ADVERTISEMENT

1980 കളുടെ തുടക്കം വരെ നബീസത്ത് ‘വെറും നബീസത്ത്’ ആയിരുന്നു; വൈക്കം മുഹമ്മദ് ബഷീറിന്റെ കത്ത് കിട്ടുന്നതു വരെ. തനിക്കു വായനാനുഭവം എഴുതിയയച്ച പ്രിയപ്പെട്ട വായനക്കാരിക്ക്, ‘എത്രയും പ്രിയപ്പെട്ട നബീസത്ത് ബീഗത്തിന്’ എന്നു മറുപടി എഴുതി ബഷീർ ആ പേര് സ്റ്റൈലനാക്കി. 1994 വരെ തുടർച്ചയായി ഇരുവരും കത്തുകളെഴുതി. പിന്നീടു കത്തുകൾ മുറിഞ്ഞു. ബഷീറിന്റെ 28–ാം ചരമവാർഷികം കടന്നു പോകുമ്പോഴും അവസാനം പറഞ്ഞ വാക്ക് പാലിക്കാനാവാതെ പോയതിന്റെ സങ്കടത്തിലാണു ക്ലാപ്പന സ്വദേശിയായ നബീസത്ത്.

മറുപടി പ്രതീക്ഷിച്ചില്ല

വായനശാലയിൽനിന്നു തുടർച്ചയായി ബഷീറിന്റെ പുസ്തകങ്ങൾ വായിച്ചാണു നബീസത്ത് ബഷീർ ആരാധികയായത്. വാരികയിൽ കണ്ട വിലാസത്തിലേക്ക് ഒന്നുമാലോചിക്കാതെ വായനാനുഭവം അയച്ചു.

 ‘ബഷീറിക്കയ്ക്ക്’ എന്ന് അഭിസംബോധന ചെയ്ത് എഴുതിയ കത്തിനു കൃത്യം അഞ്ചാം നാൾ മറുപടി. മറുപടി പ്രതീക്ഷിക്കാതിരുന്ന നബീസത്ത് പിന്നീടു വീണ്ടും കത്തുകളെഴുതി. രോഗം, ശ്വാസം മുട്ടൽ, മരുമകന്റെ മരണം, അല്ലറ ചില്ലറ പ്രാരബ്ധങ്ങൾ തുടങ്ങി എല്ലാ ലൊട്ടുലൊടുക്ക് സംഭവങ്ങളും കത്തിനു വിഷയമായി. മുച്ചീട്ടുകളിക്കാരന്റെ മകൾ, പൂവൻപഴം എന്നീ കഥകളാണു നബീസത്തിനു പ്രിയപ്പെട്ടത്. ഓരോ കഥയ്ക്കു പിന്നിലും ഓരോ അനുഭവമുണ്ടെന്നും ബഷീർ എഴുതിയിരുന്നു.

കാണാതെ പോയ മാങ്കോസ്റ്റീൻ

വിവാഹക്കാര്യം പറഞ്ഞു നബീസത്ത് അയച്ച കത്തിന്, ‘ദീർഘസുമംഗലീ ഭവ’ എന്നു മറുപടി വന്നു. ഒപ്പം പുയ്യാപ്ലയെയും കൂട്ടി വരണമെന്ന ക്ഷണവും. ‘‘ഗേറ്റ് തള്ളിത്തുറന്ന് ഇങ്ങു കയറിയേക്കണം. അപ്പോൾ കാണാം മാങ്കോസ്റ്റീൻ മരത്തിനു ചുവട്ടിൽ സാക്ഷാൽ ഈ ഞാൻ’’ എന്ന വരികൾ നബീസത്തിന് ഇപ്പോഴും ഓർമയുണ്ട്. മരച്ചുവട്ടിൽ നിന്നുള്ള ചിത്രങ്ങളും ബഷീർ അയച്ചിരുന്നു. പക്ഷേ, ആ വരവ് നടക്കാതെ പോയി. ബഷീർ മരിച്ച് 28 വർഷമാകുമ്പോഴും നടക്കാതെ പോയ ആ കൂടിക്കാഴ്ച ഇന്നും നബീസത്തിന് വേദനയാണ്.

വായിക്കാനാതെ പോയ ബഷീർ കഥകൾ പിന്നീടു ടെലിഫിലിമുകളായപ്പോൾ ആവേശത്തോടെ നബീസത്ത് കണ്ടു തീർത്തു. ക്ലാപ്പനയിലെ വീട്ടിൽ ഭർത്താവ് റഹീം കുഞ്ഞിനും മക്കളായ ഹബീബിനും അഫ്സലിനും ഒപ്പമാണ് നബീസത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com