സിനിമയിൽ സൂപ്പർ ഹീറോ, ജീവിതത്തിൽ സൂപ്പർ ഡാഡ്; ക്രിസ് ഹാംസ്‌വെർത്തും തോറും തമ്മിൽ

HIGHLIGHTS
  • ഒരു ‍ഞെട്ടലോടെയായിരുന്നു ക്രിസിന്റെ ആ തീരുമാനത്തെ ഹോളിവുഡ് കേട്ടത്
  • ക്രിസിനോളം വരില്ലെങ്കിലും അത്യാവശ്യം തിരക്കുള്ള നായിക നടിയായിരുന്നു എലിസയും
chris-hemsworth-break-from-acting-for-family
SHARE

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സിനിമയിൽ നിന്നു വിട്ടുനിൽക്കുക, മില്യൻ ഡോളർ പ്രോജക്ടുകളോട് നിർദാക്ഷിണ്യം നോ പറയുക, ഒരു കാലത്ത് രാപകില്ലാതെ അവസരങ്ങൾക്കായി അലഞ്ഞുതിരിഞ്ഞ ആൾ, അവസരങ്ങൾ ഇങ്ങോട്ട് തേടി വരുമ്പോഴാണ് തൽക്കാലം ഞാനില്ല എന്നു പറയുന്നത്. തോർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള മാർവെൽ ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയ ക്രിസ് ഹാംസ്‌വെർത്ത് ആണീ താരം. ഹോളിവുഡ് മോഹങ്ങളുമായി ഓസ്ട്രേലിയയിൽ നിന്നു അമേരിക്കയിലേക്കു വണ്ടികയറിയ ക്രിസ് തന്റെ ആഗ്രഹങ്ങൾ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനിടയിലാണ് സിനിമയിൽ അപ്രതീക്ഷിതമായി ഒരു ബ്രേക് എടുക്കുന്നത്, എല്ലാം തന്റെ മക്കൾക്കു വേണ്ടി. 

മക്കൾക്കൊപ്പം കൂടുതൽ നേരം ചെലവിടണം. ടിവി നോക്കി അച്ഛാ എന്നു വിളിക്കുന്നവരായി അവരെ വളർത്താൻ ആഗ്രിക്കുന്നില്ല എന്നതായിരുന്നു ക്രിസ് തന്റെ തീരുമാനത്തിന് കാരണമായി പറ‍ഞ്ഞത്. അങ്ങനെ ക്രിസ് ബ്രേക് പ്രഖ്യാപിച്ചു.  കുടുംബത്തിന് വേണ്ടി മാത്രമാണ് ഇക്കാലയളവിൽ സമയം ചെലവിടുകയെന്നും  മറ്റു പരിപാടികളുടെ ഭാഗമാകില്ലെന്നും വ്യക്തമാക്കി. ക്രിസ്സിന്റെ ജീവിതത്തിലൂടെ

chris-hemsworth-3

∙ സിനിമാ മോഹി

 ചെറുപ്പം തൊട്ട് സിനിമയായിരുന്നു ക്രിസ്സിന്റെ സ്വപ്നം. ചേട്ടൻ ലിയാം ഹാംസ്‌വെർത്ത് അക്കാലത്ത് ഓസ്ട്രേലിയൻ ചാനലുകളിൽ ചില സീരിയലുകളിലും മറ്റും അഭിനയിച്ചിരുന്നു. ചേട്ടന്റെ വഴി പിന്തുടർന്ന ക്രിസ്, 2004ൽ മിനി സ്ക്രീനിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ചു. മിനി സ്ക്രീനിൽ അത്യാവശ്യം അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അവിടെ ഒതുങ്ങിക്കൂടാൻ ക്രിസ് ആഗ്രഹിച്ചിരുന്നില്ല. സിനിമ എന്ന സ്വപ്നം ലക്ഷ്യമാക്കിയുള്ള അലച്ചിലായിരുന്നു പിന്നീടങ്ങോട്ട്. നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. രൂപത്തിന്റെ പേരിലും ആവശ്യത്തിനു ലുക്കില്ലെന്നും പറഞ്ഞും പലരും ക്രിസിനെ തിരിച്ചയച്ചു. ഒടുവിൽ 2009ൽ സ്റ്റാർ ട്രേക് എന്ന ചിത്രത്തിലൂടെയാണ് അഭ്രപാളിയിലേക്ക് ക്രിസ് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ.

∙ വെൽക്കം ടു ആസ്ഗാഡ്

 സിനിമയിൽ ഒരു ബ്രേക് കൊതിച്ചിരുന്ന ക്രിസിനെ തേടി 2010ൽ മാർവെൽ സ്റ്റുഡിയോസിന്റെ ഒരു കോൾ വന്നു. തോർ എന്ന പേരിൽ ഒരു സിനിമ നിർമിക്കാ‍ൻ പോകുകയാണെന്നും അതിൽ ടൈറ്റിൽ റോൾ അവതരിപ്പിക്കാ‍നുള്ള താരത്തിനായി ഓഡിഷൻ നടക്കുന്നെണ്ടുന്നുമായിരുന്നു ആ കോൾ. രണ്ടാമതൊന്നു ചിന്തിക്കാതെ ക്രിസ് ഓഡിഷൻ ഫ്ലോറിലെത്തി. തോർ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ സാധിക്കാത്ത വിധത്തിൽ ഓഡിഷൻ മനോഹരമാക്കി. അതോടെ ആസ്ഗാഡിന്റെ നായകനെ അവതരിപ്പിക്കാൻ ക്രിസ് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടങ്ങോട്ട് അവഞ്ചേഴ്സ് സീരീസുകളിലും തോർ സീരീസിലുമായി ബോക്സ് ഓഫിസിൽ കത്തിക്കയറുന്ന ക്രിസിനെയാണ് ഹോളിവുഡ് കണ്ടത്. 2019ൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഓസ്ട്രേലിയൻ ആക്ടറായി ക്രിസ് മാറി.

chris-hemsworth-6

∙ എലിസയുടെ വരവ്

2010ൽ തോറിനൊപ്പം ക്രിസിന്റെ ജീവിതത്തിലേക്കു കടന്നുവന്ന മറ്റൊരു ഭാഗ്യമായിരുന്നു എലിസ പറ്റാകെ എന്ന സ്പാനിഷ് നടി. ഇരുവരും പ്രണയത്തിലാകുകയും ആ വർഷം തന്നെ വിവാഹിതരാകുകയും ചെയ്തു. ഇൻഡ്യ റോസ്, ട്രിസ്ടാൻ, സാഷ എന്നീ മൂന്നു കുരന്നുകളും അധികം വൈകാതെ അവരുടെ ജീവിതത്തിലേക്കു കടന്നുവന്നു. ക്രിസിനോളം വരില്ലെങ്കിലും അത്യാവശ്യം തിരക്കുള്ള നായിക നടിയായിരുന്നു എലിസയും. എന്നാൽ മക്കളുടെ വരവോടെ അവരുടെ കാര്യങ്ങൾ നോക്കാനായി അഭിനയ ജീവിതത്തോടു നോ പറയാൻ എലിസ തീരുമാനിച്ചു. എലിസയുടെ ആ തീരുമാനമാണ് എന്റെ സിനിമാ യാത്രകൾക്ക് ശക്തിപകർന്നതെന്നു ക്രിസ് പറയുന്നു. ഷൂട്ടിങ് തിരക്കുകൾ കാരണം മാസങ്ങളോളം വീട്ടിൽ നിന്നു വിട്ടുനിൽക്കുന്ന ക്രിസിന് പലപ്പോഴും മക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിച്ചില്ല. ഇത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കുമെന്നു തോന്നിയപ്പോഴാണ് ക്രിസ് ആ തീരുമാനം എടുക്കുന്നത്.

chris-hemsworth-2

∙  ടേക് എ ബ്രേക്

ഒരു ‍ഞെട്ടലോടെയായിരുന്നു ക്രിസിന്റെ ആ തീരുമാനത്തെ ഹോളിവുഡ് കേട്ടത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അഭിനയ ജീവിതത്തിൽ ഒരു ബ്രേക് എടുക്കുക. ഒരു അവസരത്തിനായി കൊതിച്ച് പതിനായിരങ്ങൾ പുറത്തു കാത്തിരിക്കുമ്പോൾ ഇങ്ങനെയൊരു തീരുമാനം ക്രിസിന്റെ അഭിനയ ജീവിതത്തിനു തന്നെ എന്നെന്നേക്കുമായി പാക്കപ് പറയുമെന്നു സിനിമാലോകം വിധിയെഴുതി. എന്നാൽ ഇതൊന്നും ക്രിസിനെ ബാധിച്ചില്ല. ‘ അടുത്ത ഒരു വർഷം എന്റെ മക്കൾക്കുള്ളതാണ്’ ക്രിസ് പ്രഖ്യാപിച്ചു. വച്ചുനീട്ടിയ എല്ലാ ഓഫറുകൾക്കും നോ പറഞ്ഞ് നേരെ ഓസ്ട്രേലിയയിലേക്കു പറന്നു.

∙ ഫാമിലി ഫസ്റ്റ്

‘ കരിയറിന്റെ പുറകേ ഓടി കുടുംബത്തെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ മക്കൾക്ക് ഞാൻ അടുത്തവേണ്ട സമയമാണ് ഇപ്പോൾ. ടിവി നോക്കി അച്ഛാ എന്നു വിളിക്കുന്ന കുട്ടികളായി അവരെ വളർത്താൻ ഞാൻ ആഗ്രിക്കുന്നില്ല. എനിക്കുവേണ്ടി സ്വന്തം സിനിമാ സ്വപ്നങ്ങൾ ഉപേക്ഷിച്ചവളാണ് എലിസ. ഇനി അവൾക്ക് തിരിച്ചുവരാനുള്ള സമയമാണ്. ഞാൻ കുട്ടികളെ നോക്കി വീട്ടിലുണ്ടാകും’– ക്രിസ് പറയുന്നു. ഡിവോഴ്സുകൾ നിത്യ സംഭവമായ ഹോളിവുഡിൽ കുടുംബത്തെക്കാൾ വലുതല്ല കരിയർ എന്ന് ഉറപ്പിച്ചുപറയാൻ ക്രിസ് കാണിച്ച ആർജവം ഒരൽപം അമ്പരപ്പോടെയാണ് സിനിമാലോകം ഉൾക്കൊണ്ടത്.

chris-hemsworth-4

∙ തോർ മടങ്ങി വരും

 സിനിമയിൽ നിന്നു തൽക്കാലത്തേക്കു മാറി നിന്നെങ്കിലും ശക്തമായി തന്നെ മടങ്ങിവരാൻ ഒരുങ്ങുകയാണ് ക്രിസ് ഹാംസ്‌വെർത്ത്. തോർ; ലവ് ആൻഡ് തണ്ടർ, മാഡ് മാക്സ്; വേസ്റ്റ്ലാൻഡ്, ഗാർഡിയൻ ഓഫ് ദ് ഗാലക്സി 3 തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ക്രിസിനായി അണിയറയി‍ൽ ഒരുങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA