ADVERTISEMENT

10 മില്യൻ യൂറോ (ഏകദേശം 84 കോടി ഇന്ത്യൻ രൂപ) ലോട്ടറിയടിച്ച ജര്‍മ്മനിയിലെ ഫാക്ടറി തൊഴിലാളി കുര്‍സാറ്റ് യില്‍ദിരിം ജീവിത പങ്കാളിയെ തേടുന്നു. വിലപിടിപ്പുള്ള കാറുകളും വാച്ചുകളും വാങ്ങി ആഡംബര ജീവിതം തുടരുന്നതിനിടെയാണ് ഒരു പങ്കാളി വേണം എന്ന ആഗ്രഹം കുർസാറ്റിന് ഉണ്ടായത്. ഇനിയുള്ള സമ്പത്ത് ഭാര്യയുമായി പങ്കുവയ്ക്കാനാണ് ഇയാളുടെ തീരുമാനം.

ലോട്ടറി ജേതാവായ വിവരം കുര്‍സാറ്റ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പണം കയ്യിലെത്തിയതോടെ ഡോര്‍ട്മുണ്ടിലെ സ്റ്റീല്‍ ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ചു. തുടർന്ന് ആഡംബര ജീവിതം തുടങ്ങി. ഫെരാരി, പോര്‍ഷെ കാറുകൾ വാങ്ങി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലോക്കല്‍ പബ്ബ് സ്വന്തമാക്കിയ കുർസാറ്റ് ഒരു ആഡംബര വാച്ചും വാങ്ങി. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആവശ്യമുള്ള പണം അയച്ചു കൊടുത്തു. ‌

lottery-winner-looking-for-bride-to-share-his-luck-2

അഭിമുഖത്തിന് എത്തിയ മാധ്യമങ്ങളോടാണ് താന്‍ ഇപ്പോഴും അവിവാഹിതനാണെന്നും അനുയോജ്യരായ പങ്കാളികളെ തേടുകയാണെന്നും ഇയാൾ പറഞ്ഞത്. യാത്രകളെ സ്നേഹിക്കുകയും ഒരു കുടുംബം ആരംഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളായിരിക്കണം. ഏതു വംശത്തിൽ നിന്നുള്ള യുവതി ആണെങ്കിലും കുഴപ്പമില്ലെന്നും കുർസാറ്റ് പറഞ്ഞു.

വിവാഹത്തോടെ അവസാനിക്കുന്നില്ല കുര്‍സാറ്റിന്‍റെ ഭാവി പദ്ധതികള്‍. ആഫ്രിക്കയിലേക്ക് പോയി അവിടെ കിണറുകള്‍ കുഴിക്കാനും ദരിദ്രരായ കുട്ടികൾക്ക് സഹായങ്ങൾ ചെയ്യാനും ഈ 41കാരന്‍ ആഗ്രഹിക്കുന്നു. തന്നെ വെറുക്കുന്നവരെ അസൂയപ്പെടുത്താനാണ് ആഡംബര കാറുകള്‍ വാങ്ങിയത്. മദ്യപാനം, അടിപിടി, കടം വാങ്ങൽ എന്നിങ്ങനെ പലവിധ ദൂഷ്യങ്ങളുമായി ജീവിച്ചിരുന്ന, ആരും സ്നേഹിക്കാത്തവനായ വ്യക്തിയായിരുന്നു താന്‍. എന്നാൽ ലോട്ടറി അടിച്ചതോടെ എല്ലാവരും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നതെന്ന് കുര്‍സാറ്റ് പറയുന്നു. കാലങ്ങളായി ഒരു ബന്ധവും ഇല്ലാതിരുന്നവര്‍ പോലും പണം ചോദിച്ച് ദിവസവും വിളിക്കുന്നു. 90 ശതമാനം ആളുകൾക്കും തന്നോട് അസൂയയാണെന്നും എന്നാല്‍ തനിക്കത് പ്രശ്നമല്ലെന്നും കുര്‍സാറ്റ് കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെയും പണത്തിന്‍റെയും സുരക്ഷയെ സംബന്ധിച്ചും കുര്‍സാറ്റിന് ഉത്കണ്ഠകളില്ല. വന്ന വഴി ഒരിക്കലും മറക്കില്ലെന്നും പണം ലഭിച്ചത് കൊണ്ട് അഹങ്കാരിയായി മാറില്ലെന്നും കുര്‍സാറ്റ് ഉറപ്പിച്ച് പറയുന്നു. തുര്‍ക്കിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കുടിയേറിയവരാണ് കുര്‍സാറ്റിന്‍റെ മാതാപിതാക്കള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com