ദാമ്പത്യത്തിലെ ഒറ്റപ്പെടൽ എങ്ങനെ കൈകാര്യം ചെയ്യാം

HIGHLIGHTS
  • സാമൂഹമാധ്യമങ്ങളും ഈ ഒറ്റപ്പെടലിന്റെ കാരണമാവാം
  • ഏകാന്തതയുടെ മൂലകാരണം കണ്ടെത്തുക ശ്രമകരമാണ്
ways-to-deal-feeling-lonely-in-relationship
പ്രതീകാത്മക ചിത്രം ∙ Image Credits : InesBazdar / Shutterstock.com
SHARE

പങ്കാളികൾ ഇല്ലാത്തവ൪ക്ക് മാത്രമല്ല, വ൪ഷങ്ങളായി ബന്ധം തുടരുന്നവ൪ക്കും ഒറ്റപ്പെടൽ അനുഭവപ്പെടാം. ബന്ധങ്ങളുടെ ഉള്ളിൽത്തന്നെയുള്ള ശൂന്യതയോ, സ്വന്തം മനസ്സിനുള്ളിലുള്ള വിടവ് നികത്താൻ പങ്കാളിയെ ആശ്രയിക്കുന്നതോ ആവാം ബന്ധങ്ങളിലെ ശൂന്യതയ്ക്ക് കാരണം. ഇത് എന്തുതന്നെയായാലും അതു തിരിച്ചറിയാനും പരിഹാരം കാണാനും വിദഗ്ധ൪ നൽകുന്ന ഉപദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ എന്തുകൊണ്ട് ഒറ്റപ്പെടൽ

പഴയതു പോലെ ബന്ധങ്ങൾ പ്രവ൪ത്തിക്കാത്തത് ഒറ്റപ്പെടലിനുള്ള കാരണമാകാം. പ്യൂ റിസ൪ച്ച് സെന്റ൪ നടത്തിയ പഠനത്തിൽ ദാമ്പത്യബന്ധത്തിൽ പ്രശ്നങ്ങളുള്ള 28% ആളുകൾ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്ന് കണ്ടെത്തി. വീടുകളിൽ സന്തോഷരഹിതരായി താമസിക്കുന്നവരുടെ എണ്ണം എക്കാലത്തേതിലും കൂടുതലാണ് എന്നും പഠനങ്ങൾ പറയുന്നു. 

വൈകാരികമായ ബന്ധം ഇല്ലാതാവുന്നതാണ് പങ്കാളികൾക്കിടയിൽ ഒറ്റപ്പെടൽ വ൪ധിക്കാൻ കാരണം എന്നു സാമൂഹിക ശാസ്ത്ര വിദഗ്ധനായ ഗാരി ബ്രൗൺ പറയുന്നു. വളരെ മനോഹരമായ ബന്ധങ്ങളിൽപ്പോലും പങ്കാളികൾക്ക് പരസ്പരം വൈകാരിക അകൽച്ചയും ഒറ്റപ്പെടലും തോന്നുന്ന സമയങ്ങൾ ഉണ്ടാകും. പരസ്പരം തുറന്നു പെരുമാറാനുള്ള മടി ഈ ഒറ്റപ്പെടലിന് കാരണമാകും എന്നു മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ജെന്നി ടൈറ്റസ്.

സാമൂഹമാധ്യമങ്ങളും ഈ ഒറ്റപ്പെടലിന്റെ കാരണമാവാം എന്നു പഠനങ്ങളുണ്ട്. വാലന്റൈൻസ് ഡേ പോലുള്ള പ്രത്യേക ദിവസങ്ങളിൽ നിങ്ങളുടെ സുഹൃത്തിന് അവരുടെ പങ്കാളി സമ്മാനം നൽകിയത് സാമൂഹ്യ മാധ്യമത്തിലൂടെ നിങ്ങൾ കാണുന്നു. ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് ബന്ധത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാനും പങ്കാളിയോടുള്ള അകൽച്ചയ്ക്കും കാരണമാകാം. 2017 ൽ അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർ കൂടുതൽ ഏകാന്തത അനുഭവിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതു തിരിച്ചും സംഭവിച്ചേക്കാം. നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചില വ്യക്തികളിൽ ഒറ്റപ്പെടൽ അനുഭവപ്പെടാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണെന്നും അത് ബന്ധങ്ങളെ ബാധിക്കാറുണ്ടെന്നും പറയുന്നുണ്ട്. 

∙ ബന്ധങ്ങളിൽ ഒറ്റപ്പെടുന്നുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം 

നിങ്ങളുടെ ഏകാന്തതയുടെ മൂലകാരണം കണ്ടെത്തുക ശ്രമകരമാണ്. എങ്കിലും പങ്കാളിയോട് നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം തുറന്ന് സംസാരിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. ഈ സംസാരത്തിൽ നിങ്ങളുടെ പങ്കാളി ഒറ്റപ്പെടൽ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ട് എന്നു നിരന്തരം ആവർത്തിച്ചു പറയുകയാണെങ്കിൽ, ഈ ഏകാന്തത നിങ്ങളുടെ ഉള്ളിൽനിന്നുതന്നെ ഉണ്ടാവുന്നതാണ് എന്ന് മനസ്സിലാക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു ആലോചിക്കാം. ബന്ധങ്ങളുടെ പുതുമ നശിക്കുമ്പോൾ നിങ്ങൾക്ക് സാധാരണ ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാറുണ്ട് എങ്കിൽ പ്രശ്നം ഉള്ളിൽ തന്നെയാണ് എന്നു ഉറപ്പിക്കാം.

ബന്ധങ്ങളിലെ ഒറ്റപ്പെടൽ തിരിച്ചറിയാൻ ചുവടെ കാണുന്ന ചോദ്യങ്ങൾ ചോദിക്കാം. നിങ്ങൾ ഒരുമിച്ചുള്ളപ്പോൾ കൂടുതൽ ഏകാന്തത അനുഭവപ്പെടുന്നുണ്ടോ? ബന്ധം ആരംഭിക്കും മുൻപ് എന്തായിരുന്നു നിങ്ങളുടെ അവസ്ഥ? ഈ ബന്ധത്തിൽ മുൻപ് നിങ്ങൾക്ക് കൂടുതൽ പൂർണത അനുഭവപ്പെട്ടിരുന്നോ? ഇതിനൊക്കെ ഉത്തരം ആണ് എന്നാണെങ്കിൽ ബന്ധം തന്നെയാവാം പ്രശ്നം. നിങ്ങൾ തമ്മിലുള്ള ബന്ധം അവസാനിച്ചതും അത് തിരിച്ചറിയാൻ കഴിയാത്തതും ആവാം നിങ്ങൾ നേരിടുന്ന ഏകാന്തതയ്ക്ക് കാരണം.

∙ എങ്ങനെ മറികടക്കാം 

നിങ്ങളുടെ ബന്ധമാണ് ഏകാന്തതയ്ക്ക് കാരണം എന്ന് മനസ്സിലായാൽ പങ്കാളിയോട് സംസാരിക്കുക. പങ്കാളിയോട് അയാളെ കുറ്റപ്പെടുത്താതെ സംസാരിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നു സംസാരിക്കുക. 

കുറ്റപ്പെടുത്താത്ത ഭാഷ, ശൈലി എന്നിവ സംസാരത്തിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എനിക്ക് നിങ്ങളോട് കുറച്ചു വ്യക്തിപരമായ പ്രശ്നങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. നിങ്ങളുടെ പങ്കാളി അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങൾ മനസ്സിലാക്കുകയും വേണം. അതുകൂടി പരിഗണിച്ചശേഷം നിങ്ങൾ ഒഴിവാക്കപ്പെടുന്നതായി തോന്നുന്നു എന്ന് പങ്കാളിയോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം. 

നിങ്ങൾ പറയുന്നത് പങ്കാളിക്ക് മനസ്സിലാവുന്നു എന്ന് ഉറപ്പുവരുത്താൻ ഒന്നലധികം സംഭാഷണങ്ങൾ വേണ്ടിവന്നേക്കും. സഹായം ആവശ്യമായി വരുന്ന സാഹചര്യത്തിൽ വിദഗ്ധരായ റിലേഷൻഷിപ് കൗൺസിലർമാരെ സമീപിക്കാം. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാനുമുള്ള കഴിവ് വളർത്താൻ ഇത്തരം കൗൺസിലിങ്ങുകൾ സഹായിക്കും. 

നിങ്ങൾ എത്ര ശ്രമിച്ചിട്ടും പങ്കാളിയുടെ സഹകരണം കൊണ്ടും ഒഴിവാക്കാനാവാത്ത ഏകാന്തത അനുഭവപ്പെടുന്നു എന്നുണ്ടെങ്കിൽ നിങ്ങൾ ഉള്ളിൽ ഏകാന്തത അനുഭവിക്കുന്നു എന്ന് മനസ്സിലാക്കാം. നിങ്ങളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, അതിന്റെ ശ്രേണികൾ എന്നിവ മനസ്സിലാക്കി ഉള്ളിലുള്ള സംഘർഷങ്ങൾ തിരുത്താൻ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടാം. ബന്ധത്തിലെ ഏകാന്തത മാറ്റാനുള്ള വഴി ചുറ്റും ആളുകളെക്കൊണ്ട് നിറയ്ക്കുക എന്നതല്ല. സ്വന്തം മനസ്സ് മനസ്സിലാക്കുക എന്നതാണ് ഉത്തമ പ്രതിവിധിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS