ADVERTISEMENT

കൈകൾ ബന്ധിച്ച് ഒന്നിച്ചു ജീവിച്ച ഉക്രെയ്ന്‍ സ്വദേശികളായ ദമ്പതികൾ വേർപിരിഞ്ഞു. 2021 ഫെബ്രുവരി 14ന് തുടങ്ങിയ പരീക്ഷണമാണ് 123 ദിവസങ്ങൾക്കുശേഷം അലക്സാണ്ടർ കുഡ്‌ല– വിക്ടോറിയ പുസ്റ്റോവിറ്റോ ദമ്പതികൾ അവസാനിപ്പിച്ചത്. ഓരേ ചിന്താഗതി ഉള്ളവരല്ല എന്ന തിരിച്ചറിവാണ് വേർപിരിയലിനു കാരണമായി ഇവര്‍ പറഞ്ഞത്. 

വഴക്കിടുന്നത് ഒഴിവാക്കാനും വേർപിരിയാതിരിക്കാനുമാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. പ്രണയദിനത്തിൽ ഉക്രെയ്ൻ നഗരമായ കൈവിലെ പ്രശ്സ്തമായ ‌യൂണിറ്റി ശിൽപത്തിന് മുന്നിൽവെച്ചാണ് കൈവിലങ്ങ് കൊണ്ട് ഇവരെ ബന്ധിപ്പിച്ചത്. നാഷനൽ റജിസ്റ്റർ ഓഫ് റെക്കോർഡ്സ് ആണ് പരീക്ഷണത്തിന് നേതൃത്വം വഹിച്ചത്. 

കൈവിലങ്ങിന്റെ ഒരോ കണ്ണിയും വിളക്കിയശേഷം പൂട്ടി മുദ്രവച്ചു. സിബ് ഉപയോഗിച്ച് അഴിക്കാൻ സാധിക്കുന്ന പ്രത്യേക വസ്ത്രം ഇവർക്കായി തയാറാക്കി. ശുചിമുറി ഉപയോഗം, ഉറക്കം, വീട്ടു ജോലികള്‍ എന്നിങ്ങനെ എല്ലാം ഇക്കാലയളവില്‍ ഇവർ ഒന്നിച്ചാണു ചെയ്തത്. സമൂഹമാധ്യമത്തിലൂടെ ഇവർ വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

പരീക്ഷണം അവസാനിപ്പിക്കാനും ബന്ധം പിരിയാനും തീരുമാനത്തിൽ ഇവർ എത്തുകയായിരുന്നു.‘‘ഇതു ഞങ്ങൾക്കും മറ്റു ദമ്പതികൾക്കും പാഠമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആരും ഇനി ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരരുത്’’ – വിക്ടോറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വകാര്യത നഷ്ടപ്പെട്ടതാണു പ്രധാന പ്രശ്നമെന്നും ഇത്ര അടുത്ത് ഉണ്ടായിട്ടും കാമുകൻ വേണ്ടത്ര ശ്രദ്ധ തനിക്കു നൽകിയില്ലെന്നും വികോടറിയ പരീക്ഷണത്തെക്കുറിച്ച് പറഞ്ഞത്. ഒരേ ചിന്താഗതിക്കാരല്ല തങ്ങളെന്നു മനസ്സിലാക്കാന്‍ പരീക്ഷണം സഹായിച്ചു എന്നായിരുന്നു അലക്സാണ്ടറിന്റെ പ്രതികരണം. 

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നാഷനൽ റെക്കോർഡ് ബുക്ക് പ്രതിനിധികളാണ് ഇവരുടെ കൈവിലങ്ങ് അഴിച്ചത്. കൈവിലങ്ങ് ലേലത്തിനു വയ്ക്കാനും കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനുമാണ് തീരുമാനം. 

English Summary : Ukraine’s inseparable couple ditch handcuffs and go separate ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com