ADVERTISEMENT

‘ഏറ്റവും അടുത്ത സുഹൃത്ത് ആരാണ്’ എന്നു ചോദിച്ചാൽ ‘മാക്സ്’ എന്നായിരിക്കും മേജർ രവിയുടെ മറുപടി. അതു പറയുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറും. വേദനയുടെ സൂചി ഹൃദയത്തിൽ കുത്തും. ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായ ആയിരുന്നു മാക്സ്. അവന്റെ വേര്‍പാടിന്റെ വേദന ഇന്നും ആ മനസ്സിലുണ്ട്. ‘‘ഒരിക്കൽ സ്നേഹിച്ചാൽ ജീവിതകാലം മുഴുവൻ ആത്മാർഥതയോടെ തിരിച്ചു സ്നേഹിക്കുന്ന സുഹൃത്തുക്കളാണ് നായ്ക്കൾ. മനുഷ്യരേക്കാൾ വിശ്വസിക്കാവുന്ന ജീവികൾ. ആ സ്നേഹത്തില്‍ സ്വാർഥതയുടെ പൊടിപോലും ഉണ്ടാകില്ല. നമ്മെ ജീവൻ കൊടുത്തും അവ സ്നേഹിക്കും’’– ആ സൗഹൃദം സമ്മാനിച്ച അനുഭവം എത്ര പറഞ്ഞാലും മേജറിന് മതിയാകില്ല. മാക്സ് എന്ന സുഹൃത്ത് ജീവിതത്തിലേക്ക് കടന്നു വന്നതും വിട്ടുപിരിഞ്ഞതുമായ കഥ മേജർ രവി മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

∙ മാക്സ് ജീവിതത്തിലേക്ക്

വളരെ അപ്രതീക്ഷിതമായാണു മാക്സ് ഞങ്ങളുടെ അടുത്തേക്ക് എത്തുന്നത്. ഞാൻ കുടുംബവുമൊത്ത് ചെന്നൈയിൽ ഒരു സുഹൃത്തിനെ സന്ദർശിക്കാൻ പോയതാണ്. സമീപത്തുള്ള ഒരു വീട്ടിൽ ഗോൾഡൻ റിട്രീവർ പ്രസവിച്ചെന്നും ആറേഴ് കുഞ്ഞുങ്ങൾ ഉണ്ടെന്നും അറിഞ്ഞപ്പോൾ കാണാൻ പോയി. അതിലൊരു കുഞ്ഞ് എന്റെ അടുത്തേക്ക് വന്നു. അവൻ എന്നെ തിരഞ്ഞെടുത്തതുപോലെയാണു തോന്നിയത്. ഒരു മാസം മാത്രമാണു പ്രായം. ആ കുഞ്ഞ് എന്നോടു വല്ലാത്ത അടുപ്പം കാണിച്ചു. എനിക്കും അവനെ ഒരുപാടിഷ്ടമായി. നമുക്ക് ഇവനെ കൊണ്ടുപോകാമെന്നായി എന്റെ മകൻ. ‘‘ഫ്ലാറ്റിലല്ലേ നമ്മൾ. കൊണ്ടുപോയാൽ ബുദ്ധിമുട്ടാകും’’ എന്നാണു ഞാൻ പറഞ്ഞത്. ‘‘സാരമില്ല നമുക്ക് നോക്കാം’’ എന്നായിരുന്നു മകന്റെ മറുപടി. അപ്പോൾ ഞങ്ങൾക്ക് എട്ടു വയസ്സുള്ള ലിൻഡ എന്ന കോക്കർ സ്പാനിയൽ നായ ഉണ്ടായിരുന്നു. 

ax-4

എന്തായാലും മാക്സ് ഞങ്ങളോടൊപ്പം ചെന്നൈയിലെ ഫ്ലാറ്റിലേക്ക് പോന്നു. പതിയെ അവൻ എനിക്കു പ്രിയപ്പെട്ടവനായി മാറി. അവനും എന്നോടായിരുന്നു അടുപ്പം കൂടുതൽ. മനുഷ്യർക്ക് മറ്റൊരാളോടു തോന്നുന്ന അടുപ്പത്തിൽ സ്വാർഥതയുണ്ടാകും. എന്നാൽ മൃഗങ്ങൾ അങ്ങനെയല്ല. അവയുടേത് നിസ്വാർഥ സ്നേഹമാണ്. ദേഷ്യപ്പെട്ട് തള്ളിക്കളഞ്ഞു പോയാലും തിരിച്ചെത്തുമ്പോൾ അവൻ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. 2015 ൽ ലിൻഡ മരിച്ചു. ഞങ്ങൾ നാട്ടിലേക്കു വന്നപ്പോൾ മാക്‌സ് ഒപ്പമുണ്ടായിരുന്നു. 

∙ കൊച്ചിയിലേക്ക്

കൊച്ചിയിലെ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയ മാക്സ് എല്ലാവരുടെയും ഓമനയായി. അവന്റെ വലുപ്പം കണ്ടാൽ എല്ലാവരും ‌ആദ്യം പേടിക്കും. ആരെ കണ്ടാലും അവൻ കുരച്ചുകൊണ്ട് അടുത്തേക്ക് ചെല്ലും. ഒരാൾ വീട്ടിൽ വന്നതിന്റെ സന്തോഷത്തിലാണ് അവൻ കുരയ്ക്കുന്നത്. അവർക്ക് അങ്ങനെയല്ലേ സന്തോഷം പ്രകടിപ്പിക്കാനാവൂ. പക്ഷേ കാണുന്നവർ പേടിക്കും. പതിയെ ഫ്ളാറ്റിലെ എല്ലാവർക്കും അവനെ മനസ്സിലായി. കൊച്ചു കുഞ്ഞുങ്ങൾ എല്ലാവരും അവന്റെ കൂട്ടുകാരായി. അവരോടൊപ്പം കളിക്കാൻ മാക്‌സും കൂടും. അവന് ഒരു ബോൾ ഉണ്ടായിരുന്നു. ഞാൻ അത് എറിയുമ്പോൾ അവൻ എടുത്ത് എന്റെ കയ്യിൽ കൊണ്ടു വന്നു തരും. അവനെ നടക്കാൻ ഒപ്പം കൂട്ടുമ്പോൾ തുടൽ ഇട്ടു പിടിക്കേണ്ട കാര്യമില്ല. എന്റെ കാലിനടുത്തു തന്നെ അവൻ ഉണ്ടാകും. എവിടെ വേണമെങ്കിലും ചെയിൻ ഇല്ലാതെ കൊണ്ടുപോകാം. 

ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവനു വലിയ വിഷമമാണ്. എവിടെയെങ്കിലും പോയി തിരിച്ചെത്തുമ്പോൾ ഞാൻ മിണ്ടാതെ വന്നു വാതിലിനരികെ നിൽക്കും. പക്ഷേ പുറത്തു ഞാനുണ്ടെന്ന് അവനു മനസ്സിലാകും. അവൻ കുരച്ച് ബഹളം കൂട്ടും. ഭാര്യ വന്നു നോക്കുമ്പോൾ ഞാൻ എത്തിയതു കണ്ട് അദ്ഭുതപ്പെടും. കുറച്ചു നേരം ഒപ്പം കളിച്ച് അവന്റെ പരിഭവം തീർത്തതിനുശേഷമേ ഒരു ഗ്ലാസ് ചായ പോലും കുടിക്കാൻ പറ്റൂ. നല്ല അനുസരണയുള്ള, സ്നേഹമുള്ള കുഞ്ഞായിരുന്നു മാക്സ്. രാത്രി കിടക്കാൻ നേരം എന്റെ ഒപ്പം വന്നു കിടന്ന് സ്നേഹം പ്രകടിപ്പിച്ച് 5 മിനിറ്റ് കഴിഞ്ഞ് അവന്റെ സ്ഥലത്തേക്കു തിരികെ പോകും.

max

∙ പിക്കറ്റ് 43

ഒരിക്കൽ എന്റെ ഫ്ലാറ്റിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരു കുടുംബം താമസിക്കാനെത്തി. അവിടെ ഐഷു എന്നൊരു പെൺകുട്ടി ഉണ്ട്. അവൾക്ക് കാൻസർ ആയിരുന്നു. ഒരു ദിവസം നോക്കിയപ്പോൾ മാക്സിനെ കാണുന്നില്ല. ഞാൻ അവനെ വിളിച്ച് അവിടെയൊക്കെ നടന്നു. നോക്കിയപ്പോൾ ലിഫ്റ്റിനടുത്ത് വീൽ ചെയറിൽ ഐഷു ഇരിക്കുന്നു. മാക്സ് അവളുടെ അടുത്തിരിപ്പുണ്ട്. ഐഷു മാക്സിന്റെ തലയിൽ തലോടുന്നു. മാക്സ് ഒരു അപരിചിതത്വവും കാണിക്കുന്നില്ല, കുരയ്ക്കുന്നില്ല. അവൾ ഒരു രോഗിയാണെന്ന് അവനു മനസ്സിലായിട്ടുണ്ട്. അവളോട് മാക്സിന് ഒരു പ്രത്യേക അടുപ്പമായിരുന്നു. 

