അറിയാതെയെങ്കിലും പ്രേം നസീറിന്റെ കൈ എന്റെ ശിരസ്സിൽ തൊട്ടു പോയിട്ടുണ്ടാവും; കൊറിയോഗ്രഫർ സജ്ന നജാം പറയുന്നു

HIGHLIGHTS
  • എന്റെ പേരിലുള്ള ഒരു തിയറ്റർ എന്റെ അങ്കിൾ ചിറയിൻ കീഴിൽ സ്ഥാപിച്ചിരുന്നു
  • തമിഴിൽ ഏറ്റവും ഒടുവിൽ ചെയ്തത് വിജയ് സേതുപതിയുടെ ഒരു ചിത്രമാണ്
choreographer-sajna-najam-exclusive-interview
SHARE

ആകസ്മികം എന്ന വാക്കിനേക്കാൾ ഒരു മാന്ത്രികയാത്ര എന്ന് ജീവിതത്തെ വിശേഷിപ്പിക്കാനാണ് കൊറിയോഗ്രഫർ സജ്ന നജാമിനിഷ്ടം. ആദ്യമായി കൊറിയോഗ്രഫി ചെയ്ത ചിത്രത്തിനു തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയത് നൃത്തം പഠിച്ചിട്ടില്ലാത്ത ഒരാളാണെന്നറിയുമ്പോഴുണ്ടാകുന്ന സസ്പെൻസ് ജീവിതതത്തിലുടനീളം നിലനിർത്തുന്നുണ്ട് സജ്ന. തികച്ചും കൗതുകം തോന്നുന്ന ഇഷ്ടങ്ങളെക്കുറിച്ച് ബോൾഡ് ആയി, എന്നാൽ കുസൃതി വിടാതെ മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് സജ്ന നജാം.

∙ 20 വർഷത്തിലേറെയായി കൊറിയോഗ്രഫി മേഖലയിൽ ജോലിചെയ്യുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത ആൾ കൊറിയോഗ്രാഫറായത് ആകസ്മികമായാണോ?

നൃത്തം ചെയ്യാൻ കുട്ടിക്കാലം മുതലിഷ്ടമായിരുന്നു. പക്ഷേ ആരുടെയെങ്കിലും കീഴിൽ നൃത്തം പഠിക്കാനൊന്നും താൽപര്യമില്ലായിരുന്നു. ഞങ്ങൾക്ക് ചിറയിൻകീഴിൽ ഒരു തിയറ്റർ ഉണ്ടായിരുന്നു. വീട്ടിലെ മൂത്ത കുട്ടിയായിരുന്നതുകൊണ്ട് അവിടെപ്പോകുമ്പോഴൊക്കെ ബാപ്പ എന്നെയും കൂട്ടും. സിനിമയിലെ പാട്ട് വരുമ്പോൾ ഞാൻ അതിനൊപ്പം നൃത്തം ചെയ്യുമായിരുന്നു. പണ്ടത്തെ തിയറ്ററിൽ ഒരു ബോക്സ്പോലെയുള്ള ഇരിപ്പിടമുണ്ടായിരുന്നു. തിയറ്ററിന്റെ ഉടമസ്ഥർക്കും വിശിഷ്ടാതിഥികൾക്കും ഇരിക്കാനായി ക്രമീകരിച്ചിരുന്ന ആ സ്ഥലത്തായിരുന്നു എന്റെ നൃത്തപ്രകടനം. ചിറയിൻകീഴുപോലെയുള്ള ഒരു ചെറിയ ഗ്രാമത്തിലെ തിയറ്ററായതുകൊണ്ട് ഇന്നാരുടെ മോളാണെന്നൊക്കെ അവിടെയുള്ളവർക്കറിയാമായിരുന്നു. എന്റെ നൃത്തം കണ്ട് ആളുകൾ തിരിഞ്ഞു നോക്കുമായിരുന്നു. ആളുകൾ ശ്രദ്ധിക്കുന്നുവെന്നു കാണുമ്പോൾ ഞാൻ കുറച്ചു കൂടുതൽ നൃത്തം ചെയ്യും. അങ്ങനെയാണ് നൃത്തത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നെ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ ഹോസ്റ്റലിലായിരുന്നു. സ്കൂളിൽ ഡാൻസിന് ആളു തികയാതെ വരുമ്പോൾ ഹോസ്റ്റലിലെ കുട്ടികളെ പിടിച്ച് നൃത്തത്തിൽ ചേർക്കുന്നതൊക്കെ പതിവായിരുന്നു. അങ്ങനെ സ്കൂളിലെ പരിപാടികളിൽ ഞാനും സുഹൃത്തുക്കളുമൊക്കെ സജീവമായി പങ്കെടുത്തു തുടങ്ങി. 

sajna-najam3

∙ സറീന സ്കൂൾ ഓഫ് ഡാൻസ് പിറന്ന കഥ

സ്കൂൾ പഠനത്തിനു ശേഷം വിവാഹം കഴിഞ്ഞ് ഞാൻ സൗദിയിലേക്കു പോന്നു. അന്ന് ടിവിയിലൊക്കെ ധാരാളം ഹിന്ദി സിനിമകൾ കാണുമായിരുന്നു. അന്നും ഇന്നും ഞാൻ ബോളിവുഡ് മൂവി ഫാനാണ്. ആ പാട്ടുകളൊക്കെ കണ്ട് നൃത്തച്ചുവടുകളൊക്കെ മനസ്സിരുത്തി പഠിക്കും. അന്ന് പതിനേഴു വയസ്സല്ലേയുള്ളൂ. പിന്നെ 19 വയസ്സൊക്കെ ആയപ്പോൾ മകൾ ജനിച്ചു. കുഞ്ഞ് വലുതാകുന്നതിനനുസരിച്ച് അവളെ നൃത്തം പഠിപ്പിക്കുന്നതും അവൾക്കൊപ്പം നൃത്തം ചെയ്യുന്നതുമൊക്കെയായിരുന്നു എന്റെ ഹോബി. സൗദിയായതുകൊണ്ട് പുറത്തൊക്കെ പോയി നൃത്തം അവതരിപ്പിക്കാനൊന്നും കഴിയില്ലല്ലോ. മകളുടെ കൂട്ടുകാരെയൊക്കെ നൃത്തം പഠിപ്പിക്കുമായിരുന്നു. രണ്ടാമത്തെ കുട്ടിയായപ്പോൾ ഞങ്ങൾ മൂന്നുപേരുംകൂടി ചേർന്നായിരുന്നു നൃത്തം ചെയ്തിരുന്നത്. ഇതായിരുന്നു നൃത്തത്തെക്കുറിച്ച് എനിക്ക് ലഭിച്ച അടിസ്ഥാന അറിവ്. പിന്നീട് നാട്ടിലേക്ക് തിരിച്ചു വന്ന് സെറ്റിലായപ്പോൾ വെറുതെയിരിക്കാതെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിച്ചാണ് നൃത്ത വിദ്യാലയം തുടങ്ങിയത്. 2001 ലായിരുന്നു അത്. 

∙ റിയാലിറ്റി ഷോ, സ്റ്റേജ് ഷോസ് ഇവന്റ്സ്.. ഈ തിരക്കുകളിൽനിന്ന് സിനിമയിലെത്തിയതെങ്ങനെയാണ്?

ഡാൻസ് സ്കൂൾ തുടങ്ങിയതിനു ശേഷമാണ് ഷോ ചെയ്യാനുള്ള അന്വേഷണങ്ങളൊക്കെ വന്നുതുടങ്ങിയത്. ആറ്റുകാലിൽ ഒരു മെഗാഷോ ചെയ്തു. അതു കണ്ടിട്ട് ചാനലുകളിൽ നിന്നൊക്കെ ക്ഷണം ലഭിച്ചു. അങ്ങനെയാണ് കൊറിയോഗ്രഫി മേഖലയിലേക്കെത്തുന്നത്. ശരിക്കും പറഞ്ഞാൽ അതൊരു മാജിക്കൽ ജേണിയായിരുന്നു. മോളെ പഠിപ്പിക്കുക, അത് ആളുകൾ കണ്ടിഷ്ടപ്പെടുക, അതു കഴിഞ്ഞ് ഒരു ഡാൻസ് സ്കൂൾ തുടങ്ങണമെന്ന് അവരൊക്കെ ആവശ്യപ്പെടുക, അങ്ങനെ ഡാൻസ് സ്കൂൾ തുടങ്ങുകയും അതുവഴി ചാനലുകളിൽ അവസരം ലഭിക്കുകയും ചെയ്യുക. ഒടുവിൽ സിനിമയിലും കൊറിയോഗ്രഫി ചെയ്യാൻ അവസരം കിട്ടുക അങ്ങനെയങ്ങനെ...

∙ വിക്രമാദിത്യൻ എന്ന ചിത്രത്തിനല്ലേ ആദ്യമായി കൊറിയോഗ്രഫി ചെയ്തത്. ആദ്യ ചിത്രത്തിനു തന്നെ അവാർഡും ലഭിച്ചു.

ഔദ്യോഗികമായി കാർഡെടുത്തു ചെയ്ത ചിത്രങ്ങൾ വിക്രമാദിത്യനും മംഗ്ലീഷുമാണ്. രണ്ടും ഒരേ സമയത്തിറങ്ങിയവയാണ്. അതിൽ വിക്രമാദിത്യന് അവാർഡ് ലഭിച്ചു. ഭാഗ്യമെന്നേ അതിനെ കരുതുന്നുള്ളൂ. അതിനു മുൻപ് ചെറിയ ചിത്രങ്ങളിൽ കൊറിയോഗ്രഫി ചെയ്തിരുന്നു.

∙ ക്യാമറയ്ക്കു പിന്നിൽനിന്ന് മുന്നിലേക്ക് വന്നത്  ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഹ്രസ്വചിത്രത്തിലൂടെ. ആ അനുഭവത്തെക്കുറിച്ച്?

18–19 വർഷമായി കൊറിയോഗ്രഫറായി ജോലിചെയ്യുന്ന ഒരാളാണ് ഞാൻ. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹ്രസ്വചിത്രം ലോക്ക്ഡൗൺ കാലത്ത് എനിക്ക് കിട്ടിയ വർക്കാണ്. എന്റെ ഫോട്ടോയും വിഡിയോയുമൊക്കെ എടുക്കാൻ എനിക്ക് വളരെയിഷ്ടമാണ്. കുട്ടിക്കാലത്തും കോളജിലുമൊക്കെ എന്റേതൊരു ടോംബോയ് സ്വഭാവമായിരുന്നു. സാധാരണ പെൺകുട്ടികളെപ്പോലെ ഒരുങ്ങി നടക്കുകയോ മുടി ചീകിക്കെട്ടുകയോ ഒന്നും ചെയ്യാതെ ആൺകുട്ടികളെപ്പോലെ ബഹളമൊക്കെ വച്ച് നടക്കുകയായിരുന്നു എന്റെ പതിവ്. അക്കാലത്ത് ഫോട്ടോസൊന്നും അങ്ങനെ എടുക്കാറുമില്ലല്ലോ. അന്ന് ചെയ്യാൻ കഴിയാതിരുന്നതിന്റെ വാശി തീർക്കുന്നതുപോലെ പിന്നെ നന്നായി ഒരുങ്ങാനും ഫോട്ടോയെടുക്കാനുമൊക്കെയായി എനിക്കിഷ്ടം.

sajna-najam2

ലോക്‌ഡൗൺ സമയത്ത് ധാരാളം ഫോട്ടോയും ഡാൻസ് വിഡിയോസുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നു. ആയിടയ്ക്കാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ബൈജുരാജ് ചേകവർ മെസഞ്ചറിലൂടെ എന്റെ നമ്പർ ആവശ്യപ്പെട്ടത്. കൊറിയോഗ്രഫി ചെയ്യാനായി വിളിക്കാനായിരിക്കും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ പിന്നീടാണ് അഭിനയിക്കാനാണെന്ന് അറിഞ്ഞത്. കുറ്റ്യാടിയിലായിരുന്നു ഷൂട്ടിങ്. എനിക്ക് അഭിനയിക്കാൻ അറിയുമോ എന്നറിയില്ല, പക്ഷേ ശ്രമിച്ചു നോക്കാമെന്നും അഭിനയം ശരിയായില്ലെങ്കിൽ എനിക്ക് പകരം അഭിനയിക്കാൻ മറ്റൊരാളെക്കൂടി അന്വേഷിച്ചുകൊള്ളൂവെന്നും സംവിധായകനോട് പറഞ്ഞിട്ടാണ് ഞാൻ പുറപ്പെട്ടത്. കൊറിയോഗ്രഫി ചെയ്യുമ്പോൾ മറ്റുള്ളവർക്ക് നിർദേശങ്ങൾ നൽകി മാത്രം  ശീലമുള്ള എനിക്ക് എങ്ങനെ മറ്റൊരാളുടെ നിർദേശങ്ങൾ അനുസരിക്കാൻ കഴിയും എന്ന ആശങ്കയൊക്കെ ആ സമയത്തുണ്ടായിരുന്നു. പക്ഷേ കഥ കേട്ടപ്പോൾ കുറച്ചു സീനേ ഉള്ളൂവെങ്കിലും പ്രാധാന്യമുള്ള റോളാണെന്ന് മനസ്സിലായി. അതുകൊണ്ടാണ് ആ ഹ്രസ്വചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചത്. അവിടെച്ചെന്ന് അവർ പറഞ്ഞതുപോലെയൊക്കെ അഭിനയിച്ചു. കൊള്ളാം എന്ന അഭിപ്രായം അവരിൽ നിന്ന് കിട്ടിയപ്പോൾ എനിക്കും ആത്മവിശ്വാസം തോന്നി. ആ ഹ്രസ്വചിത്രം ഫെസ്റ്റിവെൽസിൽ പ്രദർശിപ്പിക്കുമെന്നും കേട്ടു. അതിനുശേഷം യുട്യൂബിലൊക്കെ അപ്‌ലോഡ് ചെയ്തേക്കും. അതുകാണുമ്പോൾ എന്നെ പരിചയമുള്ള കുറച്ചു പേർക്കെങ്കിലും ഞാൻ അഭിനയിക്കുമെന്ന് മനസ്സിലാകുമല്ലോ.

∙ പ്രേം നസീർ എന്ന നിത്യഹരിത നായകൻ ബന്ധുവല്ലേ? അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ?

