ADVERTISEMENT

മൂടിക്കെട്ടിയ മനസ്സും വലിഞ്ഞുമുറുകിയ മുഖവുമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആരുമുണ്ടാകില്ല. ബന്ധങ്ങൾക്കിടയിലെ പാളിച്ചകളാണ് പലപ്പോഴും നമ്മുടെ മനസ്സിനെ മരവിപ്പിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നു വരുന്ന രണ്ട് വ്യക്തികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ ഈ വ്യത്യാസങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ ബന്ധങ്ങൾ താറുമാറാകും. സുഹൃത്തുക്കൾ, കുടുംബം, ഓഫിസ് തുടങ്ങി ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇടപെടുന്നവരുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കാൻ സിംപിൾ ടിപ്സ് നൽകുകയാണ് റിലേഷൻഷിപ്പ് വിദഗ്ധർ.

∙ യാഥാർഥ്യം മനസിലാക്കാം

നാം ആഗ്രഹിക്കുന്നത് പോലെ എല്ലാവരും പെരുമാറി കൊള്ളണമെന്നില്ല. മറ്റുള്ളവർക്ക് തന്നിൽ നിന്നും വ്യത്യസ്തമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കുക.

∙ തുറന്നു സംസാരിക്കാം

നിങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും ആരും മനസ്സിലാക്കുന്നില്ല എന്നു സങ്കടപ്പെടുകയല്ല വേണ്ടത്. അടുപ്പം തോന്നുന്നവരോട‌ു മനസ്സു തുറന്ന് സംസാരിക്കുക. ഇതിനൊപ്പം നല്ലൊരു കേൾവിക്കാരനാവാനും പരിശ്രമിക്കണം. ആരെങ്കിലും നമ്മളോടു സംസാരിക്കാൻ വന്നാൽ ശ്രദ്ധാപൂർവം കേട്ടിരിക്കുക. സഹായമോ, ഉപദേശമോ ആവശ്യപ്പെട്ടാൽ മാത്രം ചെയ്യുക.

∙ കൂട്ടത്തിൽ അലിയാം

ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്റെ കാര്യം മാത്രം നോക്കി ജീവിക്കുന്നവരെ സുഹൃത്താക്കാൻ ആരും ആഗ്രഹിക്കില്ല. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽക്കാതെ കൂട്ടത്തിൽ ഒരാളായി അലിഞ്ഞുചേരാൻ പരിശ്രമിക്കുക .

∙ വഴക്കിടുമ്പോൾ ശ്രദ്ധിക്കുക 

കലിതുള്ളിയ അവസ്ഥയിൽ മറ്റുള്ളവരോട് സംസാരിക്കാൻ പോകരുത്. പറഞ്ഞു പോയ വാക്കുകൾ പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ലെന്ന് ഓർക്കുക. ഏതു കാര്യത്തെക്കുറിച്ചാണോ വഴക്കു നടക്കുന്നത് അതിനെക്കുറിച്ച് മാത്രം സംസാരിക്കുക. ‘അന്നു നീ അങ്ങനെ ചെയ്തു’, നീ പണ്ടേ അങ്ങനെയാണ്’ എന്നിങ്ങനെയുള്ള സംസാരം ഒഴിവാക്കാം. പരിധിവിട്ടു സംസാരിച്ചു എന്നു പിന്നീട് തോന്നിയാൽ ക്ഷമാപണം നടത്തുക.

∙ ഉത്തരവാദിത്തം ഏറ്റെടുക്കാം

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്നവരെ ആർക്കും മതിപ്പുണ്ടാകില്ല. ഓഫിസിലോ, വീട്ടിലോ ആയാലും ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുക. അതുപോലെ പ്രധാനമാണ് മറ്റുള്ളവർക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക എന്നതും.

∙ സ്നേഹം പ്രകടിപ്പിക്കാം

കുടുംബ ജീവിതത്തിലായാലും കൂട്ടുകാർക്കിടയിലായാലും സ്നേഹം തുറന്നു പ്രകടിപ്പിക്കാൻ മടിക്കേണ്ടതില്ല. ജന്മദിനം, വിവാഹവാർഷികം തുടങ്ങിയവ ഓർത്തിരിക്കുക. ഇടയ്ക്ക് ചില സർപ്രൈസുകൾ നൽകുക വഴി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാം.

∙ നിങ്ങൾ തന്നെ ആയിരിക്കുക

ബന്ധങ്ങളിൽ എപ്പോഴും സത്യസന്ധത പുലർത്തുക. നിങ്ങൾ എങ്ങനെയാണോ അതുപോലെ പെരുമാറുക. മറ്റൊരാളെ പോലെ അഭിനയിച്ച് ബന്ധങ്ങൾ കൂടുതൽ കാലം മുന്നോട്ടു കൊണ്ടു പോകാനാവില്ല. 

∙ സ്വയം അംഗീകരിക്കുക

മറ്റുള്ളവർക്കുവേണ്ടി കാത്തിരിക്കാതെ സ്വയം അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുക. മറ്റാരെക്കാളും നിങ്ങളുടെ പോസിറ്റീവുകൾ അറിയുന്നത് നിങ്ങൾക്കു തന്നെയാണ്. വിഷമഘട്ടങ്ങളെ നേരിടാൻ സ്വയം പ്രോത്സാഹിപ്പിക്കാനും പഠിക്കണം.

∙ ജീവിതം വിശാലമാണ്

ഏതെങ്കിലും ഒരു വ്യക്തിയോട് മാത്രം വിധേയത്വം കാണിച്ച് ജീവിക്കേണ്ടതല്ല ജീവിതം. നിങ്ങളുടെ സന്തോഷങ്ങൾ തല്ലിക്കെടുത്തുന്ന ബന്ധങ്ങൾ ഏതു തരത്തിലുള്ളതായാലും അതിൽനിന്നു പുറത്തുകടക്കുക. വിശാലമായ ഒരു ലോകം നിങ്ങളെ കാത്തിരിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com