ADVERTISEMENT

സൗഹൃദം എന്നത് ഒരു അവസരമല്ല മറിച്ച് മധുരമുള്ള ഒരു ഉത്തരവാദിത്തമാണെന്നാണ് കവി ഖലീല്‍ ജിബ്രാന്‍ പറഞ്ഞിട്ടുള്ളത്. നാം തിരഞ്ഞെടുക്കുന്ന നമ്മുടെ കുടുംബമാണ് സുഹൃത്തുക്കളെന്ന് എഴുത്തുകാരി ജെസ്സ് സി. സ്‌കോട്ടും പറയുന്നു. എന്നാല്‍ നിര്‍വചനങ്ങള്‍ക്കെല്ലാം അതീതമായ സ്‌നേഹോഷ്മളമായ മനുഷ്യ ബന്ധമാണ് സൗഹൃദം. 

 

ഏതു പ്രതിസന്ധിയിലും ഒപ്പം നില്‍ക്കുന്നവരാണ് സുഹൃത്തുക്കള്‍. ചങ്കിന്റെ ചങ്കായ ഈ ചങ്ങാതിമാര്‍ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കാന്‍ തന്നെ പ്രയാസമായിരിക്കും. ഇങ്ങനെ ചങ്ങാതിമാര്‍ക്കായുള്ള ഒരു ദിവസമായാണു സൗഹൃദ ദിനം. ഐക്യരാഷ്ട്ര സംഘടന ജൂലൈ 30 ആണ് രാജ്യാന്തര സൗഹൃദ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയില്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കാറുള്ളത്. ഈ സൗഹൃദദിനത്തില്‍ നമ്മടെ ബെസ്റ്റികള്‍ക്ക് കൈമാറാനും ആശംസിക്കാനും ഒരു പിടി നല്ല സന്ദേശങ്ങള്‍ ഇതാ.

 

∙  നാം എത്ര വളര്‍ന്നാലും, എത്ര ദൂരത്തിലായാലും, നീ എന്നുമെന്റെ ഹൃദയത്തിലുണ്ടാകും. സൗഹൃദ ദിനാശംസകള്‍. 

 

∙ ഓരോ സുഹൃത്തും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് പുതിയൊരു ലോകവുമായിട്ടാണ്. ഇതിന് മുന്‍പ് നാം കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ലോകം. നിന്നെ കണ്ട് മുട്ടിയപ്പോള്‍ എനിക്ക് മുന്നില്‍ തുറന്നിട്ടത് സ്‌നേഹത്തിന്റെ വിലമതിക്കാനാകാത്ത ഒരു ലോകമാണ്. നിന്നിലൂടെ എന്നിലേക്ക് വന്ന് ചേര്‍ന്ന പുതു ലോകത്തിന് നന്ദി. 

 

∙ സന്തോഷകരമായ സൗഹൃദദിനാശംസകള്‍ പ്രിയ സുഹൃത്തേ. ഓരോ ചുവടിലും എനിക്ക് വിശ്വസിക്കാനാവുന്ന വ്യക്തിയാണ് നീ. നമ്മുടെ ഈ മനോഹര സൗഹൃദം എന്നെന്നും നീണ്ടു നില്‍ക്കട്ടെ. 

 

∙ എന്നോ ഒരു നാള്‍ നീ എന്റെ ജീവിതത്തിലേക്ക് വന്നു. നാം കണ്ടു മുട്ടി. അതിന് ശേഷം നീ എന്റെ ഹൃദയത്തില്‍ കയറി താമസമാക്കി. സൗഹൃദത്തിന്റെ നിരവധി അപൂര്‍വ നിമിഷങ്ങള്‍ സമ്മാനിച്ച നിനക്ക് ഒരായിരം നന്ദി. ഈ സൗഹൃദദിനത്തില്‍ നിനക്ക് എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍.

 

∙ നിന്നെക്കാള്‍ അധികമായി എന്നെ മനസ്സിലാക്കുന്ന ആരും ഈ ലോകത്തില്‍ ഇല്ല. സൗഹൃദ ദിനാശംസകള്‍ ചങ്കേ. 

 

∙ നിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാനാകില്ല. പക്ഷേ അവയൊന്നും നീ ഒറ്റയ്ക്ക് നേരിടേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കാനാകും. സൗഹൃദദിനാശംസകള്‍ പ്രിയ സുഹൃത്തേ. 

 

∙ നിന്നെ പോലൊരു നല്ല സുഹൃത്തിനെ കിട്ടിയതിലുള്ള സന്തോഷം വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല. സൗഹൃദ ദിനാശംസകള്‍ പ്രിയപ്പെട്ടവനേ/പ്രിയപ്പെട്ടവളേ.

 

∙ എന്റെ ജീവിതത്തില്‍ ചിരികളും സന്തോഷവും നിറച്ചതിന് നന്ദി. സൗഹൃദദിനാശംസകള്‍

 

∙ ഹൃദയം കൊണ്ട് ചേര്‍ന്നിരിക്കുന്ന നമ്മളെ പിരിക്കാന്‍ ദൂരത്തിന് സാധിക്കില്ല. നമ്മുടെ സൗഹൃദം ശാശ്വതമാണ്. ഈ സൗഹൃദദിനത്തില്‍ എന്റെ സ്‌നേഹത്തില്‍ ചാലിച്ച ആശംസകള്‍ സുഹൃത്തേ. 

 

∙ യഥാർഥ സൗഹൃദം അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണ്. നിന്നെ സുഹൃത്തായി ലഭിച്ച ഞാന്‍ അതിനാല്‍ ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്. എന്റെ ജീവിത്തിലെ ഏറ്റവും അമൂല്യമായ സമ്പത്താണ്‌ നമ്മുടെ സൗഹൃദം. സൗഹൃദദിനാശംസകള്‍ പ്രിയ സുഹൃത്തേ.

 

∙ നല്ല സുഹൃത്തുക്കള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ്. എപ്പോഴും നാം അവരെ ശ്രദ്ധിച്ചെന്ന് വരില്ല. പക്ഷേ, അവരെപ്പോഴും നമ്മളെയും നോക്കി മുകളില്‍ നില്‍പ്പുണ്ടായിരിക്കും. എന്റെ ജീവിതത്തിലെ നക്ഷത്രമായതിന് നന്ദി. സൗഹൃദദിനാശംസകള്‍.

 

∙ ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ ജീവിതത്തിലെ കഥകളെല്ലാം അറിയുമായിരിക്കാം. എന്നാല്‍ ആ കഥകളുടെ ഭാഗമായിരിക്കാന്‍ മികച്ച സുഹൃത്തിനേ സാധിക്കൂള്ളൂ. കാക്കത്തൊള്ളായിരം കഥകളുടെ ഭാഗമായി എന്നും എന്റെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com