ADVERTISEMENT

പ്രണയവും പ്രണയഭംഗങ്ങളും നൽകുന്ന വേദനകൾ അനുഭവിക്കാത്തവരുണ്ടാവില്ല. ഹൃദയം വല്ലാതെ തകരുമ്പോൾ, ഇനിയൊരു റിലേഷൻഷിപ് വേണ്ട എന്ന കടുത്ത തീരുമാനം പോലും ചിലരെടുത്തു കളയും. അത്തരം എടുത്തുചാടിയുള്ള തീരുമാനം കൊണ്ട് നിങ്ങളുടെ മനസ്സിനുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങില്ല. എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു തന്നെ പോകും. ആ തിരിച്ചറിവാണ് ആദ്യം വേണ്ടത്.

ബ്രേക്ക്അപ്പിൽനിന്നു പുറത്തു കടക്കാനും ഒരിക്കൽ പറ്റിയ തെറ്റ് ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത്:

1. തകർന്ന ബന്ധത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ചിന്തിക്കാതിരിക്കാം

പറയാൻ വളരെ എളുപ്പമാണ്; നടപ്പാക്കാൻ ബുദ്ധിമുട്ടും. പക്ഷേ ജീവിതം സാധാരണ ഗതിയിൽ മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ മനസ്സിനെ അതിനു പാകപ്പെടുത്തിയേ പറ്റൂ. അതിന് ആദ്യമായി ചെയ്യേണ്ടത് പഴയകാര്യങ്ങളെക്കുറിച്ച് മനഃപൂർവം ഓർക്കാതിരിക്കുക എന്നതാണ്. മുൻപങ്കാളിയെക്കുറിച്ച് ഓർക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. അയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇടയ്ക്കിടെ സന്ദർശിക്കാതിരിക്കുക. ഫോണിലും വാട്സാപ്പിലും നിരന്തരം കോളോ സന്ദേശങ്ങളോ അയയ്ക്കാതിരിക്കുക. അതിനു കഴിയുന്നില്ലെങ്കിൽ എന്നെന്നേക്കുമായി സമൂഹമാധ്യമ അക്കൗണ്ടിൽനിന്നും ഫോണിൽനിന്നും അവരുടെ പ്രൊഫൈലും നമ്പറും ബ്ലോക്ക് ചെയ്യുക. അങ്ങനെ വേദനയുടെ ഉറവിടം മുറിച്ച് മനസ്സിന് ആശ്വാസം നൽകാം.

2. മറക്കാൻ പറ്റാത്തത് ആ വ്യക്തിയേയോ അതോ അടുപ്പത്തെയോ

ഒഴിയാബാധ പോലെ ചില ഓർമകൾ പിന്തുടരുമ്പോൾ മറക്കാൻ ബുദ്ധിമുട്ട് ആ വ്യക്തിയെയാണോ അതോ അയാളുമായുണ്ടായ അടുപ്പത്തെയാണോയെന്ന് നന്നായി മനസ്സിലാക്കുക. ചിലപ്പോൾ വ്യക്തിയെയാവില്ല മറക്കാൻ കഴിയാത്തത്, അയാളുമായുണ്ടായ അടുപ്പത്തെയായിരിക്കും. യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കുക. ശേഷം മനസ്സിനെ പോസിറ്റീവായ മറ്റു കാര്യങ്ങളിൽ വ്യാപൃതമാക്കുക. ഏറ്റവും അടുപ്പമുള്ള ഒരാളോട് മനസ്സു തുറന്നു സംസാരിക്കുക. അപ്പോൾ മനസ്സിന് ആശ്വാസം ലഭിക്കും.

3. ഇങ്ങനെയൊന്നും സംഭവിച്ചത് എന്റെ കുഴപ്പംകൊണ്ടല്ല

പ്രണയം തകർന്നത് എന്റെ കുഴപ്പം കൊണ്ടാണെന്ന് ചിന്തിക്കരുത്. അങ്ങനെയായാൽ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാൻ വല്ലാതെ ബുദ്ധിമുട്ടും. എന്റെ കുഴപ്പം കൊണ്ടല്ല ഇങ്ങനെയൊന്നും സംഭവിച്ചത് എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. ഏതു ബന്ധത്തിലാണെങ്കിലും വഴക്കുകൾ സാധാരണമാണെന്നും ആരും പെർഫെക്ട് അല്ലെന്നും ഉറച്ചു വിശ്വസിക്കുക

4. തിരിച്ചുവരവ് പ്രതീക്ഷിക്കരുത്

പ്രണയം തകർന്നുവെന്ന് ഉറപ്പായാൽ, ഇനിയൊരിക്കലും യോജിച്ചു പോകാൻ കഴിയില്ലെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ പിരിഞ്ഞുപോയ പങ്കാളി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കരുത്. മനസ്സിലാക്കാൻ കഴിയാത്തയാൾ പോകട്ടെ എന്നുതന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. എന്നെങ്കിലും അവരുടെ മനസ്സുമാറും എന്നു കാത്തിരുന്നാൽ ആ കാത്തിരിപ്പ് അനന്തമായി നീളുമെന്നും ഏകാന്തത നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുമെന്നും മനസ്സിലാക്കുക. അവർ ഒരിക്കലും തിരിച്ചു വരില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും അതുവഴി എല്ലാം മറക്കാനുള്ള ത്രാണി മനസ്സിനുണ്ടാകും.

5. എല്ലാത്തിനും ഒരു കാരണമുണ്ട്

ജീവിതത്തിൽ സംഭവിക്കുന്ന എല്ലാക്കാര്യങ്ങൾക്കു പിന്നിലും ഒരു കാരണമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക. നിങ്ങളുടെ മുൻ പങ്കാളിയിൽനിന്നു ജീവിതത്തിൽ എന്തു പഠിച്ചുവെന്ന് ചിന്തിക്കുക. ജീവിതത്തിൽ ഉയരാനും ഏതെങ്കിലും തരത്തിലുള്ള നല്ല അവസരങ്ങൾ കിട്ടാനും അയാൾ കാരണമായിട്ടുണ്ടെങ്കിൽ അയാളോടു മനസ്സുകൊണ്ട് നന്ദി പറയുക. ജീവിതത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ ജീവിത സത്യങ്ങളെ അംഗീകരിക്കുക. സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുക. ഉലഞ്ഞു പോയ ബന്ധത്തിൽ വന്ന വീഴ്ചകളെ നന്നായി മനസ്സിലാക്കിയ ശേഷം അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്ന ഉറപ്പോടെ മനസ്സിനിണങ്ങുന്ന മനസ്സറിയുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കുക. സന്തോഷത്തോടെ ജീവിക്കുക.

Content Summary: 5 Breakup Survival Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com