എന്റെ പേരിലുള്ള ഒരു തിയറ്റർ എന്റെ അങ്കിൾ ചിറയിൻ കീഴിൽ സ്ഥാപിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പ്രേം നസീർ സാറിനെ ആദ്യമായി കാണുന്നത്. അന്നെനിക്ക് അഞ്ചോ ആറോ വയസ്സേയുള്ളൂ. അദ്ദേഹം വലിയ സിനിമാതാരമാണെന്നൊന്നും എനിക്കന്നറിയില്ലായിരുന്നു. ഞങ്ങളുടെ വീട്ടിൽ  ഇടയ്ക്കിടയ്ക്ക് വരുന്ന ഒരാൾ എന്ന നിലയിലായിരുന്നു പരിചയം. ഉദ്ഘാടന ദിവസം അദ്ദേഹത്തിന്റെ മടിയിലൊക്കെയിരുന്നു കുറേ ഫോട്ടോസൊക്കെയെടുത്തിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോഴാണ് അദ്ദേഹം എത്ര വലിയ പ്രതിഭയാണെന്നും സിനിമാ താരമാണെന്നുമൊക്കെ മനസ്സിലായത്. എന്റെ ഗ്രാൻഡ്ഫാദറിന്റെ ബന്ധുവാണ് അദ്ദേഹം. പക്ഷേ അതിലുപരി എന്റെ ഗ്രാൻഡ്ഫാദറിനും ഫാദറിനുമെല്ലാം അദ്ദേഹവുമായി നല്ല സൗഹൃദവുമുണ്ടാരുന്നു. എന്റെ ഗ്രാൻഡ്ഫാദർ ആദ്യമായി ഒരു സിനിമ നിർമിച്ചപ്പോൾ അതിൽ പ്രേം നസീർ സാറിന്റെ സഹോദരൻ പ്രേം നവാസായിരുന്നു അഭിനയിച്ചിരുന്നത്. ചിറയിൻകീഴിൽ നടക്കുന്ന എന്തൊരു കാര്യത്തിനും പ്രേം നസീർ സാറും എന്റെ ഗ്രാൻഡ്ഫാദറുമായിരുന്നു മുൻകൈയെടുത്തിരുന്നത്. എന്റെ ബാപ്പയ്ക്ക് അദ്ദേഹം ഒരു ബിഗ്ബ്രദറായിരുന്നു. ‘കായലും കയറും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി അദ്ദേഹം ചിറയിൻകീഴിൽ വന്നിരുന്നു. മുതിർന്നതിനു ശേഷം അപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കാണാൻ അവസരം ലഭിച്ചത്. അന്ന് പ്രേം നസീർ സാറിന്റെ നിർദേശമനുസരിച്ച് ആർട്ടിസ്റ്റുകളെല്ലാം താമസിച്ചിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. ചിറയിൻകീഴിൽ അന്ന് അത്ര വലിയ ഹോട്ടലുകളൊന്നും ഇല്ലാതിരുന്നതുകൊണ്ടാണ് നടിമാരുൾപ്പടെയുള്ള ആർട്ടിസ്റ്റുകൾ ഞങ്ങളുടെ വീട്ടിൽ താമസിച്ചത്. അന്നൊക്കെ എന്നെ  കാണുമ്പോൾ അദ്ദേഹം ബാപ്പയോടു പറയുമായിരുന്നു, ഇവൾ കലാപരമായി എവിടെയെങ്കിലും എത്തിപ്പെടുമെന്ന്. അന്നൊക്കെ നമ്മൾ ആരാകുമെന്നോ എന്താകുമെന്നോ ഒന്നും അറിയില്ലായിരുന്നല്ലോ. ഇപ്പോൾ ഞാനിടയ്ക്ക് പറയാറുണ്ട്. ചിലപ്പോൾ അദ്ദേഹത്തിന്റെ കൈകൾ അറിയാതെങ്കിലും എന്റെ ശിരസ്സിൽ തൊട്ടു കടന്നു പോയിട്ടുണ്ടാകും, അതുകൊണ്ടാകും സിനിമയിൽ കൊറിയോഗ്രാഫറായി എത്താൻ കഴിഞ്ഞതെന്ന്... 

sajna-najam5

∙ ഇരുപത്തിയാറോളം ചിത്രങ്ങളിൽ കൊറിയോഗ്രഫി ചെയ്തു. ആ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

കരിയറിന്റെ തുടക്കത്തിൽ കാർഡില്ലാതെ ഒന്നു രണ്ടു സിനിമകളൊക്കെ  ചെയ്യുന്നതിൽ കുഴപ്പമില്ലായിരുന്നു. തിരുവനന്തപുരത്തു ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളുടെ നിർമാതാക്കളിൽ എന്റെ ഫാദറിന്റെ പരിചയക്കാരുണ്ടെങ്കിൽ ആ ചിത്രങ്ങളുടെ കൊറിയോഗ്രഫിക്കായി അവർ എന്നെ വിളിക്കുമായിരുന്നു. കൊറിയോഗ്രഫർ എന്ന നിലയിൽ എസ്റ്റാബ്ലിഷിഡ് ആകാത്തതുകൊണ്ട് പ്രതിഫലമൊക്കെ മിക്കവാറും കുറവായിരിക്കും. തുടക്കകാലത്ത് ആരെങ്കിലും പകുതിയിൽ ഉപേക്ഷിച്ച വർക്കുകളൊക്കെ ഏറ്റെടുത്തു ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ പലതും അധികം അറിയപ്പെടാതെ പോയ ചിത്രങ്ങളാണ്. ആ വർക്കുകളെയൊക്കെ എക്സ്പീരിയൻസ് എന്ന നിലയിലേ ഞാൻ കണ്ടിട്ടുള്ളൂ. ലാൽ ജോസ് സാറിന്റെ ചിത്രത്തിൽ കൊറിയോഗ്രഫി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അതിലേക്ക് വഴി തുറന്നത് ജോമോൻ ടി ജോൺ, ആൻ അഗസ്റ്റിൻ എന്നിവരുമായുള്ള സൗഹൃദമാണ്. അതിനുശേഷം മംഗ്ലീഷ്, മിലി തുടങ്ങിയ മൂവീസ് ചെയ്യാനുള്ള അവസരം ലഭിച്ചു. മമ്മൂക്ക അഭിനയിച്ച കുറേ ചിത്രങ്ങളിൽ കൊറിയോഗ്രഫി ചെയ്തു. ലാലേട്ടന്റെ പടങ്ങളിൽ കൊറിയോഗ്രഫി ചെയ്യാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഡയറക്ടർ ലാലിന്റെ ചിത്രങ്ങളിൽ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. 

∙ മറക്കാനാകാത്ത ഷൂട്ടിങ് അനുഭവം

തമിഴിൽ ഏറ്റവും ഒടുവിൽ ചെയ്തത് വിജയ് സേതുപതിയുടെ ഒരു ചിത്രമാണ്. പിന്നെ രണ്ട് വർഷം മുൻപ് ചേരൻ സാറിന്റെ മൂവി ചെയ്തു. നാൻസി റാണിയാണ് ഏറ്റവും ഒടുവിൽ കൊറിയോഗ്രഫി ചെയ്ത ചിത്രം. ജോലിയുമായി ബന്ധപ്പെട്ട് കൂടുതലും നല്ല അനുഭവങ്ങളായിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഭീകരമായ ഒരു അനുഭവവും ഉണ്ടായിട്ടുണ്ട്. ഞാനൊരു ബൈലിംഗ്വൽ മൂവിക്കുവേണ്ടി കൊറിയോഗ്രഫി  ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു കാട്ടാന ആക്രമിക്കാൻ വന്നു. എല്ലാവരും വെള്ളത്തിൽച്ചാടിയൊക്കെയാണ് രക്ഷപ്പെട്ടത്. മരിച്ചു പോകുമെന്നൊക്കെ വിചാരിച്ചിരുന്നു. ഞെട്ടലോടെയല്ലാതെ അത് ഓർക്കാനാവില്ല. അതൊരു വല്ലാത്ത അനുഭവമായിരുന്നു. 

