ലോക സൗഹൃദ ദിനം; ചരിത്രവും സവിശേഷതകളും അറിയാം

history-and-significance-of-friendship-day
Image Credits :Aniwhite / Shutterstock.com
SHARE

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന് നമ്മുടെ പഴമക്കാര്‍ ചുമ്മാതങ്ങ് പറഞ്ഞതല്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളാണ് സുഹൃത്തുക്കള്‍. ഒരുപക്ഷേ, പലരുടെയും ജീവിതത്തില്‍ മാതാപിതാക്കളെക്കാളും നിര്‍ണ്ണായകമാകുക സുഹൃത്തുക്കളാണ്. ഒരാളെ വീഴ്ത്താനും ഉയര്‍ത്താനുമൊക്കെ കൂടെ നില്‍ക്കുന്ന ചങ്ങാതിമാര്‍ക്ക് സാധിക്കും. നല്ല സൗഹൃദങ്ങളാണ് പലരുടെയും ജീവിത സമ്പാദ്യം തന്നെ. സൗഹൃദമെന്നത് സ്‌നേഹത്തിന്റെ പര്യായമാണെന്നു നിസംശയം പറയാം. 

ചങ്ങാതിമാര്‍ക്ക് വേണ്ടിയുള്ളതാണ് സൗഹൃദ ദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ. ജൂലൈ 30നാണ് രാജ്യാന്തര സൗഹൃദ ദിനമെങ്കിലും ഇന്ത്യ, മലേഷ്യ, യുഎഇ, ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഓഗസ്റ്റിലെ ആദ്യ ഞായറാണു സൗഹൃദ ദിനമായി ആചരിക്കുന്നത്.

∙ ഇതാണ് ടീമേ നമ്മടെ ചരിത്രം

ഹാള്‍മാര്‍ക്ക് കാര്‍ഡ്‌സിന്റെ സ്ഥാപകനായ അമേരിക്കക്കാരൻ ജോയ്‌സ് ഹാളാണ് ആദ്യമായി സൗഹൃദ ദിനം ആഘോഷിക്കുന്നത്. 1930ല്‍ ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അത്. ഈ ദിനത്തില്‍ എല്ലാവരും ഒത്തുചേര്‍ന്നു തങ്ങളുടെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍ ഗ്രീറ്റിങ് കാര്‍ഡുകള്‍ വില്‍ക്കാനുള്ള ജോയ്‌സിന്റെ ബിസിനസ് തന്ത്രമാണ് ഇതെന്നു ബോധ്യമായതോടെ, ജനങ്ങള്‍ ഈ ദിനം കൈവിട്ടു. അങ്ങനെ അമേരിക്കയില്‍ ഓഗസ്റ്റ് രണ്ട് ലോക സൗഹൃദ ദിനമായി ആചരിക്കുന്ന പതിവ് മാറി. എങ്കിലും സൗഹൃദ ദിനമെന്ന ആശയത്തിന് പ്രചാരം ലഭിക്കാൻ ഇതു കാരണമായി.

1958ൽ രാജ്യാന്തര സിവില്‍ സംഘടനയായ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ്, ജൂലൈ 30 രാജ്യാന്തര സൗഹൃദ ദിനമായി ആഘോഷിക്കണമെന്ന ശുപാര്‍ശ മുന്നോട്ടു വച്ചു. പിന്നീട് 1998ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഭാര്യ നാനേ അന്നന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ‘വിന്നി ദ് പൂഹി’നെ സൗഹൃദത്തിന്റെ ലോക അംബാസഡറായി പ്രഖ്യാപിച്ചു. 2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ജൂലൈ 30 രാജ്യാന്തര സൗഹൃദ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ഈ ദിനം ആചരിക്കാന്‍ യുഎന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

ജനങ്ങളും രാജ്യങ്ങളും സംസ്‌കാരങ്ങളും വ്യക്തികളും തമ്മിലുള്ള സൗഹൃദം ശക്തമാക്കി, കൂടുതൽ സമാധാനവും സഹകരണവുള്ള ലോകം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിലൂടെ മുന്നോട്ടു വയ്ക്കുന്ന ആശയം. കാര്‍ഡുകളും സമ്മാനങ്ങളും കൈമാറിയും കയ്യില്‍ ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകള്‍ അണിയിച്ചുമൊക്കെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ സൗഹൃദ ദിനം കൊണ്ടാടുന്നു. 

English Summary : History and significance of friendship day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA