ADVERTISEMENT

ഇത് യുട്യൂബർമാരുടെയും വ്ലോഗേഴ്സിന്റെയും കാലമാണ്. അനേകം വ്ലോഗർമാർക്കിടയിൽ വൺമാൻ ഷോ പോലെ തന്റെ യൂട്യുബ് ചാനലുമായി മുന്നേറുകയാണ് എറണാകുളം പറവൂർ സ്വദേശിയായ നീതു. അമ്മ, അമ്മായിയമ്മ, നാത്തൂൻ, കുശുമ്പിയായ അയൽക്കാരി, എന്തിന് അച്ഛൻ വേഷങ്ങൾ പോലും നീതുവിന്റെ കൈകളിൽ ഭദ്രം. ഒരു രസത്തിന് തുടങ്ങിയ നീതുസ് ക്രിയേഷൻസ് ഇന്ന് 6 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുമായി നിൽക്കുന്നു. സ്ത്രീകളാണ് കൂടുതലും നീതുവിന്റെ വ്ലോഗിങ്ങിൽ കൂടെ കൂടുന്നത്. കാരണം അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നീതു കൂടുതലും കൈകാര്യം ചെയ്യുന്നത്. നീതുവിന്റെ വിശേഷങ്ങളിലേക്ക്...

Read More: ‘വീട്ടിൽ ഒരു ചെറിയ അതിഥി വന്നു’, അർമാനും കൃതികയ്ക്കും ആൺകുട്ടി പിറന്നു, സന്തോഷം പങ്കുവെച്ച് കുടുംബം 

∙ കൊച്ചിഭാഷയാണല്ലോ ഹൈലൈറ്റ്?

കൊച്ചി സ്ലാങ്ങാണ് സംസാരിക്കുന്നത്. ടിക്ടോക്കിന്റെ സമയം മുതലേ എന്റെ ഭാഷയെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. കോളജിൽ പഠിക്കുമ്പോഴും കടപ്പുറം ഭാഷയാണെന്നു പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. നോർത്ത് പറവൂരാണ് വീട്. ഇപ്പോ കൊച്ചിയും അല്ല, കടപ്പുറവും അല്ല, തൃശൂരും അല്ലാത്ത അവസ്ഥയാണ്. ഇൗ ഭാഷ തന്നെയാണ് വിഡിയോയിലും ഉപയോഗിക്കുന്നത്. ഞാൻ തന്നെയാണ് ആദ്യം വിഡിയോകളിൽ ഇൗ ഭാഷ ഉപയോഗിച്ചു തുടങ്ങിയത്. പിന്നെ കഥാപാത്രങ്ങളുടെ പേരുകൾ സുമതി, സുശീല, വൈകി ബിന്ദു എന്നൊക്കെയാണ്, നമ്മുടെ ചുറ്റുപാടുമുള്ള വീടുകളിലെ പേരുകൾ. പിന്നീട് എല്ലാവരും അത്തരം പേരുകളൊക്കെ കൊടുക്കാൻ തുടങ്ങി. ഭയങ്കര മേക്കപ്പ് ഇട്ടൊന്നും അല്ല വിഡിയോ ചെയ്യുന്നത്. നമ്മൾ വീട്ടിൽ എങ്ങനെ നിൽക്കുന്നോ അതുപോലെത്തന്നെയാണ് വിഡിയോയിലും. പുറത്തുവച്ചു കാണുമ്പോൾ വിഡിയോയിൽ കാണുന്ന ചേച്ചിയാണെന്നു പറഞ്ഞ് ആളുകൾ ഓടിവരും. 

