വിദ്വേഷം എന്തിനു സഹിക്കണം ? ഞാൻ ശക്തമായി പ്രതികരിക്കും; മനസ്സ് തുറന്ന് സുബി സുരേഷ്

HIGHLIGHTS
  • ആർമിയിൽ ചേരുക എന്നതായിരുന്നു ചെറുപ്പം മുതലേ ലക്ഷ്യം
  • ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയ അപൂർവം സന്ദർഭങ്ങളുണ്ട്
actress-subi-suresh-exclusive-interview
Image Credits : Subi Suresh / Facebook
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സുബി സുരേഷ് ഇപ്പോൾ ഒരു വ്ലോഗറുമാണ്. ലോക്ഡൗണിൽ യുട്യൂബ് ചാനലുമായി എത്തിയ താരങ്ങളിൽ ഒരാൾ. രസകരമായ വിഡിയോകൾ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്ക് താരം നൽകുന്ന മറുപടികളും ഹിറ്റാണ്. ആരെയും വേദനപ്പിക്കാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് യാതൊരുവിധ അധിക്ഷേപവും കേൾക്കേണ്ട സാഹചര്യമില്ല. മോശം കമന്റുകൾ കണ്ടാൽ വിട്ടുകളയില്ലെന്നും ശക്തമായിത്തന്നെ പ്രതികരിക്കുമെന്നും സുബി ഉറപ്പിച്ച് പറയുന്നു. പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ...

∙ ലോക്ഡൗൺ സുബിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ?

കോവിഡും ലോക്ഡൗണും എന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. സാധാരണ എനിക്കു വേണ്ടി ഞാൻ സമയം ചെലവഴിക്കാറില്ല. എന്റെ റൂമിൽ ഉറങ്ങാൻ വേണ്ടി മാത്രമാണു കയറാറുള്ളത്. എന്നാൽ കോവിഡ് വന്നപ്പോൾ റൂമിൽ തനിയെ സമയം ചെലവഴിച്ച് ഇപ്പോഴതൊരു ശീലമായി. സിനിമകൾ കാണാറില്ലായിരുന്നു. ഇപ്പോൾ സിനിമകൾ ആസ്വദിച്ചു കാണാൻ തുടങ്ങി. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്നു. അടുത്ത തിങ്കളാഴ്ച ആകട്ടെ എന്നാണ് സാധാരണ ചിന്തിക്കാറുള്ളത്. പക്ഷേ കോവിഡ് വന്നപ്പോൾ തിങ്കൾ ഏത് വെള്ളി ഏത് എന്നറിയാത്ത അവസ്ഥയിലായിരുന്നല്ലോ. അതുകൊണ്ട്, തോന്നിയാൽ അപ്പോൾത്തന്നെ വര്‍ക്കൗട്ട് ചെയ്യുക എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. അങ്ങനെ വർക്കൗട്ട് ചെയ്യുന്നതും ഒരു ശീലമായി.

subi-suresh-1
Image Credits : Subi Suresh / Facebook

∙ കോവിഡ് പോസിറ്റീവ് ആയിരുന്നല്ലോ, എന്തായിരുന്നു അനുഭവം ?

അനിയന്റെ കുഞ്ഞിന്റെ നൂലുകെട്ടിനു വേണ്ടിയാണു ഞാൻ സെറ്റിൽനിന്നു വീട്ടിലേക്ക് വന്നത്. അനിയനും ഒപ്പമുണ്ടായിരുന്നു. അന്ന് സെറ്റിൽ ആർക്കോ പനി ഉണ്ടായിരുന്നു. തിരികെ വരുംവഴി എനിക്ക് ജലദോഷം തുടങ്ങി. വീട്ടിലെത്താറായപ്പോഴേക്കും പണി പാളി എന്നു തോന്നി. ഞാൻ വീട്ടിലെത്തുമ്പോൾ അകന്നു നിൽക്കാൻ അമ്മയോട് വിളിച്ചു പറഞ്ഞു. ലഗേജുമായി നേരെ റൂമിൽ കയറി. പിറ്റേന്നു പോയി ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. റൂമിൽ ഐസലേഷനിൽ ഇരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിനു പങ്കെടുക്കാനായില്ല എന്ന ദുഃഖമുണ്ട്. ആദ്യമേ തന്നെ അകലം പാലിച്ചതുകൊണ്ട് വീട്ടിൽ ആരിലേക്കും പകർന്നില്ല. അസുഖം വല്ലാതെ കൂടിയില്ല. ജലദോഷവും ചുമയുമൊക്കെയായി അതങ്ങു പോയി. 

∙ സമൂഹമാധ്യമങ്ങളില്‍ കൂടുതൽ സജീവമായല്ലോ. യുട്യൂബറായും ശ്രദ്ധ നേടുന്നു. എന്താണ് പ്രചോദനം ?

അമ്മയാണ് പ്രചോദനം. എനിക്ക് എല്ലാത്തിനും മടിയാണ്. ഒരു സ്റ്റാർട്ടിങ് ട്രബിൾ. ഒന്ന് തള്ളി വിട്ടാൽ പിന്നെ അങ്ങ് പൊയ്ക്കോളും. അമ്മയാണ് വ്ലോഗ് തുടങ്ങാൻ പറഞ്ഞത്. വ്ലോഗർ ആയ പ്രശാന്ത് ഞങ്ങളോടൊപ്പമുണ്ട്. മറ്റു പലരുടെയും വ്ലോഗ് മാനേജ് ചെയ്യുന്ന ആളാണ് അവൻ. അവനും അമ്മയും ഒരുമിച്ചുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിൽ. ഞാൻ അവതരിപ്പിച്ചാൽ മാത്രം മതി ബാക്കിയെല്ലാം അവർ നോക്കിക്കൊള്ളും. ഇപ്പോൾ എനിക്കും അതിൽ രസം കേറി.  സംഗതി കൊള്ളാം. വരുമാനവും ഉണ്ട്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാം. മറ്റു ഷൂട്ടുകൾ പോലെ ആരുടേയും സമയത്തിന് കാത്തു നിൽക്കേണ്ട, മുടങ്ങിയാലും നോ പ്രോബ്ലം. ഷൂട്ടിങ്, എഡിറ്റിങ്, അപ്‌ലോഡിങ് എല്ലാം പ്രശാന്ത് ചെയ്യും. അവന് അസൗകര്യമുള്ളപ്പോൾ എന്റെ അനുജനും.

∙ സമൂഹമാധ്യമങ്ങളുടെ ദോഷമായി തോന്നിയിട്ടുള്ളത് ?

ഞാൻ എല്ലാ ആഴ്ചയും വൈറൽ ആകാറുണ്ട്. അത് എന്റെ കഴിവ് അല്ല. നമ്മൾ ഒരു ഫോട്ടോ ഇട്ടാൽ ഉടൻ അതിൽ ചൊറി കമന്റ് ഇടാൻ ആരെങ്കിലും വരും. അതു കാണുമ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല. എന്റെ തെറ്റുകൊണ്ടല്ല അവർ ഇങ്ങനെ പറയുന്നത്. ഞാൻ ആരെയും ശല്യം ചെയ്യാതെ, ആരെയും വെറുപ്പിക്കാതെ ജീവിക്കുന്ന ആളാണ്. പിന്നെ എന്തിനു മറ്റുള്ളവരുടെ വിദ്വേഷത്തിന് പാത്രമാകണം?. നേരേവാ നേരേപോ പ്രകൃതക്കാരിയാണ്. എല്ലാത്തിനും ഉടൻ തന്നെ മറുപടി കൊടുക്കുന്നതാണ് ശീലം. എന്റെ അമ്മയും അനിയനും കട്ടയ്ക്ക് കൂടെ നിൽക്കും. എനിക്ക് മറ്റാരെയും ബോധിപ്പിക്കാനില്ല.

subi-suresh-4
Image Credits : Subi Suresh / Facebook

കലാകാരനായ ആയ ഒരു ചേട്ടൻ ആണ് അടുത്തിടെ മോശം കമന്റ് ഇട്ടത്. ഞാനും അടുത്ത വീട്ടിലെ കുട്ടിയും കപ്പ പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ, ആ ചേട്ടന്റെ ശ്രദ്ധ പതിഞ്ഞത് എന്റെ കാലിലാണ്. എന്റെ നിക്കറിന്റെ നീളം കുറഞ്ഞു പോയത്രേ. ഞാൻ ശക്തമായി പ്രതികരിച്ചു.  അതോടെ ആ ചേട്ടൻ വിളിച്ചു ക്ഷമ പറച്ചിലായി. ഒടുവിൽ അയാൾ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു പോയി എന്നാണ് അറിഞ്ഞത്. 

രണ്ടുമാസം മുൻപ് മലപ്പുറത്തുള്ള മറ്റൊരാൾ കമന്റിട്ടു. രണ്ടു കുട്ടികളുടെ അച്ഛനാണ്. വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്റെ ഫോട്ടോയ്ക്ക് താഴെ ഇടരുത് എന്ന് അയാൾക്ക് മറുപടി നൽകി. കൂടാതെ പൊലീസിൽ പരാതിപ്പെട്ടു. പണിപാളിയെന്ന്, പൊലീസ് വിളിച്ചപ്പോൾ ആൾക്ക്  മനസ്സിലായി. പിന്നെ എന്നെ വിളിച്ച് മാപ്പ് പറച്ചിലായി. ഒടുവിൽ ഞാൻ കേസ് ഒത്തുത്തീർപ്പാക്കി. അയാൾക്ക് കുടുംബം ഒക്കെ ഉള്ളതല്ലേ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്.

കുറച്ചുപേരൊക്കെ അറിയുന്ന എന്നോട് ഇങ്ങനെ പെരുമാറുന്നവര്‍ മറ്റുള്ള പെൺകുട്ടികളോട് എങ്ങനെയായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇത്തരക്കാർ കാരണം പെൺകുട്ടികൾ എത്രമാത്രം അനുഭവിക്കുന്നുണ്ടാകും. ഇതൊക്കെ ചെയ്തിട്ട് ഇവർക്ക് എന്താണ് ലഭിക്കുന്നത് ? നെഗറ്റീവ് പബ്ലിസിറ്റി ആയിരിക്കും ഉദ്ദേശിക്കുന്നത്. പല സെലിബ്രിറ്റികളും ഇതൊക്കെ വിട്ടുകളയും. പക്ഷേ ഞാൻ അങ്ങനെയല്ല. ശക്തമായി പ്രതികരിച്ചിരിക്കും.

∙ ഈ മേഖലയിൽ എത്തിയതും ശ്രദ്ധ നേടിയതും എങ്ങനെയാണ് ? 

കലാരംഗത്തേക്ക് ആഗ്രഹിച്ചു വന്നതല്ല, അപ്രതീക്ഷിതമായി എത്തിയതാണ്. ബ്രേക്ക് ഡാൻസ് കളിക്കുമായിരുന്നു. കാലാന്തരത്തിൽ അത് സിനിമാറ്റിക് ഡാൻസ് ആയി. ടിനി ടോം ആണ് എന്നെ സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നുരണ്ട് പരിപാടി ചെയ്തു നിർത്താം എന്നു കരുതിയാണ് തുടങ്ങിയത്. പക്ഷേ പിന്നെ നിർത്താൻ കഴിഞ്ഞില്ല.  

subi-suresh-9

ചെറുപ്പം മുതലേ ആർമി ആയിരുന്നു ലക്ഷ്യം. പക്ഷേ ജീവിത സാഹചര്യങ്ങൾ എന്നെ കലാരംഗത്ത് തളച്ചിട്ടു. ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ ചുറ്റുമുള്ളവരെ കൂടി ഓർത്തപ്പോൾ കലാരംഗത്ത് നിലയുറപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ തമാശ കളിച്ചു നടക്കാത്ത ഞാൻ എങ്ങനെ ഒരു കോമഡി ആർട്ടിസ്റ്റായി എന്നു പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്. ടിവിയിൽ വരുന്നു എന്നതൊന്നും എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. ഒരു ക്യാപ്ഡ് ജോബ് തന്നെയായിരുന്നു ലക്ഷ്യം. 

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമാലയിൽ പങ്കെടുത്തു തുടങ്ങുന്നത്. അതോടെ ഡിഗ്രിക്ക് ക്ലാസിൽ കയറാൻ പോലും സാധിക്കാതെ വന്നു. അങ്ങനെ ആർമി എന്ന സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അതിലിപ്പോൾ എനിക്ക് ദുഃഖമില്ല. കാരണം ജീവിതം ഒരു കരപറ്റി. എന്റെ കുടുംബത്തെ നോക്കാൻ കഴിഞ്ഞു.  കലാരംഗത്തായതുകൊണ്ടല്ലേ ഇപ്പോൾ എന്നെ നാലുപേര്‍ അറിയുന്നതും ബഹുമാനിക്കുന്നതും.    

∙ സൈന്യത്തിൽ ചേരാനായി തയാറെടുപ്പുകൾ നടത്തിയിരുന്നോ ?

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡൽഹിയിൽ പോയിട്ടുണ്ട്. ഓൾ കേരള കമാൻഡർ ആയിരുന്നു. ആർമി വിങ് ഉള്ളതാണ് അന്നു സെന്റ് തെരേസാസിൽ ചേരാൻ കാരണം. അവിടെനിന്നു ബിഎൽസി പോയി. ഷൂട്ടിങ്ങിനു പോയി ഗോൾഡ് മെഡൽ കിട്ടി. ആർമിയിൽ ചേരാൻ വേണ്ട ക്വാളിഫിക്കേഷൻ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റുകളും ഒരു കെഡറ്റ് എന്ന നിലയിൽ എ, ബി, സി എന്നിങ്ങനെ എല്ലാ ലെവലിലുകളിലുമുള്ള സർട്ടിഫിക്കറ്റുകളും എനിക്ക് ഉണ്ടായിരുന്നു. മെഡിക്കൽ എൻട്രൻസിനു ഗ്രേസ് മാർക്ക് കിട്ടുമായിരുന്നു. പക്ഷേ മെഡിക്കൽ, എൻജിനീയറിങ് പ്രഫഷനുകൾ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. ആർമി മാത്രമായിരുന്നു ലക്ഷ്യം.

subi-suresh-5

∙ ജീവിതത്തിലെ ഏറ്റവും മികച്ചതും മോശവുമായി തോന്നിയിട്ടുള്ള തീരുമാനങ്ങൾ  

മോശം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. എല്ലാം അമ്മയോടു ചോദിച്ചാണ് തീരുമാനിക്കാറുള്ളത്. ഒരു ഡ്രസ്സ് തിരഞ്ഞെടുക്കുമ്പോൾ പോലും അമ്മയോട് ചോദിക്കും. ഏറ്റവും നല്ല തീരുമാനം ഈ കരിയർ തിരഞ്ഞെടുത്തതു തന്നെ. ചില സ്വപ്‌നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇതുകൊണ്ട് നല്ലതു മാത്രമേ വന്നിട്ടുള്ളൂ. എനിക്കു മാത്രമല്ല കുടുംബത്തിനും ഗുണമുണ്ടാകുന്ന ഒരു തീരുമാനമായിരുന്നു. ജീവിതം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിച്ചു. എന്റെ സഹോദരനെ നല്ല നിലയിൽ എത്തിക്കാനായി. സ്വന്തമായി ഒരു വീടു വേണം എന്ന് ആഗ്രഹിച്ചിരുന്നു. അതും സാധിച്ചു. എല്ലാം തന്നത് കലയാണ്. 

∙ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി ? 

അമ്മ. എന്നും എപ്പോഴും അതെ. അമ്മയാണ് എന്റെ നട്ടെല്ല്. ഷോയ്ക്കായി ഏതു രാജ്യത്തേക്ക് പോകുന്നതിനു മുൻപും, എനിക്കൊരു സിം വേണം എന്ന ഡിമാൻഡ് മാത്രമേ വയ്ക്കാറുള്ളൂ. എന്നും വീട്ടിലേക്ക് വിളിക്കാനാണ്. പരിപാടിക്ക് ഏതു ഡ്രസ്സ് ധരിക്കണം എന്നുപോലും അമ്മയെ വിളിച്ചു ചോദിക്കും. എനിക്ക് എന്താണു നല്ലതെന്ന് അമ്മയ്‌ക്ക് അറിയാം.   

subi-suresh-7
സുബി കുടുംബത്തോടൊപ്പം

∙ വിവാഹം നിർബന്ധമുള്ള കാര്യമൊന്നുമല്ല. എങ്കിലും സുബി വിവാഹിതയാകുമോ ?

വിവാഹം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിയ അപൂർവം സന്ദർഭങ്ങളുണ്ട്. പക്ഷേ ജീവിക്കാൻ ഒരു കൂട്ട് അത്യന്താപേക്ഷിതമൊന്നുമല്ല. അത് എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുമുണ്ട്. എനിക്ക് എന്റെ കുടുംബമുണ്ട്. വളരെ സ്നേഹത്തോടെ ജീവിക്കുന്ന എന്റെ കുടുംബത്തിലേക്ക് മറ്റൊരാൾ കടന്നുവരുമ്പോൾ, ഇപ്പോഴുള്ള സന്തോഷം പോകുമോ എന്നു പേടിയുണ്ട്. എന്റെ അമ്മയും അച്ഛനും അനിയനും അവന്റെ കുടുംബവുമാണ് വലുത്. സ്വാതന്ത്ര്യം പോകുമെന്ന പേടിയല്ല, കുടുംബ സമാധാനം പോകുമോ എന്ന പേടിയാണ്.  

വിവാഹം ചെയ്യുകയാണെങ്കിൽത്തന്നെ അറേഞ്ച്ഡ് ആയിരിക്കില്ല. ആരെയെങ്കിലും കണ്ട് ഇഷ്ടപ്പെട്ട് ഒപ്പം വേണമെന്നു തോന്നിയാൽ ആകാം. അതിനുള്ള അനുവാദം വീട്ടിൽനിന്നു തന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചിട്ടുണ്ട്. എന്നെ ആരും തേച്ചിട്ട് പോയതല്ല. വിവാഹത്തിലേക്ക് പോകാൻ പറ്റില്ല എന്നു തോന്നിയപ്പോൾ നിർത്തി. എന്തുണ്ടെങ്കിലും വീട്ടിൽ പറയാറുണ്ട്. എനിക്ക് വിവരവും ബോധവും ആയിട്ടുണ്ടെന്ന് വീട്ടുകാർക്കിപ്പോൾ തോന്നുന്നുണ്ട്. അതുകൊണ്ട് ഇഷ്ടംപോലെ ചെയ്തോ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ലൈസൻസ് കിട്ടിയതിനുശേഷം ഞാൻ ആരെയും കണ്ടുമുട്ടിയിട്ടില്ല. കോവിഡ് കാലത്ത് ചില തിരിച്ചറിവുകൾ ഉണ്ടായി. ജീവിതത്തിൽ ആരൊക്കെ ഒപ്പമുണ്ടാകും എന്നൊക്കെ മനസ്സിലായി. നമ്മളോട് സ്നേഹമുള്ളവർ കുറേകൂടി അടുപ്പിക്കാം എന്നൊക്കെ തോന്നി.

∙ സ്വപ്നങ്ങൾ ?

അങ്ങനെ വലിയ സ്വപ്‌നങ്ങൾ ഒന്നുമില്ല. വീട് വയ്ക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. ആറ് വർഷം മുൻപ് അതു സാധിച്ചു. വരാപ്പുഴയിലാണ് എന്റെ വീട്. വീടിന്റെ പേര് ‘എന്റെ വീട്’ എന്നാണ്. പിഷാരടിയാണ് ആ പേരു നിര്‍ദേശിച്ചത്. ഞാൻ എത്രമാത്രം ഒരു വീടിനായി കൊതിച്ചു എന്ന് പിഷാരടിക്കറിയാം. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് നിർദേശിച്ചതും. 

subi-suresh-3
Image Credits : Subi Suresh / Facebook

അച്ഛനും അമ്മയും അനിയനും കുടുംബവും സുഖമായിരിക്കണം എന്നാണ് ആഗ്രഹം. എന്റെ കുടുംബം സന്തോഷമായിരിക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷം. അനിയന് ഒരു നല്ല ജീവിതമായി. അവന് ആറു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അവന് ഒരു വീട് പണിതുകൊടുത്തു. എനിക്കു കാണാവുന്ന ദൂരത്തുതന്നെ അവനുണ്ട്. അവന്റെ ചേട്ടന്റെ സ്ഥാനത്താണ് ഞാൻ. അച്ഛനും അമ്മയും വെറുതെയിരിക്കുന്നവരല്ല. അവർക്ക് ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റിന്റെ പരിപാടിയുണ്ട്. അങ്ങനെ എല്ലാവരും ജോലി ചെയ്യുന്ന കുടുംബമാണ് എന്റേത്. പണത്തിന്റെ കാര്യങ്ങളിൽ ഇടപെടാറില്ല. കിട്ടുന്നതെല്ലാം അമ്മയെ ഏൽപിക്കുന്നതാണ് പതിവ്. എന്റെ കാര്യങ്ങളെല്ലാം അമ്മയാണ് നോക്കുന്നത്. ഇനി പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നുമില്ല. ഷൂട്ടുകൾ വീണ്ടും തുടങ്ങുന്നു. വ്ലോഗ് ഒപ്പം കൊണ്ടുപോകണം. ചെറിയ തിരക്കുകൾ തുടങ്ങി. ജീവിതം അങ്ങനെ അങ്ങു പോകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA