ADVERTISEMENT

പരിഹാസത്തിന്റെയും അവഗണനയുടെയും വേലിക്കെട്ടുകൾ കടന്ന് അഭിനയരംഗത്ത് എത്തിയതും പ്രേക്ഷകരുടെ പ്രിയം നേടിയതുമെല്ലാം ഒരു സ്വപ്നമാണെന്ന് അച്ചുവിന് പലപ്പോഴും തോന്നും. കാരണം ചെറുപ്പത്തിൽ ഒപ്പം കൂടിയ അഭിനയമോഹം യാഥാർഥ്യമാക്കാനായി മുന്നിട്ടിറങ്ങിയപ്പോൾ കുടുംബാംഗങ്ങൾ അപമാനിതരാകുന്നതു കണ്ട് വേദനിച്ചിട്ടുണ്ട്. മനസ്സ് മടുത്ത്, എല്ലാം ആഗ്രഹങ്ങളും ഉപേക്ഷിച്ചാലോ എന്ന ചിന്തയുമായി ഒരുപാട് രാത്രികളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്. എന്നാൽ ഇന്ന് അച്ചുവിന് സാധിക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ ജീവിതവും സ്വപ്നങ്ങൾ പിന്തുടർന്നുള്ള യാത്രയും പ്രിയതാരം അച്ചു സുഗന്ധ് മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

സിനിമാ മോഹം

തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂർ ആണ് സ്വദേശം. അച്ഛൻ സുഗന്ധൻ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അ‍ഞ്ജു പഠിക്കുന്നു. 

ചെറുപ്പത്തിലേ അഭിനയമോഹം തലയ്ക്കു പിടിച്ച് ഒരാളാണു ഞാൻ. അന്നു അച്ഛൻ ഗൾഫിലായിരുന്നു. അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും. അതും കൂട്ടുകാരുടെ കയ്യിലുള്ള സിനിമകളുമൊക്കെ കാണുക എന്നതായിരുന്നു പ്രധാന ഹോബി. അഭിനേതാക്കള്‍ മനുഷ്യരാണെന്നും അവർ ഭക്ഷണം കഴിക്കും എന്നൊന്നും വിശ്വസിക്കാൻ അന്നു ഞാൻ തയ്യാറായിരുന്നില്ല. മറ്റേതോ ഗ്രഹത്തിൽ നിന്നുള്ളവരായാണ് അവരെ കണ്ടത്. അത്രേയെറ അദ്ഭുതം സിനിമകൾ എന്നിൽ നിറച്ചിരുന്നു. സിനിമയുടെ ഭാഗമാകണമെന്നും അതിനു സാധിക്കുന്നതു ഭാഗ്യമാണെന്നും ഞാൻ കരുതി. കുറച്ചു വളർന്നപ്പോൾ ‌മിമിക്രി ചെയ്യാൻ തുടങ്ങി. പതിയെ അഭിനയിക്കാന്‍ അവസരങ്ങൾ തേടിയിറങ്ങി.

പ്രതിസന്ധി, പിന്തുണ

നമ്മൾ സ്വപ്നം കാണുന്നതു പോലെ അത്ര എളുപ്പമൊന്നുമല്ലല്ലോ കാര്യങ്ങൾ. അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണ കുറവായിരുന്നു. ആദ്യം പഠിച്ച് ജോലി നേടുക. അതിനുശേഷം മതി അഭിനയം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. ഞാൻ നന്നാവണമെന്ന ആഗ്രഹത്തോടു കൂടിയാണ് ഇതു പറയുന്നത് എന്നറിയാം. പക്ഷേ നമ്മുടെ സ്വപ്നത്തിനും ലക്ഷ്യത്തിനും പിന്തുണ ലഭിക്കുന്നതല്ലേ ഏറ്റവും പ്രധാനം. ഇഷ്ടമുള്ള കാര്യം ചെയ്യാൻ സാധിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നില്ലല്ലോ. 

