മുത്തശ്ശിക്ക് നവതി; പൂജയ്ക്ക് എത്തിയ കാർമികന് 102 വയസ്സ്!

sarojiniyamma-navathi-pooja-done-by-100-years-old-priest
പൂജയിൽ പങ്കെടുക്കുന്ന സരോജിനിയമ്മ (ഇടത്), വിഷ്ണു നമ്പൂതിരി (വലത്)
SHARE

90 വയസിലെത്തിയ മുത്തശ്ശിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പൂജയ്ക്ക് എത്തിയ കാർമികന് വയസ് 102. കോട്ടയം പാലായ്ക്കടുത്ത് പടിഞ്ഞാറ്റിൻകര ചേന്നാട്ട് വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ സരോജിനിയമ്മയുടെ നവതി ആഘോഷ ചടങ്ങിലാണ് ഈ അത്യപൂർവം സംഭവം അരങ്ങേറിയത്. പൂജയ്ക്കുള്ള കാർമികത്വം വഹിച്ച പുലിയന്നൂർ‌ മുണ്ടക്കൊടിയിൽ എം.ഡി വിഷ്ണു നമ്പൂതിരിക്ക് ഇന്നും 102–ന്റെ ‘ചെറുപ്പം’.

ഡിസംബർ 1നായിരുന്നു സരോജിനിയമ്മയുടെ നവതി ആഘോഷം. ആയുഷ്കാലം മുഴുവൻ കുടുംബത്തിനായി ജീവിച്ച ആ മുത്തശ്ശിയുടെ നവതി മക്കളും മരുമക്കളും പേരക്കുട്ടികളും മറ്റു ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഗംഭീരമായി ആഘോഷിച്ചു. വീട്ടിൽ പ്രത്യേക പൂജയും  സദ്യയുമായിരുന്നു ചടങ്ങിലെ വിശേഷങ്ങള്‍. പൂജ ചെയ്യുന്ന കൊച്ചുമകന് നിർദേശങ്ങൾ നൽകിയും മന്ത്രങ്ങൾ ഉരുവിട്ടും ആദ്യാവസാനം ചുറുചുറുക്കോടെ വിഷ്ണു നമ്പൂതിരിയും ഒപ്പം നിന്നതോടെ ചടങ്ങുകൾ ഗംഭീരമായി. പൂജയ്ക്കുശേഷം നമ്പൂതിരിയോട് ഈ പ്രായത്തിലും ഇത്ര ഉന്മേഷവാനായിരിക്കുന്നതിന്റെ രഹസ്യമാണ് സരോജിനിയമ്മയുടെ കുടുംബം ചോദിച്ചത്. 12–ാം വയസ്സിൽ പൂജ ചെയ്തു തുടങ്ങിയ കഥയാണ് വിഷ്ണു നമ്പൂതിരി അവരോട് പങ്കുവച്ചത്.

sarojiniyamma-navathi-pooja-done-by-100-years-old-priest-4

പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കാരായ്മ അവകാശം മുണ്ടക്കൊടിയിൽ ഇല്ലത്തിനാണ്. പാരമ്പര്യമായി താന്ത്രിക വിദ്യ പിന്തുടരുന്ന കുടുംബം. മുത്തച്ഛന്റെ നിർദേശപ്രകാരമാണ് വിഷ്ണു നമ്പൂതിരി ചെറുപ്രായത്തിലേ പൂജയ്ക്ക് പോയി തുടങ്ങിയത്. ജീവിതം ഭഗാവാന് സമർപ്പിച്ചുള്ള ആ യാത്ര 90 വർഷം പിന്നിടുമ്പോൾ എൺപതോളം ക്ഷേത്രങ്ങളുടെ തന്ത്രി സ്ഥാനം വിഷ്ണു നമ്പൂതിരിക്കുണ്ട്. ഒരാഴ്ച മുമ്പാണ് തമിഴ്നാട്ടില്‍ പോയി ഒരു ക്ഷേത്രത്തിന്റെ തന്ത്രം ഏറ്റെടുത്തത്. മന്ത്രങ്ങളെല്ലാം ഇപ്പോഴും ഓർമയുണ്ട്. യാത്രകൾ ചെയ്യാൻ ബുദ്ധിമുട്ടില്ല. ഇതിനെല്ലാം കാരണം ഭഗാവന്റെ അനുഗ്രഹമാണെന്ന് ഇദ്ദേഹം പറയുന്നു. 

ചിട്ടയായ ജീവിതചര്യയാണ് വിഷ്ണു നമ്പൂതിരി പുന്തുടരുന്നത്. പുലർച്ചെ എഴുന്നേൽക്കും. 5 മണിക്ക് കുളി. തേവാരത്തിനും മാനസപൂജയ്ക്കും ശേഷം അമ്പലത്തിൽ പോയി തൊഴുത് തിരിച്ച് വരും. കാപ്പി കുടിക്കും. ദോശയോ ഇഡ്‌ലിയോ ആയിരിക്കും പ്രാതൽ. ഇതു കഴിഞ്ഞ് പത്രം വായന. ഉച്ചയ്ക്ക് നെയ് ചേർത്ത് ചോറുണ്ണും. വൈകീട്ട് വീണ്ടും ക്ഷേത്രത്തിലേക്ക്. രാത്രിയും ഊണു തന്നെയാണ് കഴിക്കുക. നേരത്തെ ഉറങ്ങാന്‍ കിടക്കും. 

priest12
വിഷ്ണു നമ്പൂതിരിയും കൊച്ചുമകൻ വിഷ്ണു നമ്പൂതിരിയും

വിഷ്ണു നമ്പൂതിരിയുടെ കൊച്ചു മകനായ വിഷ്ണു നമ്പൂതിരിയും (ഹരികൃഷ്ണൻ) താന്ത്രിക പാരമ്പര്യം പിന്തുടരുന്നു. മുത്തച്ഛനാണ് ഗുരു. പൂജാകർമ്മങ്ങളിലും യാത്രകളിലും മുത്തച്ഛന് കൂട്ടായുള്ളതും ഈ കൊച്ചുമകൻ തന്നെ. 

സരോജിനി അമ്മയുടെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ മൂത്ത മകൻ വേണു ഓസ്ട്രേലിയയിൽ നിന്നെത്തി. പരേതനായ സോമനാണ് രണ്ടാമത്തെ മകൻ. മകൾ ഉഷ അധ്യാപികയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS