ADVERTISEMENT

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി പ്രശസ്ത കഥകളി ഗവേഷകനും വെള്ളിനേഴി കലാഗ്രാമം ചീഫ് കോഓർഡിനേറ്ററുമായ ‌‌‌‌‌ഡോ. വെള്ളിനേഴി അച്യുതൻകുട്ടി മനോരമ ഓൺ ലൈനിനോടു സംവദിക്കുന്നു. ‌‌‌‌‌

നെല്ലിയോടെന്ന ബഹുമുഖ പ്രതിഭ

ബഹുമുഖ പ്രതിഭാശാലിയായിരുന്നു നെല്ലിയോട് വാസുദേവൻ നമ്പൂതിരി. ജീവിതത്തിലും അരങ്ങിലും അദ്ദേഹം അതു പ്രദർശിപ്പിച്ചു. ജീവിതത്തിൽ  പരമസാത്വികനായിരുന്ന അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചതിലേറെയും രൗദ്ര വേഷങ്ങളായിരുന്നു. കഥകളിയിലെ പ്രാദേശിക ശൈലീഭേദങ്ങൾക്ക് അതീതമായി പാത്രാവിഷ്കാരത്തിൽ മാത്രം ഊന്നിയുള്ള പ്രയോഗ വൈശിഷ്ട്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. 

കോട്ടയ്ക്കൽ നാട്യസംഘത്തിലായിരുന്ന കാലത്ത് 1959-ൽ തൃപ്പലമുണ്ട ക്ഷേത്രത്തിൽ സുദർശനം കെട്ടി,  താടിവേഷത്തിലേക്കു പന്തംകൊളുത്തി പ്രവേശിച്ച അദ്ദേഹം പിന്നീട് അവതരിപ്പിച്ച ഓരോ അരങ്ങുകൾക്കും, കഥാപാത്രങ്ങൾക്കും നവനവ അവതരണമാനങ്ങൾ സമ്മാനിച്ച് പ്രേക്ഷകവൃന്ദത്തിന് അവിസ്മരണിയവും വ്യത്യസ്തവുമായ അനുഭവമാക്കി. അദ്ദേഹത്തിന്റെ  അഗാധമായ പുരാണ പരിജ്ഞാനവും കണക്കറ്റ അരങ്ങനുഭവങ്ങളും അടങ്ങിയ ഇത്തരം പരീക്ഷണങ്ങൾ പലതും പിൽക്കാലത്ത് ചിട്ടയായി കഥകളിലോകം അംഗീകരിച്ചു.

nelliyode-vasudevan-namboodiri-5
നെല്ലിയോട് വാസുദേവൻ നമ്പൂതിരി ബകവധത്തിലെ ആശാരിയായി അരങ്ങത്ത്

ചുവന്നതാടിയിലെ പരീക്ഷണങ്ങൾ 

ചുവന്നതാടി വേഷങ്ങൾ അനശ്വരമാക്കിയ, തന്റെ ഗുരുസ്ഥാനീയനായ വെള്ളിനേഴി നാണുനായരുടെ നാമധേയത്തിലുള്ള വെള്ളിനേഴി നാണുനായർ കലാകേന്ദ്രത്തിന്റെ വാർഷികങ്ങൾക്കു താടിയരങ്ങ് എന്ന ഔചിത്യപൂർണമായ പരിവേഷം നൽകാൻ മുൻകയ്യെടുത്തത് നെല്ലിയോടാണ്. 2008-ലെ ആദ്യത്തെ താടിയരങ്ങിൽ അദ്ദേഹം രചിച്ച് അവതരിപ്പിച്ച ചുവന്നതാടി പുറപ്പാട് ചരിത്ര സംഭവമായി. രാവണോത്ഭവത്തിലെ മാല്യവാൻ, മാലി, സുമാലി സഹോദരന്മാർ ചുവന്നതാടികളായി ഒന്നിക്കുന്ന അപൂർവത ഉപയോഗപ്പെടുത്തിയായിരുന്നു അത് ചിട്ടപ്പെടുത്തിയത്. അതിന്റെ അവതരണാനുമതിക്കായി കലാമണ്ഡലം രാമൻകുട്ടി നായരെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 

‘ചോന്നാടിക്ക് ഒരു പുറപ്പാട് ഞാൻ ഇതുവരെ കേട്ടിട്ടില്ല. കണ്ടിട്ടുമില്ല. തിരുമേനിയുടെ ആഗ്രഹമല്ലെ. നന്നാവും. അനൗ ചിത്യം വരില്ല.’

 അങ്ങനെ നെല്ലിയോടും, കലാമണ്ഡലം കേശവദേവും, നാണുനായരുടെ പുത്രനായ കലാമണ്ഡലം നാരായണൻ കുട്ടിയും ചേർന്ന് പുറപ്പാടെടുത്തു.

ദുശ്ശാസനൻ, ത്രിഗർത്തൻ (ഉത്തരാസ്വയംവരം, നിഴൽക്കുത്ത്), ദക്ഷയാഗം വീരഭദ്രൻ തുടങ്ങി എല്ലാ പ്രധാന താടിവേഷങ്ങളും ഒന്നിനൊന്ന് ഗംഭീരമാണ്. നളചരിതത്തിലെ കലിക്കും, രാജസൂയം ജരാസന്ധനും തനതായ ഭാഷ്യം അദ്ദേഹം രചിച്ചിട്ടുണ്ട്. നളചരിതത്തിന് രചിച്ച സമ്പൂർണ്ണ രംഗപാഠം പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹം ഏറെ മോഹിച്ചു. ഇഷ്ടവേഷമായ ബാലിവധത്തിലെ ബാലിയെപ്പോലെയാകണം എന്ന് നിശ്ചയിച്ചുറപോലെ ആയിരുന്നല്ലോ അദ്ദേഹത്തിന്റെ അരങ്ങിലെ അന്ത്യം.

nelliyode-vasudevan-namboodiri-3

ഗണേഷ് നീലകണ്ഠയ്യർ രചിച്ച മൂകാംബികാമാഹാത്മ്യത്തിലെ  കംഹാസുരനും ചുവന്ന താടിയുടെ സവിശേഷമായ അവതരണം കഴ്ചവയ്ക്കുന്നുണ്ട്. ഇന്ദ്രപദം ലഭിയ്ക്കാനായുള്ള തപസ്സാട്ടവും, പടപ്പുറപ്പാടും, സഹസ്രാഥ, അഹല്യാ ചരിത്രം എന്നിവ ഉദ്ധരിച്ചുള്ള ഇന്ദ്രാധിക്ഷേപവും, യുദ്ധവട്ടവും താടിക്ക് ആദ്യവസാന നിലവാരം നൽകുന്നുണ്ട്. സ്വയം രചിച്ച്, ആട്ടപ്രകാരം നിശ്ചയിച്ച ശംഖചൂഢവധത്തിലെ ശംഖചൂഢന്റെ അവതരണവും   ആത്മഗദം, യുദ്ധവട്ടം എന്നിവയാൽ  താടിക്ക് ഏറെ മോടി കൂട്ടുന്നു.

പൂതനയും മറ്റു കഥാപാത്രങ്ങളും 

ഏതു വേഷമിട്ടാലും ആ കഥാപാത്രമായി മാറുന്ന സ്വഭാവമായിരുന്നു.നളചരിതത്തിലെയും കിരാതത്തിലെയും കാട്ടാളന്മാർ അദ്ദേഹത്തിന് പ്രിയമായിരുന്നു. നക്രതുണ്ഡി, പൂതന തുടങ്ങിയ പെൺകരികളുടെ ചേഷ്ടകളും, ലാസ്യനൃത്തകേളികളും നിണങ്ങളും അതീവ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. കണ്ടും കേട്ടും ശീലിച്ച സ്റ്റീരിയോ ടൈപ് പൂതനയായിരുന്നില്ല നെല്ലിയോടിന്റേത്. കംസന്റെ ആജ്ഞാനുവർത്തിയായി തിരിക്കുന്ന ഈ പെൺകരി, മഹാവിഷ്ണുവിന്റെ പൂർവാവതാര സാക്ഷിയായ സുകൃതമതിയാണ്. നവജാതബാലനെ ഗളഛേദം ചെയ്യാനല്ല, വാമന ബാലനെ മുലയൂട്ടി സായൂജ്യമടയാനുള്ള ആകാംക്ഷയോടെയാണു പൂതന അമ്പാടിയിലേയ്ക്ക് യാത്രയാകുന്നത്. അതുകൊണ്ടുതന്നെ, കരിയുടെ തിരനോക്കിനുശേഷം എന്റെ ജീവിതാഭിലാഷം ഇതുവരെ സഫലമായില്ലല്ലോ എന്നാരംഭിക്കുന്ന തന്റേടാട്ടത്തിൽ വാമനാവതാരം വർണിക്കുന്നു. കംസനോടുള്ള പദത്തിൽ

 ‘അമരപരി തരുണിമാർ അടിമലർതൊഴും’  

എന്നിടത്ത് ഉർവ്വശീ ജനനം സന്ദർഭോചിതമായി അവതരിപ്പിക്കുന്നുണ്ട്. 

‘വാഹസകുലങ്ങളുടെ വക്രേത വഴിയെന്നു 

nelliyode-vasudevan-namboodiri-2
നെല്ലിയോട് വാസുദേവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ചുവന്നതാടി പുറപ്പാട് വെള്ളിനേഴി നാണുുനായർ സ്മാരക കലാകേന്ദ്രത്തിൽ 2008ൽ അവതരിപ്പിച്ചപ്പോൾ, മധ്യത്തിൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരി

ഗാഹനം ചെയ്യുന്നു ഗജയൂഥപങ്ങൾ’  എന്ന പദത്തിൽ പൂതന അഷ്ടകലാശമെടുത്ത് ആനന്ദപുളകിതയാവുന്നു. അതോടെ ഒരു പെൺകരിക്ക് ഒരു ഒന്നാംകിട വേഷത്തിന്റെ ആട്ടപ്രകാരവും, അഷ്ടകലാശവും സഫലമാകുന്നു.

ബകവധത്തിലെ ആശാരിയും കുചേലവൃത്തത്തിലെ കുചേലനും അദ്ദേഹത്തിന്റെ പ്രസിദ്ധ മിനുക്കു വേഷങ്ങളായിരുന്നു. മനസാ വാചാ കർമണാ കൃഷ്ണഭക്തനായിരുന്ന ഈ ബ്രാഹ്മണന് കുചേലനായി അഭിനയിക്കേണ്ടതില്ലായിരുന്നു. ആ രൂപവും കഥാപാത്രത്തിന് ഏറ്റവും അനുയോജ്യം തന്നെയായിരുന്നു. വിദുരരയച്ചു വരുത്തുന്ന നെല്ലിയോടിന്റെ ഖനകനായ ആശാരി സൂത്രശാലിയും സരസനുമാണ്. കൃഷ്ണാനുഗ്രഹീതരായ പാണ്ഡവരോടുള്ള ഭക്തിബഹുമാനാദരവിനോടൊപ്പം, കലാശങ്ങളിലുള്ള വക്രതയിലും ആശാരിയുടെ പ്രവൃത്തിയിലുമുള്ള സാരസ്യം കഥാപാത്രത്തിനു മിഴിവേകുന്നു. ലവണാസുരവധം, തോരണയുദ്ധം, കല്യാണസൗഗന്ധികം കഥകളിലെ ഹനുമാനായും അദ്ദേഹം ശോഭിച്ചു.

ഡോൺ കിഹോത്തെയെന്ന അരങ്ങനുഭവം

വേഷമിടാതെത്തന്നെ അദ്ദേഹം കഥാപാത്രമായ കഥയാണ് ഡോൺ കിഹോത്തെ. സെർവാന്തസ്സിന്റെ സ്പാനിഷ് നോവലിനു ഡോ. പി.വേണുഗോപാൽ രചിച്ച കഥകളി ആവിഷ്ക്കാരത്തിനായി സംവിധായകനായ യെമൊ നെല്ലിയോടിനെ ആദ്യമായി കണ്ടപ്പോൾത്തന്നെ പറഞ്ഞു: ഇതാണ് എന്റെ മനസ്സിലെ കിഷാനൊ, താമസിയാതെ, കഥകളിയുടെ ആഹാര്യപ്പൊലിമകളൊന്നുമില്ലാതെ സ്വന്തം താടിയും വെള്ളമുണ്ടും ധരിച്ച് അരങ്ങിലെത്തി സ്പാനിഷ് ജനതയുടെ സ്വന്തം കിഷാനൊ ആയി മാറി.

nelliyode-vasudevan-namboodiri-4
നെല്ലിയോട് വാസുദേവൻ നമ്പൂതിരി വെള്ളിനേഴി കലാഗ്രാമത്തിലെ വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രത്തിൽ താടി അരങ്ങിനെത്തിയപ്പോൾ, ഡോ വെള്ളിനേഴി അച്യുതൻകുട്ടി സമീപം

സമർപ്പിത ജീവിതം 

കോട്ടയ്ക്കൽ ചന്ദ്രശേഖരവാര്യരുടെ ഷഷ്ടിപൂർത്തി സ്മരണികയിൽ അദ്ദേഹം എഴുതി 

വിശ്വത്തിലീ കഥകളിക്കളി മിത്ഥ്യയല്ല 

സൃഷ്ടിസ്ഥിതി പ്രളയസംഹൃതി തന്നെ പാർത്താൽ

ഇതു തന്നെയായിരുന്നു ജീവിതത്തിലും കഥകളിയോടുള്ള അദ്ദേഹത്തിന്റെ സമീപനം. ആഹാര്യമില്ലാതെ അരങ്ങിലല്ലാതെ കിടന്നപ്പോഴും, തന്റെ അവസാന ശ്വാസത്തിലും പദം പാടി കഥകളിയീശന്മാരിൽ ആ മഹാത്മാവ് സായൂജ്യമടഞ്ഞു.

കുലത്തൊഴിലായ പൂജാവിധികളും, തന്ത്രാദികളും കൂടാതെ പ്രൈവറ്റായി സ്കൂൾ വിദ്യാഭ്യാസവും നേടിയ ശേഷമാണ് 17-ാം വയസ്സിൽ കോട്ടയ്ക്കൽ പി എസ് വി നാട്യസംഘത്തിൽ ചേർന്ന്, വാഴേങ്കട കുഞ്ചുനായരിൽ നിന്നു കച്ചയും മെഴുക്കും വാങ്ങി കഥകളി അഭ്യസനം ആരംഭിച്ചത്. അതേ കൊല്ലം സെപ്റ്റംബറിൽ സുഭദ്രാഹരണം കൃഷ്ണനായി അരങ്ങേറ്റം കഴിഞ്ഞു. അന്ന് കോട്ടയ്ക്കൽ ശിവരാമനും, കോട്ടയ്ക്കൽ കുട്ടിക്കൃഷ്ണൻ നായരും കൂട്ടുവേഷക്കാരായിരുന്നു. പാട്ടിന് വെങ്കിടകൃഷ്ണ ഭാഗവതരും. 4 വർഷത്തെ അഭ്യസനത്തിനുശേഷം, 1960-ൽ ആശാനോടൊപ്പം കലാമണ്ഡലത്തിൽ എത്തി അവിടെ 4 കൊല്ലം കൂടി അഭ്യസനം പൂർത്തിയാക്കി. 1975-ൽ തിരുവനന്തപുരം അട്ടകുളങ്ങര സ്കൂളിൽ കഥകളി അദ്ധ്യാപകനായി. 1995-ൽ വിരമിച്ചു.

(പ്രശസ്ത കഥകളി നിരൂപകനായ ഡോ. വെള്ളിനേഴി അച്യുതൻ കുട്ടി ഈ രംഗത്തെ അവസാന വാക്കുകളിൽ ഒരാളാണ്. അദ്ദേഹം രചിച്ച കഥകളിപ്പദങ്ങൾ എന്ന ഗ്രന്ഥത്തിന് കേരള കലാമണ്ഡലം പുരസ്കാരം ലഭിച്ചു. കഥകളിയെപ്പറ്റി സമഗ്രമായി വിവരിക്കുന്ന കഥകളിയുടെ കൈപ്പുസ്തകം, വെള്ളിനേഴി കലാഗ്രാമവും വള്ളുവനാടൻ കലകളും, പാർവതീയം, എന്നിവയാണു മറ്റു ഗ്രന്ഥങ്ങൾ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com