ADVERTISEMENT

ഞാൻ ആരാണ്?, എന്തുകൊണ്ടാണ് ഇങ്ങനെയായത്?,... ഇത്തരം ചോദ്യങ്ങൾ കാജലിന്റെ മനസ്സിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്. അന്ന് കാജൽ ‘അവൾ’ ആയിരുന്നില്ല. പേര് കാജലെന്നും ആയിരുന്നില്ല. പ്യൂപ്പയിൽനിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്ന പുഴുവിനെ പോലെ അവൾ പിടയുകയായിരുന്നു. ആ പിടച്ചിലിന് യുഗങ്ങളുടെ ദൈർഘ്യമുണ്ടായിരുന്നുവെന്ന് അവൾ പറയുന്നു. ആ വേദനകളിലേക്ക് തിരിഞ്ഞു നോക്കാൻ അവൾക്കു പേടിയാണ്. കുഴിച്ചു മൂടിയ ആ ഓർമകള്‍ക്കു മുകളിൽ കെട്ടിയ അടിത്തറയിലാണ് പുതിയ ജീവിതം പടുത്തുയർത്തി അവളൊരു ചിത്രശലഭമായതും ചിറകു വിരിച്ച് പറക്കുന്നതും.

തൃശൂർ ജില്ലയിലെ ആമ്പല്ലൂരിനടുത്തുള്ള മണ്ണംപേട്ടയാണ് കാജലിന്റെ സ്വദേശം. സ്കൂളിലും നാട്ടിലും ബന്ധുക്കൾക്കു മുമ്പിലും പരിഹാസ കഥാപാത്രമായി വളരാനായിരുന്നു വിധി. സ്ത്രൈണതയുള്ള പുരുഷനെ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒന്നായാണ് സമൂഹം കണ്ടത്. കളിയാക്കിയും അസ്തിത്വം ചോദ്യം ചെയ്തും ചുറ്റിലുമുള്ളവർ സന്തോഷിച്ചു. അവരുടെ ചിരി പക്ഷേ ആ കൗമാര ഹൃദയത്തിൽ സൂചി പോലെ ആഴ്ന്നിറങ്ങുകയായിരുന്നു.

kajal-ns-1
Image Credits: Kajal CS/ Instagram

‘‘അന്നത്തെ എന്റെ പേര് എന്തായിരുന്നു എന്നു ചോദിക്കരുതേ. നഷ്ടങ്ങളും വേദനകളും മാത്രം നൽകിയ ആ പേരിനെ എന്നന്നേക്കുമായി ഉപേക്ഷിച്ചാണ് ഞാൻ കാജലായത്. അന്നത്തെ എന്റെ ഒരു ഫോട്ടോ പോലും ഞാൻ സൂക്ഷിച്ചു വച്ചിട്ടില്ല. വസ്ത്രങ്ങളും മറ്റു വസ്തുക്കളും ഉൾപ്പടെ എല്ലാം തീയിൽ ചാരമാക്കി. വേട്ടയാടുന്ന ഓർമകളെയും കൊത്തിവലിക്കുന്ന വേദനകളെയും പ്രതിരോധിക്കാനുള്ള ശ്രമമായിരുന്നു അത്’’– കാജൽ പറഞ്ഞു തുടങ്ങി.

ഓരോ വയസ്സ് പിന്നിടുമ്പോഴും തന്റെ അസ്തിത്വം സംബന്ധിച്ച പുതിയ തിരിച്ചറിവുകൾ കാജലിന് ഉണ്ടായിത്തുടങ്ങി. പക്ഷേ കൂടുതൽ ആശയക്കുഴപ്പത്തിലേക്കാണ് അതു നയിച്ചത്. ശരീരം പുരുഷന്റേതാണ്. പക്ഷേ മനസ്സു സ്ത്രീയുടേതും. അതിനെ മറച്ചു വയ്ക്കാനാവില്ല. എങ്ങനെ തുറന്നു പറയും, എന്തു ചെയ്യും?

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബെംഗളൂരുവിലേക്ക് നടത്തിയ യാത്രയാണ് സംശയങ്ങൾ ദുരീകരിക്കാൻ സഹായിച്ചത്. ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരെ അന്നാണ് കാണുന്നതും അവരെക്കുറിച്ച് മനസ്സിലാക്കുന്നതും. ‍ഞാനും ഇവരിൽ ഒരാളാണ് എന്ന ചിന്തയാണ് അപ്പോഴുണ്ടായത്. പിന്നീട് നാട്ടിലുള്ള ട്രാൻസ് വ്യക്തികളെ പരിചയപ്പെട്ടു. ആ സുഹൃദ് ബന്ധം കാജലിന് മുമ്പിൽ പുതിയൊരു ലോകം തുറന്നു. എല്ലാവർക്കും പറയാൻ നോവുന്ന കഥകളുണ്ടായിരുന്നു. സ്ത്രീയാകാനുള്ള മാർഗം ശസ്ത്രക്രിയയാണെന്ന് അറിഞ്ഞു. അതു ചെയ്തവരുടെ അനുഭവം കേട്ടു. ശരീരം കൊണ്ട് സ്ത്രീയായി മാറാൻ മനസ്സിനെ ഒരുക്കുകയായിരുന്നു പിന്നീടുള്ള ഓരോ ദിവസവും. അതിനിടെ കുടുംബത്തിൽ എതിർപ്പുകള്‍ ശക്തമായി. ദുരനുഭവങ്ങൾ നേരിട്ടു. പക്ഷേ സ്വന്തം വ്യക്തിത്വം മറച്ചു വച്ചുള്ള ജീവിതം മരണത്തേക്കാൾ ഭീകരമാണെന്ന് അറിയുന്നതു കൊണ്ടു തന്നെ അവയ്ക്കൊന്നും കാജലിനെ പിന്തിരിപ്പിക്കാനോ തളർത്താനോ ആയില്ല. അങ്ങനെ വീടുവിട്ടിറങ്ങി.

kajal-ns-2
Image Credits: Kajal CS/ Instagram

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി എന്ന ഖ്യാതി നേടിയ അനന്യ അലക്സ് ആണ് അന്നു കാജലിന് തുണയായത്. കനൽവഴികളിൽ കാലിടറാതെ നടക്കാൻ അവളെ അനന്യ പരിശീലിപ്പിച്ചു. തീരുമാനങ്ങളെടുക്കാനും പോരാടനും പഠിപ്പിച്ചു. പക്ഷേ വിധിയുടെ ചൂതാട്ടത്തിൽ പിന്നീട് അനന്യയും വീണു പോയി. അതൊരു ഞെട്ടലായി കാജലിനെ ഇന്നും പിന്തുടരുന്നു. ‘‘ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്നുള്ള അനന്യയുടെ ആത്മഹത്യാ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഞാനുൾപ്പടെ ഒരുപാടു പേർക്ക് പ്രതിസന്ധികളിൽ തുണയായവളാണ് അനന്യ. മമ്മി എന്നായിരുന്നു ഞാൻ വിളിച്ചിരുന്നത്. പക്ഷേ, ഒടുവിൽ അവൾ സ്വയം തന്റെ പോരാട്ടം അവസാനിപ്പിച്ചു. ഇന്നും മമ്മി ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം’’

സ്ത്രീയായി മാറുക എന്നതു മാത്രമായിരുന്നു വീടു വിട്ടിറങ്ങുമ്പോൾ കാജലിന്റെ ലക്ഷ്യം. അതിനുവേണ്ടി മാത്രമാണു ജീവിക്കുന്നത് എന്നു പോലും ചിന്തിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്. അതിനായി പണം കണ്ടെത്തേണ്ടതുണ്ട്. അതിനുവേണ്ടി ഹിജഡ കൾച്ചറിന്റെ ഭാഗമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. ലൈംഗിക തൊഴിലാളിയായി. വേറെയും ജോലികൾ ചെയ്തു. ഒടുവിൽ കോയമ്പത്തൂരിൽവച്ച് ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പിന്നെയും സർജറികൾ വേണ്ടി വന്നു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അവളൊരു ചിത്രശലഭമായി. 

kajal-ns-6
Image Credits: Kajal CS/ Instagram

വേദനകളുടെ കാലം അവസാനിച്ചുവെന്ന് വിശ്വസിക്കാനാണ് കാജലിന് ഇഷ്ടം. സ്ത്രീയാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മോഡലിങ് ചെയ്യുക എന്നതായിരുന്നു മറ്റൊന്ന്. 2021ൽ അതും സാധ്യമായി. ഇതിനിടയിൽ ഒരു നടിയുടെ പഴ്‌സനൽ അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ് ഇതിനു വഴിയൊരുക്കിയത്. ജീവിതത്തിൽ വളരെയധികം മാറ്റങ്ങളാണ് പിന്നീട് ഉണ്ടായത്. വീട്ടുകാരുടെ പിന്തുണ ലഭിച്ചു തുടങ്ങി എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. പണ്ട് അപശകുനമായി കണ്ടു പെരുമാറിയ പല നാട്ടുകാരും അടുത്തു വന്നു സംസാരിക്കുന്നു. കളിയാക്കിയവർ ചായ കുടിക്കാന്‍ ക്ഷണിക്കുന്നു. ബന്ധുക്കൾ വിശേഷങ്ങൾക്ക് വിളിക്കുന്നു. ജീവിതത്തിലെ സന്തുഷ്ടമായ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സിനിമയിൽ അഭിനയിക്കുക എന്ന സ്വപ്നമാണ് ബാക്കിയുള്ളത്. അതും സാധ്യമാകും എന്നു കാജലിന് ഉറപ്പുണ്ട്. കാരണം ദേവിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് കാജൽ വിശ്വസിക്കുന്നു. ഒരു അനുഭവവും കാജലിന് പറയാനുണ്ട്. 

കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് 17 ാം വയസ്സ് മുതൽ കാജൽ എത്താറുണ്ട്. പുരുഷന്മാർ സ്ത്രീ വേഷം കെട്ടി വിളക്കെടുക്കുന്ന ചടങ്ങാണ് ഇവിടുത്തെ പ്രത്യേകത. ഇതിൽ പ്രസാദിച്ച് ദേവി ഉദ്ദിഷ്ടകാര്യം സാധ്യമാക്കും എന്നാണ് വിശ്വസം. കോവിഡിനെ തുടർന്ന് രണ്ടു വർഷം ചമയവിളക്ക് ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്തതിനാൽ ഇനി കാജലിന് വിളക്കെടുക്കാനാവില്ല. എങ്കിലും ഈ വർഷത്തെ വിളക്കിന് കാജൽ എത്തി. എന്നാൽ ദേവി ഇത്തവണ ശരിക്ക് അനുഗ്രഹിച്ചു എന്നാണ് കാജല്‍ വിശ്വസിക്കുന്നത്. ചമയവിളക്ക് കാണാനെത്തിയ കാജൽ, ചടങ്ങിന്റെ ഭാഗമായ പുരുഷാംഗനമാരേക്കാൾ ശ്രദ്ധ നേടി. ക്ഷേത്രപരിസരത്ത് ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ ആളുകൾ മത്സരിച്ചു. കാജലിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്നുള്ള ദിവസങ്ങളിൽ സ്നേഹം അറിയിച്ച് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചു. വെബ് സീരിസില്‍ അഭിനയിക്കാനും ഫോട്ടോഷൂട്ടിനും ക്ഷണമെത്തി. ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു അവ.

kajal-ns-3

സമൂഹം ട്രാൻസ് വ്യക്തികളെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. പണ്ട് നാട് വിടുക എന്ന വഴിയേ മുമ്പിലുണ്ടായിരുന്നുള്ളൂ. ചെന്നൈ, ബെംഗളൂരൂ, കോയമ്പത്തൂർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽപോയി എങ്ങനെയൊക്കെയോ ജീവിക്കുന്നു. പണം സമ്പാദിച്ച് സർജറി ചെയ്യുന്നു. എന്നാലിപ്പോൾ ട്രാൻസ് കമ്യൂണിറ്റികള്‍ ശക്തമാണ്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയുണ്ട്. ട്രാൻസ് വ്യക്തികൾക്ക് ജോലി നൽകാൻ തയാറുള്ളവരുണ്ട്. അങ്ങനെ സമൂഹത്തിൽ മാറ്റം നടക്കുന്നു. ട്രാൻസ് വ്യക്തികൾ എങ്ങനെ ജീവിക്കുന്നുവെന്നതും ഇതിൽ പ്രധാനമാണെന്ന് തോന്നുന്നു. ജോലി, മാന്യമായ പെരുമാറ്റം, വസ്ത്രധാരണം ഇതെല്ലാം സമൂഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ട്രാൻസ്ജെൻഡറോ, എങ്കിൽ സെക്സ് വർക്കർ ആണ് എന്ന നിലയിൽ കാണുകയും പെരുമാറുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. ഒന്ന് ശ്രമിച്ചാൽ അവളെ കിട്ടും എന്നാണ് അത്തരക്കാരുടെ ചിന്ത. അവരെ മാറ്റാനാകുമെന്ന് തോന്നുന്നില്ലെന്നും കാജൽ പറയുന്നു. 

ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളി നൽകിയ വേദനകൾ വിവാഹം എന്നൊരു സ്വപ്നം കാജലിന്റെ മനസ്സിന്റെ ഒരു കോണിലേക്ക് തള്ളി മാറ്റി. കരിയറിനു പ്രാധാന്യം നൽകി ജീവിതത്തിൽ നല്ല നിലയിലെത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതുകഴിഞ്ഞ് സുമംഗലിയാകണം. മനസ്സു കൊണ്ടും ശരീരം കൊണ്ടും ഇന്നൊരു പെണ്ണാണ്. എന്നാൽ പ്രസവിക്കാൻ ആകില്ല. അതുകൊണ്ട് ദത്തെടുക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കി വരുന്ന ഒരാളുടെ ഭാര്യയും ‘ഇതെന്റെ മരുമകൾ. ട്രാൻസ് വുമൺ ആണ്. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ അംഗം’ എന്നു മടിയില്ലാതെ പറയുന്ന ഒരു കുടുംബത്തിലെ മരുമകളുമായി ജീവിക്കണമെന്ന് കാജൽ ആഗ്രഹിക്കുന്നു, അതിനായി അവൾ കാത്തിരിക്കുന്നു. 

English Summary : Life story of Transgender women Kajal CS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com