്യുക എന്നതാണ് പ്രധാനം. വഴക്കിനു ശേഷം പങ്കാളിയോട് കൂട്ടുകൂടാൻ ഇക്കാര്യങ്ങൾ ചെയ്യാം.

 

∙ സമാധാനമായി നാളെ സംസാരിക്കാം

 

പൊരിഞ്ഞ വഴക്കിനു പിറകെ സമാധാന ചർച്ചയ്ക്കു പോയാൽ യാതൊരു പ്രയോജനവും ലഭിക്കില്ല. സ്വന്തം ഭാഗം ന്യായീകരിക്കുന്നതിനിടയിൽ തർക്കം മുറുകുകയും ചെയ്യും. വഴക്കിനു ശേഷം മനസ്സ് വളരെ കലുഷിതമായതിനാൽ മികച്ച തീരുമാനങ്ങളെടുക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് വഴക്കൊക്കെ മാറ്റി ഒന്നുറങ്ങിയെണീറ്റ് തൊട്ടടുത്ത ദിവസം സമാധാനപരമായി സംസാരിക്കാം. രണ്ടുഭാഗത്തെയും ന്യായാന്യായങ്ങൾ വിലയിരുത്താനും സ്വന്തം ഭാഗത്തെ പിഴവ് മനസ്സിലാക്കാനും സമാധാനപരമായ ചർച്ച കൊണ്ടേ സാധിക്കൂ.

 

∙ പ്രശ്നത്തെ ഒരുമിച്ചു നേരിടാം

 

പരസ്പരം വഴക്കിട്ടതിന്റെ ഉത്തരവാദിത്തം രണ്ടുപേർക്കുമുണ്ടെന്നും അത് ഒരുമിച്ചിരുന്നു രമ്യമായി പരിഹരിക്കാമെന്നും ഒരുമിച്ചു തന്നെ തീരുമാനിക്കുക. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല. എന്തു പ്രശ്നം വന്നാലും ഒരുമിച്ചു നിന്നു നേരിടുമെന്ന വിശ്വാസം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

 

∙ കാര്യങ്ങൾ ശരിയാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്?

 

കാര്യങ്ങളൊക്കെ നേരെയാകാനും വീണ്ടും വഴക്കിടാനുള്ള സാഹചര്യം ഒഴിവാക്കാനും ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പങ്കാളിയോട് തുറന്നു ചോദിക്കാം, മനസ്സിലെ ഭാരമൊഴിയാനും പങ്കാളിയുടെ വികാരങ്ങൾക്കും താൻ വിലകൽപിക്കുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടാകാനും ഇത് സഹായിക്കും. വഴക്കുകളുണ്ടാകാനുള്ള സാഹചര്യമൊഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ഇരു കൂട്ടരെയും ഇതു സഹായിക്കും.

 

∙ എനിക്ക് നിന്റെ വിഷമം മനസ്സിലാകുന്നുണ്ട്

 

ഒരുപക്ഷേ പങ്കാളി നിങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കായിരിക്കുമിത്. വഴക്കിടുമ്പോൾ ദേഷ്യത്താൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാലും തന്റെ മനസ്സു മനസ്സിലാക്കാൻ പങ്കാളിക്കു കഴിയുന്നുണ്ടെന്ന വിശ്വാസം അവരുടെ മനസ്സിന് വളരെയേറെ ആശ്വാസമുണ്ടാക്കും. പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം. എത്ര വഴക്കുണ്ടായാലും തന്നെ കേൾക്കാൻ, താൻ പറയുന്നത് മനസ്സിലാക്കാൻ പങ്കാളി തയാറാകുന്നുണ്ടെന്ന സത്യം തീർച്ചയായും അപ്പുറത്തു നിൽക്കുന്നയാളിന്റെ മനസ്സിന് ആശ്വാസമേകും.

 

∙ എന്റെ ഭാഗത്തു നിന്നുള്ള തെറ്റു തിരുത്താൻ ശ്രമിക്കാം

 

വഴക്കുണ്ടാകുമ്പോൾ സ്വന്തം തെറ്റുകൾ മറച്ച് വഴക്കിന്റെ മുഴുവൻ ഉത്തരവാദിത്തവും പങ്കാളിയുടെ മേൽ ചാരാനാണ് പലരും ശ്രമിക്കുന്നത്. ഇത് ശരിയായ പ്രവണതയല്ല. വഴക്കിടുമ്പോൾ പരസ്പരം കുറ്റപ്പെടുത്തിയാലും പിന്നീട് സമാധാനത്തോടെ സംസാരിക്കുമ്പോൾ, എന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഞാനത് തിരുത്താൻ ആത്മാർഥമായി ശ്രമിക്കാമെന്ന ഉറപ്പ് പങ്കാളികൾക്ക് നൽകാം. അത് അവർക്ക് വളരെ ആശ്വാസം നൽകും.

 

∙ എന്നോടു ക്ഷമിക്കണം

 

മനസ്സു തുറന്നുള്ള ക്ഷമാപണം പങ്കാളിക്ക് ആശ്വാസം നൽകുമെന്നു മാത്രമല്ല. നിങ്ങളുടെ മനസ്സിലെ ദേഷ്യവും നിരാശയും അകന്നു പോകാൻ സഹായിക്കുകയും ചെയ്യും. മാപ്പു പറയുന്ന പങ്കാളിയെ ഒരിക്കലും മറ്റേയാൾ പരിഹസിക്കില്ലെന്നു മാത്രമല്ല നിങ്ങളുടെ സത്യസന്ധതയെയും മാപ്പു പറയാൻ കാണിച്ച മനോഭാവത്തെയും അവർ അഭിനന്ദിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com