എടാ തടിയാ, ഇതെന്താടാ പെണ്ണുങ്ങളെപ്പോലെ എന്നു കളിയാക്കിക്കൊണ്ടേയിരുന്ന ഒരു പതിനേഴുകാരൻ. സങ്കടവും ദേഷ്യവും മൂത്ത് അവന്റെ നെഞ്ചിലേക്ക്കത്തിപ്പിടി താഴ്ത്തിയ മറ്റൊരു പതിനേഴുകാരൻ–രണ്ടും പാടില്ലായിരുന്നു. ഒട്ടും പാടില്ലായിരുന്നു. പക്ഷേ, എത്രവട്ടം ഇനിയതു പറഞ്ഞാലും പോയ ജീവനോ ജുവനൈൽ ഹോമിലെ തടവിലേക്കു മാറിയ ജീവിതമോ തിരിച്ചുകിട്ടില്ല. അമിതവണ്ണത്തിന്റെ പേരിൽ തുടർച്ചയായി ഉപദ്രവിക്കുകയും ശരീരത്തു പിടിച്ച് അപമാനിക്കുകയും ചെയ്ത കൂട്ടുകാരനെ പ്ലസ് ടു വിദ്യാർഥി കുത്തിക്കൊന്നു എന്ന വാർത്ത തമിഴ്നാട്ടിൽ നിന്നാണ് എത്തിയത്. വിശദവിവരങ്ങൾ ചേർത്ത് അതു പ്രസിദ്ധീകരിക്കാൻ അയയ്ക്കുന്നതിനിടെ മനഃപൂർവം ഒരു വാക്കു വെട്ടിക്കളഞ്ഞു, കൂട്ടുകാരൻ എന്ന വാക്ക്. ഒപ്പമുള്ളവരെ കളിയാക്കി രസിക്കുന്നവർ കൂട്ടുകാർ ആകില്ലല്ലോ. നിറത്തിന്റെ, ശരീരത്തിന്റെ, മുടിയുടെ, മുഖക്കുരുവിന്റെ, അവയവ അളവുകളുടെ, ചിരിയുടെ, ശബ്ദത്തിന്റെ, വേഷത്തിന്റെ, നടപ്പിന്റെ, ഇഷ്ടങ്ങളുടെ– അങ്ങനെ എന്തിന്റെയെല്ലാം പേരിലുള്ള അപമാനങ്ങളാണു ചുറ്റും പുകയുന്നത്. എത്ര കെടുത്തിയാലും പിന്നെയും നുരയുന്ന നീറ്റുകക്കപോലെ ആ വിഷം പടരുന്നു. എന്തിനും പരിഹസിക്കുന്നതും പൊതുഇടത്തും സോഷ്യൽ മീഡിയയിലും തെറികളിലൂടെ കളിയാക്കുന്നതും കൊള്ളേണ്ടവർക്കു മാത്രം മനസ്സിലാകുന്ന തരത്തിൽ കുത്തുവാക്കുകൾ തിരുകിക്കയറ്റുന്നതും ഹരമായ അനേകരുണ്ട്. അതിൽ തട്ടിത്തൂവിപ്പോകാതെ തലനിവർന്നു നിൽക്കാൻ പഠിക്കണം. ഒപ്പം, ഇത്തരം വിഷങ്ങളോട് തീർത്തു പറയണം– മതി, ഇനി ഇതു വേണ്ട. ഇതു രണ്ടും ഉറപ്പാക്കിയില്ലെങ്കിൽ ഇനിയും ബോഡി ഷെയ്മിങ് തുടരും, അതിൽ തടഞ്ഞ് ഒട്ടേറെ മനസ്സുകളിൽ ചോര പൊടിയും, അപകർഷതാ ബോധത്തിൽ ജീവിതങ്ങൾ ഉൾവലിയും.
HIGHLIGHTS
- ബോഡി ഷെയ്മിങ് സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ പലതാണ്
- സിനിമാ നടീനടന്മാരാണു പലരുടെയും സൗന്ദര്യത്തിന്റെ അളവുകോൽ
- എല്ലാവരും ഒരേപോലെയിരുന്നാൽ ഈ ലോകം എന്തൊരു ബോറായേനേ