ADVERTISEMENT

‘ചേട്ടായി കോഫി....’ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതാണ് ‘കളിപ്പാവ’ എന്ന ഷോർട് ഫിലിമും അതിലെ നായികയും നായകനും. ഭർത്താവിൽ നിന്ന് സ്നേഹം കിട്ടാനായി പല വഴികൾ നോക്കുന്ന പൊന്നുവിന്റെയും അപ്പുവിന്റെയും കഥ ലോകം അറിഞ്ഞത് ട്രോളുകളിലൂടെയാണ്. ഇവരുടെ ഷോർട് ഫിലിമിലെ ഡയലോഗുകൾ അറിയാത്ത മലയാളികൾ ചുരുക്കം എന്നു തന്നെ പറയാം...ഷോർട്ഫിലിമിൽ അപ്പുവും പൊന്നുവുമായി കയ്യടി വാങ്ങിയ ഇരുവരും യഥാർഥത്തിലും ഭാര്യാ ഭർത്താക്കൻമാരാണ്. കോതമംഗലം സ്വദേശികളായ അഖിൽ അപ്പുവും (അപ്പു) രമ്യയും. രണ്ട് വർഷം മുമ്പിറക്കിയ ഷോർട്ഫിലിം വീണ്ടും ആളുകൾ നെഞ്ചിലേറ്റിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഇറങ്ങിയ കാലത്ത് വെറും 10,000 പേർ മാത്രം കണ്ട ആ ഷോർട് ഫിലിം ഇന്ന് 1.5 മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രോളുകളെ പറ്റിയും വിമർശനങ്ങളെ പറ്റിയും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് അഖിൽ അപ്പു. 

Read More: 'ഇത് വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പ്; പ്രിയപ്പെട്ടവർക്ക് നന്ദി’: സന്തോഷം പങ്കുവച്ച് ലിന്റു റോണി

∙ നന്ദി ട്രോളൻമാരോട്

ജീവിതത്തിൽ അപ്പു ഏറ്റവും കടപ്പെട്ടിരിക്കുന്നത് ആരോടെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ...അത് ട്രോളൻമാരോടാണ്. കാരണം സിനിമ സ്വപ്നം കണ്ട് നടന്ന അപ്പുവിനെ ഇന്ന് നാട്ടുകാരുടെ മുന്നിൽ അറിയപ്പെടുത്തിയത് ട്രോളൻമാരാണ്. ‘ സോഷ്യൽ മീഡിയയിൽ ഇന്ന് ഞങ്ങളുടെ ഷോർട് ഫിലിമിന്റെ പല ട്രോളുകളും കാണാം...ചേട്ടായി കോഫി.,, ഭാസ്കരേട്ടാ ഇന്ന് അപ്പുവേട്ടന്റെ പിറന്നാളാ തുടങ്ങി പല ഡയലോഗുകളും നാട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്തി കൊടുത്തത് ട്രോളൻമാരാണ്. അവരില്ലെങ്കിൽ ആരുമറിയാതെ പോകുമായിരുന്ന ഒരു ഷോർട് ഫിലിമാകുമായിരുന്നു ഇത്. ശരിക്കും ഒരു തരത്തിലുമുള്ള പബ്ലിസിറ്റിയും കൊടുക്കാതെ, ആരുമറിയാതെ കിടന്ന ഒരു ഷോർട്ട് ഫിലിം ലോകത്തിന് മുന്നിലെത്തിച്ചത് അവരാണ്. ഒരു രൂപ പോലും ചിലവില്ലാതെ പബ്ലിസിറ്റി യാഥാർഥ്യമായത് അവരെ കൊണ്ടാണ് അവരോട് നന്ദി മാത്രമേ ഉള്ളൂ...

kalippava-short-film
അഖിൽ അപ്പുവും രമ്യയും

∙ ‘കളിപ്പാവ’ നടന്ന സംഭവം, എഴുതുമ്പോൾ കണ്ണു നിറഞ്ഞു

ഷോർട് ഫിലിമിൽ അപ്പുവേട്ടനായി തകർത്ത അപ്പു തന്നെയാണ് ഷോർട് ഫിലിമിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ഒരിക്കൽ അപ്പു കണ്ട ഒരു കാഴ്ചയാണ് ഈ കഥയ്ക്ക് പിന്നില്‍. ‘ആലുവ മണപ്പുറത്ത് വച്ച് ഞാൻ കണ്ട ഒരു മനുഷ്യന്റെ കഥയാണ് ഇതിനെല്ലാം ആധാരം. ഞാൻ കണ്ട ആ മനുഷ്യന്റെ ദേഹം മുഴുവൻ അഴുക്കാണ്. പക്ഷേ, അയാള്‍ കയ്യിൽ കരുതിയ പാവ വളരെ വൃത്തിയുള്ളതാണ്. ഒരു കുട്ടിയെ എന്ന പോലെ അയാൾ അതിനെ നോക്കുന്നുണ്ട്. പിന്നീട് അയാളോട് ചോദിച്ചപ്പോഴാണ് മരിച്ചുപോയ ഭാര്യയുടെ ഓർമയ്ക്കായാണ് അയാൾ അത് സൂക്ഷിക്കുന്നതെന്ന് മനസ്സിലായത്. ഭാര്യയ്ക്കായി സമയം കണ്ടെത്താൻ കഴിയാത്ത അയാൾക്ക് ഭാര്യ മരിച്ചപ്പോഴാണ് അതിനെല്ലാം സമയം കിട്ടിയത്. ഇതിൽ നിന്നാണ് ഞാൻ കളിപ്പാവയുടെ കഥ ഡെവലപ്പ് ചെയ്തത്. കഥ എഴുതിയപ്പോൾ എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്. കാരണം ഇതൊക്കെ ഇന്നും സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അതു മാത്രമാണ് ഞങ്ങൾ പറയാൻ ശ്രമിച്ചത്. 

വേണുമാധവൻ എന്നൊരു വ്യക്തിയാണ് ഈ ഷോർട് ഫിലിമിന് പിന്നിൽ. അദ്ദേഹമാണ് ആദ്യമായി എനിക്കൊരു പാട്ട് തന്ന് അത് ആൽബമാക്കാൻ പറയുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് ‘കളിപ്പാവ’യുടെ സ്ക്രിപ്റ്റ് ഞാൻ എഴുതുന്നത്. പിന്നീട് ആൽബത്തിനെ പറ്റി കേട്ടപ്പോൾ അത് പാട്ടായി ഇറക്കാമെന്ന് കരുതി. അങ്ങനെ സ്ക്രിപ്റ്റ് വെട്ടിച്ചുരുക്കി, പക്ഷേ, 5 മിനിറ്റിൽ അത് പറഞ്ഞ് തീർക്കാൻ പറ്റാത്തതുകൊണ്ടാണ് പിന്നീട് അത് ഷോർട് ഫിലിമായി എടുത്തത്. 

kalippava-short-film1
‘കളിപ്പാവ’ എന്ന ഷോർട് ഫിലിമിൽ നിന്ന്

∙ പൊന്നു എന്റെ ഭാര്യ, അവളുടെ 'ടോൺ' ഹിറ്റ്

കൊവിഡ് കാലത്ത് വെറും 15,000 രൂപ കൊണ്ടാണ് ഈ ഷോർട് ഫിലിം എടുത്തത്. കഥ കിട്ടിയപ്പോൾ രമ്യയെ കൊണ്ട് അഭിനയിപ്പിക്കണമെന്ന് ചിന്തിച്ചതാണ്. പക്ഷേ, ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും അവൾക്ക് പേടിയായിരുന്നു. ഞാനാണ് അവൾക്ക് ആത്മവിശ്വാസം നൽകിയത്. വളരെ കൊഞ്ചലോടെ സംസാരിക്കുന്ന ഒരു പ്രകൃതമാണ് രമ്യക്ക്, അവൾ തന്നെയാണ് ഡയലോഗ് ഡബ്ബ് ചെയ്തതും....ആ ടോൺ ഒക്കെ കൊണ്ടാവാം ഈ ഷോർട്ഫിലിം ഇങ്ങനെ നാട്ടുകാരുടെ ഇടയിലെത്തിയത്. 

ഒരു ദിവസം കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. ഷോർട് ഫിലിമിൽ നിങ്ങൾ കണ്ട പലരെയും സ്പോട്ടിൽ കാസ്റ്റ് ചെയ്തതാണ്. ഭാസ്കരേട്ടനും ആ ബീഡി വാങ്ങാൻ വരുന്ന ചേട്ടനെയുമെല്ലാം ലൊക്കേഷനിൽ വച്ച് കണ്ട് കാര്യം പറഞ്ഞ് മനസ്സിലാക്കിയതാണ്. പിന്നെ, ഒറ്റ ടേക്കിൽ തന്നെയാ പലതും തീർത്തത്. 

∙ നെഗറ്റീവ് കമന്റുകൾ വേദനിപ്പിച്ചു

ട്രോളുകൾ കൊണ്ട് മാത്രമാണ് ഞങ്ങളുടെ ഷോർട് ഫിലിം നാട്ടുകാർ കണ്ടതും, അതിനെ പറ്റി സംസാരിച്ചതും. പക്ഷേ, പല രീതിയിലുള്ള വിമർശനങ്ങളും അതിരു കടന്നിട്ടുണ്ട്. ഞങ്ങളുടെ കഥയെ പറ്റിയോ ഷോർട് ഫിലിമിനെ പറ്റിയോ അല്ല, ഞങ്ങളെ പറ്റിയാണ് പലർക്കും പലതും പറയാനുണ്ടായത്. കോളനി, കഞ്ചാവ് എന്നൊക്ക പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോഴാണ് ഒരുപാട് സങ്കടം. ലോകത്ത് ആദ്യമായി ഒരു സിനിമയെടുത്ത് അത് പ്രശ്നമായ ആളുകളല്ല ഞങ്ങൾ, പക്ഷേ, പലരും കേൾക്കാത്ത പലതും ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു. ഞാൻ മുടി നീട്ടി വളർത്തിയതു പോലും പലർക്കും പ്രശ്നമായിരുന്നു. എന്തിനാണ് അത്തരത്തിൽ പലരും വിമർശിച്ചതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. 

kalippava-shortfilm3
‘കളിപ്പാവ’ എന്ന ഷോർട് ഫിലിമിൽ നിന്ന്

പത്തുമാസം ചുമന്ന് ഞാൻ പെറ്റ കുഞ്ഞാണ് എന്റെ കളിപ്പാവ, അതിന് കയ്യില്ല കാലില്ല എന്നൊക്കെ പറഞ്ഞ് വിമർശിക്കുമ്പോൾ സങ്കടം വരും. പക്ഷേ, വിമർശിച്ച പലരും ട്രോളുകൾ മാത്രം കണ്ട് വിമർശിച്ചവരാണ്. ട്രോൾ കണ്ട് വിമർശിച്ച പലരും പിന്നീട് മുഴുവനായി ഷോർട് ഫിലിം കണ്ടപ്പോൾ അഭിനന്ദിച്ചു. അതാണ് ഏറ്റവും വലിയ സന്തോഷം. 

ഞങ്ങളുടെ ഷോർട് ഫിലിമിലെ ഡയലോഗ് വരെ ആളുകൾ ഏറ്റെടുത്തു എന്നത് തന്നെയാണ് ഞങ്ങൾക്ക് ഏറ്റവുമധികം സന്തോഷം. മിൽമ വരെ അവരുടെ പരസ്യത്തിനായി ‘ചേട്ടായി കോഫി’ എന്ന ഡയലോഗ് എടുത്തു. ഇതു തന്നെയാണ് ഞങ്ങളുടെ സക്സസ്. 

∙ ഇനിയുമുണ്ട് ഒരുപാട് സ്വപ്നങ്ങൾ

കൂലിപ്പണിക്കാരനാണ് ഞാൻ. സിനിമയിൽ കാസ്റ്റിങ് വർക്ക് കിട്ടിയാലും ചെയ്യാറുണ്ട്. സിനിമ തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. ഒരു സ്ക്രിപ്റ്റ് റൈറ്ററായി സിനിമയിൽ അറിയപ്പെടണം. ജീവിതത്തിൽ ശ്രമിച്ചതു മുഴുവൻ അതിനു വേണ്ടിയാണ്. അതിനിടയിൽ കളിയാക്കലുകളും വിമർശനങ്ങളുമൊന്നും എന്നെ ബാധിക്കില്ല. എന്നെ കളിയാക്കുന്നവർ ഒരു കാര്യം ഓർക്കണം, ഈ ലോകത്ത് ഒന്നും തികഞ്ഞു കൊണ്ടല്ല ആരും ഒന്നും ചെയ്യുന്നത്. ചെയ്തു തുടങ്ങിയാൽ മാത്രമേ സക്സസാവാൻ പറ്റുകയുള്ളു. ഇതിനിടയിൽ ഒരു സിനിമയുടെ ഭാഗമാകാനും ഞങ്ങൾക്ക് കഴിഞ്ഞു. അതെല്ലാം സന്തോഷമാണ്. 

‘കളിപ്പാവ’ സിനിമയാക്കുക എന്നതാണ് അഖിലിന്റെ ഇനിയുള്ള സ്വപ്നം. അതിന് വേണ്ടിയാണ് ഇനിയുള്ള ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com