∙ ഏറ്റവും കംഫർട്ടബിൾ വേഷം 

സാരി വളരെ അപൂർവമായേ ധരിക്കാറുള്ളൂ. ഫോട്ടോയെടുക്കാൻ വേണ്ടി മാത്രം സാരിയുടുക്കുന്ന ഒരാളാണ് ഞാൻ. സാരി അത്ര കംഫർട്ടബിളായി തോന്നാറില്ല. സത്യം പറഞ്ഞാൽ സാരിയുടുത്ത് നന്നായി നടക്കാൻ തന്നെ അറിയില്ല. സാരി ധരിച്ചാൽപ്പിന്നെ ഏതെങ്കിലും ശരീരഭാഗം പുറത്തു കാണുമോ എന്നൊക്കെയുള്ള ആശങ്കയിൽ ഞാൻ വളരെ കോൺഷ്യസ് ആകും. അതുകൊണ്ടുതന്നെ എന്റെ ശരീരപ്രകൃതിക്ക് നന്നായി ഇണങ്ങുമെന്നു തോന്നുന്ന, ധരിച്ചാൽ വൃത്തികേടു തോന്നാത്ത, കംഫർട്ടബിളായ വസ്ത്രങ്ങളാണ് ഞാൻ കൂടുതലായും ധരിക്കാറുള്ളത്.

sajna-najam4

∙ ചുവന്ന വട്ടപ്പൊട്ടിനോടുള്ള ഇഷ്ടത്തിനു പിന്നിൽ

ഞാൻ പണ്ടുമുതലേ പൊട്ടുതൊടുന്ന ആളാണ്. പൊട്ടു വയ്ക്കുമ്പോൾ ഒരു പ്രത്യേക ഭംഗി വരുന്നതായി തോന്നാറുണ്ട്. അമ്പലത്തിലൊക്കെ പോകാനെനിക്കേറെയിഷ്ടമാണ്. ചിലർ കണ്ണെഴുതി പൊട്ടൊക്കെ തൊട്ടു വരുമ്പോൾ ഭയങ്കര ആഢ്യത്വം തോന്നാറില്ലേ?. പൊട്ടുതൊടുമ്പോൾ എനിക്കൊരു ഡിവൈൻ പവർ ലഭിച്ചതുപോലെയും ആത്മവിശ്വാസം കൂടിയതുപോലെയുമൊക്കെ തോന്നാറുണ്ട്. എനിക്ക് രണ്ട് കാര്യങ്ങൾ ചെയ്യുമ്പോഴാണ് ആത്മവിശ്വാസം ലഭിക്കുന്നത്. ഒന്ന് പൊട്ടുതൊടുമ്പോഴും രണ്ട്  പെർഫ്യൂംസ് ഉപയോഗിക്കുമ്പോഴും. പിന്നെയുള്ളൊരു കാര്യമുള്ളത് പൊട്ടു വയ്ക്കരുതെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് ദേഷ്യം വരും. അരുതെന്നു പറയുന്ന ഒരു കാര്യം ചെയ്യാൻ നമുക്കു തോന്നുമല്ലോ. അതുകൊണ്ടു തന്നെ അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ‍ഞാൻ പൊട്ടുതൊടുക തന്നെ ചെയ്യും. പിന്നെ എനിക്ക് ശിവനെ ഭയങ്കരയിഷ്ടമാണ്. ദൈവം എന്ന നിലയിലല്ല ആ സങ്കൽപത്തോട് എന്തോ വല്ലാത്തയിഷ്ടമാണ്. ചുവന്ന പൊട്ടിടുമ്പോൾ എനിക്ക് ചിലപ്പോൾ പാർവതിയാണെന്നൊക്കെ തോന്നാറുണ്ട്. അതുമാത്രമല്ല ചിലപ്പോൾ പൊട്ട് ഒരു മൂന്നാമത്തെ കണ്ണാണെന്നൊക്കെ തോന്നും. തൃക്കണ്ണ് എന്ന് പറയില്ലേ അതുപോലെ. അതുകൊണ്ടുതന്നെ കണ്ണിൽ മഷി വരച്ചില്ലെങ്കിൽക്കൂടി എനിക്ക് ചുവന്ന പൊട്ടു തൊടാൻ വല്ലാത്തയിഷ്ടമാണ്.

English Summary : Choreographer Sajna Najam exclusive interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA