കൗണ്ടറുകളുടെ രാജാവ്; ഞങ്ങളുടെ ‘സകലകലാ വല്ലഭൻ’: ഓര്‍ത്ത് മറിമായം ടീം

khalid
SHARE

മറിമായത്തിലെ അഭിനേതാക്കളുടെ മുഖത്ത് ചായംപുരട്ടാനെത്തി മറിമായത്തിന്റെ തന്നെ മുഖമായി മാറിയ അഭിനേതാവ്.. വി.പി.ഖാലിദെന്ന പ്രേക്ഷകരുടെ സ്വന്തം 'സുമേഷേട്ടൻ'. ഇനി സുമേഷേട്ടൻ ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പരിപാടിയുടെ അണിയറ പ്രവർത്തകർക്കായിട്ടില്ല. ഏത് വേഷവും വഴങ്ങുന്ന അസാധാരണ പ്രതിഭയായിരുന്നു വി.പി.ഖാലിദെന്ന നടനെന്ന് മറിമായം ഇപ്പോള്‍ ഒരുക്കുന്ന സംവിധായകന്‍ മിഥുന്‍ ചേറ്റൂരും ക്യമാറമാന്‍മാര്‍ അടക്കമുള്ള അണിയറ പ്രവർത്തകരും പറയുന്നു. 

khalid-3

'മേക്കപ്പ് മാനായി മറിമായം ടീമിനൊപ്പം ചേർന്നതാണ് ഖാലിദിക്ക. അഭിനേതാക്കളുടെ മുഖത്ത് ചായം പുരട്ടുമ്പോഴൊക്കെ അഭിനയിക്കണമെന്ന ആഗ്രഹം ഖാലിദിക്ക ഉറക്കെയും പതുക്കെയും പറഞ്ഞു. എന്നാലൊരു കൈ നോക്കട്ടെയെന്ന് ഞങ്ങളും കരുതി. പല വേഷങ്ങൾ നൽകി. ടീമിനെ ഞെട്ടിച്ച അദ്ദേഹം പ്രേക്ഷകരുടെ 'സുമേഷേട്ടൻ' ആയി മാറാൻ അധിക കാലം വേണ്ടി വന്നില്ല. സകല കലാവല്ലഭനാണ് അദ്ദേഹം. പാട്ടുപാടണോ, ഡാൻസ് കളിക്കണോ, മാജിക് കാണിക്കണോ എന്ന് വേണ്ട ചെയ്യുന്നതിലെല്ലാം തന്റെ പ്രതിഭയെ അദ്ദേഹം അടയാളപ്പെടുത്തി. ന്യൂജനറേഷൻ അഭിനേതാക്കളെ വെല്ലുന്ന കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും കൗണ്ടറുകളും ഖാലിദിക്കയുടെ മാത്രം പ്രത്യേകതയാണ്. – മിഥുന്‍ പറയുന്നു. പേരെന്താ എന്നുചോദിച്ചാല്‍ സുമേഷ്. പക്ഷേ വേഷവും രൂപവും കണ്ടാൽ വിളിക്കാൻ തോന്നില്ലെന്ന് ഓരോരുത്തരെയും കൊണ്ട് പറയിപ്പിക്കുന്ന ആ ഭാവമാണ് പ്രേക്ഷകരുടെ മനസിൽ ഇടം നൽകിയതെന്ന് തന്നെ പറയേണ്ടി വരും.

74 വയസ്സായി, അസുഖങ്ങളുമുണ്ട്. എന്നാലും ഏത് വെയിലത്തും എത്ര നേരം വേണം വേണേലും എന്തും സഹിച്ച് നില്‍ക്കാന്‍ ഖാലിദിക്ക റെഡിയായിരുന്നു. ഒരു പരാതിയും അദ്ദേഹം പറ‍ഞ്ഞില്ല. ഇത് പുതിയ തലമുറയിലെ അഭിനേതാക്കള്‍ മാതൃകയാക്കേണ്ടതാണ്– മിഥുന്‍ പറയുന്നു. 

പ്രായമല്ലേ ബുദ്ധിമുട്ടിക്കേണ്ടെന്ന് വച്ച് നീളമേറിയ ഡയലോഗുകൾ  കൊടുക്കാതിരിക്കുമ്പോൾ 'കുറച്ച് നീളൻ സംഭാഷണങ്ങളൊക്കെ പോരട്ടെന്നേയെന്ന് അദ്ദേഹം തന്നെ പറയും. സത്യത്തിൽ ഫ്രെയിമിൽ ഖാലിദിക്ക ഉണ്ടായാൽ മാത്രം മതി ആ രംഗം മികച്ചതാവുമെന്നതിൽ സംശയമില്ല. ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത സീൻ ആണെങ്കിൽ കൂടിയും പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് വലിച്ചെടുക്കാൻ കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. ഏത് മെയ്ക്ക്ഓവറും വഴങ്ങുന്ന, പ്രായത്തിന്റെ പേരിൽ മാറ്റിനിർത്താനാവാത്ത ഖാലിദിക്കയെ മലയാള സിനിമയ്ക്ക് അത്രകണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. 

vp-khalid-1

അടിമുടി പ്രൊഫഷണലായ അഭിനേതാവായിരുന്നു ഖാലിദിക്ക. മറിമായത്തിന്റെ സെറ്റിൽ നിന്ന് പോകുന്ന അവസാന ദിവസം ചിത്രീകരണത്തിനിടയിൽ കാറിന്റെ ഡോറിൽ അദ്ദേഹത്തിന്റെ കൈ കുടുങ്ങി. വേദന പുറമേയ്ക്ക് ഒട്ടും കാണിക്കാതെ ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു അടുത്ത സീനിൽ അദ്ദേഹം അഭിനയിച്ചത്. കൃത്യസമയത്ത് ചിത്രീകരണത്തിനെത്തുകയും എല്ലാവരോടും സൗമ്യമായി പെരുമാറുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പുതുമുഖ താരങ്ങളാരെങ്കിലും മറിമായത്തിന്റെ സെറ്റിലെത്തിയാൽ അന്നത്തെ ദിവസം മുഴുവൻ അവരോട് സംസാരിച്ച്, തമാശയും കളിചിരികളുമായി അവർക്ക് അവരുടെ ഏറ്റവും മികച്ച അഭിനയം പുറത്തെടുക്കുന്ന തരത്തിൽ കംഫർട്ടബിളാക്കാൻ ഖാലിദിക്കയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ഒരു പതിറ്റാണ്ടോളം മറിമായം ടീമിനൊപ്പമുണ്ടായിരുന്ന, ടീമിലെ ഏറ്റവും ചെറുപ്പക്കാരനായ നടനെയാണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. 'സുമേഷേട്ടന്' പകരക്കാരില്ല. ഞങ്ങളുടെ ഖാലിദിക്കയ്ക്കും'– മറിമായത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച ക്യാമറാമാന്‍‌മാരായ വിനുജിന്‍ ജി.കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഓര്‍ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS