മറ്റൊരു ശരീരത്തിൽ അകപ്പെട്ട് കിടക്കുകയായിരുന്നു, ഇപ്പോൾ ഞാൻ സ്വതന്ത്രനായി: ആഡം ഹാരി

HIGHLIGHTS
  • കുറച്ച് മനുഷ്യത്വമുണ്ടെങ്കിൽ ഞങ്ങളോട് മാന്യമായി പെരുമാറാനാവും
  • ലിംഗമാറ്റം എന്ന വാക്കിന്റെ ഉപയോഗം അവസാനിപ്പിക്കണം
india-s-first-transman-pilot-adam-harry-s-exclusive-interview
SHARE

‘പ്രിയപ്പെട്ടവരേ... ഈ കാണുന്നത് പാടുകളല്ല.. പങ്കെടുത്ത ഓരോ യുദ്ധത്തിനുശേഷവും എനിക്ക് ലഭിച്ച വ്യക്തിപരമായ വിജയങ്ങളാണ്’– 2021 നവംബർ ഒന്നിന് ആഡം ഹാരി സമൂഹമാധ്യമത്തിൽ കുറിച്ച വരികളാണിത്. ജെൻഡർ അഫർമേഷൻ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു ചിത്രം ഒപ്പമുണ്ടായിരുന്നു. സ്വയം കണ്ടെത്താനുള്ള യാത്രയിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അതെന്ന് ആഡം പറയും. തന്റേതല്ലാത്ത ഉടലിൽ അകപ്പെട്ടപ്പോൾ അനുഭവിച്ച വേദനകളിൽനിന്നു മോചനം നേടിയ ദിവസം. 

രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പൈലറ്റ് ആയി ചരിത്രം കുറിച്ച ആഡം ഹാരി എൽജിബിടി കമ്യൂണിറ്റിയുടെ പോരാട്ടങ്ങൾ, ട്രാന്‍സ്മെൻ ആയുള്ള ജീവിതം, എയർഫോഴ്സിൽ ചേരണമെന്ന ആഗ്രഹം എന്നിവയെക്കുറിച്ച് മനസ്സ് തുറക്കുന്നു:

∙ പൈലറ്റ് ലൈൻസ് നേടിയശേഷം എയർഫോഴ്സിൽ ചേരണമെന്ന ആഗ്രഹം ഹാരി പങ്കുവച്ചിരുന്നു. ആ സ്വപ്നം എവിടെയെത്തി ?

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലായിരുന്നു ഞാൻ പഠിച്ചതും ലൈൻസൻസ് നേടിയതും. എന്നാൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് പൈലറ്റ് ആകാനുള്ള യാതൊരു മാർഗനിർദേശങ്ങളും നമ്മുടെ രാജ്യത്തില്ല. പലതവണ അപേക്ഷ നൽകി. പക്ഷേ പെട്ടെന്നൊന്നും അക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. കോടതി വഴി മുന്നോട്ടു പോകുകയാണ് മുൻപിലുള്ള ഒരു മാർഗം. പക്ഷേ വിധി വരാൻ വർഷങ്ങൾ എടുക്കും. ഒരു കൊമേഴ്സ്യൽ പൈലറ്റ് ആകാൻ തന്നെ സാഹചര്യമില്ലാത്തപ്പോൾ എയർഫോഴ്സിൽ ചേരുകയെന്നത് സമീപകാലത്തൊന്നും സാധ്യമാകുന്ന കാര്യമല്ല. അതുകൊണ്ട്  ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ പോകുകയാണ്. പരിശീലനം നേടി ലൈസൻസ് പുതുക്കേണ്ടതുണ്ട്. 

pilotadamharry-5

∙ എൽജിബിടി കമ്യൂണിറ്റി നമ്മുടെ രാജ്യത്തു നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് ?

