ADVERTISEMENT

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം എന്ന് പറയുന്നത് പോലയാണ് നടനും മോഡലുമായ റോൺസൺ വിൻസന്റിന്റെ യാത്രകളും ഭക്ഷണവും. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് യാത്രയെന്നതാണ് റോൺസൺ സ്റ്റൈൽ. ഇതുവരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ഭക്ഷണം ഏതെന്നു ചോദിച്ചാൽ അത് മലമ്പാമ്പിന്റേതാണെന്ന് സംശയം കൂടാതെ പറയും. പിന്നെ സ്വീറ്റ് ഗ്രാസ്ഹോപ്പർ ഫ്രൈ. കരിന്തേൾ ഫ്രൈ കഴിച്ചാൽ ശരീരം മൂന്നുമണിക്കൂറോളം മന്ദതയിലായിപ്പോകുമെന്നും റോൺസൺ പറയുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് താരം. കോവിഡ് കാലം കൊണ്ടുപോയ ഹണിമൂൺട്രിപ്പ് മൂന്ന് വർഷത്തിന് ശേഷം മലേഷ്യയിൽ ആഘോഷിച്ച് തിരിച്ച് വന്നിരിക്കുകയാണ് റോൺസണും ഭാര്യ ഡോ. നീരജയും. യാത്രയുടെ വിശേഷങ്ങൾ റോൺസൺ പങ്കുവയ്ക്കുന്നു.

∙ മലേഷ്യൻ വിശേഷങ്ങൾ?

ഫെബ്രുവരി 2 ന് വിവാഹവാർഷികം ആയിരുന്നു. ഹണിമൂണിന് ദുബായിൽ പോകാൻ പ്ലാൻചെയ്തിരുന്നതാണ്. അപ്പോഴേക്കും കോവിഡും ലോക്ക്ഡൗണും ഒക്കെയായി യാത്ര മുടങ്ങി. ഭാര്യ നീരജ ഡോക്ടറാണ്. അവരുടെ ജോലിയുമായി ബന്ധപ്പെട്ട ടെൻഷൻ ഓഴിവാക്കാൻ ഇടയ്ക്ക് യാത്രകൾ പോകാറുണ്ട്. പക്ഷേ, ഞങ്ങൾ ഒരുമിച്ച് വിദേശത്ത് പോകുന്നത് ആദ്യമായാണ്. ഞാൻ 2012 ൽ മലേഷ്യയിൽ പോയിട്ടുണ്ട്. ഇപ്പോൾ അവിടം ആകെ മാറിയിരിക്കുന്നു. മുഴുവനും കെട്ടിടങ്ങൾ നിറഞ്ഞു. ഞാൻ പണ്ടുമുതലേ ഭക്ഷണം കഴിക്കാനായി യാത്ര ചെയ്യുന്ന ആളാണ്. മലേഷ്യ, സിംഗപ്പുർ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, ബാലി, ചൈന എന്നിവിടങ്ങളിലെല്ലാം ഞാൻ ഒരുവട്ടം കറങ്ങിയിട്ടുണ്ട്. ലഡാക്ക്, കശ്മീർ, കൈലാസം, ഭൂട്ടാൻ, ടിബറ്റ് ഒക്കെ ബൈക്കിൽ കറങ്ങിയിട്ടുണ്ട്.

ronson-3
റോൺസണും ഭാര്യ ഡോ. നീരജയും മലേഷ്യയിലെ ഹണിമൂൺ ട്രിപ്പിനിടെ (Image- ronsonvincent)

തൈപ്പൂസം എന്ന ഫെസ്റ്റിവെൽ മലേഷ്യയിൽ നടക്കുന്നുണ്ട്. നമ്മുടെ ആറ്റുകാൽ പൊങ്കാലപോലെയൊരു ആഘോഷം ആണ്. തൈപ്പൂയവുമായി ബന്ധപ്പെട്ട ചടങ്ങാണ്. മുരുകന്റെ വലിയ പ്രതിമകാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തുന്നു. ഭാര്യ കുറച്ച് ഭക്തിയൊക്കെ ഉള്ള ആളാണ്. അപ്പോൾ അവിടെത്തന്നെ പോകാമെന്ന് തീരുമാനിച്ചു. 270ൽ അധികം സ്റ്റെപ്പുണ്ട് അവിടെ. സ്റ്റെപ്പുകയറിതന്നെ പോകാൻ തീരുമാനിച്ചു. അവസാനം ഇറങ്ങാൻ പറ്റാതെ ഭാര്യ മസിലുകയറി ഇരുന്നുപോയി. ക്രിസ്ത്യാനിയാണെങ്കിലും ഞാനൊരു ശിവഭക്തനാണ്. എന്റെ വയറിനുമീതെ ശിവലിംഗവും പാമ്പും പച്ചകുത്തിയിട്ടുണ്ട്. ഭാര്യയും ഓം ടാറ്റു ചെയ്തിട്ടുണ്ട്. ഞാൻ രുദ്രാക്ഷം ധരിക്കുന്നതും എന്റെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്.

∙ സ്വപ്നയാത്ര എങ്ങോട്ടാണ്?

യാത്രചെയ്തത്തിൽ ഏറ്റവും ഇഷ്ടം ചൈനയാണ്. അമേരിക്കയെക്കാളും പുരോഗമിച്ച സ്ഥലം ആണ്. സാംസ്ക്കാരികമായ പ്രത്യേകതകൾ, ഹിൽസ്റ്റേഷൻ, സിറ്റി, ഫുഡ് എല്ലാം ചൈനയിൽ സൂപ്പറാണ്. രണ്ട് മാസം വേണം കണ്ടുതീർക്കാൻ. ഭാര്യയെ അവിടെ കൊണ്ടുപോകണമെന്നതാണ് ആഗ്രഹം. നമ്മൾ ഇവിടെ കഴിക്കുന്ന ചൈനീസ് ഫുഡല്ല യഥാർഥ ചൈനീസ് ഫുഡ്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇപ്പോൾ അങ്ങോട്ട് വീസ കിട്ടുന്നില്ല പാമ്പ്, തേൾ, പാറ്റ ഇതെല്ലാം ഞാൻ കഴിച്ചിട്ടുണ്ട്. ഭാര്യ വെജിറ്റേറിയനായിരുന്നു. ഇപ്പോൾ ഞാൻ പറ്റിച്ച് എല്ലാം കഴിപ്പിക്കാറുണ്ട്. ചിക്കനാണെന്ന് പറഞ്ഞ് മുയലിനെ തീറ്റിക്കും. മട്ടണാണെന്ന് പറഞ്ഞ് പോർക്ക് തീറ്റിക്കും.

ബൈക്ക് യാത്രയാണ് ഏറ്റവും ഇഷ്ടം. ഞങ്ങൾ ഒരുമിച്ച് കൂടുതൽ ചെയ്തിട്ടുള്ളതും ബൈക്കിലാണ്. നമുക്ക് യാത്ര നന്നായി ആസ്വദിക്കാൻ കഴിയും. എവിടെ വേണമെങ്കിലും നിർത്താം. പാർക്കിങ് പ്രശ്നമില്ല, ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാം. ബൈക്കിന്റെ ക്ലബുകൾ ഉണ്ട്.

∙ ഇഷ്ട ഭക്ഷണങ്ങൾ?

ronson-4
റോൺസൻ വിൻസെന്റ്.

ഭക്ഷണം കഴിക്കാൻ ആണ് യാത്രചെയ്യുന്നത്. മലമ്പാമ്പ്, ചേര ഇവയുടെ ഇറച്ചിയാണ് കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. തായ്‌ലൻഡിൽ നിന്നാണ് അത് കഴിച്ചത്. മീൻ പോലെതന്നെ തോന്നും. പുൽച്ചാടിയെ സ്വീറ്റിൽ പൊതിഞ്ഞ് കിട്ടും താ‌യ്‌ലൻഡിലും ചൈനയിലും. ഇത് വെറുതെ പോപ് കോൺ പോലെ കഴിക്കാം. വളരെ രുചികരമാണ്.

കരിന്തേളിനെ കഴിച്ചിട്ടുണ്ട്. കണ്ടാൽ കഴിക്കാൻ തോന്നില്ല. അത്രയ്ക്ക് വലുതാണ്. അവർ നമ്മളോട് പറയുന്നത് കണ്ണടച്ച് പിടിച്ച് ഞണ്ടാണെന്ന് കരുതി കഴിച്ചോളാനാണ്. തേളിനെ കഴിച്ചാൽ രണ്ട് മൂന്ന് മണിക്കൂറിലേക്ക് നമ്മൾ ഒന്ന് മന്ദതയിൽ ആകും. നമുക്ക് തോന്നും നോർമൽ ആണെന്ന്. പക്ഷേ നീങ്ങില്ല, എന്നതാണ് സത്യം. ലഹരി പോലെ അല്ലെങ്കിൽ മദ്യപിച്ചപോലെ തോന്നും. അതിന്റെ വിഷം ശരീരത്തിൽ പിടിക്കുന്നതാണ്. ഇൗ വിഷം രക്തത്തിൽ കയറിയാൽ നമ്മൾ മരിച്ചു പോകും.

∙ പ്രണയവിവാഹം ആയിരുന്നോ?

ronson-1
ഡോ. നീരജ മലേഷ്യയിൽ (Image- ronsonvincent)

എല്ലാവരും ചോദിക്കാറുണ്ട് ഞങ്ങളുടെ പ്രണയവിവാഹമാണോ എന്ന്. അല്ല, അറേഞ്ച്‍ഡ് മാരേജ് ആണ്. രണ്ടുപേരുടേയും വീട്ടിൽ ജാതി പ്രശ്നങ്ങൾ ഒന്നുമില്ല. ‌എന്റെ സഹോദരൻ അജയ് വിൻസന്റ് വിവാഹം കഴിച്ചിരിക്കുന്നത് നടി സുമലതയുടെ സഹോദരിയെയാണ്. ഭാര്യയുടെ വീട്ടിൽ ‍എല്ലാവരും ഡോക്ടർമാരാണ്. ഒരു ഡോക്ടറെ വേണ്ട എന്ന തീരുമാനത്തിലായിരുന്നു അവർ. ജിമ്മിലെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ചൈൽഡ് ആർട്ടിസ്റ്റാണ് എന്നൊന്നും അറിയില്ലായിരുന്നു.

∙ വീടിനോട് ക്രേസ്?

ആദ്യ വീട് ചോറ്റാനിക്കരയിലാണ് പണിതത്. അവിടെയാണ് താമസം. എന്റെ നാട് കോഴിക്കോടാണ്. വൈഫ് ഹൗസ് കൊച്ചിയിലും. ബിസിനസും അഭിനയത്തിനുമൊക്കെയായി കൊച്ചിയിൽ സെറ്റിൽ ചെയ്തു. വീട് ഒരു ഇൻവെസ്റ്റ്മെന്റായാണ് കരുതുന്നത്. ആദ്യ വീട് വെള്ള തീമായിരുന്നു. പിന്നെ ഓറഞ്ച് തീമിൽ. ഇപ്പോൾ പച്ച തീമിൽ മൂന്നാമത്തെ വീട് പണിയുന്നു.

∙ ബിഗ്ബോസ് റിയാലിറ്റി ഷോ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റം?

യഥാർഥത്തിൽ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ലെന്നതാണ് സത്യം. ഒമ്പത് മാസം വരെ മറ്റൊരു ചാനലിലും പരിപാടിയിൽ പങ്കെടുക്കരുതെന്ന് കരാറുണ്ട്. ബിഗ്ബോസിന് ശേഷം ഇറങ്ങിയപ്പോഴേക്കും തെലുങ്ക് സിനിമയിലെ മെയിൻ വില്ലൻ‌വേഷം തേടിവന്നു. രാമബാണം എന്ന ചിത്രമാണ്. ഗോപി ചന്ദാണ് നായകൻ. ബിഗ്ബോസിൽ നിന്നിറങ്ങിയപ്പോൾ വയറൊക്കെ ചാടി ഫിറ്റ്നസെല്ലാം പോയിരുന്നു. 45 ദിവസം തരാം അതിനുള്ളിൽ പഴയ രൂപത്തിലെത്തണം എന്നായിരുന്നു അവർ പറഞ്ഞത്. അതിനുള്ളിൽ തന്നെ വർക്കൗട്ട് ചെയ്ത് പഴയരൂപം വീണ്ടെടുത്തു.

∙ ബിഗ്ബോസ് റിയാൽറ്റി ഷോ റോൺസൺ അഭിനയിക്കുകയായിരുന്നുവെന്ന് വിമർശനമുണ്ടല്ലോ?

ronson
റോൺസണ്‍ വിൻസെന്റ് (Image- ronsonvincent)

ഞാൻ അഭിനയിക്കുകയായിരുന്നു ബിഗ്ബോസിൽ എന്ന് പറയുന്നവരോട് അതെ എന്ന് തന്നെ ഞാനും പറയും. അഭിനയത്തിൽ ഞാൻ വിജയിച്ചു എന്നും പറയും. ഒരിക്കലും യാഥാർഥ റോൺസൺ ആയിരുന്നില്ല അത്. ഞാൻ ദേഷ്യപ്പെടുന്ന ആളും അടിക്കാനും ഇടിക്കാനും ഒക്കെ പോകുന്ന ആളുമാണ്. എന്നാൽ, ബിഗ്ബോസിലൂടെ എന്റെ തനിനിറം കാണിക്കാൻ ഞാൻ ഉദേശിച്ചിരുന്നില്ല. എല്ലാവരും പോയി തല്ലുണ്ടാക്കണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ? ഇൗ ഷോ ഞാൻ നേരത്തെ കണ്ടിട്ടില്ല. അത്കൊണ്ട് ഗെയിം പ്ലാനും ഇല്ലായിരുന്നു. നൂറ് ദിവസത്തേക്ക് നൂറ് ഡ്രസും കൊണ്ടാണ് ഞാൻ പോയത്. പക്ഷേ, അവർ ആദ്യ മൂന്നാഴ്ച തന്നത് ആകെ രണ്ട് ടീഷർട്ടാണ്. ഇത് അലക്കൽ, ഉണക്കൽ തന്നെയായിരുന്നു പ്രധാന പണി. ഓരോ ആഴ്ചയും ഇപ്പോൾ പോകുമെന്ന് കരുതി നിന്നെങ്കിലും 92 ദിവസം പിടിച്ചുനിന്നു.

ക്യാമറ മുഴുവൻ ഓണാണെന്നു അറിയാമായിരുന്നു. നമ്മൾ എന്തെങ്കിലും മോശം ചെയ്താൽ അത്കൃത്യമായി ടെലകാസ്റ്റ് ചെയ്യുമെന്നും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞാനെന്റെ വികാരങ്ങളെല്ലാം മറച്ചുവച്ചാണ് ബിഗ്ബോസിൽ പങ്കെടുത്തത്. ചോറും പരിപ്പുകറിയും മാത്രം. വർക്കൗട്ട് ഇല്ല, ഉറക്കക്കുറവ് ‌ഇതെല്ലാംകൂടി നമ്മളുടെ ജീവിതം ആകെ ഫ്രസ്ട്രേറ്റഡ് ആകും. ഷോ കഴിഞ്ഞിറങ്ങിയപ്പോൾ ലാലേട്ടൻ പറഞ്ഞത് ആരെയും വെറുപ്പിക്കാതെ ഇറങ്ങി എന്നാണ്. ലാലേട്ടന്റെ സിനിമയിൽ മെയിൻ വില്ലനായി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്‍. അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ.

 

English Summary: Interview with Big Boss Fame Ronson Winsent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com