സ്വന്തമായി ഒരു വാഹനം വാങ്ങുക. നാട് മുഴുവൻ അതിലിരുന്ന് യാത്ര ചെയ്യുക. ഇങ്ങനെയൊക്കെ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ, സ്വപ്നം മാത്രം പോരല്ലോ ഇതിന് പണം കൂടി ആവശ്യമല്ലേ... തന്റെ ഇഷ്ട വാഹനം ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തിപ്പിടിച്ചാൽ സന്തോഷം ഇരട്ടിയാകുമല്ലേ....വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു ചാക്കുമായി ഷോറൂമിലെത്തി സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അസം സ്വദേശിയായൊരു യുവാവ്. വാഹനം സ്വന്തമാക്കാന്‍ കയ്യിൽ ചാക്കെന്തിനാണെന്ന് ചിന്തിക്കേണ്ട, കയ്യിൽ പണമില്ലാത്തതിനാൽ വർഷങ്ങളായി കൂട്ടിവെച്ച നാണയത്തുട്ടുകളുമായാണ് മുഹമ്മദ് സെയ്ദുൾ ഹക്കീം വാഹനം വാങ്ങിയത്.
ഒരു രൂപയുടെയും രണ്ടു രൂപയുടെയും അഞ്ചു രൂപയുടെയുമെല്ലാം 90,000 നാണയങ്ങൾ. ചാക്കിൽ കരുതിയ പണം ഹക്കീം തന്നെ എണ്ണിത്തിട്ടപ്പെടുത്തി നൽകി. നാണയത്തുട്ടുകളുമായി വാഹനം വാങ്ങാനെത്തിയ ഹക്കീമിന് കടയിലെ ജീവനക്കാരും പൂർണ പിന്തുണ നൽകി. ഹോണ്ടയുടെ ഗ്രാസിയ സ്കൂട്ടറാണ് സ്വന്തമാക്കിയത്.
അസമിലെ ധാരങ്ങ് ജില്ലയിൽ ഒരു ചെറിയ കട നടത്തുകയാണ് ഹക്കീം. ഒരുപാട് നാളായി കണ്ട സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഹക്കീം. സ്വപ്നത്തിന് പിന്നാലെ തളരാതെ പോരാടിയ ഹക്കീമിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
Content Summary: Assam man buys dream Grazia scooter using coins