ഏതു സ്ഥാപനത്തിൽ പോയാലും നമ്മുടെ ജെൻഡർ എന്താണെന്നു വിശദീകരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് സ്വാഭാവികമാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ജോലിസാധ്യത കുറവാണ്. ജോലി നേടിയാലും വിവേചനം നേരിടേണ്ടി വരുന്നു. സൈന്യത്തിൽ ജോലി ചെയ്യുക എന്നത് നിലവിൽ സ്വപ്നം മാത്രമാണ്. കേരള പൊലീസിൽ ഒരു ട്രാൻസ്ജെൻഡർ ബറ്റാലിയൻ വേണമെന്ന ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ ‍ഡിജിപി എതിർപ്പറിയിച്ചു. അങ്ങനെ ആ ആവശ്യം നിരാകരിക്കപ്പെട്ടു.

എല്ലാ മേഖലയിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണു ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. നിയമപാലനം ഉറപ്പാക്കുന്ന പൊലീസ് പോലെയുള്ള സംവിധാനത്തിൽ പ്രാതിനിധ്യം അത്യാവശ്യമാണ്. വനിതകളുടെ എണ്ണം കൂടിയപ്പോഴാണ് പൊലീസ് സേന സ്ത്രീസൗഹൃദമായത്. അതുപോലെ ട്രാൻസ്ജെൻഡറുകൾ സേനയുടെ ഭാഗമാകുന്നത് എല്‍ജിബിടി കമ്യൂണിറ്റിക്ക് സഹായകരമാകും. ട്രാൻസ്ജെന്‍ഡർ വ്യക്തികളോട് മോശമായി പെരുമാറുന്ന പൊലീസുകാരുടെ എണ്ണം വളരെ കൂടുതലാണ് എന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

അടുത്തിടെ ഞാൻ താമസിക്കുന്ന വീടിന് സമീപം ഒരാൾ മദ്യപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഞാൻ ട്രാൻസ്മെൻ ആണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അതിനുശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്റെ നമ്പറിലേക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങി. അശ്ലീല സന്ദേശങ്ങളും വീട്ടിലേക്ക് വരട്ടേ എന്ന ചോദ്യവുമൊക്കെയായിരുന്നു അവ. ഈ സംഭവം ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. തുടർന്ന് അയാൾ വിളിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ ട്രാൻസ്ജെൻ‌ഡർ ആണെന്ന് അറിയുന്നതുകൊണ്ട് മാത്രം മോശമായി പെരുമാറുന്നവരുണ്ട്. 

∙ ചില സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിന്റെ ഭാഗത്തുനിന്ന് ട്രാൻസ് ഫോബിക് ആയ പ്രവൃത്തി ഉണ്ടാകുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? 

അതു വലിയൊരു പ്രശ്നമാണ്. അവരിൽ ചിലർ പുരോഗമനത്തെക്കുറിച്ചും സ്ത്രീ–പുരുഷ സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് എന്നതാണ് വിരോധാഭാസം. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ പുരോഗമനത്തിന്റെ മുഖമൂടി അഴിഞ്ഞു വീഴുമല്ലോ. ആ സമയത്ത് അവർ അറിയാതെ ട്രാൻസ് ഫോബിക് പരാമർശങ്ങൾ ഉണ്ടാകുന്നു. 

ഡോ.സൗമ്യ സരിൻ ഇതിനൊരു ഉദാഹരണമാണ്. ട്രാൻസ് വ്യക്തികള്‍ക്കു വേണ്ടി വാദിക്കുന്ന, എഴുതുന്ന, വിഡിയോ ചെയ്യുന്ന ആളാണ് അവർ. പക്ഷേ ‘ശിഖണ്ഡി’ എന്ന വാക്ക് അധിക്ഷേപമെന്ന നിലയിൽ അവർ കമന്റ് ചെയ്തതു കണ്ടിരുന്നു. അവർ എന്താണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇത്തരം പ്രയോഗങ്ങളിലെ തെറ്റ് ചൂണ്ടികാട്ടി അതു പിൻവലിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാൽ തിരുത്താൻ തയാറല്ല എന്നായിരുന്നു സൗമ്യയുടെ നിലപാട്. പുരോഗമനവാദികളായ പലരുടെയും കാര്യം ഇങ്ങനെയൊക്കെയാണ്. കയ്യടി നേടാനായി സമൂഹമാധ്യമങ്ങളിൽ പറയുന്നതൊന്നും ജീവിതത്തിൽ നടപ്പാക്കാൻ അവർക്ക് സാധിക്കുന്നില്ല.

