ADVERTISEMENT

പള്ളുരുത്തിയിൽനിന്ന് മലയാളത്തിന് അഭിമാനമായി നിരവധി പ്രതിഭകളുണ്ടായിട്ടുണ്ട്. എങ്കിലും ആ സ്ഥലപ്പേര് സ്വന്തം പേരിനോട് ചേർത്തു പിടിച്ചിട്ടുള്ള ഒരൊറ്റ താരമേയുള്ളൂ, സാജൻ പള്ളുരുത്തി. മിമിക്രിവേദികളിൽ ശബ്ദാനുകരണം കൊണ്ട് പലരും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, ശരവേഗം പായുന്ന ബുള്ളറ്റ് ട്രെയിൻ പോലെ വർത്തമാനം പറഞ്ഞ് കയ്യടി വാങ്ങുന്ന മറ്റൊരു കലാകാരനില്ല. മിമിക്രിയിലെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാവുന്ന വേഗത്തിന്റെ രാജാവ്! അക്ഷരങ്ങൾ, സിനിമാപ്പേരുകൾ, താരങ്ങൾ... അങ്ങനെ നാക്കിൽ വരുന്നതെന്തും പ്രാസവും നർമ്മവും സമാസമം ചേർത്ത് സാജൻ പള്ളുരുത്തി സൃഷ്ടിച്ച ചിരിയോളങ്ങൾ ഏതു ന്യൂജെൻ കുട്ടികളെയും പിടിച്ചിരുത്തിക്കളയും. വേദിയിൽ നിന്ന് ഇടയ്ക്കൊരു ഇടവേളയെടുത്ത് മാറി നിന്നപ്പോഴും സാജന്റെ തമാശകൾ പലയിടങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരുന്നു. ടെലിവിഷനിലും അമ്പലപ്പറമ്പുകളിലും ഇടവേളകളില്ലാതെ ഓടി നടന്ന കാലത്ത് സമ്പാദിച്ച പേരിന്റെ പലിശയാണ് ഇപ്പോൾ കിട്ടുന്ന സ്നേഹവും അംഗീകാരവുമെന്നാണ് തിരിച്ചുവരവിനെക്കുറിച്ച് സാജൻ പറയുക. 

കൂടെ തുടങ്ങിയവരും കൈ പിടിച്ചു നടത്തിയവരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തിളക്കത്തോടെ നടന്നു കയറിയപ്പോഴും ഉത്തരവാദിത്തങ്ങളെ മറന്നുകൊണ്ട് അവസരങ്ങൾക്ക് പിന്നാലെ പോകാൻ സാജൻ ഒരിക്കൽ പോലും ആഗ്രഹിച്ചില്ല. അമ്മയുടെ ആക്സ്മിക മരണത്തിനു പിന്നാലെ അച്ഛൻ തളർന്നു കിടപ്പിലായപ്പോൾ കലാരംഗത്തു നിന്നു നീണ്ട ഇടവേളയെടുത്ത് അദ്ദേഹത്തെ ശുശ്രൂഷിക്കാനായിരുന്നു സാജന്റെ തീരുമാനം. കാരണം, രാവും പകലുമില്ലാതെ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന കാലത്ത് ഭക്ഷണം ഒരുക്കി വച്ചും വസ്ത്രങ്ങൾ ഇസ്തിരിയിട്ടും എല്ലാ പ്രോത്സാഹനവും നൽകി ഒപ്പമുണ്ടായിരുന്നത് ഈ അച്ഛനും അമ്മയുമായിരുന്നു. അവരുടെ അവസാന കാലത്ത് സ്നേഹവും പരിചരണവും നൽകാൻ പണം കൊടുത്ത് ആളെ നിറുത്താൻ സാജന്റെ ഉള്ളിലെ മകൻ ഒരുക്കമായിരുന്നില്ല. അവരുടെ വേർപാടുണ്ടാക്കിയ വേദന ഒരിക്കലും ഇല്ലാതാകില്ലെങ്കിലും ആ അനുഗ്രഹശീതളിമയുടെ തണലിൽ പുതിയൊരു അങ്കത്തിന് തുടക്കമിട്ടിരിക്കുകയാണ് സാജൻ പള്ളുരുത്തി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ യുട്യൂബിൽ തുടക്കമിട്ട 'ചെണ്ട' എന്ന വെബ്സീരീസിനു കാഴ്ചക്കാർ ഏറെയാണ്. മൂന്നു ദശാബ്ദം പിന്നിട്ട കലാജീവിതത്തിലെ വിശേഷങ്ങളുമായി സാജൻ പള്ളുരുത്തി മനോരമ ഓൺലൈനിൽ. 

'സാജുമോൻ' അങ്ങനെ സാജൻ പള്ളുരുത്തിയായി

എന്റെ അച്ഛനും അമ്മയും എന്നെ വിളിച്ചിരുന്നത് സാജു എന്നായിരുന്നു. സ്കൂളിൽ സാജുമോൻ! മിമിക്രി വേദികളിലേക്ക് ഇറങ്ങിയപ്പോൾ പേരിന് പേരിലെ 'മോൻ' എടുത്തു കളഞ്ഞ് സാജൻ ആയി. ആ സമയത്ത് പലരും ട്രൂപ്പിന്റെ പേരോ വീട്ടുപേരോ ഒക്കെയാണ് പേരിനൊപ്പം ചേർത്തിരുന്നത്. എന്റെ നാട് പള്ളുരുത്തിയാണ്. അവിടെ നിന്ന് ഒരുപാടു കലാകാരന്മാർ ഉണ്ടായിട്ടുണ്ടെങ്കിലും ആരും പേരിനൊപ്പം പള്ളുരുത്തി ചേർത്തിരുന്നില്ല. എന്റെ പേരിനോടു അതു ചേർത്തപ്പോൾ നല്ല ചേർച്ചയും ബലവും! എന്റെ തട്ടകം, എന്റെ താവളം, എന്റെ കളരി എല്ലാം പള്ളുരുത്തിയാണ്. ഞാൻ ഈ നാട് വിട്ട് എങ്ങും പോകില്ല. അങ്ങനെയാണ് ഞാൻ സാജൻ പള്ളുരുത്തിയായി മാറുന്നത്. അത് 33 വർഷത്തെ യാത്രയാണ്. 

ജീവിതം അത്ര തമാശയല്ല

അച്ഛൻ കയറുകെട്ട് തൊഴിലാളി ആയിരുന്നു. എനിക്കുള്ള കലാവാസനയിൽ വീട്ടുകാർക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ, എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. ഒരു ഏകലവ്യനെപ്പോലെ! സ്കൂളിൽ ഡാൻസ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ് ലുക്ക് ആണല്ലോ. ഈ ലുക്കിൽ ഞാനൊരു മോണോ ആക്ട് അവതരിപ്പിച്ചപ്പോൾ ആളുകൾ ചിരിച്ചു. ആ ചിരിയാണ് എന്നെ ഈ വേദികളിലേക്ക് എത്തിച്ചത്. ഞാൻ തമാശകൾ എഴുതാൻ തുടങ്ങി. ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചവരാണ് തമാശ കൂടുതൽ ചെയ്യുന്നത്. അവരുടെ ജീവിതം ആളുകൾ വിചാരിക്കുന്നത് അതിലും വലിയ തമാശ ആയിരിക്കുമെന്നാണ്. പക്ഷേ, അല്ല. ആ സങ്കടങ്ങളെ മറികടക്കാനാണ് നമ്മൾ തമാശയെ കൂട്ടു പിടിക്കുന്നത്. 

