ADVERTISEMENT

നിങ്ങൾ അച്ഛന്റെ കുട്ടിയാണോ അമ്മയുടെ കുട്ടിയാണോ..? കാലങ്ങളായി കുട്ടികൾ കേൾക്കുന്ന ഒരു ചോദ്യമാണിത്. കണിശക്കാരനായ അച്ഛനെ മാറ്റിവച്ച് ഞങ്ങൾ അമ്മയുടെ കുട്ടിയെന്നാണ് പണ്ട് കാലം തൊട്ട് നമ്മൾ കേട്ട് ശീലിച്ചത്. അച്ഛൻമാരെല്ലാം പക്ഷേ, ഇന്ന് ഫ്രീക്കൻമാരായി. മക്കളുടെ കൂൾ ഡാഡിയാണ് പലർക്കും അച്ഛൻമാർ. കുട്ടിക്കാലത്ത് ഇങ്ങനെയൊക്കെ ആയെങ്കിലും കൗമാരക്കാരായാൽ അച്ഛനോട് പലതും തുറന്നു പറയാൻ പലരും ഒന്ന് മടിക്കാറുണ്ട്. ചിലപ്പോൾ പേടി, അല്ലെങ്കിൽ അച്ഛന് സമയമില്ലെങ്കിലോ എന്ന ചിന്ത. ഇതൊക്കെയാണ് പലരെയും അച്ഛനിൽ നിന്ന് അകറ്റുന്നത്.

കൗമാരപ്രായക്കാരായ മക്കൾ ഒപ്പമില്ലെന്ന സങ്കടം പല അച്ഛൻമാരും ഉള്ളിലൊളിപ്പിക്കാറാണ് പതിവ്. പക്ഷേ, ഇനി അതോർത്ത് സങ്കടപ്പെടേണ്ട. മനസ്സു വച്ചാൽ നിങ്ങൾക്കും മക്കളുടെ ഉറ്റസുഹൃത്തായി മാറാം.

∙ നല്ല സുഹൃത്താകാം

എപ്പോഴും ഒപ്പമുള്ള അച്ഛനെയാണ് മക്കൾ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ എന്തുതന്നെയായാലും അതു തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരിക്കണം. കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ദേഷ്യപ്പെടാതെ അനുഭാവപൂർവം കേൾക്കുക. സാവധാനം കുട്ടികളുടെ പ്രവൃത്തിയിലെ തെറ്റുകൾ ചൂണ്ടി കാണിച്ചുകൊടുക്കുക. എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത് വീട്ടിൽ ഉള്ളത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളെ സഹായിക്കും.

∙ ഒരുമിച്ച് സമയം ചെലവിടാം

കുട്ടികളുമായി ‘ക്വാളിറ്റി ടൈം’ ചെലവഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീട്ടിൽ നിന്നും അകലെയുള്ള ജോലി, നൈറ്റ് ഷിഫ്റ്റുകൾ, വിദേശവാസം എന്നിങ്ങനെ നിരവധി തടസങ്ങൾ കുട്ടികളുമൊത്ത് സമയം ചെലവഴിക്കുന്നതിൽ തടസമായി മാറും. എങ്കിലും കുറച്ചു സമയമെങ്കിലും ദിവസവും കുട്ടിയോടൊത്ത് ചെലവഴിക്കുക. ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരുമിച്ച് കഴിക്കുക, വെറുതെയൊരു കറക്കം, വീട്ടിൽ നിന്നും അകലെയാണെങ്കിൽ ഒരു വിഡിയോ കോൾ എന്നിങ്ങനെ സാധ്യമായ മാർഗങ്ങൾ എല്ലാം പരീക്ഷിക്കുക.

Read More: 69 വർഷത്തിന് ശേഷമൊരു സ്കൂൾ റീയൂണിയൻ, പാട്ടും ഡാൻസുമായി കെങ്കേമം, വൈറലായി വിഡിയോ

∙ ചോദിച്ചറിയാം

കുട്ടിയുടെ ഇഷ്ടങ്ങളും പേടികളും മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം കുട്ടികളെ നിർബന്ധിക്കരുത്. ഇഷ്ടമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. ഇതോടൊപ്പം മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഒരു നല്ല സഹജീവി ആവാനുള്ള നിർദ്ദേശങ്ങളും പങ്കുവയ്ക്കണം.

∙ ഇഷ്ടങ്ങൾ മനസിലാക്കാം 

ചാനൽ ചർച്ചകളിലോ സ്പോർട്സിലോ ആയിരിക്കില്ല കുട്ടികളുടെ ഇഷ്ടങ്ങൾ. സ്കൂളിൽ അന്നു കണ്ട പുതിയ കാര്യങ്ങൾ വിവരിക്കുക, ഒളിച്ചു കളിക്കുക തുടങ്ങി നിങ്ങൾക്കു നിസാരമെന്നു തോന്നുന്ന കാര്യങ്ങളിലായിരിക്കാം അത്. മാതാപിതാക്കൾക്കൊപ്പം ചേർന്ന് ചെയ്യുന്ന ചെറിയ ക്രാഫ്റ്റ് വർക്കുകൾ, പൂന്തോട്ട നിർമാണം, പാചകം എന്നിവയും മക്കളെ സന്തോഷവാന്മാരാക്കും.

∙ സത്യസന്ധരായിരിക്കാം

കള്ളം പറയരുതെന്ന് പറഞ്ഞ് പഠിപ്പിക്കുകയല്ല, പ്രവൃത്തികളിലൂടെ കുട്ടികളെ മനസ്സിലാക്കിക്കുകയാണ് വേണ്ടത്. സത്യസന്ധരായിരിക്കാൻ എപ്പോഴും പറയുന്ന അച്ഛൻ മറ്റുള്ളവരോട് കള്ളം പറയുന്നത് കുട്ടികൾ കണ്ടാലോ? കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക എന്നതും പ്രധാനമാണ്. ഒഴിവുകഴിവുകൾ പറയാതെ വാഗ്ദാനങ്ങൾ പാലിക്കണമെന്ന പാഠം വീട്ടിൽ നിന്നു തന്നെ പഠിക്കാം.

Content Summary: Father-Child Relationship: Importance and Tips to Improve It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com