നിങ്ങൾ എങ്ങനെയാണ് പങ്കാളിയെ ട്രീറ്റ് ചെയ്യുന്നത്?; ബന്ധം ദൃഢമാകാൻമൂന്ന് കാര്യങ്ങൾ

Couple
SHARE

നിങ്ങളുടെ പ്രണയം ആരോഗ്യകരമായാണോ മുന്നോട്ടു പോകുന്നത്?. ചിലപ്പോഴൊക്കെ ബന്ധം ഇപ്പോൾ അവസാനിക്കുമെന്ന് തോന്നാറുണ്ടോ?. പരസ്പരം പരിഗണിക്കുന്നതിൽ നിങ്ങൾ കാട്ടുന്ന അലംഭാവങ്ങൾ ചിലപ്പോൾ പ്രണയത്തകർച്ചയ്ക്കുപോലും വഴിയൊരുക്കിയേക്കാം. പരസ്പരം നന്നായി ട്രീറ്റ് ചെയ്തുകൊണ്ട് എങ്ങനെ ബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് മനസ്സിലാക്കാം.

∙ നിശ്ശബ്ദരാവരുത്, സംസാരിച്ചുകൊണ്ടിയിരിക്കണം

അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയാൻ പലർക്കും മടിയാണ്. ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അതു തുറന്നു പറയാതെ മിണ്ടാതെ സഹിക്കുന്നവരുണ്ട്.വഴക്കുണ്ടാകുമെന്ന് ഭയന്ന് മിണ്ടാതിരിക്കുമ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത്. പങ്കാളിയുടെ ഏതു പെരുമാറ്റമാണ് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് കൃത്യമായും അവരെ സംസാരിച്ചു ബോധ്യപ്പെടുത്തണം. എന്തൊക്കെ മാറ്റങ്ങളാണ് പരസ്പരമുള്ള പെരുമാറ്റത്തിൽ വരുത്തേണ്ടത് എന്നതിനെപ്പറ്റിയൊക്കെ തുറന്നു സംസാരിക്കാൻ പരസ്പരം തയാറാവണം. ആദ്യമൊക്കെ ഇങ്ങനെ സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാൽ പരസ്പരം പ്രശ്നങ്ങൾ കേൾക്കാൻ തയാറായാൽ, അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തയാറായാൽ തീർച്ചയായും പരസ്പരമുള്ള ബന്ധം ഊഷ്മളമാകും.

∙ ഓർമയുടെ വേസ്റ്റ്ബിന്നുകളിൽ വെറുതെ പരതണ്ട

ഭൂതകാലത്തിലെ മോശം അനുഭവങ്ങളെക്കുറിച്ചോർക്കാൻ പലർക്കും ഇഷ്‌ടമല്ല. പഴയ മുറിവുകളിൽ നിന്ന് ഒരുവിധം കരകയറി ഒരു പുതിയ ബന്ധം സൃഷ്ടിച്ചെടുത്തപ്പോൾ പഴയ ബന്ധത്തിലെ മോശം കാര്യം പിന്നെയും ആവർത്തിക്കുകയാണെങ്കിലോ?. അങ്ങനെ തോന്നിത്തുടങ്ങിയാൽ ആത്മപരിശോധനയ്ക്ക് തയാറാകണം. പഴയ ജീവിതത്തിലെ ഏതു കാര്യമാണ് ഉറക്കം കെടുത്തുന്നതെന്ന് നന്നായി ചിന്തിക്കണം. ശേഷം പുതിയ ബന്ധത്തിൽ അത് ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മാറ്റങ്ങളാണ് അനിവാര്യം എന്നു മനസ്സിലാക്കി സാവധാനം ചില മാറ്റങ്ങൾ സ്വഭാവത്തിൽ കൊണ്ടുവരാൻ ശ്രമിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരോട് സ്വഭാവത്തിലുൾപ്പടെ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനേ നമുക്ക് സാധിക്കൂ. കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ തന്നെ ശ്രമിക്കണം. കഴിയുമെങ്കിൽ എന്നോ കുഴിച്ചു മൂടിക്കളഞ്ഞ ഭൂതകാല ഓർമകളെ കുഴിതോണ്ടി പുറത്തെടുക്കാൻ ശ്രമിക്കരുത്.

∙ എന്തിനുമേതിനുമുള്ള കുറ്റപ്പെടുത്തൽ നല്ലതല്ല

തെറ്റ് സ്വന്തം ഭാഗത്താണെങ്കിൽപ്പോലും അതു മറച്ചു പിടിച്ച് പങ്കാളിയെ കുറ്റപ്പെടുത്താൻ ചിലർ വല്ലാതെ മിടുക്കു കാട്ടാറുണ്ട്. പരസ്പരമുള്ള ബന്ധം വഷളായിത്തുടങ്ങിയാൽ പങ്കാളിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. തെറ്റ് എല്ലായ്പ്പോഴും സംഭവിക്കുന്നത് ഒരാളുടെ മാത്രം കുഴപ്പംകൊണ്ടായിരിക്കില്ല. പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങളുടെ റോൾ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക. പരസ്പരമുള്ള കുറ്റപ്പെടുത്തൽ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുക. പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രണ്ടുപേരും തയാറാവുക. ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുക.

Content Summary : Treat Your Partner Well 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS