കാലം മാറി, മിമിക്രിയും; വ്യക്തിഹത്യയല്ല തമാശ; 23 വർഷത്തെ സ്റ്റേജ് ജീവിതം പഠിപ്പിച്ചത്, പ്രശാന്ത് കാഞ്ഞിരമറ്റം പറയുന്നു

HIGHLIGHTS
  • മിമിക്രിയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ജൻഡേഴ്സ് വന്നിട്ടുള്ളത്
  • കോമഡിയിൽ ദ്വയാർത്ഥ പ്രയോഗങ്ങളും നടത്താറില്ല
SHARE

അരങ്ങുകളിൽ ജഗതി ശ്രീകുമാറിന്റെ ശബ്ദാനുകരണമാണ് പ്രശാന്ത് കാഞ്ഞിരമറ്റം എന്ന കലാകാരന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിന് വഴിയൊരുക്കിയതും ജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രശാന്തിന്റെ രസകരമായ വർത്തമാനങ്ങളായിരുന്നു. എന്നാൽ, അഭിനയത്തിൽ ഈ ‘ജഗതിമയം’ വില്ലനായില്ല. എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം. ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ് മലയാളികൾക്കിടയിൽ പ്രശാന്തിനെ സുപരിചിതനാക്കിയത്. വേദികളില്ലാത്ത ലോക്ഡൗൺ കാലത്തെ ജീവിതത്തെക്കുറിച്ചും പുതുവർഷത്തിലെ പ്രതീക്ഷകളെക്കുറിച്ചും പ്രശാന്ത് കാഞ്ഞിരമറ്റം മനോരമ ഓൺലൈനുമായി മനസ്സ് തുറക്കുന്നു. 

എന്നും എപ്പോഴും മിമിക്രി

എന്റെ അച്ഛൻ ചേർത്തല ശശികുമാർ പഴയൊരു കാഥികനാണ്. അച്ഛൻ മ്യൂസിക് ടീച്ചറായിരുന്നു. അച്ഛൻ പഠിപ്പിച്ച സ്കൂളിലാണ് ഞാനും പഠിച്ചത്. അങ്ങനെയൊരു കലാപാരമ്പര്യമുണ്ട്. എന്നാൽ, സ്കൂളിൽ ഞാൻ അൽപം നാണക്കാരനായ പയ്യനായിരുന്നു. കൂട്ടുകാരുടെ ഇടയിൽ മാത്രമായിരുന്നു എന്റെ മിമിക്രി പ്രകടനങ്ങൾ. ഒരിക്കൽ വിനോദയാത്ര പോയ സമയത്ത് കൂട്ടുകാരുടെ നിർബന്ധത്തിൽ ടൂറിസ്റ്റ് ബസിൽ വച്ച് മിമിക്രി ചെയ്തു. അപ്പോഴാണ് എനിക്ക് ഇങ്ങനെയൊരു കഴിവുള്ളത് അധ്യാപകർ തിരിച്ചറിഞ്ഞത്. അതിനുശേഷം വന്ന യുവജനോത്സവത്തിൽ എന്നോടു ചോദിക്കാതെ തന്നെ ജെസി ടീച്ചർ മിമിക്രിക്ക് എന്റെ പേര് കൊടുത്തു. അന്നാണ് ഔദ്യോഗികമായി വേദിയിൽ കയറുന്നത്. പിന്നീട് സംസ്ഥാനതലത്തിൽ വരെ മിമിക്രിക്ക് സമ്മാനം ലഭിച്ചു. പഠനത്തിനു ശേഷം ഇതു തന്നെ പ്രൊഫഷൻ ആക്കി. കരിയർ ആയി തിരഞ്ഞെടുത്തപ്പോൾ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. മിമിക്രി മാത്രമായി ജീവിക്കാൻ പറ്റുമോ എന്ന സംശയം. അവരുടെ നിർബന്ധത്തിൽ വേറെ ജോലിക്ക് പോകുകയും ചെയ്തു. പക്ഷേ, അവിടെയൊന്നും ഞാൻ വിജയിച്ചില്ല. പിന്നെ, രണ്ടാമത് ഒന്നുകൂടെ മിമിക്രിയിൽ ഞാനൊന്ന് ട്രൈ ചെയ്തു നോക്കിയതാണ്. ഇതിലും തോറ്റു പോയാൽ അവർ പറയുന്ന ജോലിക്ക് പോകാമെന്നും പറഞ്ഞു. ഒടുവിൽ ഞാൻ ഇതു കൊണ്ടേ ജീവിക്കൂ എന്നു മനസിലാക്കിയപ്പോൾ എന്നെ എന്റെ വഴിക്ക് വിട്ടു. 

നിയോഗം പോലെ ജഗതി ശ്രീകുമാർ

‘ജഗതി ജഗതിമയം’ എന്ന പരിപാടിയിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്. ആ പ്രോഗ്രാമിലേക്ക് വരാൻ കാരണം കെ.എസ് പ്രസാദേട്ടനാണ്. ഞാൻ ജഗതി ചേട്ടനെ അനുകരിക്കുന്നത് കണ്ടിട്ടാണ് അദ്ദേഹം എന്നെ അതിലേക്ക് വിളിക്കുന്നത്. സത്യത്തിൽ ഞാൻ ജീവിതത്തിൽ ആദ്യമായി നേരിൽ കണ്ട സിനിമാ നടൻ അമ്പിളി ചേട്ടനായിരുന്നു. അതൊരു നിമിത്തമായിരിക്കാം. 

ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് സംഭവം. അച്ഛന് കൊൽക്കത്തയിൽ ഒരു പരിപാടിയുണ്ട്. അതിനുവേണ്ടി യാത്രയാക്കാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ പോയതായിരുന്നു. അങ്ങനെ അവിടെ നിൽക്കുമ്പോൾ അച്ഛൻ എന്നെ തട്ടി വിളിച്ചിട്ടു പറഞ്ഞു, ‘നോക്കൂ... ജഗതി വരുന്നു’ എന്ന്. ഞാൻ നോക്കിയപ്പോൾ പച്ച നിറത്തിലുള്ള ഷർട്ടിട്ട് ജഗതി ചേട്ടൻ നടന്നു വരുന്നു. കയ്യിൽ മിനറൽ വാട്ടറിന്റെ ഒരു കുപ്പി... കൂടെ ഒരു സഹായിയുമുണ്ട്. എന്റെ തൊട്ടടുത്തുകൂടെ അദ്ദേഹം നടന്നു പോയി. നല്ല ഓറഞ്ചു കളർ മുഖമുള്ള ഒരു മനുഷ്യൻ! ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞാൻ കുറെക്കാലം ജീവിക്കും എന്നതുകൊണ്ടാണോ ദൈവം ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയത് എന്നറിഞ്ഞു കൂടാ! പിന്നീട്, അദ്ദേഹത്തെ കൂടുതൽ പരിചയപ്പെട്ടു. ആ കുടുംബവുമായി ഇപ്പോഴും നല്ല ബന്ധമാണ്. 

artist-prasanth-kanjiramattom-exclusive-interview

ഈശ്വരതുല്യനായി ഞാൻ കാണുന്ന വ്യക്തി കൂടിയാണ് ജഗതി ശ്രീകുമാർ. അമ്പിളി ചേട്ടനു വേണ്ടി 4 സിനിമകൾക്ക് ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായത് വേദനാജനകമാണ്. അദ്ദേഹം ഡബ് ചെയ്യുന്നതിന്റെ ഏഴയലത്ത് വരില്ല, എന്റെ അനുകരണം. അദ്ദേഹം വലിയ പ്രതിഭയാണ്. എനിക്ക് മിമിക്രിയിലൂടെ അത് കുറച്ചു ഒപ്പിക്കാം എന്നു മാത്രം. റെഡ് അലർട്ട്, പറുദീസ, ദ റിപ്പോർട്ടർ‌, മൂന്നു വിക്കറ്റിന് 365 റൺ എന്നീ ചിത്രങ്ങളിലാണ് ഞാൻ അദ്ദേഹത്തിനായി ശബ്ദം നൽകിയത്. പിന്നീട് നടനും സംവിധായകനുമായ ശ്രീനിവാസൻ സർ അതിനെക്കുറിച്ച് ഗംഭീര അഭിപ്രായം പറഞ്ഞു. വലിയൊരു അംഗീകാരമായിട്ടാണ് അതിനെ ഞാൻ കാണുന്നത്. 

