പ്രണയമില്ല, ദാമ്പത്യം വിരസം; പരിഹരിക്കാൻ പങ്കാളികൾ ചെയ്യേണ്ടത്

relationship-tips-for-people-who-lost-love-and-interest-in-marriage-life
Image Credits : YAKOBCHUK VIACHESLAV / Shutterstock.com
SHARE

ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് എത്ര വേഗം മനസിലാക്കുന്നോ, അത്രയും വേഗം മറികടക്കുവാനും നമുക്ക് സാധിക്കും. പ്രശ്നങ്ങൾ ഇല്ലാത്തവരല്ല നമ്മൾ ചുറ്റും കാണുന്ന ‘ഹാപ്പി കപ്പിൾസ്’. മറിച്ച് ഈ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിവുള്ളവരാണ്. 

∙ ആശയവിനിമയത്തിലെ പ്രശ്നങ്ങൾ 

മിക്ക പ്രശ്നങ്ങൾക്കും കാരണം ശരിയായ ആശയവിനിമയം ഇല്ലാത്തതാണ്. മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടല്ല പങ്കാളിയോട് സംസാരിക്കേണ്ടത്. പരസ്പരം സംസാരിക്കാനായി പ്രത്യേകം സമയം കണ്ടെത്തുക. കുട്ടികൾ, ഫോൺ എന്നിവ തടസമാകാതെ, മനസ്സ് തുറന്ന് സംസാരിക്കാനാവണം.

ഒച്ചയിടാതെ സംസാരിക്കാനോ തർക്കിക്കാനോ കഴിയില്ല എന്ന് ഉറപ്പുള്ള സാഹചര്യം ആണെങ്കിൽ ഒരു ലൈബ്രറിയോ, റസ്റ്ററന്റോ തിരഞ്ഞെടുക്കുക. സംയമനം പാലിക്കാൻ ഇതു സഹായിക്കും. 

‘നിങ്ങൾ എപ്പോഴും ഇങ്ങനെയാണ്’ എന്ന തരത്തിലുള്ള വ്യക്തതയില്ലാത്ത ആരോപണങ്ങൾ തർക്കിക്കുമ്പോൾ ഒഴിവാക്കുക. പരസ്പരം സംസാരം തടസപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക.

പങ്കാളി സംസാരിക്കുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ട് എന്നതു ശരീരഭാഷയിലും പ്രതിഫലിക്കണം. ഏതു കാര്യവും മിനുസപ്പെടുത്തി, പങ്കാളിയെ മാനസികമായി മുറിപ്പെടുത്താതെ പറയാൻ ശ്രദ്ധിക്കുക. 

∙ ലൈംഗിക ബന്ധം

മാനസികമായി ഐക്യപ്പെടുമ്പോഴും ചില പങ്കാളികൾ ശാരീരികമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നുണ്ടാവും. ദാമ്പത്യത്തിൽ സെക്സ് വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്.

സെക്സിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനാവുന്നതല്ല എന്നു തോന്നിയാൽ ഒരു റിലേഷൻഷിപ് വിദഗ്ധനെ കാണുന്നതു ഗുണം ചെയ്യും. 

∙ സാമ്പത്തിക പ്രശ്നങ്ങൾ 

സാമ്പത്തിക പ്രശ്നങ്ങൾ ജീവിതം ദുഷ്കരമാക്കും. സാമ്പത്തിക കാര്യങ്ങളിലെ സമ്മർദ്ദം ഒരാളിലേക്ക് ചുരുങ്ങാൻ ഇടവരരുത്. നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു രണ്ടുപേർക്കും ധാരണ വേണം. സാമ്പത്തിക പ്രശ്നങ്ങൾക്കനുസരിച്ച് ജീവിതച്ചെലവുകൾ ക്രമീകരിച്ച് മുന്നോട്ടു പോവുക. ഏതു പ്രശ്നവും ഒന്നിച്ച് നേരിടുമെന്ന് ചിന്ത  സൃഷ്ടിക്കാനും ഇതു സഹായിക്കും.

∙ വീട്ടുജോലികൾ 

വീട്ടു ജോലികൾ മുൻകൂട്ടി തീരുമാനിക്കുകയും അതു കൃത്യമായി പിന്തുടരുകയും ചെയ്യുക. ഭാവിയിൽ കലഹങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കും. വീട്ടിലെ ജോലികൾ ഭാഗിക്കുമ്പോൾ പങ്കാളിയുടെ ജോലിഭാരം പരിഗണിക്കാൻ തയാറാകണം.

താൽപര്യമുള്ള ജോലികൾ ഏറ്റെടുത്തും ചെയ്യാൻ മടിയുള്ളവ പങ്കാളിയോട് തുറന്നുപറഞ്ഞും പരസ്പര സഹകരണം നിലനിർത്തുക.

∙ ബന്ധങ്ങൾക്ക് മുൻഗണന 

ദാമ്പത്യത്തിലെ ആദ്യ നാളുകൾ കഴിയുമ്പോൾ ബന്ധങ്ങളുടെ ഊഷ്മളതയിൽ മാറ്റം ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ബന്ധം പ്രണയാർദ്രമായി നിർത്താൻ കൂടുതൽ പ്രയത്നം ആവശ്യമാണ്. 

കൃത്യമായ ഇടവേളകളിൽ ഒന്നിച്ച് യാത്രകൾ പോവുക. പരസ്പരം പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. ഒന്നിച്ച് വ്യായാമം ചെയ്യുക, ഉദ്യാനം ഒരുക്കുക എന്നിവയെല്ലാം ദാമ്പത്യത്തിൽ ഊഷ്മളതയും പ്രണയവും നിലനിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്.

∙ വിശ്വാസ പ്രശ്നങ്ങൾ 

പങ്കാളിയോടുള്ള വിശ്വാസത്തിന് മുറിവേറ്റിട്ടുണ്ടെങ്കിൽ ആ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം. ഇല്ലെങ്കിൽ ദാമ്പത്യം ദുഷ്കരമാകും. ഇത്തരം പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചു വച്ചാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. 

English Summary : Tips for Building a Healthy Relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA