ADVERTISEMENT

വേദനയുടെയും നിരാശയുടെയും ആഴങ്ങളിൽനിന്നു ജീവിതത്തിലേക്കു തുഴഞ്ഞു കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നിത്തല സ്വദേശി സാനി. സന്തോഷത്തിന്റെ നാളുകളിൽ നിനച്ചിരിക്കാതെ എത്തിയ രോഗവും തളർച്ചയും ഒരുവശത്ത്. ആടിയുലഞ്ഞ ശരീരത്തിനൊപ്പം മനസ്സിനെ തളർത്തുന്നതായിരുന്നു ചിലരുടെ വാക്കും പെരുമാറ്റവും. അതെല്ലാം മറികടന്ന് ജീവിതം തിരികെപ്പിടിച്ച സാനിയുടെ കഥ മറ്റുള്ളവർക്കും പ്രചോദനമാണ്.

മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷമായി ജീവിക്കുമ്പോഴാണു സാനിയെന്ന സർക്കാർ ഉദ്യോഗസ്ഥയയെ തേടി കാൻസർ എന്ന പരീക്ഷണം എത്തുന്നത്. ശരീരം ചില ലക്ഷണങ്ങൾ കാണിച്ചപ്പോഴാണ് സാനി ഡോക്ടറെ കണ്ടത്. കൗണ്ടിലുണ്ടായ വ്യത്യാസം ചൂണ്ടികാണിച്ച ഡോക്ടർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടുത്തെ ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചു. ആറാഴ്ച കീമോ തെറാപ്പി നടത്താനായിരുന്നു നിർദേശം.

പിന്നീട് മരുന്നിന്റെ ലോകത്തായി ജീവിതം. മാനസികമായും ശാരീരികമായും തകർന്നു. സർക്കാർ ആശുപത്രിയിൽ ക്ലാർക്കായിരുന്ന സാനിക്ക് ജോലി നഷ്ടമായി. അവധിക്ക് അപേക്ഷിക്കാൻ വൈകിയെന്ന ആരോപണത്തെ തുടർന്നാണു ജോലി പോയത്. ഏതു മേഖലയിലും ഉണ്ടാകുമല്ലോ നല്ലതും ചീത്തയുമായ ആളുകൾ എന്ന് സാനി പറയുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്ന, ജീവിതം തുലാസിലാടിയ സമയത്ത് ലീവിന് അപേക്ഷിക്കാൻ സാധിച്ചില്ല. തിരികെ എത്തിയപ്പോഴേയ്ക്കും അവധി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ തയാറായിയില്ലെന്നു മാത്രമല്ല, രോഗം കള്ളമാണെന്ന് ആരോപിക്കുകയും ചെയ്തു.

ആദ്യത്തെ കീമേ തെറാപ്പിക്കു ശേഷം ബ്ലഡ് കൗണ്ടിൽ വലിയ മാറ്റം ഉണ്ടായി. ചികിത്സിച്ച ഡോക്ടർമാർക്കും ആ മാറ്റം അദ്ഭുതമായിരുന്നു. പതിയെ ജീവതത്തിലേക്കു തിരിച്ചു നടന്നു. പ്രിയപ്പെട്ടവരുടെ പിന്തുണ ഒപ്പമുണ്ടായി. അങ്ങനെ കൃഷിയിലേക്കു തിരിഞ്ഞു. രോഗം ഭേദമായതിൽ ചികിത്സയ്ക്കൊപ്പം കൃഷിയും സഹായമായി. കൃഷി നൽകുന്ന സംതൃപ്തി മറ്റൊന്നിനും നൽകാൻ സാധിക്കില്ല. കൃഷിയിലൂടെ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നുവെന്ന് സാനി പറയുന്നു.

കാർഷികരംഗത്ത് വലിയ പരിചയമൊന്നും സാനിക്കുണ്ടായിരുന്നില്ല. എന്നാൽ നെല്ലും എള്ളും പച്ചക്കറിയുമെല്ലാം സാനിയുടെ മനസാന്നിധ്യത്തിൽ‍ വിളഞ്ഞു. കൃഷിയിൽ സജീവമായപ്പോഴും ഉണ്ടായി വലിയ തിരിച്ചടികൾ. കൃഷിയിടത്തിലേക്കു വെള്ളം ഒഴിക്കിവിടാതെ ചിലർ തോട് അടച്ചു. കൃത്യസമയത്ത് വെള്ളം കിട്ടാതെ ക‍‍്യഷി നശിക്കുമെന്നായപ്പോൾ 15 സെന്റ് സ്ഥലത്ത് സ്വന്തമായി കുളം കുഴിക്കേണ്ടി വന്നു. ഇതിനു ചെലവായത് രണ്ടു ലക്ഷം രൂപയാണ്. പല സ്ഥലങ്ങളിലായി പതിനഞ്ച് ഏക്കറിലധികം പ്രദേശത്ത് സാനി ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. 

sani-2

വെയിലും മഴയും വകവയ്ക്കാത, ഞാറു നടുന്നതുമുതൽ കൊയ്ത്തു വരെ എല്ലാ കാര്യങ്ങളിലും സാനി പണിക്കാർക്കൊപ്പം നിൽക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൃഷിയിടത്തിലിറങ്ങും. രാത്രി 12 മണി വരെ കൃഷിയിടത്തില്‍ ചെലവഴിക്കുന്ന ദിവസങ്ങളുണ്ട്. ആദ്യമൊക്കെ പരിഭവം പറയുമായിരുന്ന മക്കള്‍ അക്സയും അനീറ്റയും ഇപ്പോൾ അമ്മയ്ക്കൊപ്പമുണ്ട്. ഭർത്താവ് സാജന്റെ പിന്തുണയാണ് തന്നെ തികഞ്ഞ കൃഷിക്കാരിയാക്കിയതെന്ന് സാനി പറയുന്നു. പാടവരമ്പിലൂടെ ഇത്തിരി നേരം നടന്നാൽ പിന്നിട്ട ദുരിതങ്ങളെല്ലാം മറക്കും. നഷ്ടമായ ജോലി സാനിക്ക് ഉടനെ തിരിച്ചു കിട്ടും. നീണ്ട നിയമ പോരാട്ടം തന്നെ ഇതിനായി നടത്തേണ്ടി വന്നു. 

കൃഷി സാനിക്ക് സമ്മാനിച്ചത് പുതുജീവിതമാണ്. ശരീരിക മാനസീക വേദനകളെ കൃഷിയിലൂടെ തോൽപ്പിച്ചു വീട്ടിലും നാട്ടിലും ഹരിതോർജം നിറയ്ക്കുകയാണ് ഈ വീട്ടമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com