ADVERTISEMENT

മുംബൈയിൽ കമ്യൂണിറ്റി റിലീഫ് സെന്റർ സ്ഥാപിക്കാനൊരുങ്ങി ഹാരി രാജകുമാരനും മേഗൻ മാര്‍ക്കിളും. ഇവരുടെ മൂന്നാം വിവാഹവാർഷിക ദിനത്തിലാണ് പ്രഖ്യാപനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മേഗൻ തുടങ്ങിയ ആർച്ച്‌വെല്‍ ഫൗണ്ടേഷനും സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണും സഹകരിച്ചാണു പദ്ധതി പൂർത്തിയാക്കുക. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ആർച്ച്‌വെൽ ഫൗണ്ടേഷന്‍ ഈ തീരുമാനം എടുത്തതെന്ന് വെബ്സ്റ്റൈിൽ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ അടുക്കളയോ, വാക്സീനേഷൻ സെന്ററോ, ക്ലിനിക്കോ, വിദ്യഭ്യാസ സ്ഥാപനമോ ആയി റിലീഫ് സെന്റർ പ്രവർത്തിപ്പിക്കാനാകും. വിവിധ രാജ്യങ്ങളിൽ ഇത്തരം റിലീഫ് സെന്ററുകൾ സ്ഥാപിക്കുമെന്ന് 2020 ഡിസംബറിൽ ആർച്ച്‌വെൽ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ഇതിൽ മൂന്നാമത്തേതാണു മുംബൈയിലേത്. ആദ്യത്തെ രണ്ടെണ്ണം കരീബിയൻ രാജ്യങ്ങളിലാണു സ്ഥാപിച്ചത്.

ഹാരിയും മേഗനും വിവാഹവാർഷികം എങ്ങനെയായിരിക്കും ആഘോഷിക്കുക എന്നതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. പുതിയ തീരുമാനങ്ങളോ, സർപ്രൈസ് സമ്മാനങ്ങൾ കൈമാറലോ ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഒടുവിൽ വിശേഷപ്പെട്ട ദിനത്തെ ജീവികാരുണ്യ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അവസരമാക്കി മാറ്റുകയാണെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനം വരികയായിരുന്നു.

2018 മേയ് 19ന് വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലായിരുന്നു ഹാരി–മേഗന്‍ വിവാഹം. ഇവരുടെ ദാമ്പത്യം മൂന്നു വർഷം പിന്നിടുമ്പോൾ നിരവധി മാറ്റങ്ങളാണു രാജകുടുംബത്തിൽ സംഭവിച്ചത്. രാജകീയ പദവികളെല്ലാം ഉപേക്ഷിച്ച് ഹാരിയും മേഗനും ബ്രിട്ടനിൽനിന്നും അമേരിക്കയിലേക്ക് ജീവിതം പറിച്ചു നട്ടു. രാജകുടുംബത്തിൽനിന്നു വംശീയ അധിക്ഷേപം നേരിടേണ്ടി വന്നെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു എന്നുമുള്ള മേഗന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾ സൃഷ്ടിച്ചു.

മേഗന്റെ മാതാവ് ആഫ്രിക്കൻ–അമേരിക്കൻ വംശജയാണ് എന്നതു ഹാരിയുമായുള്ള വിവാഹത്തിന് മുമ്പേ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ രാജകുടുംബത്തിൽ നിന്നു വംശീയ വിവേചനം നേരിട്ടു എന്ന വെളിപ്പെടുത്തൽ ലോകത്തിന് ഞെട്ടലായി. ഒരുപാട് ആലോചിച്ചശേഷമാണ് എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഹാരി വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മേഗൻ–ഹാരി ദമ്പതികൾ. ആദ്യത്തേത് ആൺകുട്ടി ആയതിനാൽ ഒരു പെൺകുഞ്ഞിനെയാണ് ഇനി പ്രതീക്ഷിക്കുന്നതെന്ന് ഹാരി തുറന്നു പറഞ്ഞിരുന്നു. 

English Summary : Prince Harry and Meghan Markle plans to build a Community Relief Center in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com