ADVERTISEMENT

‘ടിവിയിലും പത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള രാഷ്ട്രപതിയെ നേരിട്ട് കാണാൻ പറ്റുമെന്ന് ഒരിക്കൽ പോലും കരുതിയതല്ല. ഒരുപാട് പേരുണ്ടായിരുന്നെങ്കിലും അവരിലൊരാളായി നിന്ന് ഞങ്ങളുടെ രാഷ്ട്രപതിയെ കണ്ടതിൽ ഏറെ അഭിമാനമുണ്ട്. അടുത്ത് നിന്ന് സംസാരിക്കാനൊന്നും സാധിച്ചില്ലെങ്കിലും ഞങ്ങൾക്കും ഇതുപോലെയൊക്കെ ഉയരാം എന്ന് കാണിച്ച് തന്ന ദ്രൗപതി മുർമുവിനെ കണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്’ രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടയിലാണ് ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരുമായി കൂടിക്കാഴ്ചയൊരുക്കിയത്. നേരിട്ട് പോയി രാഷ്ട്രപതിയെ കണ്ടതിന്റെ സന്തോഷമത്രയും അനീഷ് മോന്റെ വാക്കുകളിലുണ്ട്. ആരുമറിയാതെ പോകുമായിരുന്ന ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട അനീഷിന് ഇന്ന് സ്വപ്നങ്ങൾ ഒരുപാടാണ്. പഠിക്കാൻ വഴിയുണ്ടായിരുന്നെങ്കിലും അതിന് പറ്റാതിരുന്ന അനീഷ് ഇന്നെത്തി പിടിച്ചതെല്ലാം കൊടുമുടിയോളം ഉയരത്തിലാണ്. ഇനിയും ഉയരെ പറക്കാനുള്ള ശ്രമത്തിലാണ് അനീഷ്. അതിന് ഒരിക്കലും പറ്റില്ലെന്ന് കരുതിയ പുസ്തകങ്ങളുടെ കൂട്ടാണ് അവനുള്ളത്. ഒന്നോ രണ്ടോ തോൽവികളുണ്ടാകുമ്പോൾ പിൻമാറിയോടാതെ പൊരുതണമെന്ന് ജീവിതം കൊണ്ട് കാണിച്ചു തരുകയാണ് അനീഷ്. പ്ലസ്ടുവിന് 4 വിഷയങ്ങളിൽ തോറ്റ അനീഷിന് ഇന്ന് പുസ്തകങ്ങളെയാണ് ഇഷ്ടം. ജയിച്ചു കയറി ഗവേഷണ വിദ്യാർഥിവരെയായ അനീഷിന്റെ ജീവിതം ഒരു പാഠമാണ്. നമുക്ക് എന്തും നേടാൻ കഴിയുമെന്ന പാഠം. 

 

∙ തോൽവിയായിരുന്നു തുടക്കത്തിലെല്ലാം

inspiring-life-story-of-tribal-boy-aneesh3

 

‘പത്താം ക്ലാസുവരെ പഠിക്കുക, പിന്നെ വല്ല ഓട്ടോ ഡ്രൈവറോ കൃഷിയിലേക്കോ മറ്റോ തിരിയുക. ഇത്രയൊക്കെയേ ഞാൻ എപ്പോഴും ചിന്തിച്ചിരുന്നുള്ളു. എന്നെപ്പോലെയുള്ളൊരാൾക്ക് അതിൽ കൂടുതലൊക്കെ ചിന്തിക്കാൻ പറ്റുമോ എന്നുപോലും അറിയില്ല. എന്റെ ചുറ്റും ഞാൻ കണ്ടു വളർന്ന എന്റെ കൂട്ടരെല്ലാം ഇങ്ങനെയൊക്കെയാണ്. ’ ആദിവാസി വിഭാഗത്തിൽപ്പെട്ട കോട്ടയം തുമരംപാറ ആഞ്ഞിലമൂട്ടില്‍ സ്വദേശിയായ അനീഷിന് പത്താം ക്ലാസിന് ശേഷം എന്തു പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നൊന്നും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഹോട്ടലിൽ പാത്രം കഴുകാനാണ് അനീഷ് പോയത്. അനീഷിന് അന്ന് അതൊക്കെ തന്നെയായിരുന്നു ജീവിതം. ഇങ്ങനെയല്ല എന്ന് പറഞ്ഞു കൊടുക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. 

 

inspiring-life-story-of-tribal-boy-aneesh4

പക്ഷേ, പിന്നെ എപ്പഴോ ഒരിക്കൽ സന്തോഷ് സദാശിവൻ എന്ന ഒരു ബന്ധുവാണ് അനീഷിനെ വീണ്ടും സ്കൂൾ മുറ്റത്തേക്കെത്തിക്കുന്നത്. പ്ലസ്ടുവിന് സയൻസ് ബാച്ചിന്. പത്താം ക്ലാസ് കഷ്ടപ്പെട്ട് പാസായ അനീഷിന് സയൻസ് ക്ലാസിൽ പലപ്പോഴും ടീച്ചർ പറയുന്നതു പോലും മനസ്സിലായിരുന്നില്ല. പക്ഷേ, രണ്ടു വർ‌ഷം ക്ലാസിൽ പോയി. പരീക്ഷയെഴുതിയെങ്കിലും ജയിക്കില്ലെന്ന പ്രതീക്ഷ അനീഷിനുണ്ടായിരുന്നു. റിസൾട്ട് വന്നപ്പോൾ അനീഷ് ചിന്തിച്ച പോലെ തന്നെ സംഭവിച്ചു. 4 വിഷയങ്ങളില്‍ തോറ്റു. സേ പരീക്ഷ എഴുതിയെങ്കിലും ഒരു വിഷയത്തിൽ മാത്രമാണ് ജയിക്കാനായത്. പാത്രങ്ങൾക്കിടയിൽ നിന്ന് പുസ്തകങ്ങളുടെ അടുത്തേക്കെത്തിയ അനീഷ് അപ്പോൾ മനസ്സിൽ കരുതിയത് എന്റെ ഭാവി പുസ്തകങ്ങളല്ല എന്നാണ്. അന്ന് പുസ്തകം മുറുക്കെയടച്ച് അവൻ മറ്റു ജോലികളിലേക്ക് പോയി. 

 

∙ ജീവിതം മാറ്റിയത് ആ ബോണ്ട പൊതിഞ്ഞ പേപ്പർ

 

inspiring-life-story-of-tribal-boy-aneesh2

റബർ ടാപ്പിങ്ങും മറ്റു കൃഷിയുമെല്ലാമായി ജീവിതം അങ്ങനെ അനീഷ് മുന്നോട്ട് നീക്കി. ടാപ്പിങ് തൊഴിലാളിയായ അച്ഛൻ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ കയ്യിൽ ഒരു പൊതി ബോണ്ടയും ഉണ്ടായിരുന്നു. കിട്ടിയപ്പോൾ തന്നെ ബോണ്ടയും കഴിച്ച് ചുമ്മാതിരിക്കുമ്പോഴാണ് ബോണ്ട പൊതിഞ്ഞു കൊണ്ടു വന്ന ആ പേപ്പർ അനീഷിന്റെ ശ്രദ്ധയിൽപ്പെടുന്നത്. യൂണിവേഴ്സിറ്റികളിൽ എസ്‍സി എസ്ടി വിഭാഗത്തിൽ സീറ്റുകളുണ്ടെന്ന വാർത്ത അനീഷ് അറിയുന്നത്. ‘എന്നാൽ ഒന്നു പഠിച്ചു നോക്കിയാലോ എന്ന ചിന്ത അപ്പോഴാണ് എനിക്കുണ്ടായത്. പഠിച്ചാൽ ജോലി കിട്ടാനും സീറ്റ് കിട്ടാനുമൊക്കെ വഴിയുണ്ടല്ലോ എന്നായി ചിന്ത. അങ്ങനെയാണ് ഞാൻ വീണ്ടും പ്ലസ്ടു പഠനത്തിനായി പോകുന്നത്. അന്ന് റബർ വെട്ടല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം കഴിയുമ്പോൾ ഞാൻ പഠിച്ചു തുടങ്ങി. ട്യൂഷന് പോയി പഠിക്കാൻ തുടങ്ങി. കഷ്ടപ്പാടുകൾ ഒരുപാടുള്ളതു കൊണ്ട് തന്നെ പിന്നെ പഠിക്കണം എന്നൊരു വാശിയുണ്ടായി. കഷ്ടപ്പെട്ട് പഠിച്ചെങ്കിലും പിന്നെയും മൂന്നു വിഷയങ്ങളിൽ ഞാൻ തോറ്റുപോയി’. വീണ്ടും പരീക്ഷയെഴുതിയെങ്കിലും തോൽവി തന്നെയായിരുന്നു അനീഷിന്റെ വിധി. പക്ഷേ, പഠിച്ച് എഴുതിയതുകൊണ്ട് റീവാലുവേഷന് കൊടുക്കാമെന്ന് തോന്നി. അങ്ങനെയാണ് റീവാലുവേഷന് കൊടുക്കുന്നത്. ഇതിനിടയിൽ വീണ്ടും പരീക്ഷ എഴുതാനുള്ള ശ്രമം തുടങ്ങിയെങ്കിലും റീവാലുവേഷനിൽ ജയിച്ചു എന്നറിഞ്ഞപ്പോൾ അനീഷിന് ഒരുപാട് സന്തോഷമായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതി ചെത്തിക്കളഞ്ഞ ആഗ്രഹം നല്ല അസ്സല് പാൽ പോലെ തെളിഞ്ഞു വന്നതിന്റെ സന്തോഷമായിരുന്നു അനീഷിന്. 

 

∙ പഠനം പിന്നെയും എന്നെ തോൽപ്പിക്കാൻ ശ്രമിച്ചു. 

 

‘പ്ലസ്ടു കഷ്ടിച്ച് പാസായെങ്കിലും ഡിഗ്രി പഠനവും എനിക്ക് വല്ലാത്ത അനുഭവമായിരുന്നു. ബിഎസ്‍സി ഫിസിക്സിന് കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലാണ് ചേർന്നത്. ക്ലാസിൽ മറ്റു കുട്ടികളോടൊപ്പം പഠിച്ചെത്താൻ എനിക്ക് വളരെയധികം ബുദ്ധിമുട്ടേട്ടി വന്നു. ക്ലാസിൽ കയറുമ്പോഴും ഞാൻ ജോലിക്ക് പോകാറുണ്ട്. റബറെല്ലാം വെട്ടിക്കഴിഞ്ഞതിന് ശേഷമാണ് ക്ലാസിൽ വന്നിരുന്നത്. ബിഎസ്‍സി പാസായി എംഎസ്‍സിക്ക് ചേർന്നെങ്കിലും അതെനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നു.’എംഎസ്‍സി ക്ലാസിലുള്ള പഠനം വീണ്ടും അനീഷിന് കീറാമുട്ടിയായി. ചില സമയങ്ങളിൽ ഒന്നും മനസ്സിലാകാതെ വരെ നിന്നു. ഒരുപാട് ബുദ്ധിമുട്ടായപ്പോൾ അനീഷ് കോളജ് പഠനം അവസാനിപ്പിച്ചു. ‘പിഎസ്‍സി പഠിച്ച് ഒരു സർക്കാർ ജോലി കിട്ടണമെന്നൊരു വാശി അന്നേ എനിക്കുണ്ടായിരുന്നു. അതിനിടയിൽ പിഎസ്‍സിക്ക് വേണ്ടി ഒന്നു രണ്ട് ലിസ്റ്റിലും വന്നു.’ ഒരിക്കൽ കോളജിൽ നിന്നിറങ്ങിയെങ്കിലും വീണ്ടും അങ്ങോട്ടു തന്നെ പോകാൻ അനീഷിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കോളജ് പഠന കാലം മുതൽ നാടകത്തിലും മറ്റും സജീവമായ അനീഷ് അങ്ങനെ വീണ്ടും പത്രത്തിലെ ഒരു പരസ്യം കണ്ട് സ്കൂള്‍ ഓഫ് ലെറ്റേഴ്സിൽ മലയാളം ഭാഷയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ള സമയങ്ങളേക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. തോൽവികൾ അപ്പോഴും ജീവിതത്തിലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന് ഉറക്കെ പറഞ്ഞു കൊണ്ട് അനീഷ് പടവെട്ടി കയറി. അങ്ങനെ പിജിയും എംഫിലും കഴിഞ്ഞ് ഇന്ന് ഗവേഷണ വിദ്യാർത്ഥിയാണ് അനീഷ്

 

∙ പൂർവികരുടെ ചരിത്രം രേഖപ്പെടുത്തണം

 

പിജി പഠനകാലത്ത് റിസർച്ചിന്റെയും മറ്റും ഭാഗമായാണ് അനീഷ് സ്വന്തം പൂർവികരുടെ ചരിത്രം തേടുന്നത്. പക്ഷേ, പല പുസ്തകങ്ങളിലും ഒന്നോ രണ്ടോ പേജുകളല്ലാതെ കൂടുതലായൊന്നും അനീഷിന് കണ്ടെത്താനായില്ല. അങ്ങനെയാണ് സ്വന്തം ചരിത്രം തന്നെ ഗവേഷണ പ്രബന്ധമാക്കാൻ അനീഷ് തീരുമാനിച്ചത്. മധ്യകേരളത്തിലെ ഉള്ളാട ഗോത്ര ജനതയുടെ ചരിത്രമാണ് അനീഷ് ഗവേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. 

 

അനീഷിന് ഇപ്പോൾ തീരുമാനങ്ങൾ എടുക്കാനറിയാം. എങ്ങനെയൊക്കെ പഠിക്കണമെന്നറിയാം, എന്തു ചെയ്യണമെന്നറിയാം. പക്ഷേ, ജനനം കൊണ്ട് മാറ്റി നിർത്തപ്പെട്ടതുകൊണ്ട് മാത്രം കുട്ടിക്കാലത്ത് ഇതെല്ലാം നിഷേധിക്കപ്പെട്ടതാണ് അനീഷിന്. അവന്റെ ജീവിതം തന്നെ ഒരു പോരാട്ടമാണ്. ജാതിയും മതവും വർഗവും വർണവുമൊന്നും തളർത്തിയാലും തളരാനാവില്ലെന്ന പോരാട്ടം. ഇനിയും അതു തുടരും. അവനെ പോലെ ജനിച്ച ഒന്നുമറിയാത്തവർക്കായുള്ള പോരാട്ടവും. 

 

Content Summary: Inspiring life story of tribal boy Aneesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com