∙ പഠനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നല്ലോ. സാമൂഹിക ജീവിതം, ലിംഗസമത്വം എന്നീ കാര്യങ്ങളിൽ ഇന്ത്യയുമായുള്ള വ്യത്യാസം?

ദക്ഷിണാഫ്രിക്ക സുരക്ഷിത രാജ്യമാണ് എന്ന അഭിപ്രായം എനിക്കില്ല. ഇന്ത്യക്കാർക്കെതിരെ പലപ്പോഴും ആക്രമണങ്ങൾ നടക്കാറുണ്ട്. കടുത്ത വംശവെറിയുമായി നടക്കുന്ന ആളുകളെ അവിടെ കാണാം. പക്ഷേ ജെൻഡറിന്റെ കാര്യത്തിൽ പുരോഗമനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാൻ ആരും നിൽക്കില്ല. നിങ്ങൾ ഏതു ജെൻഡർ ആണെന്നോ നിങ്ങളുടെ ലൈംഗിക താൽപര്യം എന്താണെന്നോ നോക്കാൻ ആരും വരില്ല. ഇന്ത്യയിൽ ജാതീയവും മതപരവും വംശീയവുമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ജെൻഡർ ഇഷ്യൂസ് അതിലും ഭീകരമാണ്. സ്ത്രീകളും എൽജിബിടി സമൂഹവും അത്രയേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 

pilotadamharry-4

∙ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമല്ലേ ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാക്കുന്ന ഘടകങ്ങളിലൊന്ന് ?

അതെ. ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പരിശീലനം ആണെന്ന് കരുതുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന വനിതാ കമ്മിഷൻ അംഗത്തിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങളിൽ അതു വ്യക്തമായതാണല്ലോ. ലൈംഗിക വിദ്യാഭ്യാസത്തിൽ അത്രയേറെ പിന്നിലാണ് നമ്മൾ. തുല്യത, ചൂഷണം, വിവിധ ജെൻഡറുകൾ, സാമൂഹിക നീതി, സുരക്ഷ... എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകാൻ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. എന്നാൽ ലൈംഗികത എന്ന വാക്ക് പോലും കുട്ടികൾ കേൾക്കുന്നത് തെറ്റാണ് എന്നും ലൈംഗിക വിദ്യാഭ്യാസം എതിർക്കപ്പെടേണ്ടതാണ് എന്നും വിശ്വസിക്കുന്നവരുമാണ് ചുറ്റിലുമുള്ളത്. പ്രശ്നം എത്ര ഗുരുതരമാണെന്ന് അതു വ്യക്തമാക്കുന്നു.

മെ‍ഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പോലും ഹോമോസെക്‌ഷ്വാലിറ്റിയേയും ട്രാൻസ്ജെന്‍ഡറിനെയും മോശമായി ചിത്രീകരിക്കുന്ന പുസ്തകങ്ങളുണ്ട്. ലെസ്ബിയൻസിനെ ലെസ്ബോസ് എന്ന നാടുമായി ബന്ധിപ്പിച്ചും ഹോസ്റ്റലുകളിൽ ഒന്നിച്ച് താമസിക്കുന്നത് ഹോമോസെക്‌ഷ്വല്‍ ആകാൻ കാരണമാകുമെന്നു എന്നുമൊക്കെയുള്ള യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ ഒരു ഫോറൻസിക് പുസ്തകത്തിൽ കണ്ടു. വിദ്യാഭ്യാസമുള്ളവരാണ് ഇതെല്ലാം എഴുതുന്നത് എന്നത് അദ്ഭുതവും ഞെട്ടലും ഉണ്ടാക്കുന്നു.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

‘ലിംഗം മാറ്റാൻ ഹോർമോൺ ഉപയോഗിക്കുന്നതു പോലെ അതേ ലിംഗത്തിൽ നിലനിർത്തുന്നതിനായി ഹോർമോൺ ഉപയോഗിച്ചു കൂടെ ? രണ്ടു തല്ലു കിട്ടിയാൽ ശരിയാകുന്ന കാര്യമേയുള്ളൂ, വീട്ടുകാരുടെ കഴിവ് കേട്’... എൽജിബിടി കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ പൊതുവായി കാണുന്ന കമന്റുകളിൽ ചിലതാണ് ഇവ. എന്തു തോന്നുന്നു ?

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് തന്നെയാണ് ഇത്തരം കമന്റുകളുടെ പ്രധാന കാരണം. ശരീരത്തിലെ ഏതെങ്കിലും ഒരു ഹോര്‍‌മോണല്ല ഒരാളുടെ സെക്സ് തീരുമാനിക്കുന്നത്. പല ഘടകങ്ങളുടെ സ്വാധീനം ഇതിനു പിന്നിലുണ്ട്. ബയോളജിക്കൽ സെക്സിനെ പലതായി തരംതിരിക്കാം. ജെൻഡർ നിർണയിക്കാൻ അതിൽ കൂടുതൽ ഘടകങ്ങളുണ്ട്. ഒരാൾ വ്യത്യസ്തനാകുമ്പോൾ അതിനെ ജനിതക വൈകല്യം എന്നു വിളിക്കുന്നത് തെറ്റാണ്. അത് അയാളുടെ ഐഡന്റിറ്റിയാണ്. സെക്സും ജെൻഡറും സമൂഹം സൃഷ്ടിച്ച ധാരണകളാണ്. എല്ലാവരും ആ ധാരണയിൽ തന്നെ നിൽക്കണം എന്നു പറയുന്നതിൽ എന്ത് അർഥമാണുള്ളത്? 

പുരുഷനായ ഒരാൾക്ക് പെട്ടെന്ന് സ്ത്രീ ആകണമെന്നോ അല്ലെങ്കിൽ തിരിച്ചോ തോന്നുമ്പോഴല്ല ജെൻഡർ അഫർമേഷൻ ചികിത്സകൾക്ക് വിധേയമാകുന്നത്. ഇതു ഞാനല്ല എന്നു തോന്നുമ്പോൾ സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്.

ഹോർമോൺ കുത്തിവച്ചും മറ്റു ചികിത്സകളിലൂടെയും ഒരാളെ ഒരു ലിംഗത്തിൽ നിലനിർത്താന്‍ ശ്രമിക്കുന്ന ചികിത്സയെ കറക്‌ഷൻ തെറാപ്പി എന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നു. കറക്‌ഷന്‍ തെറാപ്പിക്ക് വേണ്ടി എന്നെ നിരവധി തവണ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അന്ന് എന്റെ അവസ്ഥ മനസ്സിലാക്കാതെ ഡോക്ടർമാർ വീട്ടുകാർക്ക് തെറ്റായ നിർദേശങ്ങൾ നൽകുന്നത് ഞെട്ടലുണ്ടാക്കിയിരുന്നു. അടിച്ചും തൊഴിച്ചും പഴിച്ചും ആർക്കും ആരെയും ഒരിടത്തും പിടിച്ചു നിർത്താനാകില്ല.

മറ്റൊരു കാര്യം ലിംഗമാറ്റം എന്ന പ്രയോഗം തെറ്റാണ്. ഇംഗ്ലിഷിൽ ജെൻഡര്‍ അഫർമേഷൻ സര്‍ജറി എന്നാണ് പറയുന്നത്. അതിന്റെ മലയാളം ലിംഗമാറ്റം എന്നല്ല. മാറ്റമല്ല മറിച്ച് സ്ഥിരീകരണമാണ് നടക്കുന്നത്. സ്വയം തിരിച്ചറിയലോ കണ്ടെത്തലോ ആണ് അത്. അതുകൊണ്ട് ലിംഗമാറ്റം എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.

pilotadamharry-2

∙ ആഡ‍ത്തിന്റെ ചികിത്സ പൂർണമായോ ? 

പൂർണത എന്നൊന്നില്ല. എല്ലാം തികഞ്ഞവരായി ആരുമില്ലല്ലോ. എല്ലാവർക്കും അവരവരുടെ പ്രത്യേകതകള്‍ ഉണ്ടാകും. ചികിത്സയുടെ കാര്യത്തിൽ ജെൻഡർ അഫർമേഷൻ ട്രീറ്റ്മെന്റുകൾ, ഹോർമോൺ തെറാപ്പി, സര്‍ജറികൾ എന്നിവയെല്ലാം നമുക്ക് ആവശ്യമെന്നു തോന്നുന്നതു വരെ ചെയ്യാം. നിലവിലെ അവസ്ഥയിൽ ഞാൻ സംതൃപ്തനാണ്. അതുകൊണ്ട് ഇനി ചികിത്സ വേണമെന്നില്ല. 

∙ ട്രാൻസ് വിഷയത്തിൽ ആധികാരികമായി സംസാരിക്കാൻ സാധിക്കുന്നുണ്ട്‌. 

ഒരു ട്രാൻസ് വ്യക്തി ആണെങ്കിലും എൽജിബിടി കമ്യൂണിറ്റിയെ കുറിച്ചോ ക്യൂർ പൊളിറ്റിക്സിനെക്കുറിച്ചോ ആദ്യമൊന്നും വലിയ അറിവ് ഉണ്ടായിരുന്നില്ല. പിന്നെ ഒരുപാട് വായിക്കാനും ആളുകളെ നേരിട്ട് കാണാനും അവരുടെ അനുഭവം കേൾക്കാനും തുടങ്ങിയപ്പോഴാണ് പലതും മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നവരോട് സംവദിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ അപ്ഡേറ്റുകൾ നോക്കാറുണ്ട്. അങ്ങനെ സാധ്യമായ സ്രോതസ്സുകളിൽ നിന്നെല്ലാം അറിവ് നേടാൻ ശ്രമിക്കുന്നു. പിന്നെ എല്‍ജിബിടി പ്രശ്നങ്ങളിൽ ഒരുപാട് അറിവുകളൊന്നും ആവശ്യമില്ല. കുറച്ച് മനുഷ്യത്വമുണ്ടെങ്കിൽ ഞങ്ങളോട് മാന്യമായി പെരുമാറാവുന്നതേ ഉള്ളൂ. തെറ്റുകള്‍ മനസ്സിലാക്കാനും അതു തിരുത്താനുമുള്ള മനസ്സ് മാത്രം മതി. എല്ലാ മനുഷ്യരും ഇവിടെ ജീവിക്കട്ടെ.

∙ വീട്ടുകാർ അംഗീകരിച്ചോ ?

അവർക്ക് എന്നോട്‌ ഇഷ്ടക്കുറവ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ സമൂഹത്തിൽനിന്നുള്ള സമ്മർദത്തെ അതിജീവിച്ച് എന്നെ അംഗീകരിക്കാൻ അവർക്ക് സാധിക്കില്ലായിരിക്കാം. എനിക്ക് അതിൽ വിഷമമില്ല. സമയം എടുത്താണ് ഞാൻ ഇന്നത്തെ ഞാനായത്. അതുപോലെ മാറ്റത്തിന് അവർക്കും സമയം വേണമായിരിക്കും. അവർ ആവശ്യമുള്ള സമയം എടുക്കട്ടെ. 

