ADVERTISEMENT

സ്നേഹം വർധിക്കുന്നത് അതു പങ്കുവയ്ക്കുമ്പോഴാണ്. പക്ഷേ എപ്പോഴും പരസ്പരം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞ് കൊണ്ടിരിക്കാന്‍ ആര്‍ക്കും കഴിയില്ല. മാത്രമല്ല അങ്ങനെ പറയുന്നത് സ്നേഹം പങ്കുവയ്ക്കൽ ആകുന്നുമില്ല. പ്രണയത്തിലായ ശേഷവും വിവാഹത്തിന് ശേഷവും ദമ്പതിമാരില്‍ സാധാരണ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. പതിയെ ഇരുവരും പരസ്പരം തീറെഴുതി കൊടുത്തതു പോലെയാകും പെരുമാറുക. ഒരാള്‍ തനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് കടമയായി മാത്രം കാണും. കടമ എന്ന ചിന്ത വർധിക്കുന്നതോടെ പ്രവൃത്തികളിലെ സ്നേഹം കാണാനോ കാണിക്കാനോ കഴിയാതെയാകും. ഇത് ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന്‍റെ ഊഷ്മളതയെ ബാധിക്കും. ഇങ്ങനെ ജീവിതം യാന്ത്രികമായി മാറാതിരിക്കാനുള്ള ഏക വഴിയാണു സ്നേഹം തുറന്ന് പ്രകടിപ്പിക്കുക എന്നത്. അതും വലിയ നാട്യങ്ങളിലാതെ സ്വാഭാവികമായി. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

∙ ശ്രദ്ധയോടെ കേള്‍ക്കുക

സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നു ചിന്തിക്കേണ്ട. ഒരാളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകം അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക എന്നതാണ്. വ്യക്തിത്വത്തെ അംഗീകരിക്കുന്നതായി തോന്നിയാല്‍ പങ്കാളിക്ക് നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും വർധിക്കും. നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നു ബോധ്യപ്പെടും. ഇത് തടസ്സങ്ങളില്ലാതെ ആശയവിനിമയത്തിനു സഹായിക്കും. 

∙ സമയം മാറ്റി വയ്ക്കുക

പുതിയ സാധനങ്ങള്‍ പഴകുന്നതോടെ താൽപര്യം കുറയുന്ന അവസ്ഥ നമുക്കുണ്ട്. ഇതേ പ്രശ്നം ദാമ്പത്യത്തിലും പ്രണയത്തിലും നേരിടുന്നവരുണ്ട്. ബന്ധം ഒരു സാധനം അല്ലാത്തതുകൊണ്ട് ഈ അവസ്ഥ ജീവിത‌ത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. ഇത് ആരോഗ്യകരമായ ബന്ധത്തിന് യോജിച്ചതല്ല. ഭാര്യയോ ഭര്‍ത്താവോ, കാമുകനോ കാമുകിയോ ആകുന്ന വ്യക്തി എപ്പോഴും കൂടെയുള്ളതിനാലും അവര്‍ക്ക് നമുക്കൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ളതിനാലും അവര്‍ക്കായി സമയം മാറ്റി വയ്ക്കേണ്ടെന്ന് അർഥമില്ല. സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കുന്നതു പോലെ പങ്കാളിക്കു വേണ്ടിയും സമയം മാറ്റിവയ്ക്കണം. ഇങ്ങനെ എല്ലാം മാറ്റിവച്ച് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറായാല്‍ ബന്ധം ഊഷ്മളമാകും.

∙ ഒത്തുതീര്‍പ്പുകള്‍

സ്വന്തം ഇഷ്ടം വേണ്ടെന്ന് വയ്ക്കുക വിവാഹജീവിതത്തില്‍ സ്ഥിരം സംഭവിക്കുന്നതാണ്. എന്നാല്‍ ഇങ്ങനെ ഇഷ്ടം മാറ്റിവയ്ക്കുന്നവരിൽ 90 ശതമാനവും സ്ത്രീകളാണെന്നു മാത്രം. അനാരോഗ്യകരമായ സാമൂഹിക വ്യവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. തനിക്കാണ് അധികാരമെന്നും അതുകൊണ്ട് തന്‍റെ ഇഷ്ടം വിട്ട് താന്‍ മറ്റൊന്നും ചെയ്യില്ലെന്നും ഉള്ള വാശി ഇരുവര്‍ക്കും നല്ലതല്ല. തന്‍റെ പങ്കാളിക്ക് വേണ്ടി സ്വന്തം താല്‍പ്പര്യങ്ങളെ മറികടന്ന് ചില പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും ഇരുവര്‍ക്കുമിടയിലെ ബന്ധം ശക്തമാക്കും. ഇത്തരം പ്രവൃത്തികളും പ്രണയം പറയാതെ പറയുന്ന കാര്യങ്ങളാണ്.

English Summary : Ways to Strengthen Your Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com