ADVERTISEMENT

നമ്മളില്‍ പലരുടെയും ജീവിതത്തില്‍ നിര്‍ണ്ണായകമാകാറുള്ളത് സുഹൃത്തുക്കളാണ്. ഒരാളെ വീഴ്ത്താനും ഉയരങ്ങളിലേക്ക് ഉയര്‍ത്താനുമൊക്കെ ചങ്ക് പറിച്ച് കൂടെ നില്‍ക്കുന്ന ചങ്ങാതിമാര്‍ക്ക് സാധിക്കും. ഇത്തരത്തിലുള്ള നല്ല സൗഹൃദങ്ങളാണ് പലരുടെയും ജീവിത സമ്പാദ്യം തന്നെ. സൗഹൃദമെന്നത് സ്‌നേഹത്തിന്റെ പര്യായമാണെന്നു നിസ്സംശയം പറയാം. 

 

ഇത്തരത്തിലുള്ള നല്ല ചങ്ങാതിമാര്‍ക്ക് വേണ്ടിയുള്ളതാണ് ലോക സൗഹൃദ ദിനം അഥവാ ഇന്റര്‍നാഷനല്‍ ഫ്രണ്ട്ഷിപ്പ് ഡേ. ജൂലൈ 30നാണ് രാജ്യാന്തര സൗഹൃദ ദിനമെങ്കിലും ഇന്ത്യ, അമേരിക്ക, മലേഷ്യ, യുഎഇ, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആചരിക്കുന്നത്. 

 

∙ ഇതാണ് ടീമേ നമ്മടെ ചരിത്രം

 

ഹാള്‍മാര്‍ക്ക് കാര്‍ഡ്‌സിന്റെ സ്ഥാപകന്‍ ജോയ്‌സ് ഹാളാണ് 1930ല്‍ സൗഹൃദ ദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നതും ആഘോഷിക്കുന്നതും. ഓഗസ്റ്റ് രണ്ട് ആണു ഈ ദിനം ആചരിക്കാൻ ജോയ്‌സ് തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് തങ്ങളുടെ സുഹൃദ്ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍ ഗ്രീറ്റിങ് കാര്‍ഡുകള്‍ വില്‍ക്കാനുള്ള ജോയ്‌സിന്റെ ബിസിനസ് തന്ത്രമാണ് ഇതെന്നു ബോധ്യമായതോടെ ജനങ്ങള്‍ ഈ ദിനത്തെ കൈവിട്ടു. 

 

സമാധാനപരമായ സംസ്‌കാരം പരിപോഷിപ്പിക്കുന്ന രാജ്യാന്തര സിവില്‍ സംഘടനയായ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ് 1958 ജൂലൈ 30ന് രാജ്യാന്തര സൗഹൃദ ദിനം ആഘോഷിക്കണമെന്ന ശുപാര്‍ശ മുന്നോട്ട് വച്ചു. 1998ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഭാര്യ നാനേ അന്നന്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ‘വിന്നി ദ് പൂഹി’നെ സൗഹൃദത്തിന്റെ ലോക അംബാസഡറായി പ്രഖ്യാപിച്ചു. 2011 ഏപ്രില്‍ 27നാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ജൂലൈ 30 ഔദ്യോഗികമായി രാജ്യാന്തര സൗഹൃദ ദിനമായി പ്രഖ്യാപിക്കുന്നത്. തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ഈ ദിനം ആചരിക്കാന്‍ യുഎന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

 

ജനങ്ങളും രാജ്യങ്ങളും സംസ്‌കാരങ്ങളും വ്യക്തികളും തമ്മിലുള്ള സൗഹൃദം വഴി സമാധാനവും സഹകരണവും സഹവര്‍ത്തിത്വവുമുള്ള ലോകമാണ് ലോക സൗഹൃദ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. കാര്‍ഡുകളും സമ്മാനങ്ങളും കൈമാറിയും കൈയില്‍ ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകള്‍ അണിയിച്ചുമൊക്കെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ സൗഹൃദ ദിനം കൊണ്ടാടുന്നു. 

 

English Summary : History and significance of friendship day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com