ഞാൻ ചെയ്ത ‘പിക്കറ്റ് 43’ എന്ന ചിത്രത്തിൽ ഒരു ഗോൾഡൻ റിട്രീവർ ഉണ്ട്. മാക്സിന്റെ സ്വഭാവ സവിശേഷത അറിയുന്നതുകൊണ്ടാണ് ഞാൻ ആ ചിത്രത്തിൽ അതിനെ ഉൾപ്പെടുത്തിയത്. നായകളുമായിട്ടുള്ള എന്റെ അടുപ്പത്തിനു ഒരുപാടു പഴക്കമുണ്ട്. തെരുവുനായ്ക്കൾ പോലും എന്നോട് അടുപ്പം കാണിച്ചു വരാറുണ്ട്. മനുഷ്യരേക്കാൾ വിശ്വസിക്കാൻ കഴിയുന്ന ജീവിയാണ് നായ.

∙ വില്ലനായി വിധി

2018 ൽ പെട്ടെന്നൊരു ദിവസം മാക്സിന് ഛർദിൽ തുടങ്ങി. അവന് അന്ന് 8 വയസ്സാണ്. ഡോക്ടറെ കാണിച്ചെങ്കിലും അസുഖം കുറഞ്ഞില്ല. വിശദമായ പരിശോധനയിൽ അവന്റെ വൃക്കകൾ തകരാറിലായി എന്നു മനസ്സിലായി. അതിനു ശേഷമുള്ള അവസ്ഥ വളരെ ഭീകരമായിരുന്നു. അവനു വെള്ളം കുടിക്കണം. പക്ഷേ കിഡ്നിക്ക് അസുഖമുള്ളവർക്ക് അധികം വെള്ളം കൊടുക്കാൻ പാടില്ല. ഈ പാവം അവിടെയും ഇവിടെയും പോയി വെള്ളം കിട്ടുമോ എന്നു നോക്കും. ഞങ്ങൾ ഒരുപാട് ചികിത്സിച്ചിട്ടും അവന്റെ അസുഖം ഭേദമായില്ല. ഒരു ദിവസം തീരെ വയ്യാതായി. ഞങ്ങൾ അവനെ വെറ്ററിനറി മെഡിക്കൽ കോളജിൽ കൊണ്ടു പോകാൻ തീരുമാനിച്ചു. 

ആശുപത്രിയിൽ പോകാൻ മാക്സുമായി കാറിൽ കയറിയ ഞാൻ എന്തോ എടുക്കാൻ തിരികെ ഫ്ലാറ്റിലേക്ക് പോയി. ഞാൻ നോക്കുമ്പോൾ നടക്കാൻ വയ്യാതെ കിടന്ന മാക്സ് എന്റെ പിന്നാലെ ചവിട്ടുപടി കയറി ഒപ്പം വരികയാണ്. അവൻ വീട്ടിൽ വന്ന് എല്ലാ റൂമിലും കയറി നോക്കുന്നു. ഹോം തിയറ്ററിലേക്ക് സാധാരണ അവൻ കടക്കാറില്ല. വാതിലിന്റെ അവിടെ നിന്ന് ഉള്ളിലേക്ക് നോക്കി.  കയറിവരാൻ പറഞ്ഞു ഞാൻ അവനെ അകത്തേക്ക് വിളിച്ചു. പക്ഷേ അവൻ കയറിയില്ല. ഞാൻ വിളിച്ച് അകത്തേക്ക് കയറ്റി. അവൻ ചുറ്റുപാടും ഒന്ന് നോക്കിയിട്ട് പെട്ടെന്ന് ഇറങ്ങിപ്പോയി. എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന അവന്റെ ബോൾ ഒന്ന് നോക്കി. എന്നാൽ ബോളിൽ തൊടുകപോലും ചെയ്യാതെ പിന്തിരിഞ്ഞു. ഇനി ഒരിക്കലും മടങ്ങി വരില്ല എന്ന് അറിഞ്ഞു പെരുമാറുന്നതുപോലെയാണ് തോന്നിയത്. വീടിനെയും വീട്ടുകാരെയും ഒന്നു കൂടി നോക്കിയശേഷം അവൻ എന്റെ പിന്നാലെ ഇറങ്ങി നടന്നു.  

max-p

∙ വിട പറയുമ്പോള്‍ 

വിദഗ്ധ പരിശോധനയ്ക്കുശേഷം ഇനി രക്ഷയില്ലെന്നും അവനെ നഷ്ടപ്പെടുമെന്നും ഡോക്ടർമാർ പറഞ്ഞു. പറ്റുമെങ്കിൽ ഡയാലിസിസ് ചെയ്യാൻ ഞാൻ പറഞ്ഞു. അവർ ഒരു ഡയാലിസിസ് ചെയ്തിട്ട് ഞങ്ങളെ വിട്ടു. തുടർന്ന് അവനെ ഞങ്ങൾ  എറണാകുളത്തുള്ള പെറ്റ് ഹോസ്പിറ്റലിൽ കൊണ്ടുവന്ന് അഡ്മിറ്റാക്കി. അവിടെയും ഡയാലിസിസ് ചെയ്തു. അവനു കുറെ ഉമ്മ കൊടുത്ത് കരഞ്ഞു നീറുന്ന നെഞ്ചുമായി ഞാൻ വീട്ടിലേക്കു പോന്നു. പിറ്റേന്ന് അവന്റെ നില മെച്ചപ്പെട്ടു എന്നാണു ആശുപത്രിയിൽനിന്ന് പറഞ്ഞത്. വെള്ളം കുടിക്കുന്ന വിഡിയോയും അയച്ചു തന്നു. പക്ഷേ വൈകുന്നേരമായപ്പോൾ മാക്സിനെ നഷ്ടമായെന്ന് അറിയിച്ച് അവർ വിളിച്ചു. കേട്ട വാർത്ത വിശ്വസിക്കാൻ എനിക്കായില്ല. മരിച്ചു കിടക്കുന്ന അവനെ എനിക്കു കാണണ്ട. നിങ്ങൾ മുനിസിപ്പാലിറ്റിയെ അറിയിച്ച് വേണ്ടതു ചെയ്യണം, അതിനുള്ള ചെലവ് ഞാൻ അയച്ചു തരാം എന്ന് അവരോടു ഞാൻ പറഞ്ഞു.  

ഒരാഴ്ച കഴിഞ്ഞാണ് എനിക്കു ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞത്. അവന്റെ ബോള്‍ കാണുമ്പോൾ എനിക്ക് കരച്ചിൽ അടക്കാനാവില്ല. അവൻ വീട്ടിൽ എല്ലായിടത്തും കറങ്ങി നടന്നത് എന്തിനായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.  തിരിച്ചു വരില്ല എന്നറിയാമായിരുന്ന അവൻ തന്റെ പ്രിയപ്പെട്ട ഇടങ്ങൾ ഒന്നു കൂടി കാണുകയായിരുന്നു. മനുഷ്യർക്കു പോലും ഇല്ലാത്ത ഒരു ആറാമിന്ദ്രിയം അവർക്കുണ്ട്. ഒരാഴ്ചയോളം ഞാൻ മുറിയിൽനിന്ന് പുറത്തിറങ്ങാതെ വിഷമിച്ചിരുന്നു. എന്റെ മുംബൈയിലുള്ള സുഹൃത്ത് ഉൾപ്പടെ പലരും വിളിച്ച് ആശ്വസിപ്പിച്ചു. അദ്ദേഹവും ഒരു നായസ്‌നേഹി ആണ്. കുറച്ചു ദിവസം കഴിഞ്ഞു മാക്സിന്റെ അഭാവം നികത്താൻ ഒരു ജർമൻ ഷെപ്പേർഡിനെ അദ്ദേഹം വീട്ടിലെത്തിച്ചു. പക്ഷേ എനിക്ക് മാക്സിനെ പോലെ അവനെ സ്നേഹിക്കാൻ കഴിഞ്ഞില്ല. മൂന്നു മാസം കഴിഞ്ഞു ആ നായയെ ഞാൻ തിരികെ കൊടുത്തു. പിന്നീട് വീണ്ടും എനിക്കൊരു നായയെ വേണമെന്ന് തോന്നിയപ്പോൾ ഒരു ഗോൾഡൻ റിട്രീവറിനെത്തന്നെ വാങ്ങി മാക്സ് എന്നു പേരിട്ടു വളർത്താൻ തുടങ്ങി. അവനെ അഞ്ചു മാസം വളർത്തിക്കഴിഞ്ഞപ്പോൾ എന്റെ ജോലിക്കാരൻ പോയി. എനിക്കും തിരക്കുകളായി. നായയ്ക്കു വേണ്ട ശ്രദ്ധ കൊടുക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ സ്നേഹമതികളായ ഒരു കുടുംബത്തിന് അവനെ സമ്മാനിച്ചു. ഇടയ്ക്ക് ഞാൻ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ അവൻ ഓടി വരും. സ്നേഹപ്രകടനം നടത്തും. ആ കുടുംബം അവനെ നന്നായി നോക്കുന്നുണ്ട്. അവർ അവനെ തുടൽ പോലും ഇടാതെയാണ് കൊണ്ടു നടക്കുന്നത്. അവന് ഇപ്പോഴും എന്നെ നല്ല ഓർമയുണ്ട്.

മാക്സ് എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അവനെ ഓർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ല. അവന്റെ ബോൾ ഞാൻ മറ്റൊരു ഡോഗിന് കൊടുത്തു. കാരണം ആ ബോൾ കാണുമ്പോൾ എനിക്ക് സങ്കടം സഹിക്കാനാവില്ല. മാക്സ് എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിന് സ്നേഹാഞ്ജലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com