അടിച്ചുമാറ്റി അവതരിപ്പിക്കില്ല

കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികളായിരുന്നു ആ കാലത്ത് അമ്പലപ്പറമ്പുകളിൽ ഹിറ്റ്. അതിനിടയിലാണ് 'സാജൻ പള്ളുരുത്തി' ഒരു പേരായി വരുന്നത്. കളിച്ച ട്രൂപ്പ് സംഘകല... അതൊരു ഹിറ്റ് വർഷമായിരുന്നു. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നു. വീട്ടിൽ എന്നെ കാണാൻ പോലും കിട്ടാതെ ഇരുന്ന സമയം. ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വർഷത്തിലൊരിക്കൽ വരും. അതിലും എന്റെ പേര് കേറി വന്നു. സ്റ്റേജിൽ എനിക്ക് പേരായി. പല ട്രൂപ്പുകൾക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാൾ സാജൻ പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി. ഞാനെഴുതുന്ന പ്രോഗ്രാമേ ഞാൻ കളിക്കൂ. ആരുടെയും ഐറ്റം മോഷ്ടിച്ച് ചെയ്യില്ല. മിമിക്രി എന്നു പറയുന്ന കലയിൽ ഒരാളെഴുതി അതു ഹിറ്റായാൽ, വേറെ ഒരാൾ അതെടുത്തു ചെയ്തു കയ്യടി വാങ്ങും. ആളുടെ ഭാവന കൂടി ചേർത്താകും അവതരിപ്പിക്കുക. എന്നാൽ, ഞാൻ സംവിധാനം ചെയ്യുന്ന സമിതിയോ ഞാനോ അങ്ങനെ ചെയ്യാറില്ല. അതൊരു സ്ട്രഗിൾ തന്നെയായിരുന്നു.  

ഒൻപതര വർഷം എന്റെ വനവാസം

ഞങ്ങൾ രണ്ടു മക്കളാണ്. രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജൻ ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇ‌ഷ്ടമാണ്. അതിലും താൽപര്യം അമ്മയുടെ അച്ഛനായിരുന്നു. ഞാനൊരു കലാകാരനാകും എന്ന് ആദ്യം പറഞ്ഞത് എന്റെ അപ്പൂപ്പനാണ്. ഒരു പരിപാടിക്ക് പോവുകയാണെങ്കിൽ അമ്മ എന്റെ വസ്ത്രങ്ങൾ വരെ ഇസ്തിരിയിട്ട് മടക്കി പെട്ടിയിൽ വച്ചു തരും. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും. 12 വർഷം മുൻപ് അമ്മയ്ക്ക് പ്രഷർ കൂടി ആശുപത്രിയിൽ ആയപ്പോൾ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാർത്ഥനകൾ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ ഒരു വശം തളർന്ന് കിടപ്പിലായി. ആ ഒൻപതര വർഷം എന്റെ വനവാസം ആയിരുന്നു. ഒരു മുറിയിൽ അനുജൻ... മറ്റൊരു മുറിയിൽ അച്ഛൻ! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒൻപതര കൊല്ലം കടന്നു പോയി. ഇതിനിടയിൽ ആരെങ്കിലും വിളിച്ചാൽ മാത്രം പ്രോഗ്രാമിനു പോകും. ഗൾഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്ലൈറ്റിന് തിരികെയെത്തും. രണ്ടു വർഷം മുൻപാണ് അച്ഛൻ മരിക്കുന്നത്. അതിനുശേഷമാണ് ഞാൻ വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയത്. 

ഞാൻ തീർന്നുപോയിട്ടില്ല

അടുപ്പിച്ചുള്ള വേർപാടുകളായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്. അമ്മ മരിച്ചു... അച്ഛൻ മരിച്ചു... അതിനിടയിൽ‌ ഞാൻ മരിച്ചെന്ന വാർത്ത പ്രചരിച്ചു. മറ്റൊരു സാജൻ മരിച്ചപ്പോൾ എന്റെ ഫോട്ടോ വച്ചത് തെറ്റിദ്ധാരണ പരത്തി. എനിക്ക് തീപ്പൊള്ളലേറ്റെന്ന വാർത്ത വന്നു. ഇതെല്ലാം എന്നെ വേട്ടയാടി. ഏതൊരു മനുഷ്യനും ഉണ്ടാകും കഷ്ടകാലം. ഞാൻ ആ തീയിലൂടെ നടന്ന് കയറി വന്നു. ഇപ്പോഴാണ് സത്യം പറഞ്ഞാൽ ഞാൻ ശരിക്കൊന്നു ശ്വാസം വിടുന്നത്. കേരളത്തിലുടനീളമുള്ള അമ്പലങ്ങളിലും പള്ളികളിലും സ്കൂളുകളിലും കേറി നിരങ്ങിയിട്ടുള്ള ആളാണ് ഞാൻ. ആ പേര് ഞാൻ അവിടെ ഉണ്ടാക്കിയിട്ടതുകൊണ്ട് വനവാസം എനിക്കൊരു പ്രശ്നമായില്ല. എന്റെ കയ്യിൽ ഇനിയും സ്റ്റോക്കുണ്ട്. നമ്മൾ തീർന്നുപോയെന്ന തോന്നൽ വന്നാൽ 'സീറോ' ആയി. ഞാൻ തീർന്നിട്ടില്ല. എനിക്ക് ഇനിയും എഴുതാം... ഇനിയും പറയാം.. ഇതിലും വേഗത്തിൽ സംസാരിക്കാം. ആ വിശ്വാസം എനിക്കുണ്ട്. 

