വാലന്റൈൻ വീക്കിന് തുടക്കം; ഫെബ്രുവരി 7 – റോസ് ഡേ; പ്രണയം പൂവിടട്ടെ

HIGHLIGHTS
  • ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്.
  • ആഴ്ചയിലെ എല്ലാ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്
specialties-of-the-days-in-valentine-week
Image Credits : Atiwat Witthayanurut / Shutterstock.com
SHARE

വീണ്ടുമൊരു പ്രണയദിനം വരികയാണ്. ഇതുവരെ പ്രണയം പറയാത്തവർക്ക് അതു തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും നൽകി പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു വാരം. പ്രണയിക്കാനോ , പ്രണയം പറയാനോ ഒന്നും പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള ഒരു അംഗീകാരമായാണ് ഈ ദിവസങ്ങളെ പരിഗണിക്കുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ആഴ്ചയിലെ എല്ലാ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. അവ എന്താണെന്നു നോക്കാം.

ഫെബ്രുവരി 7 -  റോസ് ഡേ

വാലന്റൈൻ വീക്കിലെ ആദ്യ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നു. പ്രണയത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന റോസാപുഷ്പം കൈമാറുകയാണ്  ഈ ദിവസത്തിൽ ചെയ്യേണ്ടത്. പ്രണയം ഇതുവരെ പറയാത്തവർ പൂക്കൾ നൽകി പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കണം. പ്രണയമാണെങ്കിൽ ചുവന്ന പൂവാണ് നൽകേണ്ടത്. സുഹൃത്തുക്കൾക്കും തമ്മിലും ഈ ദിവസം പൂവ് കൈമാറാം. മഞ്ഞ റോസാപ്പൂവ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലൂടെ കടന്നു പോവുകയാണെങ്കിൽ പിങ്ക് നിറത്തിലുള്ള പൂവും നൽകാം. ശത്രുത അവസാനിപ്പിച്ച് സൗഹൃദത്തിന്റെ പാത തുറക്കാനായി വെള്ള റോസാപ്പൂക്കളാണ് നൽകേണ്ടത്.

ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ

പൂക്കളുടെ മനോഹാരിതയേക്കാൾ വാക്കുകളുടെ തീവ്രതയും ആർദ്രതയും കൊണ്ട് പ്രണയം പറയാനുള്ള ദിവസമാണിത്. എത്രമാത്രം നിങ്ങൾ അവരെ പ്രണയിക്കുന്നുവെന്ന് നിങ്ങളുടെ പ്രെപ്പോസലിലൂടെ പങ്കാളിക്ക് മനസ്സിലാകണം. വാക്കുകൾ നിങ്ങളുടെ സ്നേഹം പറയട്ടെ. 

ഫെബ്രുവരി 9 - ചോക്ലേറ്റ് ഡേ

പ്രണയം മധുരമല്ലേ, അപ്പോൾ ചോക്ലേറ്റ് ഇല്ലാതിരിക്കുമോ ? പ്രണയമാകുന്ന മധുരത്തിന് ചോക്ലേറ്റുകൾ പങ്കുവച്ച് അതിമധുരം സമ്മാനിക്കുന്ന ദിവസമാണിത്. വേദനകളും ആശങ്കളും മാറ്റിവെച്ച് പ്രണയിക്കുന്ന വ്യക്തിയോടൊപ്പം ചോക്ലേറ്റ് പങ്കുവച്ച് ആ ദിവസം ആഘോഷമാക്കാം. വൈവിധ്യമാർന്ന ചോക്ലേറ്റുകള്‍ നിറച്ച പെട്ടികൾ സമ്മാനിച്ച് അന്നേ ദിവസം പ്രണയിനിയെ അദ്ഭുതപ്പെടുത്തുന്നവരും നിരവധിയാണ്. 

ഫെബ്രുവരി 10 - ടെഡി ഡേ

ഒരു ക്യൂട്ട് ടെഡി ബിയറിനെ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകുമോ ? അങ്ങനെ ക്യൂട്ട് ടെ‍ഡിയെ നൽകുമ്പോൾ അവരുടെ മുഖത്ത് സന്തോഷം നിറയില്ലേ. പ്രണയവാരത്തിലെ ക്യൂട്ട് ദിവസമാണിത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. 

ഫെബ്രുവരി 11 - പ്രോമിസ് ഡേ

ജീവിതകാലം മുഴുവൻ ഞാൻ നിന്റേതായിരിക്കും. ഇങ്ങനെയൊരു ഉറപ്പ്  പ്രിയപ്പെട്ടയാൾ തരുന്നതിലും വലുതായി മറ്റെന്താണ് ഉള്ളത്. മറ്റെല്ലാ സമ്മാനങ്ങളേക്കാളും സന്തോഷം അങ്ങനെയാരു വാക്കിനുണ്ടാകും. വാലന്റൈൻസ് വീക്കിലെ അഞ്ചാം ദിവസമാണ് ആ സുദിനം. പ്രണയം നിറവേറ്റാൻ, എന്നും ഒന്നിച്ചുണ്ടാകാൻ സാധ്യമായതെല്ലാം നിങ്ങൾ ചെയ്യുമെന്ന് പ്രിയപ്പെട്ടവർക്ക് വാക്കു നൽകണം. 

ഫെബ്രുവരി 12 - ഹഗ് ഡേ

പ്രണയാർദ്രമായി ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ എത്രയോ കാര്യങ്ങൾ പറയാതെ പറായാനാവും. നിങ്ങളുടെ സ്നേഹവും കരുതലും ആ ആലിംഗനം വിളിച്ചു പറയും. എല്ലാം മറന്ന്, നിങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെടും. അതാണ് ഹഗ് ഡേ. പ്രണയിക്കുന്നവരെ മാത്രമല്ല, പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളേയും അന്നു കെട്ടിപ്പിടിക്കാം. മനസ്സിനേറ്റ വലിയ മുറിവുകൾ ഇല്ലാതാക്കാം. 

ഫെബ്രുവരി 13 - കിസ് ഡേ

സമ്മാനങ്ങളും വാക്കും നൽകി പ്രണയം അറിയിച്ചില്ലേ. ഇനി ഒരു സ്നേഹ ചുംബനം നൽകി ആ പ്രണയം ഒാർമയിൽ സൂക്ഷിക്കാം. ഒരിക്കലും മറക്കാനാകത്ത ഒന്നായി ഈ അനുഭവം ഒപ്പമുണ്ടാകട്ടേ. 

ഫെബ്രുവരി - 14 വാലന്റൈൻസ് ഡേ

ഒടുവിൽ ആ ദിവസം വന്നെത്തും. ഫെബ്രുവരി 14. പ്രണയം ആഘോഷമാക്കുന്ന, പ്രണയത്തിനു വേണ്ടിയുള്ള ദിനം. റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മ ദിവസം. ഒന്നിച്ച് ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും ആ ദിവസത്തെ വരവേൽക്കാം.

English Summary : Love N Life - Specialities of the days in valentine week 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA