ഡിസംബർ 3 ലോക ഭിന്നശേഷി ദിനമാണ്. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാനും അതിനായുള്ള അവബോധം സമൂഹത്തിലേക്കു നൽകാനുമായി മാറ്റി വയ്ക്കപ്പെട്ട ദിവസം. ഈ പ്രത്യേക ദിനത്തിൽ തൊഴിൽ മേഖലയിൽ ഭിന്നശേഷിക്കാരുടെ സാന്നിധ്യത്തിന്റെ ആവശ്യവും മഹത്വവും വിളിച്ചോതുകയാണ് ജ്യൂവൽ ഓട്ടിസം സെന്റർ എന്ന സ്ഥാപനം. കോട്ടയം ചാലുക്കുന്നിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പുതിയതായി ജോലിക്ക് കയറിയിരിക്കുകയാണ് ഒരു വേറിട്ട വ്യക്തി. റോയിൻസ് ജോസ് എന്ന ഈ അതിഥിക്ക് പ്രായം 31. സ്ഥലം പാലാ ചേർപ്പുങ്കൽ. ഒരു ജോലിക്കായി പല വാതിലുകളും മുട്ടി തളർന്ന ഭിന്നശേഷിക്കാരനായ ഈ ചെറുപ്പക്കാരന് ഇന്ന് സ്വന്തമായി ജോലിയും വരുമാനവും ഉണ്ട്.
ജ്യൂവൽ ഓട്ടിസം സെന്ററിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാങ്ക് എന്ന സംരംഭത്തിലാണ് റോയിൻസ് ജോലി ചെയ്യുന്നത്. ക്ലോത്ത് ബാങ്കിൽ സൂപ്പർവൈസറുടെ സഹായത്തോടെ നൽകുന്ന എല്ലാ ജോലിയും വളരെ ചിട്ടയോടെ ചെയ്യുന്നു. ജോലി സമയത്തിനും അര മണിക്കൂർ മുൻപ് ജോലിസ്ഥലത്ത് എത്താനും തനിയെ രണ്ടു ബസ് കയറി കോട്ടയം മുതൽ പാലാ വരെ പോകാനും ക്ലോത്ത് ബാങ്കിൽ വരുന്ന കസ്‌റ്റമേഴ്സിനെ തമാശകൾ പറഞ്ഞു ചിരിപ്പിക്കാനും അവർ മടങ്ങി പോകുമ്പോൾ സഹൃദയമായി യാത്ര പറയാനും ഈ ചെറുപ്പക്കാരന് ഇന്ന് സാധിക്കും.
ഭിന്നശേഷിക്കാരായ ആളുകളെ ജോലിക്കെടുക്കാൻ മടിക്കുന്ന സമൂഹത്തിനു ഈ സ്ഥാപനം ഒരു മാതൃകയാണ്. 13 വർഷത്തിലേറെയായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നു. ഡയറക്ടർമാരായ ഡോ.ജെയിംസൺ സാമുവേലിന്റെയും ഡോ. ജെൻസി ബ്ലെസ്സന്റെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ‘ബ്ലോസം’ എന്ന പ്രോജക്റ്റ് നടത്തി വരുന്നു. ഇതിലൂടെ ഇത്തരം കൂടുതൽ ആളുകള്‍ക്ക് പരിശീലനം നൽകാനും ജോലി നൽകാനും ഈ സ്ഥാപനം ലക്ഷ്യം വയ്ക്കുന്നു. ‘ബ്ലോസം’ എന്നാൽ വിടരുക എന്നാണ് അർഥം. എക്കാലവും അടഞ്ഞിരിക്കാതെ വിടരാനും പരിമളം പരത്താനും സാധിക്കുന്നവരാണിവർ.
ഒരാൾക്കു ഉപയോഗശൂന്യമായതും എന്നാൽ മറ്റൊരാൾക്ക് ഉപയോഗപ്രദവുമായ വസ്ത്രങ്ങൾ ശേഖരിച്ച് ഏറ്റവും ചെറിയ വിലയ്ക്ക് വിൽക്കുക എന്നതാണ് ക്ലോത്ത് ബാങ്ക് എന്ന ആശയത്തിന്റെ ലക്ഷ്യം. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭം ജയിൽ അക്കൗണ്ട് വഴി കേരളത്തിലുട നീളമുള്ള അഗതി മന്ദിരങ്ങളിൽ എത്തിക്കുന്നു. ഒരു മാസം 20,500ൽ പരം ആളുകൾക്ക് ഇതു വഴി മാത്രം ഭക്ഷണം കൊടുക്കാൻ സാധിക്കുന്നു. ക്ലോത്ത് ബാങ്കിന്റെ കോട്ടയം ശാഖ ജ്യൂവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലാണ് പ്രവർത്തിക്കുന്നത്.