അമ്മ സൂക്ഷിച്ചു വച്ച രചനകൾ

പണ്ട് രാത്രിയായിരുന്നു എഴുത്ത്. എല്ലാവരും ഉറങ്ങുമ്പോൾ മെഴുകുതിരി കത്തിച്ചു വച്ചിട്ട് എഴുതാനിരിക്കും. അമ്മയെ ആണ് ആദ്യം വായിച്ചു കേൾപ്പിക്കുക. അമ്മയുടെ മുഖം വിരിഞ്ഞാൽ എഴുത്ത് ഓകെ. സുഖമില്ലെന്നു പറഞ്ഞാൽ അതു മാറ്റും. എല്ലാ എഴുത്തും വീട്ടിലിരുന്ന് തന്നെയായിരുന്നു. എഴുതിയതും തിരുത്തിയതും ഞാൻ മാറ്റി വയ്ക്കും. ആ കാലഘട്ടത്തിൽ എഴുതിയതെല്ലാം അമ്മ ഒരു ട്രങ്ക് പെട്ടിയിൽ സൂക്ഷിച്ചു വച്ചിരുന്നു. കാസറ്റിനുവേണ്ടി എഴുതിയതും സ്റ്റേജ് പരിപാടിക്ക് എഴുതിയതും എല്ലാം അതിലുണ്ടായിരുന്നു. അമ്മ മരിച്ചതിനുശേഷമാണ് ആ പെട്ടി ഞാൻ തുറക്കുന്നത്. എനിക്ക് തന്നെ ഓർമയില്ലാത്ത സ്ക്രിപ്റ്റുകൾ! സിനിമാപ്പേര് വച്ച് പാട്ടുകൾ.. പറച്ചിലുകൾ... ഓട്ടൻ തുള്ളൽ... അങ്ങനെ ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. എന്റെ ക്ലാസ് ടീച്ചറായ രാജം ടീച്ചർ ഇതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ നിർദേശിച്ചു. ആശകൾ തമാശകൾ എന്ന പേരിൽ അത് പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. കൈരളി ബുക്സ് ആണ് പ്രസാധകർ. പിന്നെ, ചെണ്ട എന്ന യുട്യൂബ് ചാനലുണ്ട്. അതിൽ വെബ് സീരിസ് ചെയ്യുന്നു. നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ് അതിൽ അഭിനയിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള കുട്ടികൾ ആണ്. സുഹൃത്തുക്കളുടെ ഭാര്യമാരും എന്റെ ഭാര്യ ഷിജിലയുടെ സുഹൃത്തുക്കളും എല്ലാവരും അതിലുണ്ട്. ആഴ്ചയിൽ ഒരു എപ്പിസോഡ് വീതം വരും. ചെണ്ട കാണാത്തവർ ആരുമില്ല... ചെണ്ടകൊട്ട് കേൾക്കാത്തവരായി ആരുമില്ല. ചെണ്ടയുടെ താളത്തിനൊത്ത് തുള്ളാത്തവരില്ല. ചെണ്ട കൊണ്ട് എവിടെയാണെങ്കിലും അവിടെ ആളു കൂടും. കൊട്ട് കണ്ടവരും കൊട്ട് കേട്ടവരും കാത്തിരിക്കുക... ഒരു പുതിയ കൊട്ടുമായി ഞങ്ങൾ വരുന്നു. അതാണ് ചെണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com