കൊൽക്കത്ത-ചൂതാട്ടം, സൗഹൃദം, പിന്നെ സംഗീതവും; സൗഹൃദ ദിനത്തിൽ ഒരു സ്നേഹസ്മരണ

dr-madhu-vasudevan-a-loving-reminder-on-friendship-day
(ഇടത്) പരമ്പരാഗതശൈലിയുള്ള കൊൽക്കത്തിയിലെ വീടുകൾ∙ Image Credits : Ranajoy Paul / Shutterstock.com, (വലത്) ഡോ. മധു വാസുദേവൻ
SHARE

‘സഫരോം കീ സിന്ദഗീ ജോ കഭീ ഖതം നഹീ ഹോ ജാത്തീ ഹേ, ശംഭോ മഹാദേവാ!’

രാത്രി ദർബാറിൽ പങ്കെടുക്കാൻ വന്ന സഹമദ്യപന്മാരുടെ മുന്നിൽ, താൻ കടന്നുപോയ യാതനകൾ നിറഞ്ഞ കഥ ജഗന്നാഥൻ സംക്ഷേപിച്ചതിങ്ങനെയാണ് - യാത്രകളുടെ ജീവിതം ഒരുനാളും അവസാനിക്കുന്നതല്ല! ഈ ഉദ്ധരണിക്കു തുടർച്ചായി വിളംബിതതാളത്തിൽ അയാൾ ഒരു ശാസ്ത്രീയഗാനവും അവതരിപ്പിച്ചു:

ഹരിമുരളീരവം ഹരിതവൃന്ദാവനം 

പ്രണയസുധാമയ മോഹനഗാനം

ഹരിമുരളീരവം

ജഗന്നാഥൻ പാടിയ പത്തു മിനിറ്റും ചില്വാനവും ദൈർഘ്യമുള്ള ഗാനത്തിൽ സാഹസികനായ ഒരു സഞ്ചാരിയുടെ ഭൂതകാലം നമ്മൾ കേൾക്കുന്നു. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രങ്ങളെണ്ണിക്കിടന്നപ്പോൾ ഉണ്ടായ വെളിപാടിൽ പ്രചോദിതനായി ഗ്വാളിയറിൽ എത്തിച്ചേർന്ന ചെറുപ്പക്കാരനെ കാണുന്നു. അവനെ സംഗീതം പഠിപ്പിച്ച ഉസ്താദ് ബാദുഷാ ഖാൻ ലയിച്ചുചേർന്ന പച്ചമണ്ണിന്റെ സുഗന്ധമറിയുന്നു. ഈ വൈവിധ്യപൂർണങ്ങളായ അനുഭവങ്ങളെയെല്ലാം കോർത്തെടുക്കാൻ ഒരൊറ്റ രാഗമേ വേണ്ടിവന്നുള്ളൂ, ‘സിന്ധുഭൈരവി’. ദക്ഷിണസംഗീതത്തിൽനിന്നു ഹിന്ദുസ്താനി സംഗീതം ദത്തെടുത്ത ഈ രാഗം, ഓരോ ഘരാനയിലൂടെയും ഭാവഭംഗികൾ വർധിപ്പിച്ചുകൊണ്ടിരുന്നു. അസദ് അലിഖാനിന്റെ രുദ്രവീണയിൽ, നിഖിൽ ബാനർജിയുടെ സിതാറിൽ, രാധിക മോഹൻ മൈത്രയുടെ സരോദിൽ, രാം നാരായണിന്റെ സാരംഗിയിൽ, പന്നലാൽ ഘോഷിന്റെ ബാൻസുരിയിൽ, വിശ്വമോഹൻ ഭട്ടിന്റെ മോഹനവീണയിൽ, പിന്നെ നൂറു കണക്കിനു ഗായകരുടെ നാദമാധുരിയിൽ അതിനു പുനർജീവിതങ്ങളുണ്ടായി.

ഹിന്ദുസ്താനി സംഗീതം പകർന്നുതരുന്ന ഈ പരമാനന്ദങ്ങളുടെ മായാമാനിനു പിന്നാലെ എത്രയോ സംഗീതാസ്വാദകർ കുതിച്ചുപാഞ്ഞു. അതോർക്കുമ്പോൾ മുപ്പതുകൊല്ലത്തിനുള്ളിൽ ഞാൻ കേട്ടതും രസിച്ചതും എത്രയോ തുച്ഛം എന്ന ജാള്യം എന്റെ അഹത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നു. എങ്കിലും ഏതോ പൂർവജന്മപുണ്യമായിട്ടാകണം, അൽപം ചില ഹിന്ദുസ്ഥാനി കച്ചേരികൾ അവരുടെ നാട്ടിൽവച്ചുതന്നെ നേരിൽ കേൾക്കാൻ അവസരമുണ്ടായി. കുറഞ്ഞൊരളവിലെങ്കിലും അവ ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടായി. അതിലൂടെ കൈവന്ന സംഗീതബോധത്തോളം പ്രധാനപ്പെട്ടതായി ഞാൻ കരുതുന്ന വേറേ ചില നന്മകളുണ്ട്, ഔത്തരായ സംഗീതഭ്രമം എനിക്കു സമ്മാനം തന്ന ഏതാനും അപൂർവ സൗഹൃദങ്ങൾ! ഭാഗ്യദോഷത്താൽ, അവരുമായുള്ള ബന്ധങ്ങൾ സജീവമാക്കി നിലനിർത്താൻ എനിക്കു സാധിച്ചില്ല. അതിനുവേണ്ട ജീവിതസാഹചര്യങ്ങൾ അന്നാളുകളിൽ ലഭിച്ചില്ല എന്നൊരു ന്യായം പറഞ്ഞാൽപ്പോലും നഷ്ടപ്പെട്ടതൊന്നും നഷ്ടങ്ങളാകാതിരിക്കുന്നില്ല. ഈ വ്യഥകൾക്കു മധ്യത്തിലും വല്ലപ്പോഴുമൊക്കെ ചില സംഗീതജ്ഞർ, ചില രാഗങ്ങൾ, ചില ബന്ദിഷുകൾ, ചില മീൻഡുകൾ എന്നെ ആ സ്നേഹസമൃദ്ധമായ പഴയകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കണ്ണാടിത്തിളക്കമുള്ള ഓർമകളിൽ പ്രിയ മിത്രങ്ങളുടെ പ്രതിബിംബങ്ങൾ മിഴിവോടെ തെളിയുന്നുണ്ട്. ഈ സൗഹൃദദിനത്തിൽ അവരിൽ ഒരാളെപ്പറ്റി എഴുതാൻ എനിക്കും ഏറെ സന്തോഷം. അതിനുവേണ്ടി സമയഘടികാരം ഒന്നു പുനഃക്രമീകരിച്ചോട്ടെ.

അതേ, ഇപ്പോൾ നമ്മൾ നോർത്ത് കൊൽക്കത്തയിൽ എത്തിയിരിക്കുന്നു. വർഷം 1993, നവംബർ മാസം. രാത്രി ഒൻപതു മണി കഴിഞ്ഞു. വിശേഷാൽ ലക്ഷ്യങ്ങളില്ലാതെ ബുരാബാസാറിനു പരിസരത്തുള്ള തിരക്കു കുറഞ്ഞ, ഇരുവശങ്ങളിലും പഴയ വാസ്തുശിൽപമാതൃകയിലുള്ള കെട്ടിടങ്ങളുള്ള ഗലിയിലൂടെ ഞങ്ങൾ നടക്കുകയാണ്. തണുപ്പു വീണുതുടങ്ങിയിട്ടുണ്ട്. പേരിനൊരു കട്ടിക്കുപ്പായം ഉടുപ്പിനു മുകളിൽ വലിച്ചിട്ടിരിക്കുന്നു. കൂടെയുള്ള സൻജോയ് കമ്പിളിയുടുപ്പിനു മുകളിൽ ഒരു നീല പുതപ്പുകൂടി ചുറ്റിയിട്ടുണ്ട്. അച്ഛന്റെ ഭാഷ ഉപയോഗിച്ചാൽ ‘ചെറുപ്പത്തിന്റെ പ്രഹസനങ്ങളില്ലാത്ത’ ഭീരു! ക്ഷമിക്കണം, സൻജോയിനെ പരിചപ്പെടുത്തിയില്ല. സത്യത്തിൽ പരിചയപ്പെടുത്താൻ തക്കതരത്തിൽ അവനെപ്പറ്റി എനിക്കും വലിയ പിടിയില്ല. കഴിഞ്ഞവാരം ഐടിസി സംഗീത് റിസർച്ച് അക്കാദമിയിൽനിന്നു കണ്ടുകിട്ടിയതാണ്. പണ്ഡിത് ഉല്ലാസ് കഷാൽകർ ദായെ സന്ദർശിച്ചുവരുമ്പോൾ അവൻ താഴത്തെ പടിയിൽ ഇരിപ്പുണ്ടായിരുന്നു. ‘ടപ്പാ ഗായകനാണ്, ഇടയ്ക്കൊക്കെ ഇവിടെ വരും. ലാവാറീസ്’– ദായുടെ ശിഷ്യൻ മുകുന്ദ് പരിചയപ്പെടുത്തി. കൊള്ളാം, ഇത്തവണ ഊരുചുറ്റാൻ കൂട്ടാം. കൊൽക്കത്തയിൽ ഇവനു നല്ല പരിചയമുണ്ട്. അങ്ങനെയാണ് ഞങ്ങൾ ഈ രാത്രിയിൽ നടക്കാനിറങ്ങിയത്, നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ.

‘ജീവിതത്തിൽ അൽപം മജാ വേണം’ സൻജോയ് സംഭാഷണം തുടരുകയാണ്. ‘ഒരു ഗതികെട്ടവനായി ജീവിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ ചത്തുവീഴുമ്പോ വലിയ പണക്കാരനായിരിക്കണം. കയ്യിലും പോക്കറ്റിലും വാരിയെറിയാനുംമാത്രം കുറേ പണം ഉണ്ടായിരിക്കണം.’ തരക്കേടില്ലാതെ അവൻ ഹിന്ദി പറയുന്നതു കാരണം സംസാരിക്കുമ്പോൾ ആശയവിനിമയത്തിനു തടസ്സമില്ല. അങ്ങനെ നടക്കവേ, വളരെ പഴയൊരു ബഹുനില മന്ദിരത്തിനു മുമ്പിൽ അവൻ പെട്ടെന്നു നിന്നു. ‘ഏതു സ്ഥലം’ എന്നു ചോദിക്കുന്നതിനുമുമ്പേ പറഞ്ഞു കഴിഞ്ഞു, ‘ആവോ ഭയ്യാ. അകത്തേക്ക് പോകാം’. ഉള്ളിൽ പിന്നെയും തിരിവുകളുണ്ടായിരുന്നു. നാലാമത്തെ തിരിവിലെ മിക്കവാറും പൊളിഞ്ഞ മാളികയുടെ വെളിയിൽ വെളിച്ചമില്ല. പക്ഷേ അകത്ത് മഞ്ഞവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നു. ‘മനസ്സിലായില്ലേ, ഗാംബ്ലിങ്! കുറച്ചുനേരം ചൂതാടാം. എനിക്കിപ്പോൾ നല്ല ഭാഗ്യമുള്ള സമയമാണെന്ന് ചന്ദൻകാക്കാ പറഞ്ഞിട്ടുണ്ട്. അതൊന്നു പരിശോധിച്ചേക്കാം.’ എന്നിട്ടും ഞാൻ മടിച്ചു, എനിക്കു ശനിദശയാണെന്ന കാര്യം കുസാറ്റിലെ ആസ്ഥാന ജ്യോതിഷി മുരളി സാർ കഴിഞ്ഞ മാസം ഓർമിപ്പിച്ചതാണ്.

എന്റെ പുറകോട്ടുള്ള വലിവുകണ്ടപ്പോൾ സൻജോയ് പറഞ്ഞു, ‘പേടിക്കേണ്ട ഭയ്യാ. ഞാൻ ഒട്ടും മോശക്കാരനല്ല. നാലരക്കൊല്ലം ജയിലിൽ കിടന്നിട്ടുണ്ട്, അതും കൊലപാതകക്കേസിൽ. ധൈര്യമായി കേറി വാ’, അതുകേട്ടപ്പോൾ ധൈര്യം കൂടിയില്ല, പിന്നെയും കുറഞ്ഞു.

സൻജോയിനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന രണ്ടുപേർ വന്നു കെട്ടിപ്പിടിച്ചു. അവന്മാർക്ക് ഇപ്പോഴത്തെ ചെമ്പൻ വിനോദിന്റെയും അപ്പാനി ശരത്തിന്റെയും രൂപമായിരുന്നു. ഞങ്ങൾ ആദ്യം അവിടെ ഒരു നോട്ടപ്രദക്ഷിണം നടത്തി. വീതികുറഞ്ഞ് നീളംകൂടുതലുള്ള ഹാളിൽ നാലഞ്ചു സംഘങ്ങൾ കളിക്കുന്നു. ആഹാ, യൂണിഫോമിട്ട രണ്ടു പൊലീസുകാരുമുണ്ട്. മണിബന്ധത്തിലെ ക്ലാവുപിടിച്ച ചെമ്പുവള മുകളിലോട്ടു നീക്കിക്കൊണ്ട് ആളുകുറഞ്ഞ ഒരു ടീമിൽ സൻജോയും ചേർന്നു. ആദ്യം തമാശ പോലെ തോന്നിയെങ്കിലും കാര്യങ്ങൾ വേഗത്തിൽ ഗൗരവമുള്ളതായി. ഓരോ തവണ കാശുപോകുമ്പോഴും സൻജോയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽനിന്നും ചുരുട്ടിവച്ച നോട്ടുകൾ ഉയർന്നു വന്നുകൊണ്ടിരുന്നു.

മണിക്കൂറുകൾ പുകഞ്ഞു. കയ്യിലെ പണം ഒരുപാട് നഷ്ടപ്പെട്ടു. ‘എന്നാലും വിടരുത്.’ എനിക്കും വാശികയറി. എന്റെ പോക്കറ്റിൽ കിടന്നതും എടുത്തുവീശി. ‘കാശ് പുല്ലാണ്.’ ഇനി ഒരു കളിയെങ്കിലും ജയിക്കാതെ ഇവിടുന്നു പോകുന്ന പ്രശ്നമില്ല! ഞാൻ ആലപ്പുഴക്കാരനാ. എന്റെ ചോരയിൽ മുഴുവൻ കമ്യൂണിസമാ. ഞങ്ങൾ ജയിച്ചിട്ടേയുള്ളൂ. ഇതൊക്കെയായിരുന്നു അപ്പോഴത്തെ ചിന്ത. ഞാൻ മുല്ലയ്ക്കൽ ഭഗവതിയെ വിളിച്ചു പ്രാർഥിച്ചതും സൻജോയുടെ അട്ടഹാസം മുഴങ്ങിയതും ഒരുമിച്ചായിരുന്നു. അവിടെ തുടങ്ങി അവന്റെ ജൈത്രയാത്ര.

നേരം പുലർച്ചെയായി, സൻജോയുടെ പരിചയക്കാരെല്ലാം പോയി. പൊലീസുകാരെയും കാണുന്നില്ല. ബോർഡിനിപ്പുറം ഞങ്ങൾ രണ്ടുപേർ മാത്രം. അപ്പുറത്തുള്ളവരുടെ എണ്ണം നേരത്തത്തേക്കാൾ കൂടുതലുണ്ട്. ഇടയ്ക്കിടെ അവർ ഓരോരുത്തരായി ഹാളിന്റെ ഇരുട്ടു പിടിച്ച മൂലയിൽ പോകുകയും തിരികെ വരികയും ചെയ്തുകൊണ്ടിരുന്നു. അവിടെയിരുന്ന വലിയ സുതാര്യമായ വെളുത്ത കന്നാസിലെ ദ്രാവകം അടിപറ്റി. ഇതിനിടെ നടത്തിപ്പുകാരന്റെ ശിങ്കിടി ഇടത്തരം ടംബ്ലർ നിറയെ എന്തോ കലക്കിയത് കൊണ്ടുവന്നു തന്നു. പകുതി ഒറ്റമോന്തിൽ തീർത്തശേഷം സൻജോയ് മുഖത്തേക്കു നോക്കാതെ എനിക്കു വച്ചുനീട്ടി, ‘എടുക്ക്. ഏറിയാൽ ചാകും, അത്രേ ഉള്ളൂ.’ ആ ഫിലോസഫി ശരിയാണല്ലോ എന്നെനിക്കും തോന്നി. അവസാനതുള്ളിയും വായിൽ കമഴ്ത്തി കുപ്പി തിരികെ കൊടുത്തപ്പോൾ നാവിൽ എന്തോ തടഞ്ഞു. കയ്യിലേക്ക് തുപ്പിനോക്കി. ഒരു മീനിന്റെ മുള്ളോടുകൂടിയ വാൽക്കഷ്ണം! ഓക്കാനം വന്നെങ്കിലും എങ്ങനെയോ ഇറങ്ങിപ്പോയി.

എതിരാളികൾ നിർത്തിയതോടെ കളി തീർന്നു. സൻജോയുടെ മുന്നിൽ നോട്ടുകളുടെ ചെറിയ ഉയരം രൂപപ്പെട്ടു. അവൻ അതു വാരിയെടുത്തു, ഉടുപ്പിനുള്ളിൽ കുത്തിനിറച്ചു. ഊരിവച്ചിരുന്ന കമ്പിളിയുടുപ്പ് അതിനുമുകളിലൂടെ ഇട്ടു. പുതപ്പു കയ്യിൽത്തന്നെ പിടിച്ചു. ഒരു ചെറിയ ചിരിയോടെ ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ മറ്റുള്ളവർ നിശ്ചലമായി നോക്കിനിന്നു. തണുപ്പു വല്ലാതെ വർധിച്ചിരുന്നു സൻജോയ് പുതപ്പുകൊണ്ട് സ്വയം മുഴുവനായി മൂടി. ‘ഈ പൈസയിൽ ഒരൽപം ചന്ദൻ കാക്കാക്കു കൊടുക്കണം’, അവൻ പറഞ്ഞു. ‘ആ കിളവൻ പ്രവചിച്ചില്ലായിരുന്നെങ്കിൽ ഞാനീ തീക്കളിക്കു നിൽക്കില്ലായിരുന്നു. ഏതായാലും വലിയ സാഹസമായിപ്പോയി.’ സൻജോയ് പുറകോട്ടുനോക്കി, ആരും പിന്തുടരുന്നില്ല എന്നുറപ്പു വരുത്തി. ‘സമയം എത്രയായി?’ അവൻ ചോദിച്ചപ്പോൾ ഞാൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി. ‘നിനക്ക് വാച്ചില്ലേ ?’ മറുപടിക്കു നിൽക്കാതെ അവൻ പറഞ്ഞു, ‘നാളെ നിനക്കൊരു വാച്ചു വാങ്ങിയിട്ട് കാര്യം. എനിക്കും വേണം ഒരെണ്ണം, ഒരു ബഢിയാ ലേഡീസ് വാച്ച്’. ആർക്കാണെന്നു ചോദിക്കുംമുമ്പേ അവൻ വിഷയം മാറ്റി.

ഇങ്ങനെ നടക്കുന്നതിനിടെ, വഴിയരികിൽ ഉറക്കംതൂങ്ങിയിരിക്കുന്ന റിക്ഷാവാലയെ കണ്ടു, വിളിച്ചുണർത്തി. ഞാൻ താമസിക്കുന്ന ലോഡ്‌ജിനു മുന്നിലെത്തിയപ്പോൾ സൻജോയിയെ ഞാൻ അവിടെ കിടക്കാൻ ക്ഷണിച്ചു. നിന്നില്ല. ‘നാളെ’ എന്നൊരു അടയാളം കൈകൊണ്ടു കാണിച്ചശേഷം അവൻ വണ്ടിയിൽ കയറിയിരുന്നു. മരത്തിന്റെ കോണികയറി ഞാൻ മുകളിലത്തെ നിലയിലെത്തി നോക്കിയപ്പോഴേക്കും റിക്ഷ ഇരുട്ടിൽ മറഞ്ഞുകഴിഞ്ഞിരുന്നു.

പിറ്റേദിവസം, ഞങ്ങൾ പതിവായി കാണാറുള്ള ചെറിയ കവലയിലെ ചായെർ ദോക്കാന്റെ മുന്നിൽ ചെന്നിരുന്നു. അവൻ വന്നില്ല. ഒരാഴ്ച കഴിഞ്ഞു. അവനെ കണ്ടില്ല. അറിയാവുന്നവരോടു തിരക്കി. ഒരു ദിവസം ഐടിസിയിലും പോയി നോക്കി. ആരും കണ്ടിട്ടില്ല. എനിക്കുള്ളിൽ നേർത്ത ഭയമുണ്ടായി. കൊച്ചിയിലേക്കു തിരിച്ചുപോരേണ്ട ദിവസമെത്തി. പക്ഷേ സൻജോയ് വരികയോ വിവരം അറിയിക്കുകയോ ചെയ്തില്ല. സൻജോയിനെന്തു സംഭവിച്ചു ? ഇരുപത്തിയേഴു വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരമില്ല. ആരോടും ചോദിക്കാനുമില്ല. അവനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം അവൻ ഒരു തമാശയായി പറഞ്ഞ വാക്യം വീതുളിപോലെ മനസ്സിൽ വന്നുവീഴുന്നു. ‘ഒരു ഗതികെട്ടവനായി ജീവിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ ചത്തുവീഴുമ്പോ വലിയ പണക്കാരനായിരിക്കണം. കയ്യിലും പോക്കറ്റിലും വാരിയെറിയാനുംമാത്രം കുറേ പണം ഉണ്ടായിരിക്കണം.’

സൻജോയ് ഭയ്യാ, ഞാൻ പേടിച്ചതു സംഭവിച്ചോ? നിന്റെ പ്രാന്തൻമോഹം സത്യമായി വന്നോ? ഞാൻ ഓർക്കുന്നു, നമ്മൾ അവസാനം കണ്ടുപിരിഞ്ഞ രാത്രിയിൽ നീ ഒരു വലിയ പണക്കാരനായിരുന്നു. നിന്റെ കയ്യിലും പോക്കറ്റിലും ധാരാളം പണമുണ്ടായിരുന്നു, വാരിയെറിയാനും മാത്രം !

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രഫസറുമാണ്.)

English Summary : Dr. Madu Vasudevan's loving reminder on friendship day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA