ADVERTISEMENT

ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെ ഒന്നിച്ചു പഠിച്ച രണ്ടു സുഹൃത്തുക്കൾ. ഒരു ദിവസം അവർ വഴിപിരിയുന്നു. പിന്നെ തമ്മിൽ കണ്ടത് 57 വർഷത്തിനുശേഷമാണ്. എന്നാൽ പരസ്പരം കണ്ടപ്പോൾ അവർ വീണ്ടും പഴയ സ്കൂൾ കുട്ടികളായി. ഓർമപ്പൊട്ടുകൾ പെറുക്കിയെടുക്കാൻ മത്സരിച്ചു. 57 വർഷങ്ങൾക്കുശേഷം കണ്ടു പിരിയുമ്പോൾ അവർക്ക് തോന്നി ഒരു നിധി കിട്ടിയെന്ന്.

∙ സൗഹൃദം

വയനാട് സുൽത്താന്‍ ബത്തേരിയാണ് നവാസിന്റെയും ജയപ്രകാശ് നമ്പൂതിരിയുടെയും നാട്. മാതമംഗലം സ്കൂളിലും കല്ലൂർ സ്കൂളിലുമായി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസു വരെ ഒന്നിച്ചു പഠിച്ചവർ. ഒന്നിച്ച് കളിച്ചും ചിരിച്ചും കുസൃതികൾ ഒപ്പിച്ചുമുള്ള അവരുടെ സൗഹൃദത്തിന് അപ്രതീക്ഷിതമായി വഴിപിരിയേണ്ടി വന്നു. നവാസിന്റെ കുടുംബം സുൽത്താൻ ബത്തേരിയിൽനിന്ന് നിലമ്പൂരിലേക്കു ജീവിതം പറിച്ചു നട്ടു. പിന്നീട് തൃശൂരിലേക്കും പോയി. അങ്ങനെ ഉറ്റ ചങ്ങാതികൾ ഇരുവഴിക്കായി.  

ആശയവിനിമയ സൗകര്യങ്ങൾ അത്ര സുലഭമല്ലാത്ത അക്കാലത്ത് ബന്ധം പുതുക്കൽ എളുപ്പമായിരുന്നില്ല. കാലം മുന്നോട്ടു പോയപ്പോൾ, വർണപ്പകിട്ടാർന്ന അവരുടെ സൗഹൃദം ഓർമപ്പെട്ടിയുടെ ഏതോ ഉള്ളറയിലേക്കു മാറി. നവാസ് പിന്നീട് ഗൾഫിലേക്കു പോയി. 35 വർഷം അവിടെയായിരുന്നു. ജയപ്രകാശ് എൽഐസി ഏജന്റും പൂജാരിയുമായി ഉപജീവനം നടത്തി.  

∙ ഓർമകൾ...

പലരും ഓർമയുടെ പെട്ടി തുറക്കുന്നതും ക്ലാവു പിടിച്ച ഓർമകളെ തുടച്ച് മിനുക്കുന്നതും വാർധക്യത്തിലാണ്. ജോലിയിൽനിന്നു വിരമിച്ച്, കടമകൾ പൂർത്തിയാക്കിയ സംതൃപ്തിയിൽ, തിരക്കുകളൊഴിഞ്ഞ് ജീവിതം മുന്നോട്ടു പോകുമ്പോഴാകും അതിനു സമയം കിട്ടുക. ജയപ്രകാശും അങ്ങനെ ഓർമകളെ തുടച്ചു മിനുക്കുകയായിരുന്നു. നവാസ് എവിടെയെന്ന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പ്രസന്ന കുമാർ, ഹരി എന്നീ സ്നേഹിതർ വഴി നമ്പർ കിട്ടി. ജയപ്രകാശ് നവാസിനെ വിളിച്ചു. സൗഹൃദം പുതുക്കി. വിശേഷങ്ങൾ പങ്കുവച്ചു. മുനമ്പത്തെ ഭാര്യ വീട്ടിലാണ് ഇപ്പോഴുള്ളതെന്നും കാണണമെന്ന് ആഗ്രഹമുണ്ടെന്നും നവാസ് പറഞ്ഞു. തീർച്ചയായും നമ്മൾ വീണ്ടും കാണും എന്നു ജയപ്രകാശ് മറുപടി നൽകി. 