∙ ഒറ്റയാൾ പോരാട്ടം 

ഒരു ദിവസം മുഴുവൻ വേണം ഒരു വിഡിയോ ഷൂട്ടിന്. സിനിമാ ഡയലോഗ് കടമെടുത്താൽ 'കട്ടിങ്ങും ഷേവിങ്ങും' എല്ലാം ഞാൻ തന്നെയാണ്. ഇതിനിടയിൽ വീട്ടിലെ കാര്യങ്ങൾ നോക്കണം. ഒരു മോനുണ്ട്. എല്ലാ വേഷങ്ങളും തനിയെ ചെയ്യുമ്പോൾ ആരെയും ആശ്രയിക്കേണ്ടല്ലോ? ജീവിതത്തിൽ കാണുന്ന സാഹചര്യങ്ങളാണ് എന്റെ വിഡിയോകളാകുന്നത്. അമ്മായിയമ്മപ്പോര്, അയൽവക്കത്തെ കുശുമ്പ്, വീട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ, സ്ത്രീധനം, പെണ്ണുകാണൽ എല്ലാം എന്റെ വിഡിയോയിലുണ്ട്. അതുകൊണ്ട് സ്ത്രീകളാണ് കൂടുതൽ സബ്സ്ക്രൈബേഴ്സ്. 

∙ വീട്ടിലെ നാണം കുണുങ്ങി

ശരിക്കു പറഞ്ഞാൽ വീട്ടിലെയും നാട്ടിലെയും നാണം കുണുങ്ങിയാണ് ഞാൻ. മൂന്ന് പെൺകുട്ടികളായിരുന്നു ഞങ്ങൾ. മൂവരിൽ, ഒരു പരിപാടിയിലും പങ്കെടുക്കാത്ത ആളാണ് ഞാൻ. മറ്റ് വീടുകളിലൊന്നും പോകാറില്ല. അതുകൊണ്ട് എന്നെ ആരും അറിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ വിഡിയോ കണ്ടിട്ട് എന്നെ അറിയാം എന്ന് പറഞ്ഞ് സെൽഫിയെടുക്കാനൊക്കെ ആളുകൾ വരും. ഇപ്പോൾ അമ്മയോടൊക്കെ വലിയ അഭിമാനത്തോടെയാണ് ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളെ കണ്ടാൽ ഫിലിംസ്റ്റാറിനെ കാണുന്നതു പോലെയാണ് പലരും നോക്കുന്നത്. ഞാൻ തന്നെ ഞെട്ടിപ്പോകും. ആളുകൾ വന്ന് 'വിഡിയോ കാണാറുണ്ട്, നന്നായിരിക്കുന്നു' എന്നെല്ലാം പറയുമ്പോൾ.

sucess-story-of-youtuber-neethu1
നീതുവും കുടുംബവും

∙ ആദ്യം ടിക് ടോക്ക്, സമയം 12.30

തുടക്കം ടിക്ടോക്കിലായിരുന്നു. ഒരു മദേഴ്സ് ഡേയ്ക്ക് ഇട്ട വിഡിയോ ക്ലിക്കായി. പിന്നെ എല്ലാ ദിവസവും 12.30 എന്നൊരു സമയം ഉണ്ടെങ്കിൽ വിഡിയോ ഇടാൻ തുടങ്ങി. അങ്ങനെ ടിക്ടോക്കിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സും 20 ലക്ഷം ലൈക്കുമൊക്കെ ഉണ്ടായിരുന്നു. അപ്പോഴാണ് ടിക്ടോക് പൂട്ടിയത്. പിന്നീട് ഇൻസ്റ്റയിൽ ഇട്ടു. പിന്നെയാണ് യുട്യൂബിനെക്കുറിച്ച് അറിയുന്നത്. വരുമാനം കിട്ടുമെന്നൊന്നും അന്ന് അറിയില്ലായിരുന്നു. കുറച്ചു കൂട്ടുകാരൊക്കെ സഹായിച്ചു. ആദ്യം ഇട്ടപ്പോൾ വലിയ റീച്ചൊന്നും കിട്ടിയില്ല. തൊണ്ണൂറാമത്തെ വിഡിയോ ആണ് ഹിറ്റായത്. 

∙ ഇന്നു വരെ മടുപ്പ് തൊന്നിയിട്ടില്ല

വിഡിയോ ഹിറ്റാകുന്നത് വരെ കാത്തിരുന്നെങ്കിലും മടുപ്പൊന്നും തോന്നിയിരുന്നില്ല. 24 പേരൊക്കെയാണ് അന്ന് ആകെ വിഡിയോ കണ്ടിരുന്നത്. ഞാൻ ആരോടും വിഡിയോ കാണാൻ പറയാറില്ല. അയച്ചും കൊടുക്കാറില്ല. കാരണം നമ്മൾ ഒന്ന് അയച്ചുകൊടുത്താലും അവർക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ അവരത് കാണുകയുള്ളൂ. ഭർത്താവിന്റെ വീട് കണ്ണൂരാണ്. വിഡിയോ ഇടാൻ തുടങ്ങിയ സമയത്ത് അവിടെയായിരുന്നു. ചിലപ്പോൾ റേഞ്ച് കിട്ടില്ല. ടൗണിൽ പോയി വിഡിയോ അപ്‌ലോഡ് ചെയ്തിട്ട് തിരിച്ച് വന്നിട്ടുണ്ട്. ഒരു വിഡിയോയ്ക്ക് വേണ്ടി എഴുതാൻ തന്നെ എട്ടുമണിക്കൂറൊക്കെ വേണ്ടി വരും. രണ്ട് ദിവസം കൊണ്ടായിരിക്കും ക്ലൈമാക്സ് കിട്ടുക. ഷൂട്ട് ചെയ്യാൻ ഒരു ദിവസം മുഴുവൻ വേണ്ടിവരും. എങ്കിലും ഒരിക്കലും മടുപ്പ് തോന്നാറില്ല. കഷ്ടപ്പാടിന് ഫലം എന്നെങ്കിലും കിട്ടും എന്ന് കരുതിത്തന്നെയാണ് കാത്തിരുന്നത്. 

Read More: തൂവെള്ള ഗൗണിൽ വധുവായി അണിഞ്ഞൊരുങ്ങിയ സുബി, നെഞ്ചുപൊട്ടി ആരാധകർ

∙ ‘ഭാര്യയുടെ സ്വഭാവം അകത്തും പുറത്തും’

ആദ്യമൊക്കെ അമ്മായിയമ്മയൊക്കെയാണ് വിഡിയോ എടുപ്പിച്ചിരുന്നത്. ഭർത്താവ് ജിതേഷ് എയർഫോഴ്സിലാണ്. ചിലപ്പോൾ അദ്ദേഹമാണ് വിഡിയോ എടുത്തു തരുന്നത്. അഞ്ചു ദിവസം കൂടുമ്പോഴാണ് വിഡിയോ ഇടുന്നത്. ‘ഭാര്യയുടെ സ്വഭാവം അകത്തും പുറത്തും’ എന്ന വിഡിയോയ്ക്ക് ആണ് 40 ലക്ഷം വ്യൂസ് കിട്ടിയത്. ഇട്ട് രണ്ട് ദിവസത്തിൽ തന്നെ 20 ലക്ഷം ആളുകൾ കണ്ടു. ആരും ചെയ്യാത്ത വിഡിയോ ചെയ്യാനാണ് എനിക്കിഷ്ടം. കഥയായി കൊണ്ടുവന്ന് കഥാപാത്രങ്ങളെ സൃഷ്ടിച്ച് ക്ലൈമാക്സ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതെല്ലാം എനിക്കിഷ്ടമാണ്. എന്റെ കഥ മറ്റാരും ചെയ്തിട്ടുണ്ടാകില്ല. നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ഇല്ലാത്ത കഥാപാത്രം എഴുതിയുണ്ടാക്കാറില്ല. ജീവിതത്തിൽ എവിടെയെങ്കിലും നമ്മൾ അവരെ കണ്ടിട്ടുണ്ടാകും.   