achu-sugandh-4
അച്ചു കുടുംബാംഗങ്ങളോടൊപ്പം

ഒരുവശത്ത് നിരുത്സാഹപ്പെടുത്തുന്നവരുടെ വലിയ നിര ഉണ്ടായപ്പോഴും എന്റെ കുടുംബം പിന്തുണയുമായി ഒപ്പം നിന്നു. പഠിക്കാൻ എനിക്ക് വലിയ കഴിവോ താൽപര്യമോ ഇല്ലെന്ന് അവർക്കറിയാമായിരുന്നു. ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാൻ ശ്രമിക്കുന്നതിന്റെ പേരിൽ പലരും മാതാപിതാക്കളെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും അവർ കാര്യമാക്കിയില്ല. എനിക്കു വേണ്ടി അച്ഛൻ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. അതിലൊരാൾ അവസരം നൽകാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്യിച്ചു. അതെല്ലാം തീർന്നതോടെ കൈമലർത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി. അതോടെ അച്ഛനിൽ നിന്നും എനിക്ക് കൂടുതൽ പിന്തുണ ലഭിച്ചു തുടങ്ങി.

അവഗണന, പരിഹാസം

സീരിയലുകളുടെ ഒഡീഷനുകൾക്ക് പോകാൻ തുടങ്ങി. എന്നാൽ ചില സ്ഥലങ്ങളിൽ പണം ചോദിച്ചു. മറ്റു ചിലർ നിരുത്സാഹപ്പെടുത്തി. അത് തുടർക്കഥ ആയപ്പോൾ ഞാൻ തളർന്നു. ആ സമയത്ത് യാദൃച്ഛികമായാണു ദിലീപേട്ടന്റെ ഒരു അഭിമുഖം കാണുന്നത്. അദ്ദേഹം അസി. ഡയറക്ടർ ആയാണു സിനിമാ രംഗത്ത് എത്തിയതെന്ന് അതിൽ പറയുന്നുണ്ട്. അതുകേട്ടപ്പോൾ പ്രചോദനമായി. അസി. ഡയറക്ടർ ആകണമെന്നായി ആഗ്രഹം. അതിലൂടെ അഭിയത്തിലേക്ക് എത്താൻ ശ്രമിക്കാമല്ലോ. അങ്ങനെ അച്ഛന്റെ സുഹൃത്ത് ഭരതന്നൂർ ഷെമീർ വഴി ചെറിയൊരു സിനിമയിൽ അസി. ‍ഡയറക്ടർ ആകാൻ അവസരം ലഭിച്ചു. 

അസി. ഡയറക്ടർ ആയ ആദ്യത്തെ ദിവസം തന്നെ മനസ്സ് മടുത്തു. കഷ്ടപ്പെട്ടു പണിയെടുക്കണം. എന്നാലും എല്ലാവരും ചീത്ത വിളിക്കും. അന്നെനിക്ക് 19 വയസ്സാണ്. എന്റെ പ്രായം പരിഗണിക്കുകയോ, ആദ്യമായാണ് ഈ ജോലി ചെയ്യുന്നതെന്നോ ആരും ചിന്തിച്ചില്ല. അന്നു രാത്രി കുറേ കരഞ്ഞു. ഇത് എന്നെ കൊണ്ടു പറ്റില്ല എന്നു സ്വയം പറഞ്ഞു. വേദനകളൊക്കെ ഡയറിയിൽ എഴുതി. പക്ഷേ അച്ഛൻ വിളിച്ചപ്പോൾ ഇക്കാര്യമൊന്നും അറിയിച്ചില്ല. എല്ലാം ശരിയാകും എന്നു മാത്രം പറഞ്ഞു.

വേദനിപ്പിക്കുന്ന  മറ്റൊരു  സംഭവവും ആ സെറ്റിൽവച്ചുണ്ടായി. ഞാൻ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയർ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. ‘നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളർത്താനേ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ കാര്യം എന്താണ് എന്നു ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു. ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. കരഞ്ഞു. എന്റെ രൂപത്തെ സംബന്ധിച്ച് അപകർഷതാബോധം തോന്നി. അഭിനയം എനിക്കു യോജിക്കില്ല എന്ന ചിന്ത ശക്തമായി.

achu-sugandh-3

വന്ന വഴി

ആദ്യ സിനിമയ്ക്ക് എന്നെ കൊണ്ടുപോയ കൺട്രോളർ ചന്ദ്രമോഹൻ ചേട്ടൻ വഴി മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. അവിടെവച്ചു പരിചയപ്പെട്ട അസി. ഡയറക്ടർ സജു പൊറ്റയിൽക്കട ചേട്ടൻ വഴിയാണ് ഞാൻ സീരിയൽ രംഗത്ത് അസി. ഡയറക്ടർ ആയത്. അങ്ങനെ ആദിത്യൻ സാറിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. പാപ്പിക്കുഞ്ഞ് എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ചു. ചെറിയൊരു വേഷമായിരുന്നു അത്. 28 എപ്പിസോഡുകളിലാണു പാപ്പിക്കുഞ്ഞ് ഉണ്ടായിരുന്നത്. പിന്നീട് പുതിയൊരു സീരിയൽ തുടങ്ങുന്നുണ്ടെന്നും ഒഡീഷന് അപ്ലേ ചെയ്യാനും കൺട്രോളർ സജി ചേട്ടൻ എന്നോടു പറഞ്ഞു. ഒഡീഷന് പങ്കെടുക്കാൻ നിരവധിപ്പേർ എത്തിയിരുന്നു. രഞ്ജിത്ത് സർ, പള്ളാശ്ശേരി സർ, ആദിത്യൻ സർ, ചിപ്പി ചേച്ചി എന്നിവരാണ് ഒഡീഷന്‍ നടത്തിയത്. കാസ്റ്റിങ്ങിൽ രഞ്ജിത്ത് സർ സ്ട്രിക് ആണ്. വളരെ സൂക്ഷിച്ചും വിലയിരുത്തിയുമാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അങ്ങനെ ഒഡീഷൻ കഴിഞ്ഞു. കഥാപാത്രത്തിന്റെ രൂപ–ഭാവങ്ങളൊക്കെ കേട്ടപ്പോൾ എനിക്കു കിട്ടുമെന്ന് തോന്നി. അങ്ങനെ തന്നെ സംഭവിച്ചു. പക്ഷേ അതു ഉറപ്പായപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നി. ഞാൻ അച്ഛനെ വിളിച്ചു. അന്ന് ഞാൻ ഗസ്റ്റ് ഹൗസിലും അച്ഛൻ വീട്ടിലുമാണ്. എന്നെ സെലക്ട് ചെയ്ത കാര്യം പറഞ്ഞു. സംസാരിക്കുമ്പോൾ ഞങ്ങൾ രണ്ടാളും ഭയങ്കര ഇമോഷനൽ ആയി, കരഞ്ഞു. ഞാൻ രക്ഷപ്പെടണമെന്ന് അച്ഛൻ അത്രയേറെ ആഗ്രഹിക്കുന്നുണ്ട്. ആളുകൾ എന്നെ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. വിശേഷങ്ങൾ ചോദിക്കുന്നു. നാട്ടുകാർ എന്റെ ഫ്ലെക്സ് ഒക്കെ വച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇന്റർവ്യൂ എടുത്തു കളിക്കുമായിരുന്നു. സെലിബ്രിറ്റി ആയ എന്നോട് ആങ്കർ ആയ അവള്‍ ചോദ്യങ്ങൾ ചോദിക്കും. ഇന്നിപ്പോൾ എന്നെ അഭിമുഖത്തിനായി വിളിക്കുമ്പോൾ അതൊക്കെയാണ് ഓർമ വരുന്നത്. ഒരുപാട് സന്തോഷം തോന്നുന്നു. അതെങ്ങനെയാണു പറഞ്ഞറിയിക്കേണ്ടതെന്ന് എനിക്കറിയില്ല.

സ്വപ്നങ്ങൾ 

നമ്മുടേതായ കയ്യൊപ്പ് ചാർത്താൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം. തിരക്കഥ എഴുതണം. സിനിമ സംവിധാനം ചെയ്യണം. എന്നിങ്ങനെ പോകുന്നു ആ സ്വപ്നങ്ങൾ. ഒരിക്കല്‍ എല്ലാം യാഥാർഥ്യമാകും. അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കും.

English Summary : Santhwanam Actor Achu Sugandh Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com