ADVERTISEMENT

ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് ഒരുങ്ങുകയാണ് സിനിമ–സീരിയൽ താരം അനൂപ് കൃഷ്ണൻ. ജനുവരി 23ന് പ്രണയിനി ഐശ്വര്യയെ അനൂപ് താലിചാർത്തും. 2020 ജൂൺ 23 ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. അന്നത്തെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ഐശ്വര്യ ബോഡി ഷെയിമിങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല’ എന്ന അനൂപിന്റെ പക്വവും മാന്യവുമായ പ്രതികരണം. വിവാഹവിശേഷങ്ങളും കരിയർ സ്വപ്നങ്ങളും അനൂപ് മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

ജനുവരി 23ന് ആണ് എന്റെയും ഐശ്വര്യയുടെയും വിവാഹം. 22ന് ഹൽദി നടത്തുന്നുണ്ട്. 23ന് രാവിലെ രാവിലെ ഗുരുവായൂർ അമ്പലത്തിൽവച്ചാണ് താലികെട്ട്. അന്നു വൈകുന്നേരം ചെറുതുരുത്തി എക്കോ ഗാർഡൻ റിസോർട്ടിൽ റിസപ്ഷൻ. 24ന് വീട്ടിൽ ചെറിയൊരു റിസപ്ഷൻ ഉണ്ട്. ഇങ്ങനെയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരുക്കങ്ങൾ പൂര്‍ത്തിയാകുന്നു. കോവിഡ് വ്യാപനം കാരണം ആശയക്കുഴപ്പങ്ങൾ ഉണ്ട്. പലതിനെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ല. വിവാഹത്തിന് 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ കഴിയൂ എന്നാണു പറയുന്നത്. ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷം ഇത്തരം സാഹചര്യം വരുന്നത് കഷ്ടമാണ്. പല സമയത്തായി ആളുകളെ പങ്കെടുപ്പിക്കാം എന്നാണ് കരുതുന്നത്. ഞങ്ങളുടെ വിവാഹത്തിന് വന്നതുകൊണ്ട് ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. നമുക്ക് മറ്റുള്ളവരോട് ഒരു പ്രതിബന്ധത വേണമല്ലോ. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ കല്യാണത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ എല്ലാവരും വാക്‌സിൻ എടുത്തു. ആർടിപിസിആർ ചെയ്തു നെഗറ്റീവ് ആണെന്നുറപ്പാക്കുകയും ചെയ്യും. പക്ഷേ വിലക്കുകളൊക്കെ സാധാരണ ജനങ്ങളുടെ കാര്യത്തിൽ മാത്രമേ ഉള്ളൂ. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാം. അവർക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ പരിപാടികൾ നടത്താം. ഇതൊക്കെ കഷ്ടമാണ്. 

anoop-krishnan-2

∙ പൊന്നും പുടവയും 

കോവിഡ് ആണെന്നു കരുതി വിവാഹത്തിന് ഒന്നും വേണ്ടെന്നുവയ്ക്കാൻ ആവില്ലല്ലോ. രണ്ടുപേരുടെയും വസ്ത്രങ്ങളും മറ്റ് ആക്സസറീസും വാങ്ങിക്കഴിഞ്ഞു. വളരെ വ്യത്യസ്തമായ ഒരു കോസ്റ്റ്യൂം ആണ് ഞങ്ങൾ റിസപ്‌ഷന് പ്ലാൻ ചെയ്തിരിക്കുന്നത്. എന്റെ  വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത് കോഴിക്കോടുള്ള പോഷ് റോബ് ആണ്. വിൻസി ലോറിറ്റ ആണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈൻ ചെയ്യുന്നത്. ഞങ്ങളുടെ എൻഗേജ്മെന്റ് ലുക്ക് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടിരുന്നു. അതും കുറച്ച് വ്യത്യസ്തമായാണ് ഒരുക്കിയിരുന്നത്.

∙ ചിന്താഗതി മാറേണ്ട കാലം അതിക്രമിച്ചു  

ഞങ്ങളുടെ എൻഗേജ്മെന്റിന്റെ ചിത്രം കണ്ടിട്ട് ഒരുപാട് നല്ലതും ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്യുന്ന തരത്തിലുള്ളവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല. പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. എനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാൽ അവിടെനിന്ന് മാറിപ്പോവുകയാണ് പതിവ്. മറ്റുള്ളവരെ നോവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. പക്ഷെ നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാൽ നമുക്ക് പ്രതികരിക്കേണ്ടിവരും. അത് ഏതൊരു ജീവിയും ചെയ്യുന്നതാണ്. അതാണ് അന്ന് ഞാനും ചെയ്തത്. പ്രതികരിക്കണം എന്നുള്ളതുകൊണ്ട് എന്റെ രീതിയിൽ മാന്യമായ മറുപടി നൽകി. ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല’ എന്നായിരുന്നു എന്റെ പ്രതികരണം. ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ട്. കേരള സമൂഹം ഇങ്ങനെയൊക്കെയല്ലേ പെരുമാറുക. നമ്മുടെ ശരീരം നമ്മുടെ മാത്രം സ്വന്തമാണ്. തടി കൂടിയാലും കുറഞ്ഞാലും അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് കുഴപ്പം. അന്നത്തെ ആ പ്രശ്നം ഒന്നുരണ്ടു ദിവസം കൊണ്ട് കെട്ടടങ്ങി.  ആരെങ്കിലും കൂടുതൽ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്റെ പ്രതികരണവും അതിനനുസരിച്ച് മാറിയേനെ.

∙ വിവേചനം ഇല്ലാതാകില്ല 

Image credits : shajeel Kabeer / Instagram
Image credits : shajeel Kabeer / Instagram

വിവേചനമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അത് പലതരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്നു. ജെൻഡർ, നിറം, ജാതി, മതം, സമ്പത്ത് എന്നിങ്ങനെ പലതരത്തിൽ വിവേചനം നിലനിൽക്കുന്നു. ഇതെല്ലാം തലമുറകളായി മനുഷ്യരുടെ മനസ്സിലുണ്ട്. എത്രതന്നെ പുരോഗമിച്ചെന്നു പറഞ്ഞാലും ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. അമ്മമാരെ ഉപദ്രവിക്കുന്ന മക്കൾ ഉണ്ടാകും. അതിനു അവർക്ക് അവരുടേതായ ന്യായീകരണം കാണും. അതുപോലെ മൃഗങ്ങളെ ഉപദ്രവിക്കുന്നവർ. അതിനും അവർ കാരണം കണ്ടെത്തും. ചെയ്യുന്ന പ്രവൃത്തികൾക്ക് എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടെത്താൻ മനുഷ്യന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. വിവേചനം മനുഷ്യരുടെ ഉള്ളിൽ പതിഞ്ഞുപോയതാണ്. അനുകൂല സാഹചര്യങ്ങൾ വരുമ്പോൾ അത് പുറത്തെടുക്കും. ഒരാൾ ഒരു കമന്റ് ഇട്ടുകഴിഞ്ഞാൽ അതിനു പിറകെ കമന്റുകളുടെ ഘോഷയാത്ര ആയിരിക്കും. കാരണമോ കാര്യമോ അറിയാതെയാകും ചില കാര്യങ്ങൾക്ക് പിന്തുണ വരിക. കൂട്ടമായി ആക്രമിക്കുക എന്നതാണ് മോബ് സൈക്കോളജി. ഇതൊക്കെ എല്ലാ കാലത്തും കണ്ടിട്ടുള്ളതാണ്. ഇനിയും കാണേണ്ടതാണ്. ഇതൊല്ലാം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല.  

∙ ആശുപത്രിയിൽനിന്നു ജീവിതത്തിലേക്ക്

 

സണ്ണി വിശ്വനാഥൻ എന്ന എന്റെ ഒരു ചേട്ടന്റെ ചികിത്സക്ക് തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അതിനുശേഷം ഒന്നു രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ കൂടുതൽ മനസ്സിലാക്കിയതും സുഹൃത്തുക്കളായതും. കൂടുതൽ സംസാരിച്ചപ്പോൾ ഒന്നിച്ച് മുന്നോട്ടു പോകാൻ കഴിയുന്നവരാണ് ഞങ്ങളെന്നു തോന്നി. അങ്ങനെയാണ് ജീവിതത്തിൽ ഒന്നിക്കാമെന്നു തീരുമാനിച്ചത്. ഐശ്വര്യ ഒരു ആയുർവേദ ഡോക്ടർ ആണ്. ഇപ്പോൾ മംഗലാപുരത്ത് എംഡി ചെയ്തുകൊണ്ടിരിക്കുന്നു. അവളെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ ‘അവളെ എനിക്കിഷ്ടപ്പെട്ടു’ എന്നാണ് ഉത്തരം. ആരുമായി അടുത്താലും അതു ബന്ധം ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ. അതുകൊണ്ട് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുൾ അവരുടെ സ്വഭാവഗുണമാണ് നോക്കാറുള്ളത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും നമുക്ക് യോജിക്കുന്ന ഒരാൾ ആയിരിക്കണമല്ലോ. അതുപോലെ ആ കുട്ടിക്ക് യോജിക്കുന്ന ആളായിരിക്കണം ഞാൻ. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടപ്പെട്ടു. ഞങ്ങൾ ഒരേ പോലെ ചിന്തിക്കുന്നവരാണെന്ന് മനസ്സിലായി. പക്ഷേ രണ്ടുപേരുടെയും അഭിരുചികള്‍ വ്യത്യസ്തമായിരുന്നു. എല്ലാ കാര്യത്തിനും ഞങ്ങൾക്ക് അഭിപ്രായങ്ങളുണ്ട്. അവയ്ക്ക് അന്യോനം വില കല്പിക്കുന്നുണ്ട്. ഞാൻ അവളെ തിരഞ്ഞെടുത്തു എന്നുള്ളതുപോലെ പ്രധാനമാണ് അവൾ എന്നെ തിരഞ്ഞെടുക്കുന്നതും. അതു രണ്ടും ഒരുമിച്ചു സംഭവിച്ചു.

