ADVERTISEMENT

വിവാഹമോചനം എന്നു കേൾക്കുമ്പോൾ പല രക്ഷിതാക്കൾക്കും ഭയമാണ്. പ്രത്യേകിച്ച് ഇന്ത്യൻ രക്ഷിതാക്കൾക്ക്. വിവാഹത്തിന്റെ പവിത്രതയെ നശിപ്പിക്കുന്ന ഹീനപ്രവൃത്തിയാണ് വിവാഹമോചനമെന്നാണ് പലരുടെയും ചിന്ത. വിവാഹബന്ധത്തിൽ എന്തു പ്രശ്നങ്ങളുണ്ടായാലും അതുമായി പൊരുത്തപ്പെട്ടു മരണം വരെ മുന്നോട്ടു പോവുക എന്ന ഉപദേശമാണ് പല രക്ഷിതാക്കളും മക്കൾക്കു നൽകുന്നത്.

മക്കൾ വിവാഹമോചിതരായെന്ന് ലോകമറിഞ്ഞാൽ നാണക്കേടാണെന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾ ഒരു കാര്യം തീർച്ചയായും മനസ്സിലാക്കണം. ആരും വിവാഹമോചിതരാകണമെന്ന തീരുമാനത്തോടെയല്ല വിവാഹബന്ധത്തിലേക്കു കടക്കുന്നത്. പങ്കാളിയുമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിക്കില്ലെന്ന് ഉത്തമബോധ്യം വന്നാൽ മാത്രമേ ഒരാൾ വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കൂ.

വിവാഹമോചനത്തെക്കുറിച്ച് മക്കൾ പറയുമ്പോൾ, എങ്ങനെയും ഒത്തുതീർപ്പാക്കണം എന്ന വാശിപിടിക്കുന്നതിനു മുൻപ് മക്കളുടെ ഭാഗത്തുനിന്നു കൂടി ഒന്നു ചിന്തിക്കാൻ മാതാപിതാക്കൾ തയാറാകണം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഒരു പക്ഷേ മാസങ്ങളോ വർഷങ്ങളോ ആയി അവർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഒരിക്കലും നന്നായി മുന്നോട്ടു പോവില്ല എന്ന് ഉത്തമ ബോധ്യം വന്നതുകൊണ്ടാവാം അവർ വിവാഹമോചനം എന്ന ആവശ്യം മുന്നോട്ടു വച്ചത്. വിവാഹമോചനം വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ അവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്.

വിവാഹബന്ധം ദീർഘകാലം നിലനിൽക്കുന്നതിന്റെ ഉദാഹരണങ്ങൾ മക്കൾക്കു മുന്നിൽ വിശദീകരിക്കുമ്പോൾ ഒരു കാര്യം മറന്നു പോകരുത്; നീണ്ടു നിൽക്കുന്ന എല്ലാ വിവാഹബന്ധങ്ങൾക്കും പറയാനുള്ളത് സന്തുഷ്ട ദാമ്പത്യത്തിന്റെ കഥയല്ലെന്നും പലരും സമൂഹത്തെ പേടിച്ച് എങ്ങനെയൊക്കെയോ യോജിച്ച് മുന്നോട്ടു പോകുന്നതാണെന്നും. അസന്തുഷ്ട ദാമ്പത്യത്തിൽ തുടരാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിൽ അത്തരമൊരു ബന്ധത്തിൽനിന്ന് മോചനം നേടാനുള്ള സ്വാതന്ത്ര്യം മക്കൾക്കുമുണ്ടെന്ന് നിങ്ങൾ തീർച്ചയായും ഓർക്കണം. മനസ്സ് മടുപ്പിക്കുന്ന ബന്ധത്തിൽനിന്ന് മക്കൾ മോചനം നേടാൻ ആഗ്രഹിച്ചാൽ അവർ അങ്ങനെയൊരു തീരുമാനമെടുക്കാൻ ധൈര്യം കാട്ടിയല്ലോ എന്നോർത്ത്  അഭിമാനിക്കുകയാണ് വേണ്ടത്.

ദമ്പതികൾക്കിടയിലെ മാനസിക പൊരുത്തത്തിന്റെ മാനദണ്ഡം ഒരേ തരം സിനിമ, ഒരു ഭക്ഷണവിഭവം, ഒരേ നിറത്തോടുള്ള ഇഷ്ടം തുടങ്ങിയവ മാത്രമല്ല. അതിനുമപ്പുറം ചിലതുണ്ട്. പരസ്പരം മനസ്സിലാക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ്, സാഹചര്യങ്ങളോടുള്ള പ്രതികരണം, മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയവ അതിൽപ്പെടുന്നു.

രണ്ടു മനുഷ്യർ തമ്മിൽ പൊരുത്തപ്പെടാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞാലും അതു മറ്റുള്ളവർക്ക് മനസ്സിലാകണമെന്നില്ല.  അവർക്കൊരുമിച്ചുള്ള ജീവിതം വല്ലാതെ ദുസ്സഹമാകുമ്പോഴാകും വിവാഹമോചനമെന്ന തീരുമാനത്തിലെത്തുന്നത്. അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന പങ്കാളിക്കൊപ്പം തുടരാൻ മക്കളെ ഒരിക്കലും നിർബന്ധിക്കരുത്. മറിച്ച് ബന്ധം ഉപേക്ഷിച്ച് വരാനും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാനും അവരെ ഉപദേശിക്കുകയാണ് വേണ്ടത്. 

നിങ്ങളുടെ മക്കളെ നിങ്ങളെക്കാൾ നന്നായി മറ്റാർക്കും മനസ്സിലാവില്ല. അതുകൊണ്ടുതന്നെ അവരെ ഉപദേശിക്കുമ്പോഴും അവരെ വിശ്വസിക്കാൻ നിങ്ങൾ തയാറാകണം. പലപ്പോഴും നിങ്ങളുടെ തീരുമാനങ്ങളോടു യോജിക്കാൻ മക്കൾക്ക് കഴിയണമെന്നില്ല. നിങ്ങളോളം ജീവിതം കണ്ടിട്ടില്ലെങ്കിലും അവരും മുതിർന്ന വ്യക്തികളാണെന്ന് അംഗീകരിക്കണം. അവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് നല്ല തിരിച്ചറിവും ഉണ്ടാകും. തീരുമാനങ്ങളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നതിനാൽ അവരുടെ വിവാഹമോചനം നിങ്ങളുടെ ഉറക്കം കെടുത്തുമെന്ന ക്ലീഷേ ഡയലോഗുകളൊന്നും അവരോടു പറയാതിരിക്കാനും ശ്രദ്ധിക്കണം.

സമൂഹമെന്തു പറയും എന്ന ആധിയിൽ ഒരിക്കലും അവരെ ഒറ്റപ്പെടുത്തരുത്. അവരുടെ അഭിപ്രായത്തോടു യോജിക്കാൻ കഴിയുന്നില്ലെങ്കിൽപ്പോലും അവരെടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നിൽക്കാൻ മനസ്സു കാട്ടണം. ഒരു കാര്യം തീർച്ചയായും ഓർക്കണം. അവരെ വിധിക്കാൻ സമൂഹം അവിടത്തന്നെയുണ്ടാകും, ഒപ്പം നിൽക്കാനും സാന്ത്വനം പകരാനും നിങ്ങൾ മാത്രമേയുണ്ടാകൂ.

വിവാഹമോചനം ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ലെന്ന ധൈര്യം മക്കൾക്ക് കൊടുക്കണം. സമൂഹം എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, മോശം വിവാഹജീവിതത്തിൽ നിന്നു കരകയറുന്ന നിങ്ങളുടെ മക്കളുടെ ജീവിതം മെച്ചപ്പെടുകയേ ഉള്ളൂ എന്ന ഉറപ്പ് നിങ്ങൾക്കുണ്ടാകണം. നിങ്ങളുടെ മക്കളുടെ സന്തോഷത്തിനു മുന്നിൽ മറ്റൊന്നും പ്രശ്നമല്ല എന്ന് മനസ്സിലുറപ്പിക്കുക.

സമൂഹത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും മറന്നേക്കുക. നിങ്ങളുടെ മക്കളുടെ സന്തോഷത്തിനു മാത്രം മുൻഗണന നൽകുക. ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ മരണം വരെ കടിച്ചു തൂങ്ങാതെ അതിൽനിന്ന് പുറത്തു കടക്കാൻ അവർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുക. അവർ അവിവേകമൊന്നും കാട്ടാതെ ബുദ്ധിപരമായ തീരുമാനമെടുത്തതിൽ അവരെ അഭിനന്ദിക്കുക. എന്തുപ്രശ്നമുണ്ടായാലും ഒപ്പമുണ്ടെന്ന് ഉറപ്പു നൽകി അവരെ ചേർത്തു പിടിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com