friends-jayaprakash-and-shanavas-met-after-57-years-2
ജയപ്രകാശ് നമ്പൂതിരിയുടെ ഭാര്യ ഉമ ദേവിയും നവാസിന്റെ ഭാര്യ സഫലയും

∙ വീണ്ടും കാണുന്നു

ജയപ്രകാശിന്റെ ഇളയ മകൻ വിഷ്ണു എറണാകുളത്താണ് താമസം. നവാസ് എന്ന സുഹൃത്തിനെക്കുറിച്ചും കാണാനുള്ള ആഗ്രഹത്തെക്കുറിച്ചും വിഷ്ണുവിനോടു ജയപ്രകാശ് പറഞ്ഞു. കേട്ടപ്പോൾ വിഷ്ണുവിനും കൗതുകം. അങ്ങനെ ഭാര്യ ഉമാ ദേവിക്കും വിഷ്ണുവിനുമൊപ്പം ജയപ്രകാശ് നവാസിന്റെ വീട്ടിലേക്ക്. 5 പതിറ്റാണ്ടുകൾക്കുശേഷം അവർ പരസ്പരം കണ്ടു. പഴയ കഥകൾ പങ്കുവച്ച്, കൂടുതൽ ഓർത്തെടുക്കാൻ ശ്രമിച്ച്, അവർ സമയം ചെലവിട്ടു. മക്കളെ ഫോണിലൂടെ പരസ്പരം പരിചയപ്പെടുത്തി അടുത്ത തലമുറയിലേക്കും  സൗഹൃദം പങ്കുവച്ചു. സഫലയാണ് നവാസിന്റെ ഭാര്യ. മകൾ റൈസ അൻവർ ആലപ്പുഴയിൽ ഹോമിയോപതി ഡോക്ടറാണ്. മകൻ റസാൻ ഖത്തറിലാണ്. ജയപ്രകാശിന്റെ മൂത്തമകന്‍ സജീഷ് ഖത്തറിൽ ഹോട്ടൽ നടത്തുന്നു. ഇളയമകൻ വിഷ്ണുവിന് എറണാകുളത്ത് പരസ്യ കമ്പനിയാണ്.

∙ നിധി പോലെ

നവാസിനെ കാണാനും സൗഹൃദം പുതുക്കാനും സാധിച്ചത് ഭാഗ്യമായാണ് ജയപ്രകാശ് കാണുന്നത്. സുഹൃത്തുക്കളിൽ പലരും എന്നെന്നേക്കുമായി വേർപിരിഞ്ഞു. ബാക്കിയുള്ളവരെ കാണാനും അവർക്കൊപ്പം സമയം ചെലവിടാനും ശ്രമിക്കാറുണ്ട്. നവാസിനെ കുറിച്ച് അറിയുന്നതും കാണാന്‍ സാധിച്ചതും അപ്രതീക്ഷിതമായാണ്. വളരെയധികം സന്തോഷം തോന്നി. നവാസും വളരെ വൈകാരികമായാണ് പ്രതികരിച്ചതെന്ന് ജയപ്രകാശ് പറയുന്നു.

‘എനിക്കൊരു നിധി കിട്ടിയ പോലെ തോന്നുന്നു’ എന്നാണ് ജയപ്രകാശ് മടങ്ങുമ്പോൾ നവാസ് പറഞ്ഞത്. ഹൃദയത്തിൽ തട്ടിയുള്ള ആ വാക്കുകളിലൂടെ അവരുടെ സൗഹൃദത്തിന്റെ തീവ്രതയും ഈ കൂടിക്കാഴ്ച അവർക്കു നൽകിയ സന്തോഷവും വ്യക്തമായെന്ന് വിഷ്ണുവും പറയുന്നു.

English Summary : Jayaprakash Namboothiri and Navas met after 57 Years; A heart touching Friendship Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com