∙ ഐഡന്റിറ്റി തേടിയുള്ള യാത്രയിലെ മറക്കാനാവാത്ത നിമിഷം?

തീർച്ചയായും അത് എന്റെ സർജറി ആയിരുന്നു. ഇത്രയും കാലം മറ്റൊരു ശരീരത്തിൽ അകപ്പെട്ടു കിടക്കുന്ന ഒരാളായിരുന്നു ഞാൻ. അതൊരു വല്ലാത്ത ബുദ്ധിമുട്ടാണ്. സർജറി കഴിഞ്ഞപ്പോള്‍ ഞാൻ സ്വതന്ത്രനായി എന്ന തോന്നൽ ഉണ്ടായി. ഇപ്പോൾ എനിക്ക് എന്നെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്. അതൊരു വലിയ സന്തോഷമാണ്. 

∙ ഇത്തരത്തിൽ ഐഡന്ററ്റി പ്രശ്നം നേരിടുന്ന വ്യക്തികൾ എന്താണു ചെയ്യേണ്ടത്?

നമ്മുടെ ഐഡന്റിറ്റി സ്വയം കണ്ടെത്തേണ്ട ഒന്നാണ്. അതു തിരിച്ചറിയുന്ന സമയത്ത് തുറന്നു പറയാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യുക. എന്നാൽ എല്ലാവർക്കും അപ്പോൾത്തന്നെ അതു സാധിക്കണമെന്നില്ല. അത്തരം സാഹചര്യത്തിൽ സമയം എടുക്കുക, അതിനായി തയാറാവുക. ഇതിനു പ്രായമൊന്നുമില്ല. സർജറി ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കിൽ അങ്ങനെയുമാവാം. നമ്മുടെ കംഫർട്ട് ആണ് പ്രധാനം. എല്ലാ അർഥത്തിലും തയാറാകുമ്പോൾ മാത്രം മാറ്റത്തെ സ്വീകരിക്കുക. ആദ്യമൊരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയാണു വേണ്ടത്. മാറ്റത്തിനു മാനസികമായി തയാറാകാനുള്ള കരുത്ത് നേടാനാണിത്. പിന്നീട് ജെൻഡർ അഫർമേഷൻ ചികിത്സയിൽ വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കാം. പരിശോധിച്ചശേഷം അവർ ആവശ്യമുള്ള മുന്നൊരുക്കങ്ങളും ചികിത്സകളും നിർദേശിക്കും. 

∙ നമ്മുടെ സമൂഹത്തിൽ പുരുഷന്മാരും പ്രശ്നങ്ങൾ നേരിടുന്നില്ലേ?

ഒരു സ്ത്രീശരീരത്തിൽ ജീവിച്ചിട്ടുള്ള വ്യക്തിയാണു ഞാൻ. അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാവുന്ന ഒരു കാര്യമുണ്ട്. പ്രശ്നങ്ങളെക്കാൾ കൂടുതൽ പ്രിവിലേജ് ആണ് പുരുഷനുള്ളത്. സ്ത്രീകളുടെ പ്രശ്നങ്ങൾ അക്കമിട്ടു പറയാനാവും. എന്നാൽ ഒരു പുരുഷന്റെ പ്രിവിലേജില്‍ അതൊന്നും പ്രശ്നങ്ങളായി തോന്നുകയേ ഇല്ല.

പുരുഷന്മാർക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്നും പറയാനാവില്ല. കുടുംബത്തിന്റെ ചെലവു നോക്കേണ്ടത് പുരുഷനാണ് എന്ന ചിന്തയല്ലേ നമ്മുടെ സമൂഹം പിന്തുടരുന്നത്. അതുകൊണ്ട് പല പുരുഷന്മാരും ഭാര്യമാർ ജോലിക്കു പോകുന്നതു തടയുന്നു. വീട്ടുജോലി ചെയ്യുകയും കുട്ടികളെ നോക്കുകയുമാണ് തന്റെ ചുമതല എന്നു വിശ്വസിക്കുന്നതിനാൽ ചില സ്ത്രീകൾ ജോലിക്കു പോകുന്നുമില്ല. ഈയൊരു ഘട്ടത്തില്‍ എല്ലാ സാമ്പത്തിക ഭാരവും പുരുഷന്റെ ചുമലിലാകുന്നു. പലപ്പോഴും വലിയ സമ്മർദമാകും ഇതു നൽകുക. ഇനി സമ്മർദമുണ്ടായാലും കരുത്തനായി മുദ്രകുത്തപ്പെട്ട പുരുഷന്‍ അത് ഉള്ളിലൊതുക്കണം. സങ്കടം വന്നാലും കരയാൻ പാടില്ല. പെൺമക്കളെ കെട്ടിച്ചു വിടേണ്ട ഒന്നായി കാണുന്ന സമൂഹം അതിനായി സ്വർണവും പണവും ഉണ്ടാക്കുക എന്ന ചുമതലയും അച്ഛൻമാർക്ക് നൽകിയിട്ടുണ്ട്. അതിനായി ധാരാളം പണം കടം വാങ്ങേണ്ടി വരുന്നു. അങ്ങനെ വിശ്രമജീവിതം നയിക്കേണ്ട സാഹചര്യത്തിലും കടുത്ത സംഘർഷം അനുഭവിക്കുന്നു. ഇതിനെല്ലാം കാരണം സാമൂഹികഘടനയുടെ പുരുഷ കേന്ദ്രീകൃത സ്വഭാവമാണ്. അതുകൊണ്ട് പുരുഷൻ തന്നെയാണ് പുരുഷന്റെ പ്രശ്നങ്ങളുടെ കാരണവും എന്നാണ് തോന്നിയിട്ടുള്ളത്.

pilotadamharry-3

∙ ആഡം ഹാരി എന്ന പേരിന് പിന്നിൽ ?

ഏതൊരു ട്രാൻസ്ജെൻഡറെയും പോലെ സ്വന്തം പേര് തീരുമാനിക്കാനുള്ള അവസരം എനിക്കും ലഭിച്ചു. ഭൂമിയിലെ ആദ്യ പുരുഷൻ എന്ന അർഥത്തിലാണ് ആഡം തിരഞ്ഞെടുത്തത്. ഹാരിപോട്ടർ ആരാധകനായതുകൊണ്ട് ഹാരിയെന്ന് ഒപ്പം ചേർത്തു. അങ്ങനെ ഞാൻ ആഡം ഹാരി ആയി. എല്ലാവർക്കും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സ്വന്തമായി പേര് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചെങ്കിൽ നന്നായേനെ. ജെൻഡറും സെക്‌ഷ്വാലിറ്റിയുമെല്ലാം അങ്ങനെ സ്വയം തീരുമാനിക്കാൻ സാധിക്കണം.

∙ സമൂഹത്തോട് എന്താണ് പറയാനുള്ളത് ?

മറ്റുള്ളവരുടെ വ്യക്തിത്വത്തിലും ജീവിതത്തിലും ഇടപെടാൻ ആർക്കും അവകാശമില്ല. മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യം ലഭിക്കുമ്പോൾ അതിൽ അസ്വസ്ഥരാകാതെ ഇരിക്കുക. എത്രയോ കാലം നേരിട്ട അടിച്ചമർത്തലുകൾക്ക് ഒടുവിലാണ് അവർക്ക് ആ അവകാശങ്ങൾ ലഭിക്കുന്നത്. ചിലർക്ക് മാത്രം ലഭിക്കുന്ന പ്രിവിലേജുകളെ അത്തരത്തില്‍ മാത്രമേ ദുർബല വിഭാഗങ്ങളിലേക്ക് എത്തിക്കാനാവൂ. അതിനെ ഔദാര്യമോ ആനുകൂല്യമോ ആയല്ല അവകാശമായിത്തന്നെ കാണണം.

English Summary : Transman Adam Harry about gender identety crisis in the society

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA