ADVERTISEMENT

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളി പ്രേക്ഷകരുടെ മനസ്സായി മാറിയ സുബി സുരേഷ് ഇനിയില്ല. കാലങ്ങളായി സുബി സമ്മാനിച്ചിരുന്ന ആ ചിരിയോർമകൾ മാത്രമാണ് ഇനി മലയാളികൾക്ക് സ്വന്തം. ഒരൊറ്റ ഡയലോഗ് കൊണ്ടുപോലും ആരെയും ആർത്തു ചിരിപ്പിച്ചിരുന്ന സുബി വീട്ടമ്മമാർക്കും കുട്ടികൾക്കും പ്രിയപ്പെട്ട മുഖമായിരുന്നു.

സുബിയുടെ ജീവിതത്തിലൂടെ...

കലാരംഗത്തേക്ക് ആഗ്രഹിച്ചു വന്നതല്ല സുബി സുരേഷ്. ബ്രേക്ക് ഡാൻസ് കളിക്കുമായിരുന്ന സുബിയെ ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നുരണ്ടു പരിപാടി ചെയ്തു നിർത്താം എന്നു കരുതിയാണ് തുടങ്ങിയതെങ്കിലും പിന്നീട് സുബി ഹാസ്യരംഗത്ത് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയെടുക്കുകയായിരുന്നു. ആർമിക്കാരിയാകണമെന്ന് സുബി സ്വപ്നം കണ്ടെങ്കിലും അതു നടന്നില്ല. ജീവിത സാഹചര്യങ്ങൾ കലാരംഗത്തു തന്നെ നിലനിൽക്കാൻ സുബിയെ പ്രേരിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ച സുബി കുടുംബത്തിനും ജീവിതത്തിനും വേണ്ടിയാണ് കലാരംഗത്തു തുടരാൻ തീരുമാനിച്ചത്. പക്ഷേ, അതു മലയാളി പ്രേക്ഷകർക്ക് അനുഗ്രഹമായി. ജീവിതത്തിൽ തമാശ കളിച്ച് നടന്ന സുബി  കോമഡി ആർട്ടിസ്റ്റായി മാറിയത് പലരെയും അദ്ഭുതപ്പെടുത്തി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബി സിനിമാലയിൽ എത്തുന്നത്. അതിലൂടെ പേരെടുത്തതോടെ തിരക്കായി. അതോടെ ഡിഗ്രിക്ക് ക്ലാസിൽ കയറാൻ പോലും സാധിക്കാതെ ആർമി എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ, അതൊരു നഷ്ടമായി തോന്നിയിട്ടില്ലെന്ന് പിന്നീടു സുബി പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികളിൽനിന്നു ജീവിതത്തെ കരപറ്റിച്ചതും എല്ലാവരും ഇഷ്ടപ്പെടുന്ന താരമായി സുബിയെ മാറ്റിയതും അതാണ്. 

subi-suresh-5

 

സൈന്യമെന്നത് പണ്ടേ മനസ്സിൽ ഉറപ്പിച്ചിരുന്നു. 

subi-suresh-2

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡൽഹിയിൽ പോയിട്ടുണ്ട് സുബി. എൻസിസിയുടെ ഓൾ കേരള കമാൻഡർ ആയിരുന്നു. ആർമി വിങ് ഉള്ളതാണ് അന്നു കോളജ് പഠനത്തിനു സെന്റ് തെരേസാസിൽ ചേരാൻ കാരണം. അവിടെനിന്നു ബിഎൽസിക്കു പോയി. ഷൂട്ടിങ്ങിൽ ഗോൾഡ് മെഡലും കിട്ടിയിട്ടുണ്ട് സുബിക്ക്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റുകളും ഒരു കെഡറ്റ് എന്ന നിലയിൽ എ, ബി, സി ലെവലുകളിലുള്ള സർട്ടിഫിക്കറ്റുകളും നേടി. ൈസന്യത്തിൽ ചേരാൻ വേണ്ട യോഗ്യതകളുണ്ടായിരുന്നിട്ടും കലാരംഗത്തെത്താനായിരുന്നു നിയോഗം.

 

അമ്മയുടെ ഇഷ്ടമായിരുന്നു സുബിക്കെല്ലാം

 

subi-suresh-1

ജീവിതത്തിൽ എന്തു തീരുമാനമെടുക്കുമ്പോളും സുബി അമ്മയോടു ചോദിക്കുമായിരുന്നു. ഒരു ഡ്രസ്സ് തിരഞ്ഞെടുക്കുമ്പോൾ പോലും അമ്മയാണ് അഭിപ്രായം പറയുക. എന്നും എപ്പോഴും അമ്മയായിരുന്നു സുബിയുടെ നട്ടെല്ല്. സ്റ്റേജ് ഷോയ്ക്കായി ഏതു രാജ്യത്തേക്കു പോകുന്നതിനു മുൻപും, ഒരു സിം വേണം എന്ന ഡിമാൻഡ് മാത്രമേ സുബിക്കുണ്ടായിരുന്നുള്ളു. എന്നും വീട്ടിലേക്കു വിളിച്ചാലേ സമാധാനമാകുമായിരുന്നുള്ളൂ. 

 

കലാരംഗത്തെത്തിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് എന്നും സുബി കരുതിയത്. സ്വന്തമായി വീടുണ്ടാക്കിയതും ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നൽകിയതും കലാരംഗമാണ്. വീട് വയ്ക്കണം എന്നതായിരുന്നു സുബിയുടെ ഏറ്റവും വലിയ സ്വപ്നം. ആറു വർഷം മുൻപാണ് അതു സാധ്യമായത്. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണു വീട്. വീടിന്റെ പേര് ‘എന്റെ വീട്’ എന്നാണ്. രമേഷ് പിഷാരടിയാണ് ആ പേരു നിര്‍ദേശിച്ചത്. അച്ഛനും അമ്മയും അനിയനും കുടുംബവും സുഖമായിരിക്കണം എന്നാഗ്രഹിച്ചിരുന്ന സുബി, കുടുംബം സന്തോഷമായിരിക്കുന്നതു കാണുമ്പോൾ സന്തോഷം കിട്ടുമെന്നു വിശ്വസിച്ചു. 

 

കോവിഡ് കാലത്ത് പരിപാടികളില്ലാതെ വന്നപ്പോഴാണ് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ സുബി ആരംഭിച്ചത്. രസകരമായ വിഡിയോകൾ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കു നൽകിയ മറുപടികളും ആ ചാനലിനെ പലരുടെയും പ്രിയപ്പെട്ടതാക്കി.  

 

വളരെ വൈകിയെങ്കിലും അത് നടന്നില്ല. 

 

വിവാഹിതയാകുമോ എന്ന ചോദ്യം പലപ്പോഴും നേരിട്ടിട്ടുണ്ട് സുബി. അതിനെപ്പറ്റി മുൻപു ചിന്തിച്ചിട്ടില്ലെന്നും എന്നാൽ ഉടൻ വിവാഹമുണ്ടായേകുകമെന്നും കുറച്ചുനാൾ മുൻപ് ഒരു പരിപാടിക്കിടെ സുബി പറഞ്ഞിരുന്നു. ഒരാൾ എന്നെ വിവാഹം കഴിക്കാൻ തയ്യാറായെന്നും ഉടൻ തന്നെ വിവാഹമുണ്ടാകുമെന്നും പറഞ്ഞെങ്കിലും പക്ഷേ അതിന് വിധി സമ്മതിച്ചില്ല. 

Content Summary: Life of Subi Suresh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com