ADVERTISEMENT

ലോക്ഡൗണിൽ കലാകാരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ഇ–മെയില്‍ അയച്ച് സീരിയൽ താരം ജിഷിൻ മോഹൻ. അഭിനേതാക്കളായ ജിഷിനും ഭാര്യയും ഉൾപ്പടെ സീരിയൽ മേഖലയിലുള്ളവരുടെ പ്രയാസങ്ങൾ ഇ–മെയിലിൽ പറയുന്നുണ്ട്. ലോക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് പുനരാരംഭിക്കാൻ അനുവാദം നല്‍കണമെന്നു ജിഷിൻ അഭ്യർഥിക്കുന്നു. മുഖ്യമന്ത്രിക്ക് ഇ–മെയിൽ അയയ്ച്ചതായി സമൂഹമാധ്യമത്തിലൂടെയാണ് ജിഷിൻ അറിയിച്ചത്. മെയിലിന്റെ ഉള്ളടക്കവും പങ്കുവച്ചിട്ടുണ്ട്. 

ജിഷിന്റെ കുറിപ്പ് :

ഇതു ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അയച്ച ഇ–മെയിൽ ആണ്. ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നു എന്ന് മാത്രം. കത്തിന്റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു : 

Dear Sir,

ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല. ദിവസവേതനം എന്നു തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതിസമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടയ്ക്കാനും വീട്ടു വാടക കൊടുക്കാനുമായി പണയംവച്ച സ്വർണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ.

ഒരു സീരിയൽ കുടുംബം എന്നു പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രൊഡക്‌ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിങ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.

എന്നു വിനയപൂർവം,

ജിഷിൻ മോഹൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com