ADVERTISEMENT

മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം, മലയാളികൾക്ക് സെപ്റ്റംബർ 7 എന്ന തീയതി വിശേഷപ്പെട്ടത് ആകുന്നതിന്റെ കാരണം അതാണ്. മമ്മൂട്ടിയുടെ പഴ്സനൽ സ്റ്റൈലിസ്റ്റ് അഭിജിത്തിനും ആ ദിവസം കൂടുതൽ സ്പെഷലാണ്. ഒരു സെപ്റ്റംബർ ഏഴാം തീയതിയാണ് മമ്മൂട്ടിയുടെ ശ്രദ്ധ അഭിജിത്തിൽ പതിയുന്നത്. പേടിച്ചും വിറച്ചും അന്നാദ്യമായി മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ, ജീവിതത്തിലെ ഒരു പുതിയൊരു ഘട്ടം തുടങ്ങുകയായിരുന്നു എന്ന് അയാൾക്കറിയില്ലായിരുന്നു. പിന്നീട് ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ മനോഹരമായിരുന്നു. മഹാനടന്റെ എഴുപതാം ജന്മവാർഷികത്തിൽ, ജീവിതം മാറിമറഞ്ഞ ആ ദിനത്തെക്കുറിച്ച് അഭിജിത്ത് മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.

‘‘ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ്, രണ്ടു വർഷം മറ്റു ചില ജോലികൾ ചെയ്തശേഷമാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ഫെഫ്കയുടെ അംഗത്വം എടുത്ത് കോസ്റ്റ്യൂം അസിസ്റ്റന്റ്് ആയി ജോലി ചെയ്തു തുടങ്ങി. തുടർച്ചയായി ഏതാനും മമ്മൂട്ടി സിനിമകൾ ചെയ്തു. ഡ്രസ്സ് ഏതെന്നു തീരുമാനിക്കാനും വാങ്ങാനുമൊക്കെ മമ്മൂക്കയുടെ ആൾക്കാരുണ്ട്. ഡ്രസ് കൃത്യമായി ഒരുക്കി ബന്ധപ്പെട്ടവരെ ഏൽപ്പിക്കുക എന്നതാണ് എന്റെ ജോലി. മമ്മൂക്കയുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യമില്ല. ഞാൻ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തി ആണെങ്കിലും നേരിൽ കാണുമ്പോൾ എന്റെ നെഞ്ചിടിക്കുകയും പേടി തോന്നുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഡ്രസ്സ് ഒരുക്കിയശേഷം എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കുകയാണ് പതിവ്. അങ്ങനെയൊക്കെ ആണെങ്കിലും മമ്മൂക്കയ്ക്കു വേണ്ടി ഒരു ഡ്രസ്സ് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അതു ധരിച്ച് കാണണമെന്നും എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ അതൊരു അതിമോഹമാണെന്ന് നിസംശയം പറയാം. 

അങ്ങനെ പുതിയ നിമയത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. അന്നൊരു സെപ്റ്റംബർ 7 ആയിരുന്നു. ഒരു സ്കൂളിലായിരുന്നു ഷൂട്ട്. മമ്മൂക്കയുടെ ജന്മദിനം ആയതുകൊണ്ട് തന്നെ വലിയ തിരക്കായിരുന്നു. ആശംസ അറിയിക്കാനും സമ്മാനം നൽകാനും പലരും വന്നു പോകുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നതിൽ കൂടുതലും വസ്ത്രങ്ങളായിരിക്കും. ഞാൻ തിരഞ്ഞെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ച് കാണണമെന്ന ആഗ്രഹം എന്നിൽ ശക്തമായിരിക്കുന്ന സമയം ആയിരുന്നു അത്. ഞാനൊരു ഷർട്ട് വാങ്ങി വച്ചിരുന്നു. ഒരു പേസ്റ്റൽ യെല്ലോ ഷർട്ട്. വലിയ ബ്രാൻഡോ, ഉയർന്ന വിലയുടേതോ ഒന്നുമായിരുന്നില്ല അത്. ഉച്ചഭക്ഷണത്തിന്റെ സമയത്ത്, ഷോട്ടിനു വേണ്ടി ധരിച്ചിരിക്കുന്ന വസ്ത്രം ഊരി വയ്ക്കും. അതില്‍ കറിയൊന്നും ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പഴയ ഏതെങ്കിലും ഷർട്ടും ലുങ്കിയുമായിരിക്കും മമ്മൂക്ക ആ സമയത്ത് ധരിക്കുക. അന്ന് പഴയ ഷർട്ടിനു പകരം ഞാൻ വാങ്ങിയ പുതിയ ഷർട്ട് അവിടെ വച്ചു. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഞാൻ തിരഞ്ഞെടുത്ത വസ്ത്രം ധരിച്ച് അദ്ദേഹത്തെ കാണാമല്ലോ എന്ന ചിന്തയായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വലിയ ബ്രാൻഡ് അല്ലാത്തതുകൊണ്ട് ഷർട്ടിലെ ടാഗുകളൊക്കെ ഞാൻ നീക്കിയിരുന്നു.

abhijith-mammootty-1

ബ്രേക്കിന് മമ്മൂക്കയ്ക്കൊപ്പം കാരവനിൽ കയറി തിരിച്ചിറങ്ങിയ ജോർജേട്ടൻ എന്റെ അടുത്തേക്ക് വന്നു. ഷോട്ടിനുള്ള ഡ്രസ് മാറുന്ന സമയത്ത് നിന്നോടും വരാൻ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞു. അതോടെ ഞാൻ പേടിച്ച് വിറയ്ക്കാൻ തുടങ്ങി. കുഴപ്പമായോ, ചീത്ത പറയാനാണോ എന്നൊക്കെയായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. ‘വേണ്ട ജോർജേട്ട, ഞാനിവിടെ നിന്നോളാം. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി’ എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘എങ്കിൽ ശരി’ എന്നു പറഞ്ഞ് അദ്ദേഹം പോവുകയും ചെയ്തു. അങ്ങനെ ഡ്രസ് മാറുന്ന സമയം. ജോർജേട്ടൻ വന്ന് ‘മമ്മൂക്ക നിന്നെ വിളിക്കുന്നു’ എന്ന് പറഞ്ഞു. ഞാനാകെ പേടിച്ചു. മമ്മൂക്ക ഉള്ളപ്പോൾ ആദ്യമായാണ് അന്ന് കാരവനിലേക്ക് കയറുന്നത്. എന്നെ കണ്ടപ്പോൾ ‘നീ ആണോ ഈ ഷര്‍ട്ട് വാങ്ങിയത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. അതെ എന്നു പറഞ്ഞപ്പോൾ ‘എന്തിനാണ് ഇതെടുത്തത്’ എന്നായി. ‘ഒന്നുമില്ല. ബ്രേക്കിനിടാൻ വേണ്ടി എടുത്തതാണ്’ എന്നു ഞാൻ പറഞ്ഞു. ഇതെവിടെ നിന്നാണെന്നും ഏതു ബ്രാൻഡാണെന്നും ചോദിച്ചപ്പോൾ, വെറുതെ എടുത്തതാണെന്നും ഇതൊരു സാധാരണ ബ്രാൻഡ് ആണെന്നും ഞാൻ പറഞ്ഞു. ‘നല്ല കളറും തുണിയുമാണ്. ഇത് ബ്രേക്കിന് വയ്ക്കണ്ട. ഞാൻ കൊണ്ടു പോകുകയാണ്. ഉപയോഗിച്ചോളാം’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എന്റെ വിറ ഒന്നു കുറഞ്ഞത്. ഞാൻ ഒരുപാട് ആഗ്രഹിച്ച് അദ്ദേഹത്തിന് വേണ്ടി വാങ്ങിയ വസ്ത്രം ഇഷ്ടപ്പെട്ടെന്നും എടുക്കുകയാണെന്നും പറഞ്ഞതോടെ എനിക്ക് സന്തോഷമായി. 

‘എന്താണ് പേര്, നീ എത്ര നാളായി ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്, എന്താണു പഠിച്ചത്’ എന്നീ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒന്നര വർഷത്തോളമായി അസിസ്റ്റന്റായി വർക് ചെയ്തിട്ടും നിന്നെ ഇതുവരെ കണ്ടില്ലല്ലോ എന്നായി അദ്ദേഹം. പേടിച്ച് മുങ്ങി നടക്കുകയായിരുന്നു ഞാനെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ. അങ്ങനെ പരിചയപ്പെട്ടു. ‘നീ ഇടയ്ക്ക് ഡ്രസ്സ് എടുത്ത് കൊണ്ടു വാ. നമുക്ക് നോക്കാം’ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കണ്ണു നിറഞ്ഞാണ് ഞാൻ അന്ന് കാരവനിൽനിന്ന് ഇറങ്ങിയത്. വില കൂടിയ, നിരവധി ഡ്രസ്സുകൾ സമ്മാനമായി ലഭിച്ച ഒരു ദിവസമാണ് ഞാന്‍ വാങ്ങിയ ഒരു സാധാരണ ഷർട്ട് ഇഷ്ടമായെന്നും അതു കൊണ്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞത്. എനിക്ക് അതിൽ കൂടുതൽ എന്താണു വേണ്ടത് ?. 

എന്നാൽ യഥാർഥ ട്വിസ്റ്റ് അവിടെ ആയിരുന്നില്ല. അടുത്ത സിനിമയുടെ പ്രൊഡ്യൂസറോട് ‘കോസ്റ്റ്യൂം ഇവൻ ചെയ്തോളും’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഗ്രേറ്റ് ഫാദറിൽ അദ്ദേഹത്തിന് കോസ്റ്റ്യൂം ഒരുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. വലിയൊരു സിനിമയിൽ, ഉയർന്ന വിലയുള്ള ഡ്രസ്സുകൾ ഉപയോഗിക്കുന്ന ഒരു കഥാപാത്രത്തെ ഒരുക്കാനുള്ള അവസരമാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിൽ എനിക്ക് ലഭിച്ചത്. വെറും ഒരു തുടക്കക്കാരനായ, ഏതാനും സിനിമകളിൽ മാത്രം അസിസ്റ്റന്റായി പ്രവർത്തിച്ച എനിക്കത് സങ്കൽപിക്കാൻ ആവുന്നതിലും വലിയ അവസരമായിരുന്നു. ആവശ്യമുള്ള കോസ്റ്റ്യൂം ദുബായിൽ പോയി വാങ്ങാനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിത്തന്നു. 

മമ്മൂക്ക കാരണം സിനിമയിലേക്ക് വന്ന പുതിയ അഭിനേതാക്കൾ, സംവിധായകർ, എഴുത്തുകാർ എന്നിവരെ കുറിച്ച് നമ്മൾ പലപ്പോഴും കേട്ടു കാണും. എന്നാൽ സിനിമയിലെ മറ്റു മേഖലകളിൽ നിരവധി ആളുകൾക്ക് മമ്മൂക്കയിലൂടെ അവസരം ലഭിച്ചിട്ടുണ്ട്. ടെക്നിക്കൽ മേഖലയിലുള്ള അത്തരം ആളുകളെ കുറിച്ച് നമ്മൾ അറിയുന്നില്ലെന്നു മാത്രം.

സിനിമാ മേഖലയിൽ സുദീർഘമായ അനുഭവ സമ്പത്തും ഫാഷനെക്കുറിച്ച് അപാരമായ അറിവും കൈമുതലായി ഉള്ള വ്യക്തിയാണ് മമ്മൂക്ക. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വർക് ചെയ്ത് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചു. മികച്ച കോസ്റ്റ്യൂമുകൾ ഒരുക്കാൻ അദ്ദേഹം പറയുന്ന കാര്യങ്ങൾ പിന്തുടർന്നാൽ മാത്രം മതിയാവും. കുറച്ചെങ്കിലും ആളുകൾ ഇന്ന് എന്നെ അറിയുന്നുണ്ടെങ്കിൽ, ഇങ്ങനെ മാധ്യമങ്ങളിൽനിന്ന് വിളിച്ച് എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ, അതിനെല്ലാം കാരണം മമ്മൂക്ക എന്ന വലിയ മനുഷ്യനാണ്. എന്റെ ജീവിതം മാറ്റി മറിച്ച വ്യക്തി. അദ്ദേഹത്തിനായി ഒരുപാട് കോസ്റ്റ്യൂമുകൾ ഒരുക്കാൻ ഇനിയും എനിക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാണു പ്രാർഥന.

English Summary : Mega Star Mammooty's stylist sharing his life-changing experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com