ADVERTISEMENT

മലയാള സിനിമ–സീരിയിൽ ആസ്വാദകരെ ഏറെ വേദനിപ്പിക്കുന്നതാണ് നടൻ ജി.കെ. പിള്ളയുടെ വിയോഗം. കുങ്കുമപ്പൂവ് എന്ന സീരിയലിലെ കേണൽ ജഗന്നാഥ വർമ എന്ന കഥാപാത്രമാണ് ജി.കെ.പിള്ളയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഷെല്ലി എൻ.കുമാർ ആണ് ഈ സീരിയലിൽ പിള്ളയുടെ കൊച്ചുമകളായ ‘ശാലിനി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജീവിതത്തിലും സ്നേഹനിധിയായ മുത്തച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിനെന്നും കൃത്യനിഷ്ഠയായിരുന്നു മുഖമുദ്രയെന്നും ഷെല്ലി പറയുന്നു. ജി.കെ.പിള്ളയെക്കുറിച്ചുള്ള ഷെല്ലിയുടെ ഓർമകളിലൂടെ....

‘‘ജി.കെ.പിള്ള സർ എന്റെ നാട്ടുകാരനാണ്. ചിറയിൻകീഴ് ആണ് ഞങ്ങളുടെ സ്വദേശം. കുങ്കുമപ്പൂവ് എന്ന മെഗാസീരിയലിൽ ശാലിനി എന്ന എന്റെ കഥാപാത്രത്തിന്റെ മുത്തച്ഛനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇത്രയും സീനിയറായ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായതു വലിയ അംഗീകാരമായാണു ഞാൻ കാണുന്നത്. 

മഹാനടൻമാർക്കൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാവും. അദ്ദേഹത്തിന്റെ ശൈലി തീർത്തും വ്യത്യസ്തമായിരുന്നു. ആ ശൈലിയെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പഴയ സിനിമകളിലെ പേരുകേട്ട വില്ലൻ ആയിരുന്നതിനാൽ ആദ്യം കണ്ടപ്പോൾ എനിക്ക് ചെറിയ പേടി തോന്നി. പക്ഷേ  അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹം എത്രമാത്രം സോഫ്റ്റ് ആയ വ്യക്തിയാണെന്നു മനസ്സിലായത്. വളരെ സ്നേഹത്തോടെയാണ് പെരുമാറുക. നന്നായി കെയർ ചെയ്യുന്ന ആള്‍ ആയാണു എനിക്ക് തോന്നിയിട്ടുള്ളത്. 

സമയനിഷ്ഠ പാലിക്കുന്നതിൽ കണിശക്കാരനായിരുന്നു. സെറ്റിലേക്ക് പോകാനുള്ള കാർ എത്തുമ്പോൾ അദ്ദേഹം തയാറായി ഇരിക്കുന്നുണ്ടാകും. അര മണിക്കൂർ മുമ്പേ തുടങ്ങിയതാകും അക്ഷമയോടെയുള്ള ആ ഇരിപ്പ്. ദിനചര്യകളിലും ഭക്ഷണത്തിലും ചിട്ട പുലർത്തിയിരുന്നു. അതെല്ലാമായിരിക്കാം അദ്ദേഹത്തെ ഇത്രയും കാലം ആരോഗ്യവാനായി നിലനിർത്തിയത്. 

എന്റെ അപ്പൂപ്പൻ നാടകത്തിലുണ്ടായിരുന്നു. പിള്ള സാറിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകളുടെ വീടു വാങ്ങിയത് എന്റെ വലിയമ്മ ആണ്. അങ്ങനെ ഒരുപാട് ലിങ്കുകൾ ഞങ്ങൾ തമ്മിലുണ്ട്. 

ഈ വർഷം അവസാനിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വേര്‍പിരിയിൽ വാർത്ത തേടിയെത്തുന്നത്. പുതുവർഷത്തെ വരവേൽക്കാൻ അദ്ദേഹം ഇല്ല. മുത്തച്ഛന്റെ സ്ഥാനത്തു കണ്ട സ്നേഹനിധിയായ ഒരാളാണ് വിടപറയുന്നത്. വളരെ ദുഃഖമുണ്ട്’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com