ADVERTISEMENT

സന്തോഷം പകരുന്നതും ജീവിതം മെച്ചപ്പെടുത്തുന്നതും വിശ്വാസയോഗ്യവുമായ സൗഹൃദങ്ങൾ ഓരോ വ്യക്തിക്കും ആവശ്യമാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതവും അർഥമില്ലാത്ത ആശയവിനിമയവും സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിലും വിലങ്ങുതടി ആകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ. ബന്ധങ്ങൾ നിലനി൪ത്താൻ ഇതു പ്രയോജനപ്പെട്ടേക്കാം. 

∙ സമയം കണ്ടെത്തുക

സൗഹൃദങ്ങൾക്ക് അ൪ഹമായ സമയവും പരിഗണനയും നൽകാൻ സാധിക്കാത്തതിൽ പരിതപിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ സൗഹൃദങ്ങൾ നിലനി൪ത്താൻ ചെറുതല്ലാത്ത പരിശ്രമം അവശ്യമുണ്ട്. വ്യക്തികളുടെ സാന്നിധ്യത്തെ വിലകൽപ്പിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, മനസ്സിലാക്കുക എന്നിവയെല്ലാം ചേരുന്നതാണ് സൗഹൃദം.

ജോലി, കുടുംബം, യാത്രകൾ തുടങ്ങി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്കൊപ്പം സൗഹൃദത്തിനായും നാം സമയം കണ്ടെത്തേണ്ടതുണ്ട്. 

ഫോണിലൂടെയും വാട്സാപ്പ് ചാറ്റിലൂടെയുമൊക്കെ നമ്മൾ അടുത്തുണ്ടെന്ന് അവരെ ഓർമിപ്പിക്കാം. എങ്കിലും നേരിട്ടുള്ള കൂടിച്ചേരലുകൾക്ക് മുൻഗണന നൽകുക. ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഇത് ഉപകരിക്കും. വീട്ടിൽ ഒത്തു ചേരൽ സംഘടിപ്പിച്ചും യാത്രകൾ നടത്തിയും അത്താഴം കഴിക്കാനുമെല്ലാം അവരെ ക്ഷണിക്കാം. ഒന്നിച്ചുള്ള സമയം കൂടുതൽ സന്തോഷപ്രദമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ അതിരുകളെ ബഹുമാനിക്കുക 

നമ്മളെ എപ്പോൾ  ബന്ധപ്പെടാം എന്നു സുഹൃത്തുക്കളെ അറിയിക്കുക. ഫോണിലേക്ക് വരുന്ന സന്ദേശങ്ങൾ ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നോക്കുന്നവരാണ് നമ്മളെങ്കിൽ ആ വിവരം സുഹൃത്തുക്കളും അറിഞ്ഞിരിക്കണം. അതുപോലെ സുഹൃത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണ നമുക്കും ഉണ്ടാകണം. അവരെ അനാവശ്യ സമയങ്ങളിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നതും അവരിൽനിന്നു വേഗം മറുപടി പ്രതീക്ഷിക്കുന്നതും ഒഴിവാക്കാം. നിരന്തരം പരാതി പറയുന്നത് ബന്ധങ്ങൾ തക൪ക്കാൻ സാധ്യതയുണ്ട്. സന്തോഷവും സങ്കടവും പങ്കുവയ്ക്കുമ്പോഴും സുഹൃത്തുമായി ആരോഗ്യകരമായ അകലം പാലിക്കുന്നതിൽ തെറ്റില്ല

∙ ആത്മാർത്ഥമായി  സംസാരിക്കുക

സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ അവരെ കൂടുതൽ അറിയുന്നത് കൊണ്ടാകാം നാം പലപ്പോഴും ഇടക്ക് കയറി സംസാരിക്കാറുണ്ട്. എന്നാൽ സംസാരിത്തിനിടെ കേട്ടുകൊണ്ട്  മാത്രം ഇരിക്കുകയോ ചോദ്യം ചോദിക്കുകയോ മാത്രം ചെയ്യുന്നതും അവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുന്നതും തെറ്റാണ്. 

അതുപോലെ, അവരെ കേൾക്കാന്‍ തയാറാവാതിരിക്കുന്നതും സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നതും ബന്ധങ്ങളെ ബാധിക്കും. സംസാരിക്കാൻ സമയം കണ്ടെത്തുക അല്ലെങ്കിൽ മനസ്സിലുള്ളത് തുറന്ന് സംസാരിക്കാന്‍ തയാറാവുക എന്നതാണ് ഇതു മറികടക്കാനുള്ള ഏക മാ൪ഗം. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും സുഹൃത്തുക്കളോട് സംസാരിക്കാം. 

നമ്മൾ സംസാരിക്കുന്നത് മുൻധാരണകളിലാതെ കേൾക്കുന്നവരും നിരന്തരം അഭിപ്രായപ്രകടനവും ഇടപെടലും നടത്താതെ മനസ്സിലാക്കുന്നവരുമാണ് യഥാർഥ സുഹൃത്തുക്കൾ. സംസാരിക്കുന്നതിൽ ആത്മാർഥത കാണിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട ഏക കാര്യം. 

∙ അഭിപ്രായങ്ങൾ സ്വീകരിക്കാം

നിങ്ങളുടെ ഒരു തീരുമാനത്തിൽ സുഹൃത്തിന്റെ അഭിപ്രായം ചോദിക്കുന്നത് അവരെ നിങ്ങൾ വിലമതിക്കുന്ന എന്ന തോന്നൽ ഉണ്ടാക്കാൻ സഹായിക്കും. അവരുടെ ഉപദേശപ്രകാരം ഒരു തീരുമാനം എടുക്കുന്നതും പുതിയ എന്തെങ്കിലും ചെയ്യുന്നതുമൊക്കെ സുഹൃത് ബന്ധങ്ങൾ വളരാൻ കാരണമാകും. നിങ്ങൾ തമ്മിൽ ആശയ വ്യത്യാസത്തിലും ജീവിത പരിസരത്തിലും എത്ര തന്നെ വ്യത്യാസങ്ങൾ ഉണ്ടായാലും, ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകാൻ നല്ല സൗഹൃദങ്ങൾക്ക് സാധിക്കും. 

∙ വാഗ്ദാനങ്ങൾ പാലിക്കപ്പെടേണ്ടതാണ് 

ബാധ്യതകളും ആശ്രയത്വവുമല്ല മറിച്ചു തുല്യതയും ബഹുമാനവുമാണ് ഏതൊരു സൗഹൃദത്തിന്റെയും അടിസ്ഥാനം. നിങ്ങളുടെ നല്ല സുഹൃത്തുക്കളെ വിലമതിക്കുകയും അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം. 

സുഹൃത്തുക്കളെ വിധിക്കാതെ, അവരുടെ തീരുമാനങ്ങളെ പുനർചിന്തനത്തിന് പ്രേരിപ്പിക്കാൻ നമുക്ക് കഴിയണം. നിങ്ങളുടെ സുഹൃത്തുക്കളോട് എന്തു ചെയ്യണം അല്ലെങ്കിൽ വേണ്ട എന്നു പറയുന്നതിനു പകരം അവരുടെ കഴിവുകൾ, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ആദ്യം അവർ തെറ്റുകൾ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ പോലും പിന്നീട് അവരെ വളരാൻ സഹായിച്ചതിന് നിങ്ങളോട് നന്ദി പറയും.

English Summary : Ways to Build Stronger Friendships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com