ADVERTISEMENT

ഏതൊരു വിവാഹ ബന്ധത്തിന്‍റെയും അടിത്തറ പ്രണയമാണ്. പരസ്പര വിശ്വാസവും ആശയവിനിമയവും ബഹുമാനവും ബന്ധം ശക്തമാക്കുന്ന ഘടകങ്ങളും. ദൗര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് പലരിലും പ്രണയം നഷ്ടമാകും. ജീവിതം തിരക്കുകളിലേക്ക് നീങ്ങുമ്പോഴാണ് ഇത്. പ്രണയിക്കാൻ സമയമില്ലാതാകുന്നതോടെ വിവാഹബന്ധം പലപ്പോഴും ഉത്തരവാദിത്തങ്ങളിൽ തൂങ്ങുന്ന ഒത്തുതീര്‍പ്പ് മാത്രമാകുന്നു. 

വിവാഹജീവിതം ദുര്‍ബലമാക്കുന്ന പല ഘടകങ്ങളുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയും പോലെ എപ്പോഴും കൂടെയുള്ള പങ്കാളിയെ നിസാരമായി കരുതുന്ന പ്രവണതയാണ് ഇതില്‍ പ്രധാനപ്പെട്ടത്. വിവാഹ ജീവിതത്തിലെ പ്രണയവും സന്തോഷവും നിലനിര്‍ത്താന്‍ പങ്കാളികള്‍ക്ക് പിന്തുടരാവുന്ന ചില ലളിതമായ കാര്യങ്ങള്‍ ഇതാ.

∙ സമയ വിനിയോഗം

കരിയറില്‍ മാത്രമല്ല വിവാഹ ജീവിതത്തിലും സമയം മികച്ച രീതിയിൽ വിനിയോഗിക്കുന്നവര്‍ വിജയിക്കാറുണ്ട്. വീട്ടിലെ ജോലികള്‍ക്ക് വേണ്ടി മാത്രമല്ല ഭാര്യയും ഭര്‍ത്താവും സമയം മാറ്റി വയ്ക്കേണ്ടത്. അവനവനു വേണ്ടിയും പങ്കാളിക്ക് വേണ്ടിയും സമയം കണ്ടെത്തണം.   

∙ ഡേറ്റിങ് ദിനങ്ങള്‍

പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ആ നാളുകൾ ഓർക്കുന്നുണ്ടാകും. പ്രണയം തീ പോലെ ജ്വലിച്ച് നിന്ന ആ കാലത്തിലേക്ക് തിരികെ പോകണം. വിവാഹശേഷം ഒരുമിച്ച് പുറത്തേക്ക് പോകുന്നത് പലചരക്ക് വാങ്ങാനും ഡോക്ടറെ കാണാനും വേണ്ടി മാത്രമാകരുത്. ഇടയ്ക്കു പങ്കാളിയെ കൂട്ടി ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ കറങ്ങാൻ പോകാം. ഈ സമയത്ത് കുടുംബം, കുട്ടികള്‍, വീട്ടുകാര്യം എന്നിങ്ങനെ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യരുത്. നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രണയകാലത്തെ ആ പരസ്പര ഇഷ്ടവും അടുപ്പവും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. 

∙ വഴക്കുകള്‍

അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നത് വലിയ പൊട്ടിത്തെറിക്ക് കാരണമാകും. പ്രശ്നങ്ങളെ അവഗണിക്കാതെ അതിനെ നേരിടുക. ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി മുന്നോട്ടു പോകാൻ പങ്കാളികള്‍ ശ്രമിക്കണം. അതു പ്രണയം നിലനിർത്താനും സഹായിക്കും. 

∙ ബഹുമാനിക്കുക

വഴക്കടിക്കുമ്പോൾ പോലും പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ ശ്രമിക്കണം. ക്രൂരമായ വാക്കുകള്‍ വിവാഹബന്ധം മാത്രമല്ല ഏതൊരു ബന്ധത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ്. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല എന്നത് സംസാരിക്കുമ്പോൾ മനസ്സിലുണ്ടാകണം. മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പങ്കാളിയെ അപമാനിക്കുകയോ ചെയ്യരുത്. 

∙ നല്ല വശങ്ങൾ

അവളുടെ ചിരി നിങ്ങളുടെ ജീവിതത്തില്‍ ഊര്‍ജ്ജം നിറച്ച, അവന്‍റെ ചെറിയ തമാശകള്‍ പോലും നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ നല്ല കാലം ഓർക്കുക. വിവാഹശേഷവും ഇത്തരം ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം. പങ്കാളിയെ ദിവസത്തിൽ ഒരിക്കലെങ്കിലും അഭിനന്ദിക്കാന്‍ മറക്കരുത്. പങ്കാളിയെ ഓര്‍ത്ത് നിങ്ങള്‍ അഭിമാനിക്കുന്ന കാര്യവും അവരുടെ കാര്യത്തില്‍ നിങ്ങള്‍ എത്ര മാത്രം ശ്രദ്ധാലുവാണെന്നുള്ള കാര്യവും തുറന്ന് പറയാന്‍ മടിക്കരുത്. 

∙ ഒന്നിച്ച് ചെയ്യാം

രണ്ടു പേര്‍ക്കും ഇഷ്ടമുള്ള ഒരു കാര്യം ഒന്നിച്ച് ചെയ്യാന്‍ സമയം കണ്ടെത്തണം. പ്രിയപ്പെട്ട ടെലിവിഷന്‍ പരിപാടി കാണലോ, ഇഷ്ടമുള്ള എന്തെങ്കിലും ഹോബിയോ ആകാം. അത് എന്തുതന്നെ ആയാലും ഒന്നിച്ച് ചെയ്യൂ. 

∙ വിശ്വാസം

എന്തു കാര്യത്തിന്‍റെ പേരിലാണെങ്കിലും വിവാഹബന്ധത്തില്‍ ചതി അംഗീകരിക്കാനാകില്ല. നിങ്ങളുടെ മോശം അവസ്ഥയിൽ താങ്ങും തണലുമാകാനായി പങ്കാളി അല്ലാതെ മറ്റൊരാളുടെ അടുത്തേക്ക് പോകരുത്. നൈമിഷിക വികാരങ്ങളെക്കാൾ ദാമ്പത്യത്തിലെ വിശ്വാസത്തിനായിരിക്കണം വില നൽകേണ്ടത്. പങ്കാളിക്കുള്ള വിശ്വാസത്തേക്കാള്‍ മറ്റൊരാളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ നിങ്ങളുടെ വികാരങ്ങളെ പുനര്‍മൂല്യനിർണയം നടത്താന്‍ സമയമായി എന്നാണ് അർഥം. ഒരു സുഹൃത്തിന്‍റെയോ പ്രഫഷണല്‍ കൗണ്‍സിലറുടെയോ സഹായം ഇത്തരം സാഹചര്യങ്ങളിൽ തേടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com