 

actor-anoop-krishnan-engagement-photos

∙ ഈ നിമിഷത്തിൽ ജീവിക്കുക   

 

വിവാഹം കഴിഞ്ഞു യാത്രകൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നേരത്തെ ഒന്നും പ്ലാൻ ചെയ്യുന്ന ആളല്ല ഞാൻ.  വരുന്നത് അതുപോലെ സ്വീകരിക്കാനാണ് ഇഷ്ടം. ഈ നിമിഷത്തിൽ ജീവിക്കുക എന്നു പറയാറില്ലേ. എനിക്ക് ഏറ്റവും പ്രധാനം എന്റെ കരിയറാണ്. ഐശ്വര്യയ്ക്ക് അവളുടെ കരിയറും. കരിയർ എപ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരുന്നാൽ നമ്മുടെ ജീവിതം വളരെ എളുപ്പമായിരിക്കും എന്നാണ് എന്റെ വിശ്വാസം. നമ്മൾ കഠിനമായി അധ്വാനിച്ചു കൊണ്ടിരിക്കുക. ഇന്നല്ലെങ്കിൽ നാളെ നമ്മൾ ആഗ്രഹിക്കുന്നിടത്ത് എത്തിച്ചേരും. അതുവരെ കാത്തിരിക്കുക. ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുക. അടുത്ത നിമിഷം എന്തു സംഭവിക്കുന്നു എന്നു ചിന്തിക്കേണ്ട. വിവാഹശേഷം തിരക്കൊഴിയുമ്പോൾ ഞാനും ഐശ്വര്യയ്ക്കും യാത്രകൾ ചെയ്യും. പഠനം കഴിഞ്ഞു നല്ലൊരു ആശുപത്രിയിലോ അക്കാദമിയിലോ ചേരുക എന്നതാണ് അവളുടെ ലക്ഷ്യം. എനിക്ക് സിനിമാ ഓഫറുകൾ വരുന്നുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതം തന്നെ ഒരു യാത്രയല്ലേ. അവസാനം വരെ ഒരുമിച്ച് യാത്ര ചെയ്യാൻ ഞങ്ങൾക്ക് കഴിയട്ടെ. 

 

∙ ആഗ്രഹിച്ചു നേടിയ കരിയർ

 

ഞാൻ ഇംഗ്ലിഷ് മെയിൻ ആയി എടുത്താണ് ഡിഗ്രി ചെയ്തത്. അതിനുശേഷം 2014 വരെ ജോലി ചെയ്തിരുന്നു.  മനസ്സിൽ എപ്പോഴും അഭിനയമോഹമായിരുന്നു. 2014 നു ശേഷമാണു സിനിമയെക്കുറിച്ച് സീരിയസ് ആയി ചിന്തിച്ചത്. ‘ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിക്കുന്നത്. അതിനു ശേഷം ‘പ്രെയ്‌സ് ദി ലോർഡ്’ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തു. ബാലചന്ദ്രമേനോൻ സാറിന്റെ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമയിൽ അസിസ്റ്റ് ചെയ്തു. അതേസമയത്തു ഇഷ്ടി എന്ന സംസ്കൃത സിനിമയിൽ ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. പ്രഭ എന്ന സംവിധായകന്റെ സിനിമയാണ് ഇഷ്ടി.  നെടുമുടിവേണു അങ്കിളായിരുന്നു അതിൽ എന്റെ അച്ഛനായി അഭിനയിച്ചത്. 2016ൽ ഇന്ത്യൻ പനോരമയിലെ ഉത്ഘാടന സിനിമ ആയിരുന്നു അത്. വേറെയും ഫിലിം ഫെസ്റ്റിവലുകളിൽ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു.  അതിനുശേഷം കോണ്ടസ, എന്നാലും ശരത്, അമ്മത്തണൽ എന്നീ സിനിമകൾ ചെയ്തു. ആ സമയത്ത് സ്റ്റേജ് ഷോയിൽ അവതാരകനായി. കൂടാതെ കുറെ സംഗീത ആൽബങ്ങൾ, ഡോക്യുമെൻററി, ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു. അതുകഴിഞ്ഞപ്പോഴാണ് അജഗജാന്തരത്തിൽ അഭിനയിച്ചത്. ‘സീതാകല്യാണം’ എന്ന സീരിയലിലും അഭിനയിച്ചു. ‘ബിഗ് ബോസ്’ എന്ന പരിപാടിയിൽ പങ്കെടുത്തതോടെ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചു. ബിഗ്‌ബോസിൽ ബെസ്റ്റ് ഗെയിമർ ആകുകയും അഞ്ചാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.  ഇപ്പോൾ ‘സ്റ്റാർട്ട് മ്യൂസിക്’ എന്ന പരിപാടിയിയുടെ അവതാരകനാണ്. 

‘നഖം’ എന്ന ഒരു ഷോർട്ട് ഫിലിം രണ്ടുദിവസത്തിനു മുൻപ് റിലീസ് ആയിട്ടുണ്ട്. സിനിമയെ വളരെയധികം സ്നേഹിക്കുന്ന ഒരു കൂട്ടം ആൾക്കാർ ചേർന്ന് സാമ്പത്തിക ലക്ഷ്യമില്ലാതെ ചെയ്തൊരു സിനിമയാണ് അത്. കുറെ കാലങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുന്ന എന്നാൽ ഇതുവരെ കൃത്യമായി യാതൊരു മറുപടിയും ലഭിക്കാത്ത ഒരു വിഷയത്തെക്കുറിച്ച് ആണ് സിനിമ സംസാരിക്കുന്നത്. ശ്രീവരുൺ എന്ന സംവിധായകന്റെ ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട്. റഷീദ് പറമ്പിൽ എന്ന സംവിധായകന്റെ ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ഒരു ചിത്രത്തിലും അവസരം ലഭിച്ചിട്ടുണ്ട്.

 

∙ കുടുംബം 

 

അച്ഛൻ, അമ്മ, അനുജൻ, അനുജത്തി എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻറെ പേര് ഉണ്ണികൃഷ്ണൻ. റെയിൽവേ മെയിൽ സർവീസിൽ ആണ് ജോലി. അമ്മ ശോഭന. വീട്ടമ്മയാണ്. അനുജൻ അഖിലേഷ് ടീച്ചറാണ്.  അനുജത്തി അഖിലയുടെ വിവാഹം കഴിഞ്ഞു. ഹരിഗോവിന്ദ് എന്നാണ് ഭർത്താവിന്റെ പേര്. എല്ലാവരും ഞങ്ങളുടെ നാടായ പട്ടാമ്പിയിൽ ഉണ്ട്. പട്ടാമ്പിയിൽ ഭാരതപ്പുഴയ്ക്ക് അടുത്താണ് വീട്. ഐശ്വര്യയുടെ അച്ഛന്റെ പേര് അച്യുത് നായർ. ഒരു ആയുർവേദ കമ്പനിയുടെ ജനറൽ മാനേജർ ആണ്. അമ്മ സുനിത.

 

∙ ജീവിതം അടയാളപ്പെടുത്തുക 

 

നമ്മൾ ഇവിടെ ജീവിച്ച് വെറുതെ കടന്നുപോയിട്ട് കാര്യമില്ല. നമ്മുടെ ജീവിതം ഈ ലോകത്ത് അടയാളപ്പെടുത്തി കടന്നു പോവുക. ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു എന്നു നാളെ മറ്റുള്ളവർ പറയണം. എന്തു ജോലിയാണ് ചെയ്യുന്നതെങ്കിലും അതിൽ മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക. മോശം കാര്യങ്ങൾ ചിന്തിച്ച് മനസ്സിനെ കഷ്ടപ്പെടുത്താതിരിക്കുക. നല്ലതിനെ മാത്രം മനസ്സിൽ സൂക്ഷിക്കുക. മോശം കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എല്ലാവരും സുരക്ഷിതമായി ഇരിക്കുക. എല്ലാവരുടയും ആശംസകൾ ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് കരുതുന്നു.

 

English Summary : Actor Anoop Krishnan about his life and career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com