∙ അഭിനയമോഹം?

എന്താണ് സിനിമ എന്നറിയാൻ ഒന്ന് അഭിനയിച്ച് നോക്കണം എന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു ഷോട്ട് ഫിലിമും ഒരു സിനിമയും ചെയ്തു. പിന്നെ വന്നതൊക്കെ എനിക്ക് പറ്റുന്ന കഥാപാത്രങ്ങളല്ല. അതിന് അവസരം ഒത്തുവന്നപ്പോൾ അത് ചെയ്തു. ഇനി ഇല്ല. വേറൊന്നും കൊണ്ടല്ല. ഒരുപാട് പേരുടെ പ്രയത്നമാണ് സിനിമ. നാം സ്വന്തമായി ചെയ്യുന്ന വിഡിയോ ആണെങ്കിൽ ഇഷ്ടമുള്ളപ്പോൾ എഴുതാം, അഭിനയിക്കാം. ആരുടെയും സമയം നോക്കണ്ട, കാത്തിരിക്കേണ്ട, എല്ലാത്തിലും ഉപരി നമ്മുടെ കംഫർട്ട് സോണിൽ നിന്നുകൊണ്ട് ചെയ്യാം. മറ്റുള്ളവരൊക്കെ നോക്കി നിൽക്കുമ്പോൾ അഭിനയിക്കാൻ മടിയാണ്. ഭയങ്കര ടെൻഷനൊന്നും താങ്ങാൻ എനിക്ക് പറ്റില്ല. വീട്ടിൽ ഞാൻ ഓകെ ആണ്. സിനിമയിൽ പോയിട്ട് നമുക്ക് വിലയൊക്കെ ഉണ്ട്. കുറേപ്പേർ പറഞ്ഞിരുന്നു യുട്യൂബേഴ്സ് സിനിമയിൽ പോയാൽ വിലയുണ്ടാകില്ല എന്ന്. പക്ഷേ എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല. വീട്ടിൽ വെറുതെയിരിക്കുമ്പോൾ നമുക്ക് കിടന്നുറങ്ങാം. ഇഷ്ടമുള്ള കഥകൾ ആലോചിക്കാം. 

sucess-story-of-youtuber-neethu2
നീതു ഭർത്താവ് ജിതേഷിനും മകനും ഒപ്പം

∙ ആഗ്രഹങ്ങൾ?

നമ്മുടെ യുട്യൂബ് ചാനൽ ഭംഗിയായി നടത്തുക എന്നതാണ് ആഗ്രഹം. വ്യത്യസ്തമായ ഒരുപാട് വിഡിയോകളും കഥകളുമൊക്കെ ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാവരും പറയും സിനിമയിലേക്കുള്ള വാതിലാണ് യൂട്യൂബ് എന്ന്. എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല. സിനിമാക്കാരെപ്പോലെത്തന്നെ ആളുകൾ നമ്മെ തിരിച്ചറിയുന്നുണ്ട്. 100 പേരിൽ 5 പേരെങ്കിലും ശ്രദ്ധിക്കുന്നുണ്ടല്ലോ? ഒരിക്കൽ പല്ലുവേദനയായി പല്ലെടുത്ത് ആശുപത്രിയിലിരിക്കുന്ന സമയത്ത് ഒരു കുട്ടി വന്നപ്പോൾ ‘‘സംസാരിക്കാൻ പറ്റില്ല’’ എന്ന് പറഞ്ഞു. അന്ന് അവർ എന്റെ ചേച്ചിയോട് പറഞ്ഞു, എനിക്ക് ഭയങ്കര ‍ജാഡയാണെന്ന്. പിന്നെയൊരിക്കൽ കണ്ട് സംസാരിച്ചപ്പോഴാണ് തെറ്റിദ്ധാരണ മാറിയത്.

Content Summary: Sucess story of Youtuber Neethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com