കാലം മാറി, മിമിക്രിയും

സ്റ്റേജിൽ ഇപ്പോൾ 23 വർഷമായി. അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കലയാണ് മിമിക്രി. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന തമാശകളല്ല ഇന്ന് ഉപയോഗിക്കുന്നത്. കോസ്റ്റ്യൂംസ് പോലും മാറി. ഇന്നു വരുന്ന ഏറ്റവും പുതിയ നടന്റെ ശബ്ദം പോലും മിമിക്രിക്കാർ അനുകരിക്കും. ഇന്നലെ കണ്ട വിഷയങ്ങൾ പോലും മിമിക്രിയിൽ അവതരിപ്പിക്കപ്പെടും. അതുകൊണ്ടാണ് മിമിക്രി ജനപ്രിയ കലയായത്. എന്നും അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ടാണ് ഇന്നും മിമിക്രി നിലനിൽക്കുന്നത്. ആളുകളുടെ ഹ്യൂമർ സെൻസ് വളരെയധികം വർധിച്ചു. മലയാളികൾ അപാര ഹ്യൂമർ സെൻസുള്ളവരാണ്. നമുക്ക് ജ‍ഡ്ജ് ചെയ്യാൻ പറ്റില്ല. ഇന്നത്തെ കാലത്ത് വാട്ട്സ്ആപ്പ് കോമഡികളുടെയും ട്രോളുകളുടെയും സ്വാധീനം വളരെ വലുതാണ്. 

സത്യത്തിൽ ഇന്നിപ്പോൾ ചിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഏറെ കഷ്ടപ്പെട്ടാണ് വേദിയിൽ ഒരാളെ ചിരിപ്പിച്ചെടുക്കുന്നത്. പണ്ടുകാലത്ത് ഒരു പഴത്തൊലിയിൽ ഒരാൾ തെന്നിവീണാൽ ചിരിക്കും. ഇന്ന് അതു പറ്റില്ല. ഒരുപാട് പരിമിതികൾക്കുള്ളിലാണ് ഇന്നത്തെ മിമിക്രി കലാകാരന്മാർ. ബോഡി ഷെയ്മിങ് പാടില്ല. ഒരാളുടെ നിറത്തെയോ പൊക്കത്തെയോ വണ്ണത്തെയോ കളിയാക്കാൻ പറ്റില്ല. മനോജ് ഗിന്നസും ഞാനുമൊക്കെ കറുപ്പും വെളുപ്പും എന്ന പേരിൽ സ്കിറ്റ് വരെ കളിച്ചിട്ടുണ്ട്. അന്ന് അത് കണ്ട് ഒരുപാട് ജനങ്ങൾ ചിരിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് അത് അവതരിപ്പിക്കാൻ പറ്റില്ല. അത്തരം പരിമിതികളിലേക്ക് ഒതുങ്ങുമ്പോൾ അതിന്റേതായ പ്രശ്നങ്ങളുണ്ടാകും. ഇതിന്റെയൊക്കെ ചട്ടക്കൂടിൽ നിന്നിട്ട് വേണം ആളുകളെ ചിരിപ്പിക്കാൻ. വലിയൊരു വെല്ലുവിളിയാണ് മിമിക്രിക്കാരുടെ മുന്നിലുള്ളത്. 

prasanth-kanjiramattom-1

വ്യക്തിഹത്യയല്ല തമാശ

സ്ത്രീകളെ എന്നല്ല ആരെയും വ്യക്തിഹത്യ നടത്തുന്ന തമാശകളോട് എനിക്ക് യോജിപ്പില്ല. കോമഡിയിൽ ദ്വയാർത്ഥ പ്രയോഗങ്ങളും നടത്താറില്ല. അതുകൊണ്ടാവാം കുടുംബസദസുകളിൽ ഞാൻ സ്വീകാര്യനായത്. നമ്മുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് എഴുതിക്കൊണ്ടുവരുന്നതിൽ അശ്ലീലപദങ്ങളോ സ്ത്രീവിരുദ്ധ പരാമർശങ്ങളോ ഉണ്ടെങ്കിൽ അതു വേണ്ടെന്ന് പറയാൻ ശ്രദ്ധിക്കാറുണ്ട്. സ്ത്രീകളെ കളിയാക്കുന്നത് സ്ത്രീകൾക്ക് തന്നെ ഇഷ്ടമാണ്. ചില വേദികളിൽ ആണുങ്ങളുടെ കയ്യടി നേടാൻ വേണ്ടി അങ്ങനെ ചില കളിയാക്കലുകൾ നടത്താറുണ്ട്. അതായാത്, സ്ത്രീകളുടെ പൊതുസ്വഭാവങ്ങളെയാണ് ഇങ്ങനെ കളിയാക്കുന്നത്. മറ്റൊന്നും അങ്ങനെ പരാമർശിക്കാറില്ല. അങ്ങനെ ചില മാറ്റങ്ങൾ നിലപാടുകളിൽ ഞങ്ങളും വരുത്തിയിട്ടുണ്ട്. 

മിമിക്രി ജീവിതം നൽകിയ ട്രാൻജൻഡേഴ്സ്

മിമിക്രിയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ജൻഡേഴ്സ് വന്നിട്ടുള്ളത്. അവർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ കിട്ടിയിട്ടുള്ളതും മിമിക്രിയാണ്. സൂര്യ, സജി അങ്ങനെ ഒരുപാടു പേരുണ്ട്. അവരൊക്കെ എത്ര പെർഫക്ട് ആയിട്ടാണ് അവരുടെ ജോലി ചെയ്യുന്നത്?! ജോലിയോട് 100 ശതമാനം കൂറു പുലർത്തുന്നവർ കൂടിയാണ് അവർ. ഒരുപാട് മേക്കപ്പ് ആർടിസ്റ്റുകൾ, മിമിക്രിയിൽ സ്ത്രീവേഷം ചെയ്യുന്നവർ, സ്റ്റേജ് ഷോയിൽ മറ്റു ജോലികൾ ചെയ്യുന്നവർ... അങ്ങനെ മിമിക്രിയുടെ പല മേഖലയിൽ അവരുണ്ട്. മിമിക്രിയിലൂടെ ഉപജീവനം കഴിക്കുന്ന നിരവധി പേർ! എന്റെ സുഹൃദ്‍വലയത്തിൽ തന്നെ കുറെ പേരുണ്ട്. അവർക്കും ഒരു മനസുണ്ട്. അവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. പലരും അവരെ മാറ്റിനിറുത്തുന്നത് കണ്ടിട്ടുണ്ട്. അതു വലിയ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. അവർക്കും ഈ സമൂഹത്തിൽ തൊഴിലെടുത്ത് മാന്യമായി ജീവിക്കണ്ടേ?

പ്രോഗ്രാമിനു വേണ്ടി നഷ്ടപ്പെടുത്തിയ അവസരങ്ങൾ

മിമിക്രിയിലെ തിരക്കു മൂലം സിനിമയിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശ പരിപാടികൾ കമ്മിറ്റ് ചെയ്തുപോയതിന്റെ പേരിൽ പല സിനിമകളിൽ നിന്നും വന്ന ഓഫറുകൾ വേണ്ടെന്നു വയ്ക്കേണ്ടതായി വന്നു. അതും നല്ല നല്ല വേഷങ്ങൾ. പലരും അതിന്റെ പേരിൽ എന്നെ പരിഗണിക്കാതെ ഇരുന്നിട്ടുമുണ്ട്. 'അയാളെ വിളിച്ചാൽ അയാൾക്ക് എപ്പോഴും പരിപാടികളാ' എന്നു പറയും! അതൊരു പ്രശ്നമാണോ എന്നു ചോദിച്ചാൽ പ്രശ്നം തന്നെയാണ്. എങ്കിലും, നമ്മുടെ അരിപ്രശ്നം നമുക്കും നോക്കണമല്ലോ! ഒരു സിനിമ പ്രതീക്ഷിച്ചിരുന്നാൽ ആ ഡേറ്റിൽ വരുന്ന പ്രോഗ്രാം നമ്മൾ വിട്ടു കളയേണ്ടി വരും. അതു കഴിയുമ്പോഴാകും സിനിമയുടെ ഡേറ്റ് മാറുക. എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി സ്റ്റേജ് ഷോ ക്യാൻസൽ ചെയ്തതിന്റെ പേരിൽ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. ഒടുവിൽ ആ സിനിമയുടെ ഡേറ്റ് മാറി. ഞാൻ പ്രോഗ്രാം ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്തായാലും ഇനി കൂടുതൽ സിനിമയിൽ ശ്രദ്ധിക്കാനാണ് പരിപാടി. ഇപ്പോൾ വീണ്ടും അവസരങ്ങൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.  

English Summary : Artist Prasanth Kanjiramattom Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA