ADVERTISEMENT

വിഷുപ്പുലരിയിൽ ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ചിത്രം പകർത്തിയത് ഒരു സ്ത്രീയാണ്. ഇതിൽ അദ്ഭുതപ്പെടാൻ എന്തിരിക്കുന്നുവെന്ന് ചിന്തിക്കുന്നവർ തുടർന്ന് വായിക്കുക...

ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ പാതി വഴിയിലായപ്പോഴേക്കും ഭര്‍ത്താവ് യാത്രയായെങ്കിലും മികവുറ്റ ഫ്രെയിമുകളിലൂടെ ജീവിതത്തിനു നിറം പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് സിന്ധു പ്രദീപ്. നഴ്സിന്റെ കുപ്പായത്തില്‍ നിന്നു പ്രഫഷനല്‍ ഫൊട്ടോഗ്രാഫര്‍ എന്ന വിലാസത്തിലേക്കുള്ള സിന്ധുവിന്റെ സഞ്ചാരം അതിജീവനത്തിന്റെ കഥ കൂടിയാണ്.

‘ജീവിതം’ - 2016 ഡിസംബറിനു മുന്‍പ്

19 വര്‍ഷം മുന്‍പാണ്, ഇത്തിത്താനം സ്വദേശികളായ പ്രദീപും സിന്ധുവും വിവാഹിതരായത്. അന്ന് ഉദയഗിരി ആശുപത്രിയില്‍ നഴ്സായിരുന്നു സിന്ധു. ഫൊട്ടോഗ്രാഫറായ പ്രദീപിന്റെ തിരക്കുകളോടൊപ്പം വീട്ടുകാര്യങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടി വന്നതോടെ സിന്ധു നഴ്സിങ് മേഖലയില്‍ നിന്നു പിന്മാറി. 10 വര്‍ഷം മുന്‍പ് എഡിറ്റിങ് ജോലികള്‍ പഠിച്ചതോടെ ജോലിയില്‍ ഭര്‍ത്താവിനു സഹായിയുമായി സിന്ധു. 5 വര്‍ഷം മുന്‍പ് വരെ തികച്ചും സാധാരണ നിലയില്‍ ചലിച്ചിരുന്ന ജീവിതത്തോണി പിന്നീട് പ്രതിബന്ധങ്ങളുടെ ചുഴിയിലേക്കു നീങ്ങിത്തുടങ്ങി. പ്രദീപിന്റെ ഇടതു കാലില്‍ തുര്‍ച്ചയായി വേദന അനുഭവപ്പെട്ടതോടെയാണ് ജീവിതം മാറിത്തുടങ്ങിയത്. 

  2019 ഡിസംബറിനു മുന്‍പ്

ശാരീരിക അസ്വസ്ഥതകള്‍ ഏറിയതോടെ പ്രദീപിനു ജോലിക്കു പോകാന്‍ കഴിയാതായി. കാല്‍ ചൊറിഞ്ഞു പൊട്ടിയതു വ്രണമായതോടെ ആശുപത്രിയില്‍ തന്നെയായി ജീവിതം. തിരികെ വീട്ടിലേക്കു വരുമ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് പ്രദീപ് വീടിന്റെ പടികള്‍ കയറിയത്. പ്രമേഹം മൂര്‍ഛിച്ച്  ഇടതു കാല്‍,  മുട്ടിനു താഴെ മുറിച്ചു മാറ്റിയിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കു മുന്‍പില്‍ ആദ്യം പകച്ചെങ്കിലും നേരിടാന്‍ തന്നെയായിരുന്നു തീരുമാനം. നേരെ നില്‍ക്കാമെന്ന ആത്മവിശ്വാസം ലഭിച്ചതോടെ പ്രദീപ് വീണ്ടും വര്‍ക്കുകള്‍ ഏറ്റെടുത്തു. സിന്ധുവും  മക്കളായ‍ നന്ദനയും നന്ദിതയും താങ്ങായി. ആത്മവിശ്വാസം ഉയര്‍ന്നതോടെ 2019 ഡിസംബറില്‍ ‘ഡ്രീംസ്’ എന്ന പേരില്‍ ഇത്തിത്താനം ക്ഷേത്രത്തിനു സമീപത്ത് സ്റ്റുഡിയോയും ആരംഭിച്ചു. എഡിറ്റിങ് ജോലികളുമായി സിന്ധു സ്റ്റുഡിയോയില്‍ വന്നു തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രദീപ് വീണ്ടും അസ്വസ്ഥത  പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ സ്റ്റുഡിയോ അടച്ചു. ജീവിതം ആശുപത്രിയിലായി.

ഇങ്ങനെ ആയിത്തീരുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. സ്റ്റുഡിയോ നിര്‍ത്തുന്നതാണ് നല്ലതെന്നു പറഞ്ഞവരും വീണ്ടും തുറക്കൂ ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച പ്രദീപിന്റെ സുഹൃത്തുക്കളും ഉണ്ട്. വിമര്‍ശനങ്ങളെ കാര്യമാക്കാനില്ല. ജീവിതം മുന്‍പോട്ടു കൊണ്ടുപോകണം. കഴിഞ്ഞ ദിവസം സ്കൂട്ടര്‍ വാങ്ങി. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ട്. തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്

2020 ജനുവരി 11ന് ശേഷം. 

വീട് ഒഴികെയുള്ള സകല സമ്പാദ്യങ്ങളും വിറ്റു ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരി 11ന് സകല പ്രയത്നവും വെറുതെയായി. പ്രദീപിന്റെ ചലനമറ്റ ശരീരവുമായി തിരികെ മടങ്ങുമ്പോള്‍ സിന്ധുവിന്റെ  മുന്നില്‍ ജീവിതത്തിന്റെ ഫ്രെയിമുകള്‍ എല്ലാം മങ്ങിയിരുന്നു. വീട്ടില്‍ ചടഞ്ഞിരുന്നാല്‍ പട്ടിണി മാറില്ലെന്ന തിരിച്ചറിവ് ‘ഡ്രീംസ്’ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചു. മക്കളും കരുത്ത് പകര്‍ന്നു. തിരുമാനം കേട്ടു ചിലര്‍ നെറ്റി ചുളിച്ചെങ്കിലും  പ്രദീപിന്റെ സഞ്ചയനത്തിന്റെ പിറ്റേന്നു സിന്ധു സ്റ്റുഡിയോയിലേക്ക് എത്തി. 

∙  ഇന്ന്

എഡിറ്റിങ് ജോലികളാണ് രണ്ടാം വരവിന്റെ ആദ്യ ദിനങ്ങളില്‍ ചെയ്തിരുന്നത്. പ്രദീപിന്റെ പരിചയത്തിലുള്ളവര്‍ വര്‍ക്കിനായി സമീപിച്ചാല്‍ ആ ജോലികൾ മറ്റു ഫൊട്ടോഗ്രാഫര്‍മാരെ ഏല്‍പ്പിച്ചു. അവര്‍ക്കൊപ്പം സഹായിയായി പോയിത്തുടങ്ങി.‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ക്യാമറ കയ്യിലെടുത്തു. മാമോദിസ, ഗൃഹപ്രവേശം എന്നിവയുടെ ചിത്രങ്ങള്‍ തനിച്ചു പകര്‍ത്തി. ആളുകള്‍ നല്ലതു പറഞ്ഞതോടെ ആത്മവിശ്വാസമേറി. വിവാഹത്തിനു മറ്റു ഫൊട്ടോഗ്രാഫര്‍മാരെയും കൂട്ടും. വൈകുന്നേരങ്ങളില്‍ എഡിറ്റിങ് ജോലികളും ചെയ്യും. 

ഇങ്ങനെ ആയിത്തീരുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. സ്റ്റുഡിയോ നിര്‍ത്തുന്നതാണ് നല്ലതെന്നു പറഞ്ഞവരും വീണ്ടും തുറക്കൂ ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച പ്രദീപിന്റെ സുഹൃത്തുക്കളും ഉണ്ട്. വിമര്‍ശനങ്ങളെ കാര്യമാക്കാനില്ല. ജീവിതം മുന്‍പോട്ടു കൊണ്ടുപോകണം. കഴിഞ്ഞ ദിവസം സ്കൂട്ടര്‍ വാങ്ങി. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ട്. തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട് – സിന്ധു പ്രദീപ്

English Summary : Survival story of Sindhu, a nurse-turned photographer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com